Wednesday, March 25, 2020

മുട്ട്


അതിരാവിലെ അമ്പലങ്ങളിൽനിന്നുമുള്ള മണിനാദം കേട്ടാണ് മണിനഗറിലെ ആ പുലർച്ചെ ഞങ്ങൾ ഉണർന്നത്. അഹമ്മദാബാദിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്.  വട്ട്-വ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകാൻ മണിനഗറിൽ നിന്നാണ് സൗകര്യം എന്ന് മനസ്സിലാക്കി അവിടെ ഇറങ്ങുകയായിരുന്നു. ഭഗവാൻ ഭായി ഓട്ടോയിൽ കൊണ്ടുപോയി 1200 രൂപക്ക് ഒരു 3ബെഡ് a/c റൂമും തരപ്പെടുത്തി തന്നു.

രണ്ട് ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് വന്നിരിക്കുകയാണ്. വയറൊക്കെ നന്നായി ഉറച്ചിരിക്കുകയാണ്.  ട്രെയിൻ ടോയ്ലറ്റ് വൃത്തി കാരണം ഇരിക്കാൻ മനസ്സ് വന്നില്ല.  പിന്നെ വീട്ടിൽ നിന്നും തന്നുവിട്ട കണ്ണ് വച്ച പത്തിരിയും ബീഫും നന്നായി ഉറപ്പ് കൂട്ടുകയും ചെയ്തു. ഇനി ഇളക്കം വേണമെങ്കിൽ ഒരു ചായ കിട്ടണം.  ചെറിയ മട്ടത്തിൽ എന്തെങ്കിലും അകത്താക്കുകയും വേണം.

തെരുവിലൂടെ ഇറങ്ങി നടന്നു. മണിനാദങ്ങൾക്കും ശംഖ് നാദങ്ങൾക്കുമിടയിലൂടെ. ആജാനബാഹുക്കളായ പശുക്കൾ മനുഷ്യനെയും വാഹനങ്ങളെയും തെല്ലും വകവെക്കാതെ സ്വൈരവിഹാരം നടത്തുന്നുണ്ട്.

ചായ എല്ലായിടത്തും സുലഭമായി ഉണ്ട്.  കഴിക്കാൻ ഒന്നും ഇല്ല. നമ്മളെ ചുങ്കത്തുള്ള ഗ്രാന്റിൽ ഒക്കെ ആണെങ്കിൽ സുബ്ഹി നിസ്കാരം കഴിഞ്ഞാൽ പഴം പൊരിയും ദോശയും ഒക്കെ റെഡി ആണ്.  റെയിൽവേ സ്റ്റേഷനിലേക്ക് നടന്നാൽ വല്ലതും കിട്ടും എന്ന ആശയം തലയിൽ കത്തി. സ്റ്റേഷന്റെ മതിലിനോട് ചേർന്ന് കിടക്കുന്ന ആ ചേരിക്ക് നടുവിലൂടെ ഞാൻ നടന്നു. മതിലിൽ മുകൾ ഭാഗത്തായി കട്ടകൾ അടർത്തിയ ചെറിയ ഗ്യാപ്പുകൾ കാണുന്നുണ്ട്.  ഒരു ടിവി വെക്കാൻ പാകത്തിലെന്നവണ്ണം. അതിലൂടെ സ്ത്രീകളും പുരുഷന്മാരും അസാമാന്യ മെയ്-വഴക്കത്തോടെ ഒരു കുപ്പിയിൽ വെള്ളവുമായി ചാടി കടന്നുന്നുണ്ട്. ഒരു വീടിന് മുന്നിൽ വലിയ രണ്ട് സ്പീക്കർ കാണുന്നു. അവിടെ കയർ കട്ടിലിൽ ഇരിക്കുന്ന ചെറുപ്പക്കാരായ രണ്ടുപേർക്ക് സ്ത്രീകൾ  ദേഹത്തും മുഖത്തും മഞ്ഞൾ പുരട്ടി കൊടുക്കുന്നുണ്ട്.  വിവാഹമാണെന്ന് ഞാൻ ഊഹിച്ചു. പട്ടികളും കുഞ്ഞുങ്ങളും ഒരുമിച്ച് ഉറങ്ങുന്ന കൂരകളും താണ്ടി ഞാൻ സ്റ്റേഷനിൽ എത്തി.

