Monday, April 4, 2011

ഒരു ബ്ലോഗറുടെ കഷ്ടപ്പാടുകള്‍

ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടു കൂടി എന്റെ സ്വഭാവവും മാറിത്തുടങ്ങി. വെറും ചിന്ത തന്നെ ചിന്ത. ചിന്തകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോകാന്‍ തുടങ്ങി. ബേപ്പൂര്‍ സുല്‍ത്താനെപ്പോലെ കഷണ്ടിയില്‍ തടവി വിശ്വലോക സാഹിത്യം രചിക്കാം... നല്ല രസമായിരിയ്ക്കും. പക്ഷേ കല്ല്യാണം കഴിഞ്ഞ് ഒന്നാം സല്‍ക്കാരം വരെയെങ്കിലും തലമുടി നിലനില്‍ക്കണമല്ലോ, 'ഗള്‍ഫ് ഗേറ്റ്' വച്ച് തല ചൊറിഞ്ഞ് നടക്കാനും വയ്യ, അതിനാല്‍ ധാത്രി ഓയിലും വാട്ടിക ഷാംപുവുമൊക്കെയായി ബാക്കിയുള്ള വിഘടന കക്ഷികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. എന്റെ സ്വപ്നങ്ങള്‍ പോലും കഥകളും, കഥാപാത്രങ്ങളും, അക്ഷരങ്ങളുമായി തീര്‍ന്നിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ രാവിലെ എണീറ്റാല്‍ ഒന്നും ഓര്‍മ്മ കാണില്ല. ഓര്‍മ്മയെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെല്ലാരും എന്റെ പോസ്റ്റുകള്‍ വായിച്ച് ഗ്ലൂക്കോസ് പെര്‍ക്ക് ചോക്ക്ലേറ്റ് കഴിക്കേണ്ടി വന്നേനെ.

എവിടെയായാലും കഥാതന്തു അന്വേഷിച്ചുള്ള നടപ്പാണിപ്പോള്‍. ഈയിടെ ഗ്ലോബല്‍ വില്ലേജില്‍ പോയപ്പോള്‍ അറബി പെണ്‍കുട്ടികള്‍ക്കിടയില്‍ എന്തെങ്കിലും കഥാതന്തു ഉണ്ടോ എന്ന് പരതിയപ്പോള്‍ അതില്‍ ഒരുവള്‍ അവളുടെ ഹൈ ഹീല്‍ ചെരിപ്പ് കാണിച്ചുതന്നു. അറബിയില്‍ തന്നെ അതിന്റെ വിലയും പറഞ്ഞുതന്നു. എനിയ്ക്കത് മനസ്സിലായില്ലെങ്കിലും അവളുടെ മുഖഭാവത്തില്‍നിന്നും അത് നല്ല വിലയുള്ള ചെരിപ്പാണെന്ന് മനസ്സിലായി.

ബാത്ത്റൂമില്‍ കയറി പത്തുമിനുറ്റുകൊണ്ട് കുളിയും, പല്ലുതേപ്പും മറ്റെല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്ന ഞാനിപ്പോള്‍ എത്ര സമയം എടുക്കുന്നുണ്ടെന്ന് എനിയ്ക്കുതന്നെ അറിയില്ല. ആദ്യത്തെ ആ ഇരുപ്പില്‍ തന്നെ ചിന്തിച്ചൊരു ഇരിപ്പാണ്. ചിന്തകള്‍ കാടുകയറിയും ഇറങ്ങിയും പോയിക്കൊണ്ടിരിക്കുംബോഴായിരിക്കും വാതിലില്‍ നാല് നല്ല മുട്ടും 'നീ എന്ത് മറ്റേതെടുക്കാടാ അതിന്റകത്ത്?' എന്നും ചോദിച്ച് സഹമുറിയന്‍ ആക്രോശിയ്ക്കുക. അപ്പോ പരിപാടികളൊക്കെ കഴിച്ച് (ചിലപ്പോള്‍ തോര്‍ത്ത് മുണ്ട് ഒന്ന് നനച്ച് തുടയ്ക്കാനേ സമയം കിട്ടൂ) വേഗം പുറത്തിറങ്ങും. റൂമില്‍ ആകെ രണ്ടുപേരേ ഉള്ളൂ എന്നതിനാല്‍ കൂട്ടത്തല്ല് കിട്ടുമെന്ന പേടിയില്ല. (എന്ത?.. അയ്യേന്നോ?... പിന്നേ... ആടുജീവിതത്തില്‍ നജീബ് മൂന്ന് വര്‍ഷം നാല് മാസം ഒന്‍പത് ദിവസം കുളിച്ചിട്ടില്ല. അവനോട് നിങ്ങള്‍ക്ക് സഹതാപം. ഞാന്‍ കുളിക്കാണ്ടിരുന്നാല്‍ അയ്യേ... ഇതാണ് വിവേചനം...)

കൂട്ടുകാരനൊപ്പം ഒരു ദിവസം ബസ് യാത്രയ്ക്കിടയില്‍ ഞാന്‍ എന്റെ ചിന്തയുടെ ലോകത്തേക്ക് പോയി. അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. അവന്‍ എന്റെ കയ്യില്‍ പിടിച്ച്കുലുക്കി 'ശരിയല്ലേന്ന്' ചോദിച്ചു. ചിന്തയുടെ ലോകത്തിനിന്നും ഉണര്‍ന്ന് 'എന്ത്?' എന്ന് ഞാന്‍ ചോദിച്ചു.

'അപ്പൊ ഞാന്‍ ഇതുവരേ പറഞ്ഞതൊന്നും നീ കേട്ടില്ലേ?'

ഞാന്‍ അവന്റെ മുഖത്ത് നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സക്കി ചോദിച്ചു

'നീ എന്താ ചോദിച്ചത്?'

'തേങ്ങാക്കൊല'

'തേങ്ങാക്കൊല' എന്റെ അടുത്ത പോസ്റ്റിനിടാന്‍ പറ്റിയ പേര്. ഞാന്‍ ദേ കിടക്കുന്നു ചിന്തയുടെ ലോകത്ത് വീണ്ടും. തേങ്ങാക്കൊലയെപറ്റി പറയുംബോള്‍ തേങ്ങവലികാരന്‍ മോട്ടമ്മല്‍ രാമേട്ടനെ പറ്റി പറയണോ അതോ കുളൂസ് വേലായുധനെ പറ്റി പറയണോ?

'എടാ £$%^&&^^&£"$$%'

ആ വാക്കുകൊണ്ട് ചിന്തയുടെ തേങ്ങാക്കൊല വെട്ടി അവനെന്നെ താഴെയിട്ടു. ഞാന്‍ ആശ്ചര്യത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്‍ മന്ത്രിച്ചു.

'അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...' (അല്ലാഹുവേ.. ക്ഷമിക്കേണമേ) അടുത്ത നിമിഷം അവന്‍ വീണ്ടും പൊട്ടിതെറിച്ചു.

'നിന്റെയൊരു ഹലാക്കിലെ ബ്ലോഗ്, വല്ല്യ ബുദ്ധിജീവിയാകാന്‍ നോക്കിയാല്‍ നിന്റെ ബ്ലോഗിന് ഞാന്‍ തീയിടും'

MBA ക്കാരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തലയ്ക്കകത്ത് ഒരു കുന്ദ്രാണ്ടോം ഇല്ല. ഇവിടെ പെട്രോളിന് വില കുറവായതിനാല്‍ അവന്‍ ചിലപ്പോള്‍ തീയിട്ടെന്നും വരാം. ബ്ലോഗൊന്നും ജന്മത്തില്‍ കണ്ടിട്ടില്ലാത്ത ചെക്കനാ. അവന്റേയുംകൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഞാന്‍ നോക്കണം. എന്ത് ചെയ്യാനാ.. ഒന്നാംക്ലാസ്സ് മുതല്‍ കൂടെകൂടിയതല്ലേ... ദുബായില്‍ വന്നപ്പോഴെങ്കിലും രക്ഷപ്പെട്ടെന്ന് കരുതിയതാ... വന്നിട്ട് അഞ്ച്മാസം തികഞ്ഞില്ല, അതിന് മുന്നേ അവന്‍ ദുബായിലുമെത്തി. എന്റെ കഷ്ടകാലം...

അവന്റെ ബുദ്ദിശൂന്യതയേയും വായില്‍നിന്ന് വീണ മനോഹരമായ വാക്കിനേയും നമിച്ച് അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമുക്കെങ്ങനെ പിടിച്ചുനില്‍ക്കാം, ജപ്പാനിലെ സുനാമി ബാധിതര്‍ക്ക് നമ്മളാല്‍ എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെയാണെന്ന്. എന്നാല്‍ അതൊന്നുമല്ല.. 'ബിരിയാണി കഴിക്കണെങ്കില്‍ സല്‍ക്കാരേലെ ബിരിയാണി തന്നെ കഴിക്കണം..., സാഗറിലെ മീന്‍ പൊള്ളിച്ചത് നല്ല ടേസ്റ്റാല്ലേ?..., നമ്മള് KFC കഴിച്ചിട്ട് കുറേ ആയല്ലേ?..., നാട്ടില്‍ പോയിട്ട് വേണം ബീഫ് തിന്ന് മരിക്കാന്‍...' ഇങ്ങനെ നീണ്ട്പോകും അവന്റെ അഭിപ്രായങ്ങളും ചോദ്യങ്ങളും. ഇതൊക്കെ ചോദിച്ച് കാലിയായ പോക്കറ്റ് നോക്കി വെറുതേ വായില്‍ സുനാമി തിരമാലകള്‍ ഉണ്ടാക്കാനാണ് അവന്‍ എന്നെ എന്റെ ചിന്തയുടെ ലോകത്തുനിന്നും വെട്ടിയിറക്കിയത്.

*****

കുറച്ച് ദിവസം മുന്നേ ഞാന്‍ എന്റെ 'ആദ്യരാത്രി' പോസ്റ്റ് പ്രിന്റെടുത്ത് അവന് കൊടുത്തു. അതല്ലാതെ അവന്‍ വായിക്കില്ലെന്ന് എനിയ്ക്കുറപ്പാണ്. കൊടുത്ത് ഞാന്‍ എന്റെ റൂമിലേക്ക് പോയി. പ്രിയ കൂട്ടുകാരന്റെ കഥ വായിച്ച് അവന്‍ ഇപ്പോ എന്നെ വിളിയ്ക്കും, അഭിനന്ദിയ്ക്കും... ഞാന്‍ ഫോണ്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഫോണ്‍ റിംഗ് ചെയ്തതും ആവേശത്തോടെ ഞാന്‍ ഫോണെടുത്തു.

അപ്പുറത്തുനിന്നും സലാം ചൊല്ലി. അല്ല... എന്റെ ഒരു പോസ്റ്റ് വായിച്ചപ്പോഴേക്കും ഇവന്‍ നന്നായോ? ഞാന്‍ അതിശയപ്പെട്ടു.

ഞാന്‍ സലാം മടക്കി.

'എവിടാണ് നീ... അന്റെ യാതൊരു വര്‍ത്താനവും ഇല്ല്യല്ലോ?'

അത് അവനായിരുന്നില്ല, ഉപ്പയായിരുന്നു. ഞാന്‍ ആവേശത്തില്‍ നമ്പര്‍ നോക്കാന്‍ മറന്നു. ഉപ്പ തുടര്‍ന്നു.

'ഉമ്മക്ക് എപ്പളും പരാതിയാണ്, നീ വിളിക്ക്ന്നേ ഇല്ല്യാന്നും പറഞ്ഞിട്ട്... എന്തേടാ അനക്ക് പറ്റീ?'

'ഒന്നുല്ല്യുപ്പാ... ഞാനൊരു ബ്ലോഗ് തുടങ്ങി, അതിന്റെ ഓരോ തിരക്കിലിങ്ങനെ...'

'തന്നേ!... ഉപ്പക്ക് സന്തോഷായെടാ മോനേ... അനക്ക് ഇപ്പളെങ്കിലും അതിന് തോന്ന്യല്ലോ'

ഉപ്പയുടെ വാക്കുകള്‍ കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ട് ഞാന്‍ ഉപ്പയ്ക്ക് എഴുതിയ കത്തുകളില്‍നിന്നും ഉപ്പയ്ക്ക് അതു മനസ്സിലായിക്കാണണം. അതുമാത്രമല്ലല്ലോ, രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ ഉപ്പ നാട്ടില്‍ വരുംബോള്‍ നാട്ടില്‍ ഉണ്ടായ വിശേഷങ്ങള്‍ തിരക്കും, അപ്പോള്‍ ഉമ്മ എന്നെ കാണിച്ചുകൊടുത്ത് പറയും 'അതായിരിക്ക്ണ് ടേപ്രിക്കോര്‍ഡറ്... അവിടെതന്നെ ചോദിച്ചോളി'... അതെ ഉപ്പ എന്നെ ആദ്യമേ തിരിച്ചറിഞ്ഞുകാണണം. എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ഉപ്പയുടെ ചോദ്യം വന്നു.

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, മോന്‍ പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ ഉപ്പാ...'

'അത് തന്നാടാ നല്ലത്... ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്റെ കഫീല് ആരാടാ?'

'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'

'ആ... ഓന്റെ പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..പിന്നെ കിട്ട്ണ പൈസൊക്കെ സൂക്ഷിച്ച് വെച്ചോ... കല്ല്യാണൊക്കാ വരാന്‍ പോണത്'

'ശരിയുപ്പാ...'

