Wednesday, April 20, 2011

ഞമ്മളെ ആദ്യത്തെ ബ്ലോഗ് മീറ്റ്...

ഒരു ദിവസം ഗൂഗിള്‍ടാല്‍ക്കിനിടയില്‍...

താങ്കളുടെ മൊബൈല്‍ നമ്പര്‍ തരൂ...

055......... ഞാന്‍ ഒട്ടും ആലോചിക്കതെ കൊടുത്തു.
കൊടുത്തതിന് ശേഷമാണ് ഞാന്‍ കാര്യം അന്വേഷിച്ചത്. എഴുത്തിന്റെ നിലവാരം കൊണ്ട് അഭിപ്രായം നേരിട്ട് പറയാനാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

ഞാന്‍ ദുബായില്‍ വരുന്നു. ഒരു ചെറിയ ബിസിനസ് ട്രിപ്പ്. അധികം സമയം ഉണ്ടാവില്ല. എനിക്ക് താങ്കളെ ഒന്ന് കാണണം. കൂട്ടത്തില്‍ അവിടെ ഉള്ള മറ്റു ബ്ലോഗര്‍മാരെയും കാണണമെന്നുണ്ട്. സമയം അനുവദിക്കുന്നെങ്കില്‍ കാണാം.

പടച്ചോനെ, സന്തോഷം ഉണ്ട് പക്ഷേ തട്ടുപൊളിപ്പന്‍ നമ്പറുകളുമായി ഭൂ ലോകത്ത് തിരിഞ്ഞ്കളിക്കുന്ന തിരിച്ചിലാന്‍ എങ്ങനെ സംസാരിക്കും മൂപ്പരോട്? വെത്യസ്തമായ ശൈലിയും, ഏവരേയും പ്രോത്സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ തത്വജ്ഞാനിയുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ പിടിച്ച് നില്‍ക്കും. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.

ഓഫീസില്‍ ഇരിക്കുമ്പോൾ പതിനൊന്ന് മണിയോട്കൂടി ഒരു കോള്‍ വന്നു,

ഷബീര്‍
ആണോ?അതെ...

തിരക്കിലാണോ?..

അല്ല, ...‌‌‌‌‌....... ആളാണോ?

അതെ...

എപ്പൊ എത്തി ദുബായില്‍?ഇന്നലെ രത്രി..

ആഹ...

ഞാന്‍ പ്രതീക്ഷിച്ചത് ഷബീറിന്റേത് ഒരു സോഫ്റ്റ് സൗണ്ട് ആണെന്നാ... ഇത് വല്ല്യ ആള്‍ക്കാരെ സൗണ്ട് പോലുണ്ടല്ലോ..

ഞാന്‍ ചിരിച്ചു... വൈകിട്ട് കാണാം എന്ന് തീരുമാനിച്ചു.

എന്റെ സൗണ്ടിനെ പറ്റി കേട്ട കമന്റ് മനസ്സില്‍ കുരുങ്ങി, മൂപ്പരുടെ കമന്റുകള്‍ പോലെ വ്യത്യസ്ഥമായ എന്റെ സൗണ്ടിനെ പറ്റിയുള്ള കമന്റും. ഉടനെ ഞാന്‍ ഒരു sms അയച്ചു.

"ഇക്കാ... സൗണ്ട് മാത്രേ വലുതുള്ളൂ. 5.5 അടി ഉയരത്തിലുള്ള ഒരു ഉരുപ്പിടിയാണ് ഞാൻ . കാണുമ്പോൽ ചിരിക്കരുതേ പ്ലീസ്..

