Tuesday, April 21, 2015

അമ്മിഞ്ഞ കമ്പനി

‌‌അന്ന് രാത്രി ഘോരശബ്ദത്തോടെ ശക്തിയായി ഇടിവെട്ടി. മിന്നല്‍ പാതിരാത്രിയെ ഒരുനിമിഷത്തേക്ക് പകലാക്കി മാറ്റി. വര്‍ഷങ്ങളായിരിക്കുന്നു ഇത്രയും ശക്തിയായി ഒരു ഇടി വെട്ടിയിട്ടും മിന്നലെറിഞ്ഞിട്ടും. ഭൂമിക്കുമേല്‍ ശബ്ദമുയര്‍ത്താനും പ്രകാശം ചൊരിയാനും അവരും ഭയന്ന് കാണണം.
 
ശക്തമായ ഇടിവെട്ടില്‍ കുന്നിന്‍ചെരുവിലെ ആ ബലികുടീരം പൊട്ടിത്തെറിച്ചു. ഭണ്ടാരത്തിലെ ചില്ലറത്തുട്ടുകള്‍ പുല്‍ത്തകിടിയിലെ മഞ്ഞുകണങ്ങളില്‍ ചിതറിക്കിടന്നു. 

പൊളിഞ്ഞുവീണ ഇഷ്ടികകളെ വകഞ്ഞുമാറ്റി ആയാസപ്പെട്ട് രക്തസാക്ഷി ആ കുടീരത്തില്‍നിന്നും കയറിവന്നു. ഇരുണ്ട തൊലിയും ഒട്ടിയ വയറും ഞരമ്പോടിയ കൈകളും അല്പം കുനിഞ്ഞ് പോയ മുതുകും. ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും പ്രതീകമാക്കാവുന്ന ഒരു പ്രതിമയെപ്പോലെ തോന്നിക്കുമെങ്കിലും അയാളുടെ കണ്ണുകളില്‍ വിപ്ലവാവേശം തീവ്രമായി ജ്വലിക്കുന്നുണ്ട്.

തന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച മണ്ണും പൊടിയും തട്ടിക്കൊണ്ട് അയാള്‍ കുന്നിന്‍മുകളിലേക്ക് നോക്കി. അവിടെ ആ കാഴ്ച കണ്ട് അയാള്‍ അത്ഭുതത്തോടെ നോക്കിനിന്നു. ചില്ലുകൊട്ടാരം പോലെ പ്രകാശം പരത്തി ഒരു മനോഹരമായ കെട്ടിടം. അയാള്‍ കുന്നിന്‍മുകളിലേക്ക് നടന്നു.

'ആരാ അത്..?' 

ചോദ്യം കേട്ട് രക്തസാക്ഷി തിരിഞ്ഞുനോക്കി. നല്ല വസ്ത്രങ്ങള്‍ ധരിച്ച ഒരാള്‍ അയാളുടെ അടുത്തേക്ക് വന്നു.

'ചോദിച്ചത് കേട്ടില്ലേ... ആരാന്ന്..?'

അതിനുത്തരം കൊടുക്കാതെ രക്തസാക്ഷി വീണ്ടും ചില്ലുകൊട്ടാരത്തിലേക്ക് നോക്കി.

കോലം കണ്ടിട്ട് ഈ നാട്ടുകാരനല്ലെന്ന് തോന്നുന്നു. - അയാള്‍ മനസ്സില്‍ പറഞ്ഞു.

'ഓ.. ഇതെന്താണെന്ന് മനസ്സിലായില്ലേ...? ഇതാണ് അമ്മിഞ്ഞ കമ്പനി. കേട്ടിട്ടില്ലേ..?'

രക്തസാക്ഷി അത് കേട്ടതായി ഭാവിച്ചില്ല.

ബധിരനല്ല.. പക്ഷേ മൂകനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഞാനീ ചോദ്യമൊക്കെ ചോദിച്ചിട്ട് എന്തെങ്കിലും ഒന്ന് പറയണ്ടേ. ആ.. ഒരു കണക്കിന് ഇങ്ങനെയുള്ളവന്മാരെ കിട്ടുന്നതാ നല്ലത്. എത്രവേണേലും സംസാരിക്കാം. വെറുതെ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കില്ലല്ലോ.

അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

'ഇതാണ് അമ്മിഞ്ഞ കമ്പനി. ഞാനിവിടെയാ ജോലി ചെയ്യുന്നത്. എനിക്കിവിടെ താക്കോല്‍ സ്ഥാനമാണ്. എന്റെ കഷ്ടകാലത്തിന് ഇവിടെ ഒരുപാട് താക്കോല്‍ സ്ഥാനക്കാര്‍ ഉണ്ടുതാനും. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. ഞാന്‍ രാവിലെ നാലുമണിക്ക് എഴുനേറ്റ് എന്റെ ജോലികള്‍ തുടങ്ങും.' 

അയാള്‍ അല്പം നിര്‍ത്തിയിട്ട്

'എന്നും നാല് മണിക്ക് എഴുനേല്‍ക്കുമോ...? ചില ദിവസങ്ങളിലൊക്കെ ഉറങ്ങിപ്പോകില്ലേ എന്നൊരു സംശയം തനിക്കുണ്ടോ..?'

രക്തസാക്ഷി ജോലിക്കാരനെ ഒന്ന് നോക്കുകമാത്രം ചെയ്തു.

'ഉണ്ടെങ്കില്‍ അത് വേണ്ട. ഞാന്‍ ഒരു മനുഷ്യനാണെങ്കിലും എന്റെ ജീവിത ശൈലികള്‍ എന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പുകളാണ് തീരുമാനിക്കുന്നത്.'

അയാള്‍ തന്റെ കയ്യിലെ തൊലിക്കടിയിലായി ഘടിപ്പിച്ചിട്ടുള്ള ചിപ്പിന്റെ ആകൃതി തൊലി വലിച്ചുപിടിച്ച് രക്തസാക്ഷിക്ക് കാണിച്ചുകൊടുത്തു.
രക്തസാക്ഷി നിര്‍വികാരനായി അത് നോക്കി.

'ഭാഗ്യത്തിന് എന്റെ ചിന്തകളേയും വികാരങ്ങളേയും ഈ ചിപ്പുകള്‍ക്ക് നിയന്ത്രിക്കാനാവില്ല.

അയാള്‍ ആശ്വാസത്തോടെ ഒരു ശ്വാസം വിട്ടു.

'പറഞ്ഞപോലെ ഞാനെന്റെ കമ്പനിയെ പരിചയപ്പെടുത്തിയില്ലല്ലോ. അല്ലേലും പരിചയപ്പെടുത്തേണ്ടകാര്യമെന്തിരിക്കുന്നു. അമ്മിഞ്ഞ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ ഈ ലോകത്ത് അറിയാന്‍ മേലാത്തത്..? അത്രക്കും വലിയ ബ്രാന്‍ഡായിപ്പോയില്ലേ.. ആദ്യമായി മുലപ്പാല്‍ വിപണിയില്‍ ഇറക്കുംബോള്‍ ആരെങ്കിലും കരുതിയിരുന്നോ ഈ കമ്പനി ഇത്രയും വലിയ ഒരു പ്രസ്ഥാനമാകുമെന്ന്!! മനുഷ്യവിഭവങ്ങള്‍കൊണ്ട് ഇന്ന് അമ്മിഞ്ഞ എന്തൊക്കെ ഉല്പന്നങ്ങളാ പുറത്തിറക്കുന്നത്..'

'ഇത്തരത്തിലുള്ള ഒരു കമ്പനി ഈ കൊച്ചു കേരളത്തില്‍ എങ്ങനെ പിറവിയെടുത്തു എന്ന് താന്‍ സംശയിക്കുന്നുണ്ടാവാം. പക്ഷേ നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം കേരളത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം ഇല്ല എന്നതാണ് വാസ്തവം.'

രക്തസാക്ഷി ആദ്യം പുച്ഛഭാവത്തില്‍ ഒന്ന് ചിരിച്ചു, എന്നിട്ട് ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'മനുഷ്യനെ ഇത്രയും ചൂഷണം ചെയ്യുന്ന ഒരു കമ്പനി കേരളത്തില്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആരും ഉണ്ടായില്ലേ എന്ന നിങ്ങളുടെ സംശയം ന്യായം. എത്രയോപേര്‍ എതിര്‍ത്തു, സംഘടിച്ചു, വലിയ ചര്‍ച്ചകള്‍ നടത്തി, വിമര്‍ശിച്ചു. എല്ലാം സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ മാത്രം. ബാന്‍ അമ്മിഞ്ഞ കമ്പനി എന്നപേരില്‍ പലരും പോസ്റ്ററുണ്ടാക്കി പ്രൊഫൈല്‍ ഫോട്ടോയക്കി. പലരും അതിനെ അനുകൂലിച്ച് സംസാരിച്ചു. "ചൂഷണം എന്ന വീക്ഷണത്തോടെയല്ലാതെ പ്രസവത്തില്‍ അമ്മമാര്‍ മരിച്ചുപോകുന്ന സാഹചര്യത്തില്‍ പാവം കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാന്‍ ഈ കമ്പനി ഒരു സഹായമാകില്ലേ" എന്നൊക്കെ. ആ വാദത്തില്‍ കടിച്ചുതൂങ്ങി പലരും ഈ കമ്പനി വേണമെന്ന് വാശി പിടിച്ചു.'

