Showing posts with label അലസ ചിന്തകള്‍. Show all posts
Showing posts with label അലസ ചിന്തകള്‍. Show all posts

Tuesday, February 8, 2011

നാല് നക്ഷത്രങ്ങള്‍

പുല്‍മൈതാനിയില്‍ ആകാശം കണ്ട് കിടക്കുംബോള്‍ കുറേ നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്‍ചിമ്മി. ഞാന്‍ സൂക്ഷിച്ചുനോക്കി... അതെ അവര്‍ എന്നോട് തന്നെയാണ് കണ്‍ചിമ്മി കാണിക്കുനത്. അതെ അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. ഞാന്‍ അവരുടെ സംസാരത്തിന്നായി ചെവിയോര്‍ത്തു.

അങ്ങോട്ട് മാറി നില്‍ക്ക്, നിങ്ങളവനെ കണ്ടതല്ലേ... ? അവന്‍ കൈകുഞ്ഞായിരിക്കുംബോള്‍ പോയതാ ഞാന്‍, എന്റെ കുട്ടിയെ ശരിക്കൊന്നു കാണട്ടേ ഞാന്‍...

അതേ... അതെന്റെ ഉമ്മാമയാണ്. ഞാന്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള എന്റെ ഉമ്മാമ.

നീയിങ്ങ് മാറി നില്‍ക്ക് ആയിഷാ... ഞാനവനെ അധികമൊന്നും കണ്ടിട്ടില്ല.

ആ ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ തൊട്ടുപുറകിലെ നക്ഷത്രത്തെ ശ്രദ്ദിച്ചത്. അതെ... അത് ഉപ്പാപ്പ തന്നെ. ഉപ്പാപ്പ തുടര്‍ന്നു

കുട്ടിയാവുംബോള്‍ കിടപ്പിലായ ഉപ്പാപ്പയുടെ അടുത്ത് വരാറുള്ള എന്റെ കുട്ടിയെ ഒന്നെടുത്ത് ഉമ്മവെക്കാന്‍ കൂടെ കഴിഞ്ഞിട്ടില്ലെനിക്ക്. ഞാനൊന്ന് കാണട്ടേ ആയിഷാ...

എന്നെ ഇത്രമാത്രം ഇഷ്ടമാണോ അവര്‍ക്ക്?

'വലിയ ആളായിരിക്കുന്നു...'

ഇതുവരെ കേട്ട ശബ്ദമല്ലല്ലോ അത്... അതെ അവര്‍ക്ക് മുന്‍പില്‍ മറ്റൊരു നക്ഷത്രംകൂടി ഞാന്‍ ശ്രദ്ദിച്ചു.

എന്റെ മകളുടെ മോനാ...

ആ നക്ഷത്രം ആരോടോ പറയുന്നതായി തോന്നി. അതെ... അത് വല്ല്യുപ്പ തന്നെ... ഓര്‍മ്മിക്കന്‍ ഒരു മുഖമില്ലെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ മറ്റൊരു നക്ഷത്രത്തെ പരതി... അതെ ഞാന്‍ കണ്ടു... ആ നക്ഷത്രം എന്നോട് വളരേ അടുത്തായിരുന്നു. വല്ലാതെ പ്രകാശിക്കുന്നുമുണ്ടായിരുന്നു. ഒന്നും പറയാതേയും ഇമവെട്ടാതേയും ആ നക്ഷത്രം എന്നെതന്നെ നോക്കികൊണ്ടിരുന്നു. കണ്‍നിറയെ കാണാന്‍ കഴിയാത്ത ഇളയ മകളുടെ മകനായ കുഞ്ഞുപേരക്കിടാവിനെ കണ്ടപ്പോള്‍ ആ നക്ഷത്രത്തിന്റെ കണ്ണ് നിറഞ്ഞുവോ?

അതാ... ഒരു കുഞ്ഞു നക്ഷത്രം പ്രകാശിച്ചുകൊണ്ട് എന്നിലേക്കടുത്തുവരുന്നു. ഏതോ ശക്തി പുറകോട്ട് വലിച്ചപോലെ ആ നക്ഷത്രം അവിടെ നിലയുറപ്പിച്ചു. അതെ... അത് ഷബുവാണ്. എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞുപെങ്ങള്‍. പതിനൊന്നാം വയസ്സില്‍ ഞങ്ങളെ വിട്ടുപോയ ഷബു.

നീ ഭാഗ്യവതിയാണ് ഷബൂ... ഈ ലോകത്തിലെ കഴുകന്‍ കണ്ണുകള്‍ നിന്നില്‍ പതിയും മുംബ്ബേ നീ യാത്രയായി. കഴുകന്മാര്‍ പെരുകിയിരിക്കുന്നൂ ഷബൂ... അവര്‍ക്ക് സ്ഥലകാലബോധമില്ലാതായിരിക്കുന്നു. ജനങ്ങള്‍ സ്വാര്‍ഥരായിരിക്കുന്നു, പ്രതികരിക്കാത്തവരായിരിക്കുന്നു. സ്വന്തമെങ്കിലേ അവര്‍ പ്രതികരിക്കുള്ളൂ പോലും... നഷ്ടപ്പെട്ടിട്ട് പ്രതികരിച്ചിട്ടെന്ത് ഫലം... അല്ലേ ഷബു? നീ ഭാഗ്യവതിതന്നെ.

നാല് നക്ഷത്രങ്ങളും അവളിലേക്കടുത്തുവന്നു... അവര്‍ അവള്‍ക്ക് ഇടവും വലവും നിന്ന് എന്നോട് കണ്‍ചിമ്മികാണിച്ചു. എന്റെ ഷബുവിനേയും കൂട്ടി അവര്‍ യാത്രയായി.

എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന്‍ കണ്ണുകള്‍ തുറന്നിരിക്കുന്ന കാലമത്രെയും....