പറഞ്ഞത്പോലെ വൈകിട്ട് റാഷിദിയ മെട്രോ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടി. ആദ്യമായി ജീവനോടെ ഇതാ ഒരു ബ്ലോഗര്‍ എന്റെ മുന്നില്‍. ഞാനാദ്യം കണ്‍കുളിര്‍ക്കെ ഒന്ന് നോക്കി. ജീവിതത്തില്‍ ആദ്യമായിട്ട് കാണുന്നതല്ലേ... മൂപ്പരെ കണ്ടപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് നേരെ യോഗക്ലാസ്സില്‍ പോയി ചേര്‍ന്നാലോ എന്നാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടി കിട്ടിയല്ലേ...? അതെ ഇസ്മായീല്‍ കുറുമ്പടി (തണല്‍). ഒരു കുറുമ്പും ഇല്ലാത്ത കുറുമ്പടിയെയാണ് ഞാന്‍ കണ്ടത്. തത്വജ്ഞാനത്തെ പറ്റി ചിന്തിച്ചത് തെന്നെ വെറുതെ ആയിപ്പോയി. ഒരു സാധാരണക്കാരന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തനി നാടന്‍‍' തന്നെ. ഇയാളെങ്ങനെ ഇങ്ങനെയൊക്കെ എഴുതുന്നു എന്ന് ഞാന്‍ അതിശയപ്പെട്ടു.
ഫോട്ടോ ഇടാന്‍ താല്‍പര്യമുണ്ടായിട്ടല്ല, അഥവാ നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയിട്ടാണ് ഈ ചെയ്യുന്നത് ഞാന്‍ ന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നിക്കു നന്നായി അറിയാം . എന്റെ ഗ്ലാമറിനേല്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ ഫോട്ടോ എന്നും എനിക്കറിയാം.

പിന്നീട് ഞങ്ങള്‍ മെട്രോ ട്രൈനില്‍ കയറി നേരെ പോയത് 'Mall of the Emirates' ലേക്കാണ്. അവിടെ വച്ച് കുറുമ്പടിയുടെ സഹോദരനെ കണ്ടുമുട്ടി. ഭക്ഷണം കഴിക്കാന്‍ വേണ്ടി റെസ്റ്റോറെന്റില്‍ കയറി. മൂപ്പര് നമ്മളെ അഥിതിയല്ലേ.. അതുകൊണ്ട് ഫുള്‍ ഓര്‍ഡര്‍ എന്റെ വക (ഓര്‍ഡര്‍ മാത്രം). ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 'ബേബി ചിക്കിനെ' പറ്റി സംസാരം വന്നത്. അപ്പൊത്തന്നെ 'സുല്‍ഫീക്കര്‍' (പുറംലോകം) ഭായിയെ ഓര്‍മ വന്നു. പുള്ളിയുമായും ഫോണില്‍ സംസാരിച്ചു. ആ ഒരു മീറ്റില്‍നിന്നും മറ്റൊരു മീറ്റിലേക്കുള്ള വഴിയൊരുങ്ങി.

നീണ്ട മൂന്നര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങല്‍ പിരിഞ്ഞു. പിരിയുമ്പോള്‍ കുറുമ്പടിയുടെ കണ്ണില്‍നിന്നും രു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു. എങ്ങനെ പൊഴിയാതിരിക്കും. അജ്ജാതി തീറ്റയല്ലായിരുന്നോ...
****

ശനിയാഴ്ച്ച സുല്‍ഫിക്കയേയും കണ്ടു. മൂപ്പര് എന്റെ താമസസ്ഥലത്ത് വന്നു, ആ സമയം എനിക്ക് ഓര്‍മ്മ വന്നത് 'കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗാണ്. 'അശോക് രാജ്.. അവസാനം നീ എന്റെ കൂരയിലും വന്നു'. 'തിരിച്ചിലാന്റെ കട്ടില്‍' എന്നും പറഞ്ഞ് മൂപ്പരും എന്റെ കട്ടിലില്‍ കയറി ഇരുന്നു. മൂപ്പരും ഇപ്പറഞ്ഞപോലെ വെച്ചുകെട്ടലുകള്‍ ഒന്നുംതന്നെ ഇല്ലാത്ത തനി നാടന്‍. എഴുത്തിലൂടെ നമ്മളെ അമ്പരപ്പിക്കുന്നവരല്ല നേരിട്ട് കാണുമ്പോൾ. ഇവരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഞാന്‍ വായിച്ചത് എല്ലാം വെറുതെ ആയി.
ഞങ്ങള്‍ കുറേ സമയം സംസാരിച്ചു. ഒരുപാട് ബ്ലോഗര്‍മാരെ പറ്റിയും, ബ്ലോഗ് തുടങ്ങിയതിനെ പറ്റിയും, എഴുതുന്നതിനെ പറ്റിയും എല്ലാം. അറിയാവുന്ന ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിനെ പറ്റി ഞങ്ങള്‍ സംസാരിച്ചു.