രക്തസാക്ഷി വീണ്ടും ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'അപ്പോള്‍ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നല്ലേ?'

'ഹ..ഹ..ഹ.. വാഴക്കുല വെട്ടുന്ന ലാഘവത്തോടെ വിപ്ലവ പാര്‍ട്ടിയും ഫാഷിസ്റ്റ് പാര്‍ട്ടിയും പരസ്പരം തലകള്‍ വെട്ടി. അണികള്‍ ചത്തൊടുങ്ങി. ആദര്‍ശവും മൂല്യങ്ങളും കാറ്റില്‍ പറത്തിയ നേതാക്കള്‍ മാളങ്ങളിലൊളിച്ചു. മാളങ്ങളില്‍ സുഖവാസത്തിലാണവര്‍.'

'മതേതര പാര്‍ട്ടിയുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം. പരസ്പരം മത്സരമായിരുന്നു, ആരാണ് കേമന്‍ എന്ന് തെളിയിക്കാന്‍. ചേരിപ്പോരും തമ്മില്‍ തല്ലും പതിവാക്കിയവര്‍ക്ക് ഉള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനല്ലാതെ ഭരിക്കാനെവിടെ സമയം..? സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചിന്നവീട് ഒരുക്കുക എന്നത് മാത്രമായിരുന്നു ഒരു പോംവഴി. അങ്ങനെ അമ്മിഞ്ഞ കമ്പനി ഇവിടെ യാതാര്‍ഥ്യമായി. മലയാളികളൊന്നുമല്ല ഇതിന്റെ പിന്നില്‍.'

ജോലിക്കാരന്‍ നടന്നുകൊണ്ടേയിരുന്നു, രക്തസാക്ഷി പിന്നാലെയും.

ചില്ലുകൊട്ടാരം പല ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ജോലിക്കാരന്‍ അതിലൊരു ബ്ലോക്കിന്റെ വാതില്‍ തുറന്നു. ആ ബ്ലോക്കിന്റെ അകം മൂന്ന് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും അകത്ത് കയറി. ആദ്യത്തെ ബ്ലോക്കില്‍ കുറേ സ്ത്രീകള്‍ കിടക്കുകയും ഇരിക്കുകയും നടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അയാളെ കണ്ടപ്പോള്‍ കുറേ സ്ത്രീകള്‍ ഓടിവന്ന് അയാളെ മുട്ടിയുരുമ്മി നിന്നു. അയാള്‍ അവരുടെ പുറവും മുടിയും തലോടി. സ്ത്രീകള്‍ അയാളെ മുട്ടിയുരുമ്മി നില്‍ക്കാന്‍ വെമ്പല്‍കൂട്ടി.

'അതൊക്കെ പോട്ടെ... ഈ കാണുന്ന കൊച്ചു ഗ്രൂപ്പിനെ പരിപാലിക്കുക എന്നതാണ് എന്റെ ജോലി. പാല്‍ ചുരത്തുന്നവയെ വേറെതന്നെ 
പരിപാലിക്കുന്നു. ദാ ഇവരെല്ലാം അതാണ്, കറവപ്പെണ്ണുങ്ങള്‍.'

ആ കാഴ്ച കണ്ട് രക്തസാക്ഷിയുടെ മുതുക് ഒന്നുകൂടെ കുനിഞ്ഞു.

അടുത്ത ബ്ലോക്ക് ചൂണ്ടി അയാള്‍ പറഞ്ഞു.

'ആ ബ്ലോക്കില്‍ ഗര്‍ഭിണികളാണ്. ഈ രണ്ട് കൂട്ടരേയും പ്രത്യേകം പരിപാലിക്കണം. അവരാണല്ലോ ഈ കമ്പനിയുടെ വരുമാന സ്രോതസ്സ്.'