സ്റ്റേഷനിൽ നിന്ന് ഒരു ബ്രഡ് സാന്റ്വിച്ചും പുറത്ത് നിന്നും എരുമപ്പാലിൽ തിളപ്പിച്ച് കുറുക്കിയ ചായ രണ്ടെണ്ണവും വാങ്ങി അകത്താക്കി വേഗം റൂമിലേക്ക് നടന്നു. സംഗതി ക്ലിയർ. 

അന്നത്തെ അലച്ചിൽ എല്ലാം കഴിഞ്ഞു. ഒരു ദിവസം കൂടെ മണിനഗറിൽ തങ്ങേണ്ടതുണ്ട്. അടുത്ത പ്രഭാതത്തിലും ഞാൻ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.  സാന്റ്വിച്ചും രണ്ട് ചായയും അകത്താക്കി തിരിച്ച് ആ ചേരിയിലൂടെ നടന്നുവരുമ്പോൾ കയ്യിൽ നിറയെ മൈലാഞ്ചി അണിഞ്ഞ ഒരു സുന്ദരി ഒരുകുപ്പി വെള്ളവുമായി മതിലിലെ ആ കട്ടകൾ അടർത്തിയ ഗ്യാപ്പിനടുത്ത് അപ്പുറത്തേക്ക് കടക്കാനാകാതെ നിസ്സഹായയായി നിൽക്കുന്നുണ്ട്.  അവളുടെ മുഖത്ത് നാണവും വിഷമവും എല്ലാം പ്രകടമാണ്.  ഇന്നലെ മഞ്ഞൾ തേച്ച്‌ ഇരുന്നവരിൽ ഒരാളുടെ ദുൽഹൻ ആണ് ഈ നിൽക്കുന്നത്.  അവളുടെ വിഷമം മനസ്സിലാക്കിയ ഒരു സ്ത്രീ ഗുജറാത്തിയിൽ എന്തോ വിളിച്ച് പറഞ്ഞു.  ഉടനെ അവളുടെ മാരൻ ഓടിയെത്തി.  ഒരു സിനിമയിലെന്നപോലെ അവളെ റൊമാന്റിക് ആയി കോരിയെടുത്ത് മതിലിനപ്പുറത്തേക്ക് കടത്തിക്കൊടുത്തു. നാണം കലർന്ന ഒരു ചിരിയുമായി അവൾ നടന്നുനീങ്ങി. നേരത്തെ ഒച്ചയിട്ട ആ സ്ത്രീ വീണ്ടും ഒച്ചയിട്ടപ്പോൾ നമ്മുടെ മാരൻ ഒരു ഇളിഞ്ഞ ചിരിയുമായി തിരിച്ച് നടന്നു.

ഞാൻ മുന്നോട്ട് നീങ്ങി. വയറിനകത്ത് പ്രോസസിംഗ് പെട്ടെന്ന് നടക്കുന്നുണ്ട്. ആരൊക്കെയോ ചേർന്ന് അകത്ത് ബഹളം വെക്കുന്നുണ്ട്.  അടിവയറ്റിൽ അസഹ്യമായ വേദന ഉരുണ്ട് കൂടുന്നു. ഒരു നിമിഷംപോലും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ. ഞാൻ ഓടി.  മുന്നിൽ കണ്ട മതിലിലെ ഗ്യാപ്പിലൂടെ അസാമാന്യ മെയ്-വഴക്കത്തോടെ ഞാൻ ചാടിക്കടന്നു.  റെയിലിന് അടുത്തുള്ള കുറ്റികാട്ടിൽ ഞാൻ ഇരുന്നു.  മുന്നിലൂടെ ഒരു ട്രെയിൻ കടന്നുപോയി.  അതിൽനിന്നും ഒരുപാടുപേർ എന്നെ കാണുന്നുണ്ടാകാം.  പക്ഷെ എനിക്ക് ഒരു നാണവും തോന്നിയില്ല. 

ഞാൻ മുകളിലേക്ക് നോക്കി.  ഒരു വലിയ ഫ്ളക്സ്. അതിൽ നിരച്ച താടിയുള്ള ഒരാൾ എന്നെനോക്കി ചിരിക്കുന്നു. അല്ലയോ അങ്ങുന്നേ...  അങ്ങ് എന്നെ കളിയാക്കുകയാണോ...?

2 comments:

  1. മുട്ട് തകർത്തല്ലോ മാഷേ
    എന്തൊരു ആശ്വാസം അല്ലെ!

    ReplyDelete
  2. ശക്തമായ ഒരു എഴുത്തിലൂടെ തിരിച്ചിലാൻ തിരിച്ചു വന്നിരിക്കുന്നു.. ആശംസകൾ
    സലീം ഐക്കരപ്പടി

    ReplyDelete