'എന്താടാ അന്റെ കടക്ക് പേരിട്ടത്?'

'തിരിച്ചിലാന്‍'

'എന്ത് പണിയാടാ ചെയ്തത്? ഞമ്മളെ തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'

ആദ്യം നാടിനെ പറയിപ്പിക്കട്ടെ ഉപ്പാ.. എന്നിട്ട് കുടുംബത്തിനെ പറയിപ്പിക്കാം.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

'എന്താടാ നീ ഒന്നും പറയാത്തത്?'

'അത് ഉപ്പാ... കച്ചോടൊക്കെ ഉഷാറാവട്ടെ.. വേണെങ്കില്‍ ഞമ്മള്‍ക്ക് മാറ്റാം'

'ശരി.. എന്നാപിന്നെ ഉപ്പ പിന്നെ വിളിക്കാടാ.. അസ്സലാമു അലൈക്കും'

'വ അലൈക്കും മുസ്സലാം'

ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഡിസ്പ്ലേയില്‍ നോക്കി. ഇല്ല.. അവന്റെ കോള്‍ ഒന്നും വന്നിട്ടില്ല. ഞാന്‍ അവനെ അങ്ങോട്ട് വിളിയ്ക്കാന്‍ തീരുമാനിച്ചു. അഥവാ അവന്റെ ഫൊണില്‍ കാശില്ലെങ്കിലോ? ഞാന്‍ അവനെ വിളിച്ചു.

'എന്താടാ?' അവന്റെ ചോദ്യം...

'നീ വായിച്ചില്ലേടാ?'

'അത് ഇവിടെ അവിടെയോ ഉണ്ട്, ഞാന്‍ പിന്നെ വായിച്ചോളാം.'

എന്റെ ചങ്ക് പിടഞ്ഞു, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ലോകം മുഴുവന്‍ വായിച്ചാലും വായിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ വായിച്ചില്ലെങ്കില്‍ അത് വല്ലാതെ വിഷമിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്.

ഒരാഴ്ച്ച കഴിഞ്ഞിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തന്നെ ചോദിക്കേണ്ടിവന്നു 'നീ വായിച്ചോ'യെന്ന്.

'നീ പ്രിയദര്‍ശനാണ്' അവന്‍ മറുപടി പറഞ്ഞു.

എന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന തിരക്കഥാകൃത്ത്. ഏവരും ആദരിക്കുന്ന, ബഹുമാനിയ്ക്കുന്ന വ്യക്തി. ആ മഹാനോടാണോ ഇവന്‍ എന്നെ താരതമ്യം ചെയ്തത്...

'കോപ്പിയടി വീരന്‍'

അവന്റെ അടുത്ത ഈ വാചകം കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡുവെല്ലാം പതിന്മടങ്ങ് ശേഷിയുള്ള ഗ്രനേഡുകളായിമാറി. എന്റെ സര്‍ഗശേഷിയെ (തന്നെ.. തന്നെ..) കോപ്പിയടിയാണെന്ന് വിശേഷിപ്പിച്ചവന്‍ എന്റെ ഉറ്റ സുഹൃത്ത്. ദുഷ്ടന്‍... ക്രൂരന്‍... കൂട്ടുകാരനെ മനസ്സിലാക്കാന്‍ കഴിയാത്തവന്‍... ഇതൊക്കെയാണെങ്കിലും അവനെ എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതരാനുള്ള അവന്റെ കഴിവ് അസൂയാവഹമാണ്. അവന്‍ പറഞ്ഞുതന്ന പല കഥകളുമാണ് എനിയ്ക്ക് ബ്ലോഗില്‍ പോസ്റ്റിടാന്‍ പ്രചോദനമായത്.

ബ്ലോഗറായതിനുശേഷം സംഭവിച്ച മറ്റൊരു നഷ്ടം ബസ്സില്‍ ഞാന്‍ കഷ്ടപ്പെട്ട് വളച്ചെടുത്ത കുറച്ച് കഥാതന്തുക്കളും എനിയ്ക്ക് നഷ്ടമായി എന്നുള്ളതാണ്. എന്റെ കഥാതന്തുക്കള്‍ക്ക് വേണ്ടിയുള്ള ചിന്തകളില്‍ അവരൊന്നും എന്റെ കണ്ണില്‍ വന്നതേയില്ല. ഇടയ്ക്ക് ചിന്തയില്‍നിന്നിറങ്ങി അവരെ നോക്കിയപ്പോള്‍ 'ആണ്‍കുട്ടികള്‍' അവരെ വളച്ചെടുത്ത് കൂടെ ഇരിയ്ക്കാന്‍ വരെ തുടങ്ങിയിരുന്നു.
ഹാ... പോട്ടെ... എന്റെ എഴുത്തിന് വേണ്ടി ഞാന്‍ അവരേയും ബലി കൊടുക്കുന്നു...

(എന്താ?... നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?... സത്യായിട്ടും... അള്ളാണെ ഞമ്മള് വിട്ട്ക്ക്ണ്)

54 comments:

 1. ഇത് ശുദ്ദ പുളുവടിയാകുന്നു. ഈ MBA ക്കാരന്‍ വെറുമൊരു സാങ്കല്പ്പിക കഥാപാത്രമാകുന്നു. എന്താ... അതും വിശ്വസിച്ചില്ലേ?.. എന്നാ പിന്നെ അവന്റെടുത്ത്ന്ന് ഇന്ന് രണ്ടെണ്ണം വാങ്ങിയിട്ട് തന്നെ ബാക്കി കര്യം.

  ReplyDelete
 2. ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി ..
  ബ്ലോഗ്‌ കച്ചോടം മോശാക്കി ഉപ്പാനേ വിഷമിപ്പിക്കണ്ട..
  ഓരോ പോസ്റ്റ്‌ എഴുതി വിറ്റാല്‍ മതിയല്ലോ..പിന്നെ മോഷ്ടിക്കുകയോ കൊപ്പിയടിക്കുകയോ എന്ത് വേണേലും ചെയ്യട്ടെ.
  ('ബ്ലോഗ്‌ കച്ചവടം' പലരും പ്രതിപാദിച്ച വിഷയം ആണെങ്കിലും പോസ്റ്റ്‌ രസകരം )

  ReplyDelete
 3. നന്നായിട്ടുണ്ട്.
  ബ്ലോഗുകളില്‍ തികച്ചും പരിചയമുള്ള ഒരു സംഭവം എഴുതിയിട്ടും അവസാനം വരെ വായിപ്പിച്ചു.
  "ലോകം മുഴുവന്‍ വായിച്ചാലും വായിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ വായിച്ചില്ലെങ്കില്‍ അത് വല്ലാതെ വിഷമിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്."
  ഇതില്‌ തമാശയില്‍ കവിഞ്ഞ വല്ലതുമൊക്കെ ഉണ്ടോ?
  ആശംസകള്‍

  ReplyDelete
 4. ഹ ഹ ഹ സങ്കതി രസ്സായി ട്ടൊ
  ഇതും കോ.....പി യാണോഓഓഓ ഹിഹിഹിഹിഹ്

  ReplyDelete
 5. നല്ല രസികന്‍ പോസ്റ്റ്‌ ഷബീര്‍ .
  ബ്ലോഗ്‌ എഴുത്തിനെ കുറിച്ച് , അത് അടിച്ചു മാറ്റുമ്പോഴുള്ള വിഷമം ഒക്കെ രസകരമായി പറഞ്ഞു .
  നാട്ടിലെ പോത്തിറച്ചിയെ പറ്റിയൊന്നും പറയല്ലേ.
  ആ ഉപ്പാന്റെ പറ്റിച്ച ഭാഗം രസകരമായി ട്ടോ .