ആശ്ചര്യമെന്ന് പറയട്ടെ, ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച കാര്യത്തില്‍ അടുത്ത ദിവസം (തുഞ്ചന്‍ ബ്ലോഗ് മീറ്റ് നടന്ന) തന്നെ ഫേസ്ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. തിന്റെ ഫലമയി ദുബായിലും ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഇതുവരെ നല്ല ഒരു പ്രതികരണമാണ് ഞങ്ങളുടെ ഈ ഉദ്ദ്യമത്തിന് ലഭിച്ചിട്ടുള്ളത്.

വായനയിലൂടെ അടുത്തറിഞ്ഞവര്‍ നേരില്‍ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. നമ്മളെ കരയിച്ചവരെ ചന്തിക്ക് നല്ല നുള്ള് (പിച്ച്) കൊടുത്ത് 'ഇനി മേലാല്‍ കരയിപ്പിക്കാന്‍ ഇങ്ങോട്ട് വര്യോ?' എന്നും, ചിരിപ്പിച്ചവരെ പുറത്തടിച്ചിട്ട് 'കള്ള ഹമ്ക്കേ... അന്നെക്കൊണ്ട് മന്‍ഷ്യന്‍ ചിരിച്ച് ചിരിച്ച് മട്ത്ത്ക്ക്ണ്” എന്നക്കെ ചോദിച്ചും പറഞ്ഞും ചിരിക്കാന്‍ എന്ത് രസമായിരിക്കും, അല്ലേ?...

ഡേറ്റ് ഫിക്സ് ചെയ്തതിന് ശേഷം അറിയിക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ കഴിയുന്നവര്‍ പങ്കെടുക്കുക. അല്ലാത്തവര്‍ പ്രാര്‍ഥിക്കുക.

കൂടുതല്‍ അറിയാന്‍ ഇവിടെ വരുക.

യു ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

Tuesday, April 12, 2011

ഹിറ്റ് FM തലമണ്ടയ്ക്ക്

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

Monday, April 4, 2011

ഒരു ബ്ലോഗറുടെ കഷ്ടപ്പാടുകള്‍

ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടു കൂടി എന്റെ സ്വഭാവവും മാറിത്തുടങ്ങി. വെറും ചിന്ത തന്നെ ചിന്ത. ചിന്തകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോകാന്‍ തുടങ്ങി. ബേപ്പൂര്‍ സുല്‍ത്താനെപ്പോലെ കഷണ്ടിയില്‍ തടവി വിശ്വലോക സാഹിത്യം രചിക്കാം... നല്ല രസമായിരിയ്ക്കും. പക്ഷേ കല്ല്യാണം കഴിഞ്ഞ് ഒന്നാം സല്‍ക്കാരം വരെയെങ്കിലും തലമുടി നിലനില്‍ക്കണമല്ലോ, 'ഗള്‍ഫ് ഗേറ്റ്' വച്ച് തല ചൊറിഞ്ഞ് നടക്കാനും വയ്യ, അതിനാല്‍ ധാത്രി ഓയിലും വാട്ടിക ഷാംപുവുമൊക്കെയായി ബാക്കിയുള്ള വിഘടന കക്ഷികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. എന്റെ സ്വപ്നങ്ങള്‍ പോലും കഥകളും, കഥാപാത്രങ്ങളും, അക്ഷരങ്ങളുമായി തീര്‍ന്നിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ രാവിലെ എണീറ്റാല്‍ ഒന്നും ഓര്‍മ്മ കാണില്ല. ഓര്‍മ്മയെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെല്ലാരും എന്റെ പോസ്റ്റുകള്‍ വായിച്ച് ഗ്ലൂക്കോസ് പെര്‍ക്ക് ചോക്ക്ലേറ്റ് കഴിക്കേണ്ടി വന്നേനെ.

