Tuesday, January 4, 2011

നഷ്ടബോധം

എന്നും ഒരു നഷ്ടബോധമാണ് എനിക്കെന്റെ grant parents നെ പറ്റി ആലോചിക്കുംബോള്‍ തോന്നാറുള്ളത്. അവരുടെ ആ മഹത്തായ സ്നേഹം അനുഭവിക്കാന്‍ പറ്റാഞ്ഞത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.

ഏഴാമത്തെ വയസ്സില്‍ എന്റെ ഉമ്മക്ക് ഉമ്മയെ നഷ്ടമായി. പറഞ്ഞുതരാന്‍ വ്യക്തമായ ഓര്‍മകള്‍ വരെയില്ല ഉമ്മക്ക്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു പോലും. അപസ്മാര രോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. പതിനഞ്ജാമത്തെ വയസ്സില്‍ ഉമ്മക്ക് ഉപ്പയേയും നഷ്ടമായി. നല്ല ഉയരമുണ്ടായിരുന്നു. കട്ടിയുള്ള കണ്ണട ധരിക്കുമായിരുന്നു. സങ്കല്പ്പിച്ചെടുക്കാന്‍ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ല.

ഉപ്പാപ്പയേയും ഉമ്മാമയേയും പറ്റിയുള്ള ഓര്‍മകളും വിരളം. ഉമ്മാമ മരിക്കുംബോള്‍ ഞാന്‍ കൈ കുഞ്ഞാണ്. ആ മരണവീട്ടിലെ പാടകെട്ടിയ ഒരു ഓര്‍മ മാത്രമേ മനസ്സിലുള്ളു.

1992 ല്‍ ആണ് ഉപ്പാപ്പ മരിക്കുന്നത്. എനിക്കന്ന് എട്ട് വയസ്സ്. വര്‍ഷങ്ങള്‍ക്കുമുന്നേ ആള്‍ കിടപ്പിലയിരുന്നു. എന്റെ വീടിന്റെ പണി മുഴുവന്‍ തീരാത്തതിനാല്‍ ഉപ്പയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഉപ്പാപ്പ. ഒരുദിവസം ഉപ്പ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നത് എനിക്ക് മറക്കാനവില്ല. ഉറക്കെ ദിക്റും സലാത്തും ചൊല്ലും. നല്ല രസാണ് കേള്‍ക്കാന്‍. അന്ന് ഉപ്പാപ്പയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഉപ്പ ഇപ്പഴും ഇടക്കിടെ അത് കേള്‍ക്കുന്നത് കാണാം.

ഒരു ദിവസം ഉപ്പാപ്പ എന്നോട് വാഴയിലയുടെ ചെറിയ കഷ്ണം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് കൊണ്ടുപോയി കൊടുത്തപ്പോള്‍ അത് വീണ്ടും ചെറുതാക്കി മൂക്കില്‍ തിരുകി തുമ്മി ആസ്വദിക്കുകയാണ് പുള്ളി. ജലദോഷം വരുമ്പോള്‍ ഞാന്‍ ആ വിദ്ദ്യ പ്രയോഗിക്കാറുണ്ട്. നല്ല ആശ്വാസം കിട്ടും. ഒരു കാര്യമെങ്കിലും എനിക്ക് ഉപ്പാപ്പയില്‍നിന്നും പഠിക്കാന്‍ പറ്റി.

പിന്നീട് പുള്ളി കിടപ്പിലായിപ്പോയി. അടുത്ത് ചെല്ലുംബോള്‍ ഉറക്കെ പറയണം ' ഉപ്പാപ്പേ... ചെറിയോന്റെ മോനാണെന്ന്' (എന്റെ ഉപ്പയെ എല്ലാരും ചെറിയോന്‍ എന്നാണ് വിളിച്ചിരുന്നത്) അത് കേള്‍ക്കുംബോള്‍ കയ്യില്‍ അമര്‍ത്തി പിടിക്കും.

ഒരു കാര്യത്തില്‍ ഉപ്പാപ്പയും ഉമ്മാമയും ഭാഗ്യവാന്മാരണ്. അവര്‍ ഉറങ്ങുന്നത് ഒരുമിച്ചാണ്. അടുത്തടുത്ത രണ്ട് ഖബറുകള്‍. പല ദമ്പതിമാരും സ്വപ്നം കാണുന്ന ഒന്നാണ് മരിച്ചാല്‍ രണ്ട് ഖബറും ഒരുമിച്ചാവണമെന്നുള്ളത്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ.

ഇത് എഴുതാനുള്ള പ്രചോദനം എന്റെ കൂട്ടുകാരന്‍ റഫീസിന്റെ ഒരു ബ്ലോഗ് ആണ്. മുത്തച്ഛന്റെ വിരലില്‍ പിടിച്ച് നടക്കുന്ന കൊച്ചുമകളുടെ ചിത്രത്തോടുകൂടിയുള്ള ആ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവരുടെ അടുക്കല്‍ ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും 'നിങ്ങളുടെ കൊച്ചുമക്കള്‍ ആരും തന്നെ ചെയ്യാത്ത ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്തെന്ന്'.

സ്നേഹിച്ച് കൊതി തീരാത്ത, സ്നേഹിക്കപ്പെട്ട് കൊതി തീരത്ത എന്റെ Grand Parents ന് ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.

5 comments:

 1. നല്ല വിവരണം. ഒരുപാട് വായിച്ചാല്‍ ഇനിയും നന്നായി പറയാന്‍ പറ്റും. ഇത്തിരി "സംസാര ശൈലി" കടന്നിട്ടുണ്ട് ഈ എഴുത്തില്‍.
  എങ്കിലും, മനസിലെ മായാത്ത ആ നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചില്ലേ. അതൊക്കെ തന്നെയാണ് എന്നും നമ്മുടെ നിധി.

  ReplyDelete
 2. E - വായനയേ പതിവുള്ളൂ... കുറേ വായിക്കണമെന്നുണ്ട്... നാട്ടില്‍ പോയാല്‍ വാങ്ങിക്കാനുള്ള കുറേ പുസ്തകങ്ങളുടെ പേര് എഴുതി വച്ചിട്ടുണ്ട്. പ്രോത്സാഹനത്തിന് നന്ദി.

  ReplyDelete
 3. സമര്‍പ്പണം നന്നായി. വയസ്സായോരെയൊക്കെ ഓര്‍ക്കാന്‍ പോലും സമയമില്ലാത്തോരാണേറെയും

  ReplyDelete