Wednesday, June 8, 2011

അരികിലെ അകലം

എന്തുപെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്... എന്റെ വീട്ടില്‍ ഞാന്‍ അന്യനായിരിക്കുന്നു, എന്റെ കണ്ണുകളും കൈകാലുകളും കെട്ടിയിട്ടിരിക്കുന്നു. വെറും ഒരുമാസംകൊണ്ട് എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്...?

********

എവിടെയാണ് എനിക്ക് പിഴച്ചത്?. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഞങ്ങളുടെ വിവാഹം, ഇല്ല... അവിടെ പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പൂര്‍ണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടേയും ആര്‍ഭാടമായിതന്നെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ജീവിതം ആസ്വദിച്ചതിന് ശേഷം മതി കുഞ്ഞുങ്ങള്‍ എന്നത് എന്റേയും അവളുടേയും തീരുമാനമായിരുന്നു. ഞങ്ങളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ദൈവം ഒരു കുഞ്ഞിനെ തന്നത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ സ്നേഹിക്കാന്‍ ഞാനും അവളും മത്സരിക്കുകയായിരുന്നു .

അവള്‍ എന്റെ എല്ലാമായിരുന്നു. വളരുംതോറും അവളുടെ ഉമ്മയെ അസൂയപ്പെടുത്തികൊണ്ട് അവള്‍ എന്നോട് അടുത്തുവന്നു. കളിച്ചും, ചിരിച്ചും, വഴക്കിട്ടും, കൊഞ്ചിയും, കെട്ടിപ്പിടിച്ചും, ഉമ്മവച്ചും, ദേഷ്യം വരുംബോള്‍ കുഞ്ഞരിപല്ലുകള്‍കൊണ്ട് എന്നെ കടിച്ചും അവള്‍ എന്നില്‍ നിറഞ്ഞുനിന്നു. എന്നും എന്റെ മാറില്‍ ഒട്ടിയുറങ്ങി. പാലുകുടിക്കാന്‍ മാത്രം ഉമ്മയോട് ചേര്‍ന്നുകിടന്നിരുന്ന എന്റെ പൊന്നുമോള്‍. എന്റെ നിമിഷങ്ങള്‍ക്ക് അവളെ പിരിഞ്ഞിരിക്കാന്‍ വയ്യാതെയായി.

എന്റെ മകളെ സ്നേഹിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ മറ്റൊരു കുഞ്ഞിന്റെ കാര്യം ഞങ്ങള്‍ മറന്നു. പിന്നീട് ആഗ്രഹിച്ചപ്പോള്‍ ദൈവം തന്നതുമില്ല. ദൈവത്തിനോട് ഞാന്‍ എന്തിന് പരാതി പറയണം? എന്റെ സ്നേഹം മുഴുവന്‍ നല്‍കാന്‍ എനിക്കൊരു മകളുണ്ടല്ലോ.. അതുമതി... അതില്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടു. വര്‍ഷങ്ങള്‍ ആ സന്തോഷത്തോടെ മുന്നോട്ടുപോയി.

കഴിഞ്ഞ മാസം ഞങ്ങള്‍ക്കിവിടെ ഒരു വിശേഷം ഉണ്ടായി, എന്റെ മകള്‍ വയസ്സറിയിച്ചു. ഞങ്ങള്‍കന്ന് സന്തോഷത്തിന്റെ ദിവസമായിരുന്നു. വിരുന്നുകാരാല്‍ വീട് നിറഞ്ഞു. എന്റേയും ഭാര്യയുടേയും ബന്ധുക്കള്‍ മകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും, ഉടുപ്പുകളും സമ്മാനമായി നല്‍കി. അവളന്ന് പുതുക്കപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി. സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു കാഴ്ച ഏത് പിതാവിനെയാണ് സന്തോഷിപ്പിക്കതിരിക്കുക?

********

അതെ.. അവിടെയായിരുന്നു എനിക്ക് പിഴച്ചത്.