എവിടെയായാലും കഥാതന്തു അന്വേഷിച്ചുള്ള നടപ്പാണിപ്പോള്‍. ഈയിടെ ഗ്ലോബല്‍ വില്ലേജില്‍ പോയപ്പോള്‍ അറബി പെണ്‍കുട്ടികള്‍ക്കിടയില്‍ എന്തെങ്കിലും കഥാതന്തു ഉണ്ടോ എന്ന് പരതിയപ്പോള്‍ അതില്‍ ഒരുവള്‍ അവളുടെ ഹൈ ഹീല്‍ ചെരിപ്പ് കാണിച്ചുതന്നു. അറബിയില്‍ തന്നെ അതിന്റെ വിലയും പറഞ്ഞുതന്നു. എനിയ്ക്കത് മനസ്സിലായില്ലെങ്കിലും അവളുടെ മുഖഭാവത്തില്‍നിന്നും അത് നല്ല വിലയുള്ള ചെരിപ്പാണെന്ന് മനസ്സിലായി.

ബാത്ത്റൂമില്‍ കയറി പത്തുമിനുറ്റുകൊണ്ട് കുളിയും, പല്ലുതേപ്പും മറ്റെല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്ന ഞാനിപ്പോള്‍ എത്ര സമയം എടുക്കുന്നുണ്ടെന്ന് എനിയ്ക്കുതന്നെ അറിയില്ല. ആദ്യത്തെ ആ ഇരുപ്പില്‍ തന്നെ ചിന്തിച്ചൊരു ഇരിപ്പാണ്. ചിന്തകള്‍ കാടുകയറിയും ഇറങ്ങിയും പോയിക്കൊണ്ടിരിക്കുംബോഴായിരിക്കും വാതിലില്‍ നാല് നല്ല മുട്ടും 'നീ എന്ത് മറ്റേതെടുക്കാടാ അതിന്റകത്ത്?' എന്നും ചോദിച്ച് സഹമുറിയന്‍ ആക്രോശിയ്ക്കുക. അപ്പോ പരിപാടികളൊക്കെ കഴിച്ച് (ചിലപ്പോള്‍ തോര്‍ത്ത് മുണ്ട് ഒന്ന് നനച്ച് തുടയ്ക്കാനേ സമയം കിട്ടൂ) വേഗം പുറത്തിറങ്ങും. റൂമില്‍ ആകെ രണ്ടുപേരേ ഉള്ളൂ എന്നതിനാല്‍ കൂട്ടത്തല്ല് കിട്ടുമെന്ന പേടിയില്ല. (എന്ത?.. അയ്യേന്നോ?... പിന്നേ... ആടുജീവിതത്തില്‍ നജീബ് മൂന്ന് വര്‍ഷം നാല് മാസം ഒന്‍പത് ദിവസം കുളിച്ചിട്ടില്ല. അവനോട് നിങ്ങള്‍ക്ക് സഹതാപം. ഞാന്‍ കുളിക്കാണ്ടിരുന്നാല്‍ അയ്യേ... ഇതാണ് വിവേചനം...)

കൂട്ടുകാരനൊപ്പം ഒരു ദിവസം ബസ് യാത്രയ്ക്കിടയില്‍ ഞാന്‍ എന്റെ ചിന്തയുടെ ലോകത്തേക്ക് പോയി. അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. അവന്‍ എന്റെ കയ്യില്‍ പിടിച്ച്കുലുക്കി 'ശരിയല്ലേന്ന്' ചോദിച്ചു. ചിന്തയുടെ ലോകത്തിനിന്നും ഉണര്‍ന്ന് 'എന്ത്?' എന്ന് ഞാന്‍ ചോദിച്ചു.

'അപ്പൊ ഞാന്‍ ഇതുവരേ പറഞ്ഞതൊന്നും നീ കേട്ടില്ലേ?'

ഞാന്‍ അവന്റെ മുഖത്ത് നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സക്കി ചോദിച്ചു

'നീ എന്താ ചോദിച്ചത്?'

'തേങ്ങാക്കൊല'

'തേങ്ങാക്കൊല' എന്റെ അടുത്ത പോസ്റ്റിനിടാന്‍ പറ്റിയ പേര്. ഞാന്‍ ദേ കിടക്കുന്നു ചിന്തയുടെ ലോകത്ത് വീണ്ടും. തേങ്ങാക്കൊലയെപറ്റി പറയുംബോള്‍ തേങ്ങവലികാരന്‍ മോട്ടമ്മല്‍ രാമേട്ടനെ പറ്റി പറയണോ അതോ കുളൂസ് വേലായുധനെ പറ്റി പറയണോ?