'അടുത്ത ബ്ലോക്കില്‍ ഗര്‍ഭമെടുക്കാന്‍ തയ്യാറെടുക്കുന്നവരാണ്. എന്റെ കമ്പനി മനുഷ്യത്വം തീരെ കാണിക്കാത്ത കമ്പനിയാണെന്ന് പറയരുത്. ഈ ഗര്‍ഭ തയ്യാറെടുപ്പ് ബ്ലോക്കില്‍ അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഗര്‍ഭമെടുക്കാനുള്ള വഴി അവര്‍ക്ക് തിരഞ്ഞെടുക്കാം. പ്രകൃതിദത്തമായ ലൈഗിക ബന്ധമാണ് പലരും തിരഞ്ഞെടുക്കുന്നതും കമ്പനി ശുപാര്‍ശ ചെയ്യുന്നതും. എന്നാല്‍ ചിലര്‍ കുത്തിവെപ്പാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം കമ്പനി അനുവദിക്കുന്നുണ്ട്.'

രക്തസാക്ഷി വീണ്ടും പുച്ഛത്തോടെ ചിരിച്ചു.

'തനിക്കറിയോ..? വിത്തുകാളകളെപ്പോലെ വിത്തുമനുഷ്യരും ഉണ്ടിവിടെ. ധാതുപോഷക വിഭവങ്ങളെല്ലാം വേണ്ടുവോളം നല്‍കി കമ്പനി അവരെ ഇവിടെ പരിപാലിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, പലരും ഈ ജോലിയില്‍ അധികകാലം തുടരാറില്ല. അവര്‍ക്ക് ക്ഷാമം നേരിടുന്ന സമയത്ത് ചിലപ്പോള്‍ അവരുടെ ജോലികൂടെ ഞാന്‍ ചെയ്യേണ്ടതായി വരാറുണ്ട്.'

അയാള്‍ ഒരു കള്ളച്ചിരി ചിരിച്ചു.

'ജോലി അത്ര ബുദ്ദിമുട്ടുള്ളതൊന്നും അല്ലന്നേ... രാവിലെ തന്നെ കറവപെണ്ണുങ്ങളുടെ മുലകള്‍ കഴുകി പാല്‍ കറക്കുന്ന മെഷീന്‍ അതില്‍ ഫിറ്റ് ചെയ്യണം. മെഷീനിന്റെ മോഡ് മാറ്റാന്‍ ശ്രദ്ധിക്കണം. പ്രസവം കഴിഞ്ഞ് ആദ്യത്തെ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം രണ്ട് വര്‍ഷം എന്നിങ്ങനെ പല രീതിയില്‍ പാലിനെ തരംതിരിച്ചാണ് വിപണിയില്‍ ഇറക്കുന്നത്. അതുപോലെതന്നെ ഹിന്ദുക്കള്‍ക്കുവെണ്ടി, മുസ്ലീമിനുവേണ്ടി, ക്രിസ്റ്റ്യാനിക്കുവേണ്ടി, എന്നിങ്ങനെ പാലിനെ പലനിറത്തിലുള്ള ബോട്ടിലുകളിലായി തരം തിരിക്കുന്നുമുണ്ട്. അതെങ്ങനെയെന്ന് ഇപ്പഴും എനിക്ക് ഒരു പിടിയും ഇല്ല. കറവ മെഷീനില്‍ ആ ഓപ്ഷന്‍ ഇല്ല താനും. ഈ പെണ്ണുങ്ങളെല്ലാം ഹിന്ദുവാണോ, മുസ്ലീമാണോ, കൃസ്ത്യാനിയാണോ എന്നൊക്കെ തിരിച്ചറിയാന്‍ ആണുങ്ങള്‍ക്ക് ഉള്ളതുപോലെ എന്തേലും അടയാളം ഉണ്ടോ ആവോ...? ആ... ആര്‍ക്കറിയാം.'