  ReplyDelete
 6. ഇതുതന്നെയാ മാഷേ കഥാ തന്തു, ഇങ്ങനെയും കഥാതന്തു ഉണ്ടാക്കാനുള്ള കഴിവുണ്ടല്ലോ? ഏതായാലും ജീവിക്കാൻ ക്ഷ്ടപ്പെടില്ല....വരാൻപൂകുന്ന ഓളെ ഒരു കഷ്ടപ്പാടേയ്....അവളേയും ഇങ്ങനെ നിർബന്ദിപ്പിച്ച് ഒന്നും വായിപ്പിക്കരുതേ.....

  ReplyDelete
 7. ഗ്ലോബല്‍ വില്ലേജിലെ അറബി പെണ്‍കുട്ടികളുടെ അടുത്ത് കഥാതന്തു തിരഞ്ഞ പഹയാ....ഇവിടെയെങ്ങാനും ആയിരുന്നേല്‍ ഉണ്ടായിരുന്ന കഥാതന്തു കൂടി പോയേനെ.....നല്ല രസകരമായി എഴുതി....ഷബീറിന്റെ സ്റ്റൈലില്‍ തന്നെ.....

  ReplyDelete
 8. ക്രിക്കറ്റ് ഫൈനലിന് ബോസ് തന്ന ഹാഫ് ഡേ ലീവ്
  ഇത്തരുണത്തില്‍ തീര്‍ത്തു കളഞ്ഞല്ലോ .....
  എന്തായാലും നര്‍മ്മം "രസം" കണക്കെ കുടിച്ചു .
  രസപ്പൊടി കടയില്‍ നിന്നും വാങ്ങിയതോ അല്ല നീ തന്നെ പൊടിച്ചുണ്ടാക്കിയതോ ?

  ReplyDelete
 9. അറബിപെൺകുട്ടികളുടെ അടുത്ത് കഥാതന്തു തിരയുമ്പോൾ കൂടെ അവരുടെ തന്തയില്ലാതിരുന്നത് ഭാഗ്യായില്ലേ...
  ആശംസകൾ.

  ReplyDelete
 10. 'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'
  കൊള്ളാം, നല്ല നർമ്മം.

  ReplyDelete
 11. hi monu


  i got the fellow you mentioned here , his name starts with N , JOB is printing chqs , stay in IC , is it right ?

  ReplyDelete
 12. മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടും മുഷിഞ്ഞില്ല..
  രസകരമായിരിക്കുന്നു ഈ പോസ്റ്റിന്‍റെ നിര്‍മ്മിതി.
  ആശംസകള്‍.

  ReplyDelete
 13. തിരിചിലാന്‍ സ്പെഷ്യല്‍ ........... കലക്കി
  വീണ്ടും പുളുവടികള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 14. ബ്ലോഗര്‍മാരുടെ മനസ്സ് ശരിക്കും അറിഞ്ഞ് നടത്തിയ രചന!ആശംസകള്‍!

  ReplyDelete
 15. ചിരിയോടെ വായിച്ചു തീര്‍ത്തു.
  നല്ല ഒഴുക്കില്‍ മടുപ്പിക്കാത്ത എഴുത്ത്.
  ഈ നര്‍മം നില നിര്‍ത്തുക.
  ആശംസകള്‍..

  ReplyDelete
 16. കഥാതന്തുവിനു വേണ്ടിയുള്ള ഈ തിരച്ചില്‍ കഥ രസകരമായി.
  സാധനം ഇറക്കാതെ കച്ചവടം നഷ്ടത്തിലാക്കരുത്!

  ReplyDelete
 17. ബിരിയാണി കഴിക്കണേല്‍ ബീച്ച് ഹോട്ടല്‍.
  നന്നായ് എഴുതി. ആശംസകള്‍..

  ReplyDelete
 18. Nannayi ezhuthitto.....kalakki

  ReplyDelete
 19. @ ഇസ്മായില്‍ കുറുമ്പടി (തണല്‍): ആദ്യ അഭിപ്രായത്തിന് നന്ദി.. ഈ കച്ചവടം ഉപ്പ അറിയുകപോലും ഇല്ല.

  @ Fousia R : തീര്‍ച്ചയായും തമാശയില്‍ കവിഞ്ഞ പലതും ഉണ്ട്. വന്നതിനും അഭിപ്രായത്തിനും നന്ദി

  @ ഷാജു അത്താണിക്കല്‍: ഷാജുമോനേ... വേണ്ടാ.. വേണ്ടാ... ഹി..ഹി.. നന്ദി..

  @ ചെറുവാടി: നട്ടിലെ പോത്തിറച്ചിയോ... നാടിനെ പറ്റി തെന്നെ പറയാന്‍ പറ്റില്ല മന്‍സുവിന്റെ അടുത്ത്. ഹി..ഹി.. ഉപ്പയെ പറ്റിച്ചത് ഉപ്പ പോലും അറിഞ്ഞിട്ടില്ല. നന്ദി സ്നേഹിതാ...

  @ കുറ്റൂരി : ഹ..ഹ.. വെറുതേ ഓള്‍ക്ക് വായിപ്പിച്ചിട്ട് ഉള്ള സമയെന്തിനാ വെറുതേ കളയ്ണത്...നന്ദി ഭായ്...

  @ ഹാഷിക്ക്: ഹ..ഹ.. എന്തു ചെയ്യാനാ.. ബ്ലോഗ് പോസ്റ്റ് ഇടാനുള്ള പൂതികൊണ്ടല്ലേ ഭായ്.. അഭിപ്രായത്തിന് നന്ദി...

  @ KTK Nadery ™ : ഈ രസപ്പൊടി എന്റെ പുറത്ത് വച്ച് നാട്ടുകാര്‍ പൊടിച്ചുതരുന്നതാണ് മോനേ... പാകിസ്താന്റെ കളി കാണാനാ ഹാഫ് ഡേ ലീവ് കിട്ടിയത്. അഭിപ്രായത്തിന് നന്ദി...