പതിവ്പോലെ ടി.വി. കാണുന്നതിനിടയില്‍ എന്റെ മടിയില്‍ കയറിയിരുന്ന മകളെ വിലക്കാനായില്ലെനിക്ക്. അവള്‍ വലിയ പെണ്ണായെന്ന വിവരം ഞാനും മറന്നു. ഭാര്യയുടെ കൈ പെട്ടെന്നായിരുന്നു മകളുടെ മേല്‍ പതിച്ചത്. മകളെ എന്റെ മടിയില്‍ നിന്നും അവള്‍ വലിച്ചെഴുനേല്‍പ്പിച്ചു. ഭാര്യയുടെ പെരുമാറ്റം കണ്ട് മകള്‍ പകച്ചുനിന്നു. പിന്നീട് എന്തൊക്കെയോ മനസ്സിലായെന്നോണം എന്നെ നോക്കി അവള്‍ കരഞ്ഞു. എന്റെ പ്രതികരണശേഷി ആ നിമിഷം മരവിച്ചതായി ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ ജീവിതത്തില്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ ഒരു ദിവസമായിരുന്നു അന്ന്. എന്നിലെ പിതാവിന് ആ അപമാനം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ആര്‍ക്കും മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഒരു പുസ്തകത്തില്‍ ഒളിച്ചു. മുഖം മാത്രമേ എനിക്ക് ഒളിക്കാനായുള്ളൂ. മനസ്സ് നീറികൊണ്ടിരുന്നു. അവള്‍ ഉറങ്ങി എന്ന് ഉറപ്പാകുന്നതുവരെ ഞാന്‍ ആ പുസ്തകത്തില്‍ ഒളിച്ചിരുന്നു. ഏറെ വൈകി ഞാന്‍ അവളുടെ അരികില്‍ പോയി കിടന്നു. പെട്ടെന്ന് തന്നെ അവളുടെ കൈ എന്നെ വരിഞ്ഞു. അവള്‍ക്കും എന്നെപ്പോലെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

മാറില്‍ പമ്മി കിടന്ന് രോമങ്ങളിലൂടെ വിരലോടിക്കവെ ഭാര്യ പറഞ്ഞു..

'ഞാന്‍ ഇന്നലെ ഭയാനകമായ ഒരു സ്വപ്നം കണ്ടു'

'ഉം..' ഒന്ന് മൂളാന്‍ മാത്രമേ എനിക്കായുള്ളൂ...

'എന്താ കണ്ടതെന്നറിയണ്ടേ...?'

'ഉം..'

'അടയിരിക്കുന്ന തള്ളക്കോഴിയെ കൊത്തിക്കൊന്ന് വിരിയാറായി മുട്ടയ്ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ഒരുകൂട്ടം പാമ്പുകള്‍ ..'

'ഉം..'

നിര്‍വികാരമായ എന്റെ പ്രതികരണം കേട്ടപ്പോള്‍ അവള്‍ ചോദിച്ചു...

'ഞാന്‍ നേരത്തേ അങ്ങനെ പെരുമാറിയത് വിഷമമായോ?'

'ഏയ്... ഇല്ല'

'അപ്പൊ ശരിക്കും വിഷമമായല്ലേ?'

'ഇല്ലെന്ന് പറഞ്ഞില്ലേ'

'എന്താണ് വിഷയം എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് മനസ്സിലാക്കിയതിനര്‍ഥം അത് മനസില്‍ തങ്ങി നില്‍ക്കുന്നു എന്നല്ലേ?'

ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്കായില്ല. എങ്കിലും ഞാന്‍ പറഞ്ഞു

'അത് നീ ചെയ്യേണ്ടതാണ്, ഒരു ഉമ്മയുടെ കരുതലാണ്, കടമയാണ്. എന്നെ സംശയിച്ചിട്ടോ വിശ്വാസമില്ലാഞ്ഞിട്ടോ അല്ല നീ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലാക്കാനാകും.'

'അതെ... ഞാന്‍ സംശയിച്ചിട്ടണ് ചെയ്തതെങ്കില്‍ ഇന്ന് ഈ മാറില്‍ ഇതുപോലെ കിടക്കാന്‍ എനിക്കാവുമോ?'

ആ ചോദ്യത്തിനുത്തരമെന്നോണം ഞാന്‍ അവളെ എന്നിലേക്കമര്‍ത്തിപ്പിടിച്ച് ആ നെറ്റിയില്‍ ഒരു ദീര്‍ഘചുംബനം നല്‍കി.