'... അത് കഴിഞ്ഞാല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കണം. പിന്നെ അവരെ  മേയാന്‍ വിടണം. ബ്ലോക്ക് വൃത്തിയാക്കണം. ഇവിടുത്തെ പണി കഴിഞ്ഞാല്‍ ഗര്‍ഭിണികളുടെ ബ്ലോക്കിലേക്ക് പോണം. അവിടെ അവര്‍ക്ക് ഭക്ഷണം കൊടുക്കണം, സംഗീതം കേള്‍പ്പിക്കണം, മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അവര്‍ക്ക് ചെയ്ത് കൊടുക്കണം, ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കണം. ഇതൊന്നും അവരോടുള്ള സ്നേഹം കൊണ്ടല്ല കെട്ടോ. അവര്‍ പ്രസവിക്കേണ്ടതും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം കൊടുക്കേണ്ടതും മുലപ്പാല്‍ ചുരത്തേണ്ടതും കമ്പനിയുടെ ആവശ്യമാണ്. പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ കമ്പനിയില്‍തന്നെ വളര്‍ത്തും. ആണ്‍കുഞ്ഞുങ്ങളാണെങ്കില്‍ എന്തുചെയ്യുമെന്ന് ഞാന്‍ പിന്നെ പറഞ്ഞുതരാം.. രഹസ്യാണ്. അവരേയും മേയാന്‍ വിട്ട് ബ്ലൊക്ക് വൃത്തിയാക്കണം.'

'അതുകഴിഞ്ഞാല്‍ അടുത്തത് ഗര്‍ഭത്തിന് തയ്യാറെടുക്കുന്നവരുടെ ബ്ലോക്കാണ്. അവിടെ ഭക്ഷണം കൊടുക്കണം. ഇപ്പോള്‍ അവിടെ പതിനൊന്നുപേരുണ്ട്. അവരെ എത്രയും പെട്ടെന്ന് ഗര്‍ഭിണികളാക്കല്‍ എന്റെ ഉത്തരവാദിത്വമാണ്. എനിക്ക് മുകളില്‍നിന്നും പ്രഷര്‍ ഉള്ള ഒരേ ഒരു കാര്യം ഇതാണ്. ഭക്ഷണം നല്‍കി വിത്ത്പുരുഷന്മാരെ വിളിച്ചുവരുത്തി അവരോടൊപ്പം ഈ പെണ്ണുങ്ങളെ മേയാന്‍ വിടണം. ഈ പതിനൊന്ന് പെണ്ണുങ്ങള്‍ക്ക് മിനിമം അഞ്ചാളെയെങ്കിലും കിട്ടണം. ടൈറ്റ് കാരണം രണ്ട് പേരെയൊക്കെയേ ആ വിംഗ് അനുവദിക്കുന്നുള്ളൂ. ഈ രണ്ടെണ്ണത്തിനേയും വച്ചുകൊണ്ട് പതിനൊന്നെണ്ണത്തിനേയും ഗര്‍ഭിണികളാക്കാന്‍ പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാ. ഇനിയും ആയില്ലേന്ന് ചോദിച്ച് വിളിച്ചാല്‍ ഞാന്‍ എല്ലാറ്റിനേയും പിടിച്ചങ്ങ് കുത്തിവെപ്പ് നടത്തിക്കളയും. ഹല്ല.. പിന്നെ...'

അതുപറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു.

രക്തസാക്ഷിയുടെ മുതുക് ഇനിയൊരിക്കലും നിവര്‍ത്താനാകില്ല എന്ന്‍തോന്നിക്കും വിധം കുനിഞ്ഞുപോയിരിക്കുന്നു. 

'എന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ളതുപോലുള്ള ചിപ്പുകള്‍ എല്ലാവരുടെ മേലും ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മേയാന്‍ വിട്ടാലും പിന്നാലെ ആട്ടിടയനെപ്പോലെ വെയിലും കൊണ്ട് നടക്കേണ്ടതില്ല. ഇത്രയും ആള്‍ക്കാരെ ഈ കമ്പനിയിലേക്ക് എവിടുന്ന് കിട്ടുന്നു എന്ന ഒരു സംശയം സ്വാഭാവികമായും തനിക്കുണ്ടായേക്കാം. ഒരു സംശയവും വേണ്ട... കോര്‍പ്പറേറ്റുകളും അധികാര വര്‍ഗ്ഗവും ചേര്‍ന്ന് നടത്തുന്ന സ്പോണ്‍സേര്‍ഡ് കലാപത്തില്‍നിന്നും.  കലാപ ബാധിത പ്രദേശങ്ങളില്‍നിന്നും പാലായനം ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് ഇവിടെ കൊണ്ടുവരും. പ്രകൃതി ദുരന്തങ്ങളില്‍ കാണാതാകുന്നവരില്‍ പലരും ഇവിടെ എത്തും. അവരെയൊക്കെ പൊക്കാന്‍ പ്രത്യേക വിംഗ് തന്നെ കമ്പനിക്കുണ്ട്. എങ്ങനെയെങ്കിലും കമ്പനി ആളെ ഇവിടെ എത്തിക്കും.'