'എടാ £$%^&&^^&£"$$%'

ആ വാക്കുകൊണ്ട് ചിന്തയുടെ തേങ്ങാക്കൊല വെട്ടി അവനെന്നെ താഴെയിട്ടു. ഞാന്‍ ആശ്ചര്യത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്‍ മന്ത്രിച്ചു.

'അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...' (അല്ലാഹുവേ.. ക്ഷമിക്കേണമേ) അടുത്ത നിമിഷം അവന്‍ വീണ്ടും പൊട്ടിതെറിച്ചു.

'നിന്റെയൊരു ഹലാക്കിലെ ബ്ലോഗ്, വല്ല്യ ബുദ്ധിജീവിയാകാന്‍ നോക്കിയാല്‍ നിന്റെ ബ്ലോഗിന് ഞാന്‍ തീയിടും'

MBA ക്കാരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തലയ്ക്കകത്ത് ഒരു കുന്ദ്രാണ്ടോം ഇല്ല. ഇവിടെ പെട്രോളിന് വില കുറവായതിനാല്‍ അവന്‍ ചിലപ്പോള്‍ തീയിട്ടെന്നും വരാം. ബ്ലോഗൊന്നും ജന്മത്തില്‍ കണ്ടിട്ടില്ലാത്ത ചെക്കനാ. അവന്റേയുംകൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഞാന്‍ നോക്കണം. എന്ത് ചെയ്യാനാ.. ഒന്നാംക്ലാസ്സ് മുതല്‍ കൂടെകൂടിയതല്ലേ... ദുബായില്‍ വന്നപ്പോഴെങ്കിലും രക്ഷപ്പെട്ടെന്ന് കരുതിയതാ... വന്നിട്ട് അഞ്ച്മാസം തികഞ്ഞില്ല, അതിന് മുന്നേ അവന്‍ ദുബായിലുമെത്തി. എന്റെ കഷ്ടകാലം...

അവന്റെ ബുദ്ദിശൂന്യതയേയും വായില്‍നിന്ന് വീണ മനോഹരമായ വാക്കിനേയും നമിച്ച് അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമുക്കെങ്ങനെ പിടിച്ചുനില്‍ക്കാം, ജപ്പാനിലെ സുനാമി ബാധിതര്‍ക്ക് നമ്മളാല്‍ എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെയാണെന്ന്. എന്നാല്‍ അതൊന്നുമല്ല.. 'ബിരിയാണി കഴിക്കണെങ്കില്‍ സല്‍ക്കാരേലെ ബിരിയാണി തന്നെ കഴിക്കണം..., സാഗറിലെ മീന്‍ പൊള്ളിച്ചത് നല്ല ടേസ്റ്റാല്ലേ?..., നമ്മള് KFC കഴിച്ചിട്ട് കുറേ ആയല്ലേ?..., നാട്ടില്‍ പോയിട്ട് വേണം ബീഫ് തിന്ന് മരിക്കാന്‍...' ഇങ്ങനെ നീണ്ട്പോകും അവന്റെ അഭിപ്രായങ്ങളും ചോദ്യങ്ങളും. ഇതൊക്കെ ചോദിച്ച് കാലിയായ പോക്കറ്റ് നോക്കി വെറുതേ വായില്‍ സുനാമി തിരമാലകള്‍ ഉണ്ടാക്കാനാണ് അവന്‍ എന്നെ എന്റെ ചിന്തയുടെ ലോകത്തുനിന്നും വെട്ടിയിറക്കിയത്.

*****

കുറച്ച് ദിവസം മുന്നേ ഞാന്‍ എന്റെ 'ആദ്യരാത്രി' പോസ്റ്റ് പ്രിന്റെടുത്ത് അവന് കൊടുത്തു. അതല്ലാതെ അവന്‍ വായിക്കില്ലെന്ന് എനിയ്ക്കുറപ്പാണ്. കൊടുത്ത് ഞാന്‍ എന്റെ റൂമിലേക്ക് പോയി. പ്രിയ കൂട്ടുകാരന്റെ കഥ വായിച്ച് അവന്‍ ഇപ്പോ എന്നെ വിളിയ്ക്കും, അഭിനന്ദിയ്ക്കും... ഞാന്‍ ഫോണ്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഫോണ്‍ റിംഗ് ചെയ്തതും ആവേശത്തോടെ ഞാന്‍ ഫോണെടുത്തു.