'പുറത്തുനിന്നും ആരെങ്കിലും കണ്ടുകൊണ്ട് വന്നാല്‍ അതുമതി പലര്‍ക്കും കഥ മെനയാന്‍.. അതാ എനിക്ക് പേടി'

'പേടിക്കേണ്ട... ഇനി അങ്ങനെ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അവള്‍ പഴയതുപോലെ മടിയില്‍ വന്നിരുന്നപ്പോള്‍ എനിക്കെതിര്‍ക്കാനായില്ല. എത്ര വലുതായാലും അവള്‍ എന്റെ മകള്‍ തന്നെയല്ലേ...?'

'നമുക്കൊരു ആണ്‍കുഞ്ഞ് മതിയായിരുന്നല്ലേ...?'

'സമൂഹത്തിലെ നീല കണ്ണുകള്‍ക്ക് കഥ മെനയാന്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വകഭേദം ഇല്ലാതായിരിക്കുന്നെടോ..'

'ഉം...' ആ മൂളലിന് ഒരു മയക്കത്തിന്റെ ഭാവം ഉണ്ടായിരുന്നു. അവളുടെ ശരീരം തളരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത്രയും സമയം മനസ്സില്‍ അടക്കിപിടിച്ചത് എന്നോട് പറഞ്ഞുകഴിഞ്ഞപ്പോള്‍ മറഞ്ഞിരുന്ന ഉറക്കം അവളെ തേടിയെത്തി. ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു. ഉറക്കം പിടിതരാതെ എന്നില്‍നിന്നും അകന്നുനില്‍ക്കുകയായിരുന്നു അപ്പോഴും.

********

ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. എന്റെ മകളോടുള്ള സ്നേഹം ഒട്ടും കുറയതെ തന്നെ ഞാന്‍ അവളില്‍നിന്നും അകന്നിരിക്കുന്നു. പക്ഷേ എന്തോ ഒരു അസ്വസ്ഥത എന്നില്‍നിന്നും അകലുന്നില്ല. അതാണ് ഞാന്‍ ബന്ധിക്കപ്പെട്ടവനായി തോന്നാന്‍ കാരണം, ഈ വീട്ടില്‍ അന്യനായി തോന്നാന്‍ കാരണം. എന്റെ വാക്കുകളെയാണോ ഞാന്‍ ഭയക്കുന്നത്? അല്ല... പിന്നെ.. എന്റെ നോട്ടത്തേയോ..? അതുമല്ല... എന്റെ കൈകളെ? സാന്ത്വനിപ്പിക്കാനും, തലോടുവാനും മാത്രമറിയാവുന്ന കൈകളെ ഞാനെന്തിന് ഭയക്കണം?... എന്നാല്‍ പിന്നെ കാലുകളെ ആയിരിക്കും... അതുമല്ല.. ഞാന്‍ നെഞ്ചിലേറ്റിയ എന്റെ കുടുംബത്തെ താങ്ങി നിര്‍ത്തുന്ന കാലുകളെ ഞാന്‍ ഭയപ്പെടാന്‍ തരമില്ല. എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം കാലം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം ഞാന്‍ എന്റെ അവയവങ്ങളെ ഭയപ്പെടേണ്ടതില്ല.

അതെ.. ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാന്‍ ഭയക്കുന്നത് ഈ സമൂഹത്തേയാണ്. സമൂഹത്തിന്റെ വാക്കുകളെയാണ്, നോട്ടത്തേയാണ്, കറുത്ത കൈകളേയാണ്, ചവിട്ടി മെതിക്കുന്ന കാലുകളെയാണ്. സമൂഹം എന്നെ തുറിച്ച് നോക്കുംബോള്‍ ഒളിച്ചോടുകയല്ല അഭികാമ്യം. നിവര്‍ന്നുനിന്ന് ഞാനും നോക്കേണ്ടിയിരിക്കുന്നു സമൂഹത്തിലേക്ക്. സമൂഹം മകളില്‍നിന്നും വിലക്കിയ കണ്ണുകളും കൈകളും ഇനി സമൂഹത്തിലേക്കാണ് വേണ്ടത്... എന്റെ മകളുടെ ചുറ്റിലുമാണ് വേണ്ടത്. അതാണ് ഈ പിതാവിന്റെ കടമ.