  @ nikukechery: അറബി പെണ്‍കുട്ടികളുടെ കൂടെ അവരുടെ തന്തമാരൊന്നും കാണില്ല. അവര്‍ക്ക് എത്ര കഥാ തന്തുക്കളുള്ളതാ... അഭിപ്രായത്തിന് നന്ദി...

  @ moideen angadimugar : അഭിപ്രായത്തിന് നന്ദി...

  @ NAVAS : എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ അല്ലേ...? വന്നതിനും വായിച്ചതിനും നന്ദി... വിധിയുണ്ടേല്‍ ജീവനോടെ കാണാം.

  @ ~ex-pravasini*: നന്ദി... വായനക്കാരെ മുഷിപ്പിക്കുന്നില്ല എന്നത് സന്തോഷം പകരുന്നു.

  @ മിര്‍ഷാദ് : നന്ദി മിര്‍ഷാദ്... പുളുവടികള്‍ ഇനിയുമുണ്ടാവും, ഇന്‍ഷാ അള്ളാഹ്..

  @ സ്നേഹതീരം: അഭിപ്രായത്തിന് നന്ദി...

  @ mayflowers : നന്ദി... താങ്കളുടെ കമന്റ് പ്രചോദനമാകുന്നു...

  @ തെച്ചിക്കോടന്‍ : ഇല്ല... സാധനങ്ങള്‍ ഇറങ്ങികൊണ്ടിരിക്കും.. ഇന്‍ഷാ അള്ളാഹ്... അഭിപ്രായത്തിന് നന്ദി...

  @ മുല്ല: നാട്ടിലെ കാര്യമല്ല, ദുബായിലെ കാര്യമാണ് പറഞ്ഞത്... അഭിപ്രായത്തിന് നന്ദി...

  ReplyDelete
 20. മോനെ നീയൊരു പ്രിയദര്‍ശന്‍ തന്നെയാ...(രസിപ്പിക്കുന്ന കാര്യത്തിലാണേ..)

  ReplyDelete
 21. അപ്പോള്‍ ഇതൊക്കെ യാണ് പണി !
  ചെരുപ്പിന്റെ വിലയൊക്കെ അധികം വൈകിക്കാതെ തന്നെ അറിയിക്കുമാറാകട്ടെ...
  ആശംസകള്‍ .....

  ReplyDelete
 22. ഷെയ്ക്ക് ഗൂഗിള്‍ ബ്ലോഗാനി - കൊള്ളാം. എഴുത്ത് തുടരുക, ആശംസകള്‍.

  ReplyDelete
 23. കൊള്ളാം ആശംസകള്‍

  ReplyDelete
 24. അപ്പൊ എന്‍റെ മുടി കൊഴിച്ചിലിന്‍റെ കാരണം അതായിരുന്നല്ലേ... ഇപ്പോഴല്ലേ പിടി കിട്ടിയത്. പിന്നെ നാണമാകില്ലെങ്കില്‍ ഞാനൊരു നഗ്നസത്യം പറയാം 'ഒരു ബ്ലോഗറുടെ കഷ്ട്ടപ്പാടുകള്‍ മറ്റൊരു ബ്ലോഗര്‍ക്കേ മനസിലാകൂ'. തിരിച്ചിലാന്‍റെ അവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും കാരണം ഞാനിപ്പോള്‍ ആ അവസ്ഥയിലൂടെയാണ്‌ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കൈ വിറയ്ക്കുന്നു. ദേ കൈയ്യുടെ വിറയല്‍ കൂടിയപ്പോള്‍ 'ജെനിതകവിശേഷങ്ങളില്‍' പുതിയ ഒരു കഥ പോസ്റ്റിയിട്ടിരിക്കുകയാണ്. അതുപോലെ comment വല്ലതും വന്നോന്ന് മണിക്കൂറില്‍ ഒരു തവണയെങ്കിലും നോക്കാന്‍ പറ്റിയില്ലെങ്കില്‍ ശ്വാസം മുട്ടുന്നു. ഇതിനൊക്കെ പുറമേ കാണുന്ന എല്ലാവരോടും ബ്ലോഗിനെക്കുറിച്ച് സംസാരിക്കുന്നു. ഇനി ഇതൊരു രോഗമാണോ ഡോക്ടര്‍? ഹാ... എവിടെ ചെന്നവസാനിക്കുമെന്ന് നോക്കാം അല്ലേ? ഏതായാലും പുതിയ പോസ്റ്റ്‌ കലക്കി. ഒപ്പമുള്ളവരുടെ എണ്ണം 100 കടന്നല്ലോ. ചെലവ് ചെയ്യണോട്ടാ...!! :)


  regards

  http://jenithakavisheshangal.blogspot.com/

  ReplyDelete
 25. 'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...
  ഇത് വായിച്ചു തനിയെ ചിരിച്ചു കൊണ്ടിരിക്കുന്മ്പോള്‍ എന്റെ കൂട്ടുക്കാരന്‍ ഒരു ഇന്ത്യനേശി കയറിവന്നു ചോദിച്ചു.എന്താണ് ഇങ്ങനെ ചിരിക്കുന്നതെന്ന് .,ഞാന്‍ ടെസ്ക്ടപിലേക്ക് ചൂണ്ടി കാണിച്ചു ...,അവനു എന്ത് മനസ്സിലാവാന്‍ .അവസാനം ഞാന്‍ 'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി' എന്നാ പേര് കാണിച്ചു അവനു വായിച്ചു കേള്‍പിച്ചു ..,അപ്പോള്‍ ഞാന്‍ ചിരിച്ചതിനേക്കാള്‍ ഇരട്ടിയായി അവനും ചിരിച്ചു കൊണ്ട് ഇറങ്ങി പോയി ....,
  അതെന്താ ബഷീര്‍ അതികപെരും താങ്ങളോട് അടിച്ചുമാറ്റിയതാണോ എന്ന് ചോദിക്കുന്നത് .അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു സംശയം ...ബഷീര്‍ പ്രിയന് പഠിക്കുന്നുണ്ടോ എന്ന് ..,ഇല്ല എന്ന് വിശ്വസിച്ചോട്ടെ ....,
  എന്തായാലും രസകരമായിരിക്കുന്നു ...ആശംസകള്‍

  ReplyDelete
 26. Valare valare nannayittund. Orupad chirichu. Priyadarshan thirichilante aadyarathri enikk 2 days munpum oru 4ward mail aayi vannu:)

