Thursday, January 13, 2011

ബാച്ച്ലര്‍ ലൈഫ്...

ത്യാഗം, സഹനം, അഡ്ജസ്റ്റ്മെന്റ്, ക്ഷമ... ഇതെല്ലാം ബാച്ച്ലര്‍ ലൈഫിന്റെ പര്യായങ്ങളാണ്. പലരും പറയും ഇത് ഭയങ്കര രസമുള്ള ലൈഫ് ആണെന്ന്. ശരിയാണ്, ചിലര്‍ക്ക് മാത്രം. സമാന ചിന്താഗതിക്കാരായ ഒരു പറ്റം ആള്‍ക്കാരാണെങ്കില്‍ രസം തന്നെയാണ്.

ബാച്ച്ലര്‍ ലൈഫ് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിവാഹത്തിന് മുന്‍പുള്ള ജീവിതം എന്നല്ല. നാട് വിട്ട് ജോലിചെയ്യുന്ന ഒരുപറ്റം ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുന്നതാണ് ഇവിടുത്തെ ബാച്ച്ലര്‍ ലൈഫ്. അതില്‍ ബാച്ച്ലറായിട്ട് വിവാഹം കഴിയാത്തവരും കഴിഞ്ഞവരും എന്തിന് മുത്തച്ഛനായവര്‍ വരെ കാണും.

എന്റെയും എന്റെ കൂട്ടുകാരുടേയും ബാച്ച്ലര്‍ ലൈഫിലെ രസകരമായ കുറേ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.

**************************************

2007 July 9 നാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ആദ്യമായി വിമാനത്തില്‍ കയറിയ ഞാന്‍ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് (മഴക്കാലമായതിനാല്‍ സൗന്ദര്യം കൂടുതലായിരുന്നു എന്റെ നാടിന്) ഒന്നു മയങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിന്റെ നിറം താഴെയാകെ. ഞാന്‍ അടുത്തുള്ള ആളോട് ചോദിച്ചു 'എന്താ ഈ കാണുന്നത്? പുറത്തേക്ക് നോക്കാതെ തന്നെ അയാള്‍ പറഞ്ഞു 'ഇതാണ് നീ വരുന്ന മരുഭൂമി'. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. പച്ചപ്പിന്റെ സൗന്ദര്യം കണ്ണില്‍ നിന്ന് മറഞ്ഞ്പോയല്ലോ എന്ന് സങ്കടപ്പെട്ടു. നട്ടുച്ചനേരം അബൂദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഫ്ലൈറ്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പുറത്ത് അടികിട്ടിയപോലെയായിരുന്നു ചൂട് ശരീരത്തില്‍ അടിച്ചത്. July & Auguste മാസത്തിലെ ചൂടിന്റെ സുഖമറിയാത്തവരായി ആരും കാണില്ല ഇവിടെ. ഈ മാസങ്ങളില്‍ വെള്ളത്തിന് പൊള്ളുന്ന ചൂടായിരിക്കും. ഈ സമയത്ത് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ ബാത്ത് റൂമില്‍ പോയാല്‍ ഒരു അലര്‍ച്ച കേള്‍ക്കാം. വെള്ളം ചൂടുള്ള കാര്യമുണ്ടോ പുതിയ ആള്‍ക്കാരറിയുന്നു.

ഏതായാലും നനഞ്ഞില്ലെ, ഇനി കുളിച്ച് കയറാം എന്ന് തീരുമാനമെടുത്തു. ആദ്യം അബൂദാബി, പിന്നെ ഷാര്‍ജ അതുകഴിഞ്ഞ് എന്റെ സ്വപ്ന നഗരിയായ ദുബായിലെത്തി.