'ഇവിടെ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കമ്പനി എന്താണ് ചെയ്യുക എന്നറിയണ്ടേ... ആരോടും പറയരുത്. കുറച്ച് വലുതാകുന്നത് വരെ കമ്പനി അവരെ വളര്‍ത്തും. പിന്നീട് ഒരു ഏജന്‍സി അവരെ ഏറ്റെടുക്കും. അവര്‍ മറിച്ച് വില്‍ക്കുന്നു എന്നാണ് കേട്ടത്. തീവ്രവാദ സംഘത്തിലേക്കും ആഭ്യന്തര യുദ്ദം നടക്കുന്ന രാജ്യങ്ങളിലേക്കുമെല്ലാം അവരെ കയറ്റിവിടുന്നുണ്ട്. ഒന്നിനും കൊള്ളാത്തവന്മാരെ രാഷ്ട്രീയപാര്‍ട്ടികളും മത സംഖടനകളും ചുളു വിലക്ക് വാങ്ങും പോലും. അണികളായിട്ട്. - അയാള്‍ തന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് കാണിച്ചുകൊടുത്ത് - ദാ എന്റെ മേല്‍ ഘടിപ്പിച്ചപോലുള്ള ഒരെണ്ണം പിടിപ്പിച്ചാല്‍ അവര് പിന്നെ പാര്‍ട്ടിയോ നേതാക്കളോ പറയുന്നതിനപ്പുറം നില്‍ക്കില്ലല്ലോ.'

ആ കാഴ്ചകള്‍ കണ്ട് രക്തസാക്ഷിയുടെ രക്തം തിളച്ചു, ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കണ്ണുകളില്‍ വിപ്ലവാവേശം പടര്‍ന്നു. സര്‍വ്വ ശക്തിയും സംഭരിച്ച് അയാള്‍നിവര്‍ന്ന്‍നിന്നു. അയാള്‍ മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി. അയാളുടെ കൈകളിലെ ഞരമ്പുകള്‍ ഉയര്‍ന്ന് തൊലിക്ക് പുറത്തുചാടാന്‍ വെമ്പി നിന്നു. അയാളുടെ ശബ്ദമുയര്‍ന്നു.

"ഇന്‍ക്വിലാബ്... സിന്ദാബാദ്"

ജോലിക്കാരന്‍ നടുങ്ങി. ചില്ലുകൊട്ടാരം നിറയെ അലാറം മുഴങ്ങി. ബ്ലോക്കുകളില്‍ കിടക്കുന്ന കറവപ്പെണ്ണുങ്ങള്‍ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടി. കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളം വച്ചു. വിത്തുപുരുഷന്മാരുടെ ഉദ്ദരിച്ച ലിംഗങ്ങള്‍ താഴ്ന്നുപോയി.

ഉടനെ പല നിറത്തിലുള്ള കൊടികള്‍ അവിടേക്കോടിയെത്തി. അവയില്‍ ഒരെണ്ണം ശബ്ദിക്കാനാകാത്ത വിധം രക്തസാക്ഷിയുടെ വായ മൂടിക്കെട്ടി. ഒരെണ്ണം അയാളുടെ കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടി. മറ്റൊരു കൊടി അയാളുടെ കാലുകള്‍ കെട്ടി. അറക്കാന്‍ പോകുന്ന പോത്തിനെപ്പോലെ അയാള്‍ നിലത്ത് വീണ് മുക്രിയിട്ടു. കോര്‍പ്പറേറ്റിന്റെ ചുരിക വായുവില്‍ ഉയര്‍ന്നു. എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു. ആ ചുരിക രക്തസാക്ഷിയുടെ തൊണ്ടക്കുഴിയില്‍ തുളഞ്ഞുകയറി. അയാള്‍ ഒന്ന് പിടഞ്ഞു...

കൊടി പിടിച്ചവര്‍ എല്ലാവരുംകൂടി രക്തസാക്ഷിയെ പൊക്കിയെടുത്തു. അവര്‍ ആ രക്തസാക്ഷിയെ വീണ്ടും ബലികുടീരത്തില്‍ അടക്കം ചെയ്തു. അതിന് മുന്നില്‍ പുതിയ ഭണ്ടാരപ്പെട്ടി വച്ചു. എവിടെനിന്നോ പാട്ട് ഒഴുകിയെത്തി.

'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ...'