അപ്പുറത്തുനിന്നും സലാം ചൊല്ലി. അല്ല... എന്റെ ഒരു പോസ്റ്റ് വായിച്ചപ്പോഴേക്കും ഇവന്‍ നന്നായോ? ഞാന്‍ അതിശയപ്പെട്ടു.

ഞാന്‍ സലാം മടക്കി.

'എവിടാണ് നീ... അന്റെ യാതൊരു വര്‍ത്താനവും ഇല്ല്യല്ലോ?'

അത് അവനായിരുന്നില്ല, ഉപ്പയായിരുന്നു. ഞാന്‍ ആവേശത്തില്‍ നമ്പര്‍ നോക്കാന്‍ മറന്നു. ഉപ്പ തുടര്‍ന്നു.

'ഉമ്മക്ക് എപ്പളും പരാതിയാണ്, നീ വിളിക്ക്ന്നേ ഇല്ല്യാന്നും പറഞ്ഞിട്ട്... എന്തേടാ അനക്ക് പറ്റീ?'

'ഒന്നുല്ല്യുപ്പാ... ഞാനൊരു ബ്ലോഗ് തുടങ്ങി, അതിന്റെ ഓരോ തിരക്കിലിങ്ങനെ...'

'തന്നേ!... ഉപ്പക്ക് സന്തോഷായെടാ മോനേ... അനക്ക് ഇപ്പളെങ്കിലും അതിന് തോന്ന്യല്ലോ'

ഉപ്പയുടെ വാക്കുകള്‍ കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ട് ഞാന്‍ ഉപ്പയ്ക്ക് എഴുതിയ കത്തുകളില്‍നിന്നും ഉപ്പയ്ക്ക് അതു മനസ്സിലായിക്കാണണം. അതുമാത്രമല്ലല്ലോ, രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ ഉപ്പ നാട്ടില്‍ വരുംബോള്‍ നാട്ടില്‍ ഉണ്ടായ വിശേഷങ്ങള്‍ തിരക്കും, അപ്പോള്‍ ഉമ്മ എന്നെ കാണിച്ചുകൊടുത്ത് പറയും 'അതായിരിക്ക്ണ് ടേപ്രിക്കോര്‍ഡറ്... അവിടെതന്നെ ചോദിച്ചോളി'... അതെ ഉപ്പ എന്നെ ആദ്യമേ തിരിച്ചറിഞ്ഞുകാണണം. എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ഉപ്പയുടെ ചോദ്യം വന്നു.

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, മോന്‍ പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ ഉപ്പാ...'

'അത് തന്നാടാ നല്ലത്... ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്റെ കഫീല് ആരാടാ?'

'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'

'ആ... ഓന്റെ പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..പിന്നെ കിട്ട്ണ പൈസൊക്കെ സൂക്ഷിച്ച് വെച്ചോ... കല്ല്യാണൊക്കാ വരാന്‍ പോണത്'

'ശരിയുപ്പാ...'

'എന്താടാ അന്റെ കടക്ക് പേരിട്ടത്?'

'തിരിച്ചിലാന്‍'

'എന്ത് പണിയാടാ ചെയ്തത്? ഞമ്മളെ തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'

ആദ്യം നാടിനെ പറയിപ്പിക്കട്ടെ ഉപ്പാ.. എന്നിട്ട് കുടുംബത്തിനെ പറയിപ്പിക്കാം.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

'എന്താടാ നീ ഒന്നും പറയാത്തത്?'