സ്വാഭാവികമായും ചിലവ് കുറക്കാന്‍ വേണ്ടി വാടക കുറഞ്ഞ റൂം തന്നെ തിരഞ്ഞെടുത്തു. റൂമില്‍ 12 പേര്‍. സാരമാക്കിയില്ല. നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പരിചിതമല്ലാത്ത വീട്ടില്‍ പുതുമണവാട്ടി ഇരിക്കുന്നപോലെയാണ് ആദ്യ ദിവസങ്ങളില്‍. പുതുമണവാട്ടിയെ സ്നേഹിക്കാനും എന്തെങ്കിലുമൊക്കെ സംസാരിക്കാനും പുതുമണവാളനെങ്കിലും കാണും. ഇവിടെ അതുമുണ്ടാവില്ല എന്നതാണ് കഷ്ടം. വരുന്നവര്‍ ഓരോരുത്തരായി പേര് ചോദിക്കും എവിടെയാ ജോലി എന്നും. ഈ രണ്ട് ചോദ്യങ്ങള്‍ വെറും ഒരു ഫോര്‍മാലിറ്റി മാത്രമാണ്. ശരിക്കും അവര്‍ക്കറിയേണ്ട ചോദ്യം വരുന്നതേയുള്ളൂ. ' രാവിലെ എപ്പഴാ പോണ്ടെ?'
ബാത്ത്റൂം ടൈമിംഗ് അറിയാനാണ് ഈ ചോദ്യം. തന്റെ സമയമല്ലെങ്കില്‍ അവന് സമാധാനമായി. അഥവാ അവന്റെ സമയത്താണെങ്കില്‍ പിന്നെ അവിടെ ഒരു ചര്‍ച്ചയാണ്. എല്ലവരും കൂടെ സമയം ക്രമീകരിച്ച് ഒരു പത്ത് മിനുറ്റ് അനുവദിച്ചുകിട്ടും. അതില്‍ ആവണം എല്ലാം. രണ്ട് മിനുറ്റ് കൂടുതലെടുത്താല്‍ വാതിലില്‍ മുട്ട് തുടങ്ങും. ഒരു ഇളിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോള്‍ ചോദ്യം വന്നിട്ടുണ്ടാവും. 'എന്തായിരുന്നെടോ പരിപാടി? കുറേ നേരമായല്ലോ കയറിയിട്ട്?' നമുക്കല്ലെ അറിയൂ, സോപ്പ് ഒന്ന് താഴെവീണപ്പോള്‍ അതെടുത്തൊന്നു കഴുകി. ആ സമയം കൂടിപ്പോയതാണ് ഇവിടുത്തെ പ്രശ്നം. ( ഒരു മൂന്ന് മാസം കഴിഞ്ഞിട്ടാണ് അവന്‍ ഈ ചോദ്ദ്യം ചോദിക്കുന്നതെങ്കില്‍ എന്റെ മുഖത്ത് കണ്ട അതേ ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് കാണാം, മറുപടി അത്രക്ക് നിലവാരമുള്ളതാവും)

കഷ്ടകാലമെന്ന് പറയട്ടെ, എല്ലാ റൂമിലും ആ റൂം വാടകക്കെടുത്ത ആളോ അല്ലെങ്കില്‍ അയാളുടെ ഒരു ബന്ധുവോ ഉണ്ടായിരിക്കും. അവരുടെ ഭാവം കണ്ടാല്‍ ദുബായ് മുഴുവനും അവരുടെ ഉള്ളം കയ്യിലാണെന്ന് തോന്നും. റൂമിലെ നിയമങ്ങളും ബാത്ത് റൂം സമയക്രമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും എന്തും ആവാം. ബാക്കിയുള്ളവന്‍ ബുദ്ധിമുട്ടുമോ എന്നൊന്നും ചിന്തിക്കില്ല. കഷ്ടകാലത്തിന് വല്ലതും പറഞ്ഞുപോയാല്‍ അടുത്തമാസം മുതല്‍ വേറെ റൂം നോക്കിക്കൊ എന്ന് പറയും. പുതിയ റൂമില്‍ വീണ്ടും പുതുമണവാട്ടി ആവേണ്ട കാര്യം ആലോചിക്കുമ്പോള്‍ അങ്ങ് സഹിക്കും. ഇത്തരം റൂം ഓണേര്‍സിന് അപമാനമായി എവിടെയൊക്കെയോ നല്ല ആള്‍ക്കാരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ആള്‍ക്കാരെകൊണ്ട് റൂമും ബാത്ത്റൂമും ക്ലീന്‍ ചെയ്യിക്കാന്‍ ചിലര്‍ക്ക് ഭയങ്കര ആവേശമാണ്. ചിലര്‍ വന്ന് പേരൊക്കെ ചോദിച്ച് നല്ലോണം സംസാരിക്കും. പോകുന്ന വഴിക്ക് പേര് ഒന്നുകൂടെ ചോദിക്കും. ആ ചോദ്യം ഒരു പണിയാണ്. അടുത്ത ദിവസം തന്നെ ബാത്ത്റൂമിന്റെ ഡോറിലോ അടുക്കളയിലോ ആയി ഒട്ടിച്ചുവച്ചിരിക്കുന്ന ക്ലീനിങ് ടേബിള്‍ ഒന്നുമാറും. തലേദിവസം പേര് രണ്ട് പ്രാവശ്യം ചോദിച്ചവന്‍ വന്ന് പറയും ' എടാ... അടുത്ത ആഴ്ച്ച നിന്റെ ക്ലീനിങാണേ... പേര് ഇട്ടിട്ടുണ്ട്'. പോയിനോക്കിയാല്‍ കാണാം പുത്തന്‍ പേപ്പറില്‍ അച്ചടിച്ചുവച്ചിരിക്കുന്ന സ്വന്തം പേര്. അവന്‍ ഇന്നലെ രണ്ട് പ്രാവശ്യം പേര് ചോദിച്ചത് ഇതിനായിരുന്നല്ലേ എന്ന് മനസ്സില്‍ തൊന്നും.