  ReplyDelete
 27. തിരിച്ചിലാന്‍ തിരിച്ചറിയാന്‍ ഇനിയും കുറച്ചുണ്ട്... ബ്ലോഗ്‌ തുടങ്ങിയാല്‍ നമുക്ക് പലതും നഷ്ട്ടപ്പെടും..നമുക്കറിയാത്ത നമ്മളെ അറിയാത്തവരില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനമോ,സ്മൈലിയോ പോലും നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു കിട്ടിയെന്നു വരില്ല...മറ്റൊന്നുമല്ല കാരണം അവര്‍ വായിക്കാരുണ്ടാകും പക്ഷെ അത് നമ്മോട് പ്രകടിപ്പിക്കില്ല,അസൂയ അല്ലാതെ വേറെന്ത്..ഇങ്ങനെ കരുതി ആശ്വസിച്ചോളൂ...പിന്നെ ആള്‍ ശരിക്കും പ്രിയദര്‍ശന്‍ ആണോ? ഉപ്പയുമായുള്ള ഫോണ്‍ സംഭാഷണം മുന്‍പൊരു ബ്ലോഗ്ഗറുടെ ബ്ലോഗില്‍ വായിച്ചിരുന്നു..അത് അറിയില്ലായിരിക്കും ദാ അതിങ്ങനെ..."അതെല്ലെടാ. നിനക്കൊരു ബ്ലോഗ്‌ തുടങ്ങിക്കൂടെ..?"


  "*%$#..)^!!(-$.. അത് പറയാനാ ഈ നട്ടപ്പാതിരാക്ക് നീ വിളിച്ചത്.. #%***(>!*/.."


  "എടാ, നിനക്ക് ഗുണമുള്ള കാര്യല്ലേ.."  "ഓ.. എനിക്ക് ഗുണമുണ്ടെങ്കില്‍ നാളെത്തന്നെ തുടങ്ങാം.. എന്നാ ശെരി.."

  ഫോണ്‍ വെച്ച് കിടന്നപ്പോള്‍ ശ്രീമതിക്ക് പെരുത്ത സന്തോഷം.

  "ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ.."
  ചിരിക്കണോ കരയണോ എന്നറിയാതെ, ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ ചിന്തിച്ചു, സമദ്‌ പറഞ്ഞതില്‍ കാര്യമുണ്ട്. എത്രാന്ന് വെച്ചാ ഇങ്ങനെ അവിടെയും ഇവിടെയും എഴുതി ജീവിതം കളയുക. എന്‍റെ കാലശേഷം ഞാന്‍ എഴുതിയ കഥകളെ ആര് സംരക്ഷിക്കും..! ഒരുകൈ നോക്കുക തന്നെ. വരുമ്പോലെ വരട്ടെ., കല്ലിവല്ലി..!

  ReplyDelete
 28. ഇത് കണ്ട്രാസത്തില്‍ കുണ്ട്രാസം തന്നെ ..ബ്ലോഗറാശംസകള്‍ ..

  ReplyDelete
 29. സത്യം...! കഥാതന്തു തേടിയുള്ള യാത്രകള്‍ പലപ്പോഴും നഷ്ടത്തില്‍ കലാശിക്കുന്നു...! ഒരിക്കല്‍, ബസ്സില്‍ യാത്രചെയ്യാവേ കിട്ടിയ കഥയുടെ ട്വിസ്റ്റ്‌ ആലോചിച്ചു ഷോപ്പിലേക്കുള്ള സാധനങ്ങള്‍ ബസില്‍ വെച്ച് മറന്നുപോയി.

  ഷെബീര്‍,
  പാവം വാപ്പ, മകന്റെ വളര്‍ച്ചയില്‍ ഒരു നിമിഷത്തേക്കെങ്കിലും സന്തോഷിച്ചില്ലേ...?

  ReplyDelete
 30. ജാസ്മിക്കുട്ടിയുടെ അഭിപ്രായത്തെ ഞാൻ പിൻ താങ്ങുന്നു...

  ReplyDelete
 31. @ ലത: നന്ദി

  @ kARNOr(കാര്‍ന്നോര്): നന്ദി

  @ ajith : നന്ദി... രസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

  @ pushpamgad kechery : അത്രയ്ക്ക് വേണോ മാഷേ.. നന്ദി...

  @ Aarzoo : തീര്‍ച്ചയായും... നന്ദി

  @ Shukoor : നന്ദി...

  @ Jenith Kachappilly : പിന്നല്ലാണ്ടെ... അപ്പൊ നിനക്കും ഉണ്ടല്ലേ ഈ രോഗം. കൈ വിറയ്ക്കുന്നത് വേറെ കാരണം കൊണ്ടൊന്നും അല്ലല്ലോ? സച്ചിന്‍ പറഞ്ഞത് പോലെ നൂറ് എന്നത് വെറും ഒരു സംഖ്യയല്ലേ ജനിത്തേ... ഫോളോവേര്‍സിനേയും കമന്റ്സും നോക്കി ആരെയും അളക്കരുത്. അതൊരു മാനദണ്ടമേയല്ല. നന്ദി...

  @ sidhique parakkal: ഇന്തോനേഷ്യക്കാരനെ വരെ എന്റെ ബ്ലോഗ് വായിപ്പിക്കാന്‍ ശ്രമിച്ചല്ലേ...? അയാളോടീ ചതി വേണമായിരുന്നോ? രസകരമായ കമന്റിന് നന്ദി... പ്രിയന് പഠിയ്ക്കുന്നുണ്ടെന്ന് തന്നെ പറയാം. വായനകളില്‍ നിന്നും ലഭിയ്ക്കുന്ന പല കാര്യങ്ങളും എന്റേതായ രീതിയില്‍ മാറി ചിന്തിച്ച് പയറ്റാറുണ്ട്.

  @ കിങ്ങിണിക്കുട്ടി : നന്ദി.. പുതിയ പേര്.. 'പ്രിയദര്‍ശന്‍ തിരിച്ചിലാന്‍' ഹ..ഹ..

  @ Jazmikkutty : ശരിയാണ്. കൂട്ടുകാരില്‍ കൂടുതല്‍ പേരും വായിക്കാറുണ്ടെങ്കിലും വായിച്ചതായി ഭാവിക്കില്ല. അങ്ങോട്ട് നമ്മള്‍ ചോദിച്ചാലേ പോസ്റ്റിനെ പറ്റി പറയൂ. പോസ്റ്റ് വായിച്ച് ഒരു കൂട്ടുകാരന്‍ മാത്രമാണ് അഭിനന്ദിക്കാന്‍ വിളിച്ചത്.
  അറിയില്ല എന്ന് പറഞ്ഞാല്‍ അത് നുണയാകും, കണ്ണൂരാന്റെ ആ പോസ്റ്റ് ഞാനും വായിച്ചതാണ്. വായനകളില്‍നിന്നും അനുഭവങ്ങളില്‍നിന്നുമാണ് കഥ പിറക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ എഴുതിയ ചില കഥകള്‍ ഭൂലോകം അംഗീകരിച്ചിട്ടുമുണ്ട്. വായനയില്‍നിന്നും ആകര്‍ഷിച്ച ചിലത് എന്റേതായ ശൈലിയിലേക്ക് മാറ്റാന്‍ ശ്രമിച്ച എന്റെ ഈ പ്രിയദര്‍ശന്‍ ശ്രമം വിജയിച്ചില്ല എന്ന് ഇവിടെ വ്യക്തമായിരിക്കുന്നു. ബഷീര്‍ കഥകളിലെ പല പ്രയോഗങ്ങളും നിങ്ങള്‍ ഇവിടെ കണ്ടേക്കാം. താങ്കള്‍ ഉദ്ദേശിച്ച അര്‍ഥത്തില്‍ തന്നെ വിളിക്കാം 'പ്രിയദര്‍ശന്‍' എന്ന്... അംഗീകരിക്കുന്നു.