'അത് ഉപ്പാ... കച്ചോടൊക്കെ ഉഷാറാവട്ടെ.. വേണെങ്കില്‍ ഞമ്മള്‍ക്ക് മാറ്റാം'

'ശരി.. എന്നാപിന്നെ ഉപ്പ പിന്നെ വിളിക്കാടാ.. അസ്സലാമു അലൈക്കും'

'വ അലൈക്കും മുസ്സലാം'

ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഡിസ്പ്ലേയില്‍ നോക്കി. ഇല്ല.. അവന്റെ കോള്‍ ഒന്നും വന്നിട്ടില്ല. ഞാന്‍ അവനെ അങ്ങോട്ട് വിളിയ്ക്കാന്‍ തീരുമാനിച്ചു. അഥവാ അവന്റെ ഫൊണില്‍ കാശില്ലെങ്കിലോ? ഞാന്‍ അവനെ വിളിച്ചു.

'എന്താടാ?' അവന്റെ ചോദ്യം...

'നീ വായിച്ചില്ലേടാ?'

'അത് ഇവിടെ അവിടെയോ ഉണ്ട്, ഞാന്‍ പിന്നെ വായിച്ചോളാം.'

എന്റെ ചങ്ക് പിടഞ്ഞു, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ലോകം മുഴുവന്‍ വായിച്ചാലും വായിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ വായിച്ചില്ലെങ്കില്‍ അത് വല്ലാതെ വിഷമിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്.

ഒരാഴ്ച്ച കഴിഞ്ഞിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തന്നെ ചോദിക്കേണ്ടിവന്നു 'നീ വായിച്ചോ'യെന്ന്.

'നീ പ്രിയദര്‍ശനാണ്' അവന്‍ മറുപടി പറഞ്ഞു.

എന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന തിരക്കഥാകൃത്ത്. ഏവരും ആദരിക്കുന്ന, ബഹുമാനിയ്ക്കുന്ന വ്യക്തി. ആ മഹാനോടാണോ ഇവന്‍ എന്നെ താരതമ്യം ചെയ്തത്...

'കോപ്പിയടി വീരന്‍'

അവന്റെ അടുത്ത ഈ വാചകം കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡുവെല്ലാം പതിന്മടങ്ങ് ശേഷിയുള്ള ഗ്രനേഡുകളായിമാറി. എന്റെ സര്‍ഗശേഷിയെ (തന്നെ.. തന്നെ..) കോപ്പിയടിയാണെന്ന് വിശേഷിപ്പിച്ചവന്‍ എന്റെ ഉറ്റ സുഹൃത്ത്. ദുഷ്ടന്‍... ക്രൂരന്‍... കൂട്ടുകാരനെ മനസ്സിലാക്കാന്‍ കഴിയാത്തവന്‍... ഇതൊക്കെയാണെങ്കിലും അവനെ എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതരാനുള്ള അവന്റെ കഴിവ് അസൂയാവഹമാണ്. അവന്‍ പറഞ്ഞുതന്ന പല കഥകളുമാണ് എനിയ്ക്ക് ബ്ലോഗില്‍ പോസ്റ്റിടാന്‍ പ്രചോദനമായത്.

ബ്ലോഗറായതിനുശേഷം സംഭവിച്ച മറ്റൊരു നഷ്ടം ബസ്സില്‍ ഞാന്‍ കഷ്ടപ്പെട്ട് വളച്ചെടുത്ത കുറച്ച് കഥാതന്തുക്കളും എനിയ്ക്ക് നഷ്ടമായി എന്നുള്ളതാണ്. എന്റെ കഥാതന്തുക്കള്‍ക്ക് വേണ്ടിയുള്ള ചിന്തകളില്‍ അവരൊന്നും എന്റെ കണ്ണില്‍ വന്നതേയില്ല. ഇടയ്ക്ക് ചിന്തയില്‍നിന്നിറങ്ങി അവരെ നോക്കിയപ്പോള്‍ 'ആണ്‍കുട്ടികള്‍' അവരെ വളച്ചെടുത്ത് കൂടെ ഇരിയ്ക്കാന്‍ വരെ തുടങ്ങിയിരുന്നു.
ഹാ... പോട്ടെ... എന്റെ എഴുത്തിന് വേണ്ടി ഞാന്‍ അവരേയും ബലി കൊടുക്കുന്നു...

(എന്താ?... നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?... സത്യായിട്ടും... അള്ളാണെ ഞമ്മള് വിട്ട്ക്ക്ണ്)