ഇതുപോലെ പണികിട്ടിയ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം പറയാം.
ആള്‍ പുതുതായി റൂമില്‍ വന്നിട്ടേയുള്ളു. ഇതുപോലെ ക്ലീനിങ് പണി കിട്ടി. മൂന്ന് റൂമിലായി പതിനേഴ്പേര്‍ താമസിക്കുന്നുണ്ട്. ഈ പതിനേഴ്പേര്‍ക്കും കൂടെ ഒരൊറ്റ ബാത്ത്റൂമേ അവിടുള്ളൂ. ശനി ലീവായതിനാല്‍ ക്ലീനിങ് അന്നത്തേക്ക് മാറ്റി ഇഷ്ടന്‍. എല്ലാരും ജോലിക്കുപോയിട്ട് പണിതുടങ്ങാം എന്നുകരുതി അല്പ്പം വൈകിയെണീറ്റു. എണീറ്റപ്പോഴാണ് കാണുന്നത് ശനി ലീവുള്ള വേറെ കുറേ ആളുകളും ആ റൂമിലുണ്ട്. അവരും വൈകി എണീറ്റ് ഓരോരുത്തരായി അലക്കലും കുളിയും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഊണ്‍ കഴിക്കാറായി. പിന്നീട് കടകളില്‍ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. അവര്‍ക്ക് ളുഹര്‍ മുതല്‍ അസര്‍ വരെ (ഒരുമണി മുതല്‍ നാലര വരെ) റെസ്റ്റ് ടൈമാണ്. വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ചെറുതായൊന്നു മയങ്ങും. നാലുമണിയാവുംബോള്‍ എണീറ്റ് വീണ്ടും കുളിച്ച് ജോലിക്ക് പോകും. ഇതാണ് അവരുടെ രീതി. നമ്മുടെ പുള്ളിക്കുണ്ടോ ബാത്ത്റൂം ഒന്ന് കാലിയായി കിട്ടുന്നു. എല്ലരുടേയും കുളിയും ഉണ്ണലും എല്ലാം കഴിഞ്ഞു. ഇവന്‍ കുളിച്ചിട്ടുമില്ല, ഉണ്ടിട്ടുമില്ല. അവസാനം സഹികെട്ട് അവന്‍ മയത്തില്‍ ഒരാളോട് ചോദിച്ചു.

' എന്നോട് ഇന്ന് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബാത്ത്റൂം എപ്പഴാ ഒന്ന് ഫ്രീ ആവുക?'
'നാലരയ്ക്ക് എല്ലാരും വീണ്ടും ജോലിക്ക് പോയിക്കഴിയുമ്പോള്‍ അര മണിക്കൂര്‍ ഫ്രീയാകും, അപ്പൊ കഴുകിക്കോ... ആ പിന്നേ... പെട്ടെന്ന് തീര്‍ത്തേക്കണം, അഞ്ജ്മണിയാവുംമ്പോഴേക്കും ആള്‍ക്കാര്‍ വരാന്‍ തുടങ്ങും'

ഇതൊന്നുമല്ല രസം. ക്ലീനിങും കുളിയും ലോണ്ട്രിയില്‍ കൊടുക്കാന്‍ പറ്റാത്ത അത്യാവശ്യകാര്യങ്ങളും അലക്കി കഴിഞ്ഞപ്പോള്‍ പത്ത് മിനുട്ട് വൈകിപ്പോയി. പുറത്തിറങ്ങിയപ്പോള്‍ ജോലികഴിഞ്ഞ് വന്ന് ഒരുവന്‍ അക്ഷമനായി കാത്തിരിക്കുകയാണ്.