  @ സിദ്ധീക്ക.. : നന്ദി.. ബ്ലോഗറാശംസകള്‍..

  @ ഷമീര്‍ തളിക്കുളം: അപ്പോ ഷമീറിനും അനുഭവമുണ്ടല്ലേ... ഇതൊന്നും വാപ്പ അറിയുകപോലും ഇല്ല, മാത്രമല്ല ഞാന്‍ വളര്‍ന്നിട്ടുമില്ല.

  @ കുറ്റൂരി : താങ്കള്‍ പിന്‍താങ്ങിയ അഭിപ്രായത്തിനുള്ള മറുപടി അവിടെ നല്‍കിയിട്ടുണ്ട്.

  ReplyDelete
 32. very good, nalla thamasha, nalla kadathandhu, nalla avatharanam . all the best

  ReplyDelete
 33. അപ്പോ കഥാതന്തു തിരയുന്ന ആളാണല്ലേ :) മോനേ നൊന്തു എന്ന് മാത്രം പിന്നെ പറഞ്ഞേക്കല്ലേ... :) രസായെടാ!

  ReplyDelete
 34. ബ്ലോഗര്‍മാരുടെ കഷ്ട്ടപാടുകള്‍ മനോഹരമായി അവതരിപ്പിച്ചു...

  ReplyDelete
 35. പുളുവടി കൊള്ളാം

  ReplyDelete
 36. കഥാതന്തു തേടിയുള്ള യാത്രയില്‍ തന്നെ ഒരുപാട് തന്തുക്കള്‍ വീണു കിടക്കുന്നുണ്ടല്ലോ. തെങ്ങ് കയറ്റക്കരനും മറ്റും ഉണ്ടായിരുന്നല്ലോ."ഷെയ്ക്ക് ഗൂഗിള്‍ ബ്ലോഗാനി" നല്ല പേരായി. എന്നാലും അങ്ങിനെ പട്ടിക്കണ്ടായിരുന്നു. ഈ വായിക്കേണ്ട ഒരാള്‍ എന്ന് പറഞ്ഞത്‌ ഇവിടെ പറഞ്ഞിരിക്കുന്ന ആളല്ല അല്ലെ?
  രസമായി അവതരിപ്പിച്ചു.

  ReplyDelete
 37. അതെയതെ എന്താ ഒരു ബ്ലോഗറുടെ കഷ്ടപ്പാട്. കഥാ തന്തുക്കളുടെ കാലിലെ ചെരുപ്പിന്റെ ഹീലു വരെ നോക്കണം.
  ഉപ്പയെ പറ്റിച്ചതും കൊള്ളാം

  ReplyDelete
 38. നല്ല ഒന്നാന്തരം ബിരിയാണി തന്നെ വിളമ്പി ഷബീർ.. ഇനിയും വരും ഇവിടെ തന്നെ പറ്റു തുടങ്ങുന്നു.. ആശംസകൾ..

  ReplyDelete
 39. ബ്ലോഗിനെ തന്നെ നിനച്ചിരുന്നാൽ
  വരുന്നതെല്ലാം വായനക്കരന്റെ
  ഫോൺ എന്നു തോന്നും...

  അതിനാൽ അടിക്ഷൻ ഇത്തിരി റിടക്ഷൻ ആക്കിക്കൊ...കലക്കി..

  ReplyDelete
 40. @ khadu : നന്ദി...

  @ വാഴക്കോടന്‍ ‍// vazhakodan : ഹ..ഹ.. ഇല്ല.. നൊന്താലും മിണ്ടില്ല... ഭൂലോകം അറിഞ്ഞാല്‍ നാണക്കേടല്ലേ... നന്ദി...

  @ Naushu :നന്ദി..

  @ ഫെനില്‍: പുളുവടി ഇല്ലേല്‍ പിന്നെ തിരിച്ചിലാനെ എന്തിന് കൊള്ളാം.. നന്ദി

  @ പട്ടേപ്പാടം റാംജി : നിങ്ങള് വല്ലാത്ത ആള് തന്നെട്ടൊ.. എന്തുപെട്ടെന്നാ കാര്യം പിടികിട്ടിയത്.. ഹി..ഹി.. ഊഹിച്ചത് ശരി തന്നെ... നന്ദി..

  @ റോസാപൂക്കള്‍ : ഹ..ഹ.. ഹീല് നോക്കിയിട്ടെ പിന്നെ കഥാതന്തു തേടി പോകുള്ളൂ... വന്നതിനും അഭിപ്രായത്തിനും നന്ദി..

  @ Jefu Jailaf : പറ്റു പുസ്തകവും പറ്റിലെഴുതാന്‍ പറയൊ ജെഫു?..
  നന്ദി മാഷേ..

  @ ഐക്കരപ്പടിയന്‍ : ശരിയാ.. കൂട്ടുകാരന്‍ ഒരുവന്‍ വിളിച്ചപ്പോള്‍ അഷ്റഫ് ആണെന്ന് പറഞ്ഞു. ഞാന്‍ ബ്ലോഗേര്‍സിലെ അഷ്റഫിനെയാ തിരയുന്നത്. പിന്നെയാ അറിഞ്ഞത് എന്റെ അയല്‍വാസിയാണെന്ന്... നന്ദി...

  ReplyDelete
 41. എന്റെ പൊന്നൂ കഥാ തന്ത് അന്വേഷിച്ചു വല്ല അറബീടെ കയ്യീന്നും വല്ലതും വാങ്ങി വന്നാല്‍ ഞമ്മക്ക് കയിയൂലെ നോക്കാന്‍ കേട്ടാ...അവരുടെ അടി ഒരു ഒന്നൊന്നര അടിയാനെയ്‌ എന്ന് ആരോ പറഞ്ഞത് കേട്ട്.തന്റെ തിരിച്ചില്‍ അവര്‍ ഓടിച്ചിലാക്കി കളയും ...നന്നായി എന്തായാലും കേട്ടാ

  ReplyDelete
 42. മോനേ...നീ ഈ നിലക്കാണു പോക്കെങ്കില്‍ ഇനിയും കഷ്ടപ്പെടേണ്ടി വരും...
  കാരണം, കഥാതന്തു തേടിയുള്ള നിന്റെ പോക്കത്ര ശരിയല്ല.
  "വെവരമറിയും...." ഹിഹി

  ഹൌസിയയുടെ കമന്റിലെ ആ പോയിന്റ്- എന്താ മോനെ...ഒരു ദുരൂഹത ഉണ്ടല്ലോ...
  ജൂലൈയില്‍ മൂക്കു കയര്‍ ഇടാന്‍ പോകുന്നയാള്‍ വായിച്ചില്ല എന്ന വിഷമമാണോ...?