'അല്ലെടോ... ഇന്ന് മുഴുവന്‍ നീ ഇവിടെ ഉണ്ടായിട്ട് ഇപ്പഴാ നിനക്കിതിന് സമയം കിട്ടിയത്?'

ഈ ചോദ്യമാണ് അവനെ എതിരേറ്റത്. ചുണ്ടില്‍ ചിരിയും വരുത്തി മനസ്സില്‍ നല്ല പച്ച തെറിയും പറഞ്ഞ് അവന്‍ ഉള്ളിലേക്ക് പോയി.

*************************************

ബാച്ച്ലര്‍ റൂമിലെ ഓണര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍ 'മൂട്ടയാണ്'. ഇവന്റെ കടി സഹിക്കാം, പക്ഷെ ചിലപ്പോള്‍ ഷര്‍ട്ടില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഓഫീസില്‍ കൂടെ വന്നുകളയും. അതാണ് പേടി. മറ്റാരെങ്കിലും കണ്ടാല്‍ മാനം പോയത് തന്നെ. ആള്‍ക്കാര്‍ മൂട്ടയെ മറ്റുള്ളവരുടെ ദേഹത്ത് കാണുമ്പോള്‍ ഇന്നുവരെ കാണാത്ത അറപ്പോടെയാണ് പെരുമാറുക. അവന്റെ മേലും ചിലപ്പോള്‍ മൂട്ട അതേ സമയം സവാരി നടത്തുന്നുണ്ടാവും. രാത്രിയാണ് മൂട്ടകള്‍ക്ക് വിശക്കുന്നതെന്നാണ് തോന്നുന്നത്. കാരണം നമ്മള്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇവറ്റകള്‍ കൂട്ടമായി വന്ന് ആക്രമണം അഴിച്ചുവിടുന്നത്. ഉറങ്ങാന്‍ സമ്മതിക്കാത്ത് ഇവറ്റകളെകൊണ്ട് അപ്പോള്‍ തന്നെ നിര്‍ത്തി നാട്ടില്‍ തിരിച്ചുപോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.

ഞാന്‍ മുകളില്‍ പറഞ്ഞ 12 പേരുള്ള ആ റൂമില്‍ സംഭവിച്ചതാണിത്. ഒരു ദിവസം രാത്രി രണ്ട്മണിയായികാണും. മൂട്ടകടിയേറ്റ് ഉറങ്ങാന്‍ കഴിയാതായപ്പോള്‍ അവന്‍ mobile torch അടിച്ച് മൂട്ടയെ പിടിക്കാന്‍ തീരുമാനിച്ചു. പിടിച്ചിട്ടും പിടിച്ചിട്ടും മൂട്ട ബാക്കിതന്നെ. അവസാനം ആ സമയത്ത് ബെഡ്ഡ് പുറത്ത്കൊണ്ട്പോയി കത്തിക്കുകയായിരുന്നു പാവം.

എന്റെ പ്രാരാബ്ദങ്ങളും കടങ്ങളും എന്നില്‍നിന്നും മാറിയപ്പോള്‍ ഞാന്‍ അവിടം വിട്ടോടി. മൂട്ടയില്ലാത്ത ആളുകള്‍ കുറഞ്ഞ റൂമിലേക്ക്. പ്രാരാബ്ദങ്ങളില്‍നിന്നും കടങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവന്‍ ഇന്നും മൂട്ടകടിയേറ്റ് അവിടെതന്നെ കാണും. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.

******************************************
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ബാച്ചിലര്‍ ലൈഫ് - ഭാഗം3

5 comments:

 1. വളരെ പരിചിതം

  ReplyDelete
 2. naadinte pachap vit pokan nirbagyam labichitilla
  thanks god
  gud keep it up

  ReplyDelete
 3. ശരിയാണ്... അതൊരു നിര്‍ഭാഗ്യംതന്നെയാണ്..
  thnx

  ReplyDelete
 4. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.
  GOOD ONE

  ReplyDelete
 5. വയുകിയാണ് വായ്ക്കാന്‍ സാദിച്ചതഗിലും
  നന്നായിട്ടുണ്ട്.....

  ReplyDelete