  അതു പോലെ ജാസ്മിക്കുട്ടിയുടെ കമന്റ്.
  ആ ഭാഗം വായിച്ചപ്പോ എനിക്കും തോന്നിയിരുന്ന കാര്യമാണു ജാസ്മിക്കുട്ടി പറഞ്ഞത്.ഷെബീറിന്റെ മറുപടിയും കണ്ടു...അതു കൊണ്ട് അതിനെ കുറിച്ചൊന്നും പറയണില്ല...

  പോസ്റ്റ് പതിവുപോലെ രസായിട്ടുണ്ട്...

  ReplyDelete
 43. അതീവ രസകരമായി എഴുതി. ബ്ലോഗ്‌ എഴുത്ത് കൊണ്ട് നേട്ടങ്ങളെ പോലെ നഷ്ടങ്ങളും ഉണ്ട്. പൊതു വായന കുറയും, ബ്ലോഗു മാത്രം വായനാശീലമായി മാറുന്നത് നല്ല ശീലമല്ല എന്ന് തോന്നുന്നു. അത് കൊണ്ട് നല്ല പോസ്റ്റുകള്‍ എഴുതാനും നല്ലത് അത് ചിന്തിച്ചു തല പുണ്ണാക്കുകയല്ല. നല്ല വായന വര്‍ധിപ്പിക്കുക. നല്ല പോസ്റ്റുകള്‍ താനേ വരും. നല്ല നര്‍മ്മത്തിന് ആശംസകള്‍

  ReplyDelete
 44. ഹായ് ഷബീര്‍...ഉപ്പയോടുള്ള വര്‍ത്തമാനം വായിച്ചു നന്നേ ചിരിച്ചു. ആശംസകള്‍

  ReplyDelete
 45. വായിച്ചപ്പോള്‍ തന്നെ കണ്ണൂരാന്‍റെ ആ വരികള്‍ ആണ് ഓര്‍മയില്‍ വന്നത്.
  അതിന്‍റെ മറ്റൊരു ആവിഷ്കാരം.
  ഒരാള്‍ അവതരിപ്പിച്ച സംഭവം കടന്ന് കൂടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
  പതിവ് തിരിച്ചിലാണ്‍ രീതി തന്നെ നര്‍മതില്‍ പൊതിഞ്ഞു നന്നായി അവതരിപ്പിച്ചു.

  ReplyDelete
 46. തിരിച്ചിലാനെ കാണാന്‍ വൈകിയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു...
  'വല്ലഭനു പുല്ലും ആയുധം' എന്ന് കേട്ടിട്ടുണ്ട്... ഇപ്പൊ കണ്ടു...
  സമ്മതിച്ചിരിക്കുന്നു മാഷേ ....

  ReplyDelete
 47. ബ്ലോഗ്‌ മാനിയ തലയില്‍ കയറാതെ നോക്കിക്കി, തുടങ്ങിയ സമയത്ത് എനിക്കും ഉണ്ടായിരുന്നു ഇത് പോലെയൊക്കെ, ബ്ലോഗ്ഗും പ്രണയവും ഏകദേശം ഒരു പോലെ ആണെന്ന തോന്നുന്നത്, ആദ്യ രാത്രി പോസ്റ്റ്‌ facebook ല് പലരുടെയും പ്രൊഫൈലില്‍ ഓടി കളിക്കുന്നുണ്ട്

  ReplyDelete
 48. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി... വീണ്ടും വരിക

  ReplyDelete
 49. @@
  ഈ പോസ്റ്റ്‌ ഇന്നാണ് കാണുന്നത്.
  ഒരേ ശൈലിയില്‍ പിറക്കുന്ന ആശയങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ഒരു പോലെ ചിന്തിക്ക്കുന്ന (great men think alike) മഹാന്മാര്‍ ഉള്ള (ബൂ)ലോകത്ത് പ്രത്യേകിച്ചും.
  ഇപ്പോള്‍ ഈ പോസ്റ്റ്‌ വായിച്ച പലര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരാന്‍ എഴുതിയ ഒരു പോസ്റ്റ്‌ ഓര്‍മ്മ വന്നല്ലോ! സന്തോഷം.
  ഓം ഗൂഗിളായ നമഹ: കണ്ണൂരാന്‍ സ്വാഹ!

  **

  ReplyDelete
 50. @ K@nn(())rAn-കണ്ണൂരാന്‍..! : കണ്ണൂരാനും കണ്ണൂരാന്റെ ഓരോ വാക്കുകളും വായനക്കാരുടെ ഉള്ളില്‍ പതിഞ്ഞുനില്‍ക്കുന്നു എന്നതിന് തെളിവായി കണക്കാക്കാം ഇതിനെ. തീര്‍ച്ചയായും ബ്ലോഗ് വായനയില്‍ നിന്നും എന്നെ ആകര്‍ഷിച്ച ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ് താങ്കളും. വന്നതിനും അഭിപ്രായത്തിനും നന്ദി...

  ReplyDelete
 51. സത്യായിട്ടും ഞമ്മൾ വിശ്വസിച്ച്ക്ണ്...

  ReplyDelete
 52. 'ഒന്നുല്ല്യുപ്പാ... ഞാനൊരു ബ്ലോഗ് തുടങ്ങി, അതിന്റെ ഓരോ തിരക്കിലിങ്ങനെ...'

  'തന്നേ!... ഉപ്പക്ക് സന്തോഷായെടാ മോനേ... അനക്ക് ഇപ്പളെങ്കിലും അതിന് തോന്ന്യല്ലോ'


  എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

  'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...

  'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, മോന്‍ പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

  'ഒറ്റക്ക് തന്നാ ഉപ്പാ...'

  'അത് തന്നാടാ നല്ലത്... ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

  'ഉം' ഞാന്‍ മൂളിക്കൊടുത്തു

  'അന്റെ കഫീല് ആരാടാ?'

  'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'

  'ആ... ഓന്റെ പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..പിന്നെ കിട്ട്ണ പൈസൊക്കെ സൂക്ഷിച്ച് വെച്ചോ... കല്ല്യാണൊക്കാ വരാന്‍ പോണത്'

  'ശരിയുപ്പാ...'

  കലക്കീലോ

  ReplyDelete