Monday, March 17, 2014

അറബിക്ക് പെറ്റ്.. ഞമ്മക്ക് ബറ്റ്

2005 ലാണ് കൂട്ടുകാരില്‍ ഒരാള്‍ക്ക് ആദ്യമായി ഗള്‍ഫിലേക്ക് പോകാന്‍ ചാന്‍സ് വന്നത്. അതും അറബ് ലോകത്തിന്റെ മുത്തായ ദുബായിലേക്ക്. ആ മുത്തിന്റെ ഭരണകുടുംബത്തില്‍ പെട്ട ഒരു ഷെയ്ഖിന്റെ കൊട്ടാരത്തിലേക്ക്. ഷെയ്ഖിന്റെ കൊട്ടാരത്തിന്റെ ഇന്‍ചാര്‍ജ് ആയ അവന്റെ അമ്മാവന്‍ വഴി ആ ഭാഗ്യം അവനെതേടിയെത്തി. ആ കൊട്ടാരത്തിന്റെ സെക്യൂരിറ്റിയായി അവന് വിസ വന്നു. സെക്യൂരിറ്റിക്കുവേണ്ട ശാരീരിക മികവിനായി അവന്‍ അന്നുതന്നെ ജിമ്മ് സുലൈമാന്റെ ശിഷ്യനായി. ന്യൂ അഡ്മിഷന്‍ പിള്ളേരോട് സ്ഥിരമായി അടിക്കാറുള്ള 'നാച്വറല്‍ ബോഡിയാ.. കളിച്ചാല്‍ നന്നാവും' എന്ന സുലൈമാന്റെ ഡയലോഗ് കേട്ട് അവനും കോള്‍മയിര്‍കൊണ്ടു. പിള്ളേര് കളിക്കും ജിംനേഷ്യത്തിന്റെ ഓണറായ സുലൈമാന്‍ നന്നാവുകയും ചെയ്യും.

ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഒരുപാടുകൂട്ടം ഡ്രെസ്സ് എടുത്തു. കല്ല്യാണത്തിനും ഗള്‍ഫില്‍പോക്കിനുമാണല്ലോ ഒരാള്‍ രണ്ടില്‍ കൂടുതല്‍ കൂട്ടം ഡ്രസ്സ് എടുക്കുന്നത്. ഞങ്ങള്‍ അസൂയയോടെ അവനെ നോക്കി. അങ്ങനെ അവന്‍ ദുബായിലേക്ക് പറന്നു. അവിടെ എത്തി പതിനാലാമത്തെ ദിവസം അവന്‍ എന്നെ വിളിച്ചു.

'എടാ ഷെയ്ക്ക് വന്നപ്പോ 2000 ദിര്‍ഹംസ് പച്ചീസ് തന്ന്... ഞാനെന്താ ചെയ്യാ?'

'പച്ചീസോ... അതെന്ത് സാധനം?' ഞാന്‍ സംശയം മറച്ചുവച്ചില്ല

'ടിപ്പെടാ...ടിപ്പ്... ടിപ്പിന് ഇവടെ പച്ചീസ് എന്നാ പറയ' (നാടോടി കാറ്റിലെ പ്രശസ്ത ഡയലോഗിനെ 'CID എസ്റ്റീം' എന്നാക്കിയവന്‍ ബക്ഷിഷിനെ പച്ചീസ് ആക്കിയതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല)

'എടാ ഭാഗ്യവാനേ...' എന്ന് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ അതിനുത്തരമെന്നോണം ഒന്ന് ചിരിച്ചു.

'ഞാന്‍ ഫ്രിഡ്ജില്‍ന്നും രണ്ടാപിളെട്ത്തിട്ട് ഇന്റെ റൂമിലേക്ക് പോവാണ്, ഒന്ന് ചോപ്പും ഒന്ന് പച്ചേം'

'പച്ച ആപ്പിളോ..?' വീണ്ടും എന്റെ സംശയം.

'എന്തൊക്കെ കാണാന്‍ കെടക്ക്ണ് മോനേ ദുബായില്‍. ഇന്റെ മുന്നില് രണ്ട് ടീവിണ്ട്. ഒന്നില് സിനിമൊക്കെ കാണാം, മറ്റേതില് പുറത്ത്ന്ന് വണ്ടി വെര്ണതൊക്കെ കാണാം. ആരെങ്കിലും വന്നാല് ഒരു സുച്ചിട്ടാല്‍ ഗെയിറ്റങ്ങട്ട് തൊറക്കും'

എന്റെ മനസ്സില്‍ പഴയ ഹിന്ദി സിനിമകളിലെ അമ്രിഷ് പൂരിയുടെ താവളങ്ങള്‍ കയറി വന്നു. കറുത്ത കോട്ടും സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ച എന്റെ കൂട്ടുകാരനേയും. അവനോട് ഞാനറിയാതെതന്നെ ഒരാരാധന തൊന്നിതുടങ്ങിയിരുന്നു.

'എന്നാ ഞാന്‍ പിന്നെ വിളിക്കാം' എന്നും പറഞ്ഞ് അവന്‍ ഫോണ്‍ കട്ടാക്കിയിട്ടും എന്റെ മനസ്സിലെ അമ്രിഷ് പൂരി എഫക്റ്റ് കെട്ടടങ്ങിയില്ലായിരുന്നു.

**************

2007ല്‍ ഞാനും ദുബായില്‍ പറന്നിറങ്ങി. റോഡും കെട്ടിടങ്ങളും വാഹനങ്ങളും ഏവരേയുംപോലെ എന്നേയും അത്ഭുതപ്പെടുത്തി. ആരുമില്ലാത്ത നാട്ടില്‍ ആകെയുള്ള കൂട്ടുകാരനെ കാണാന്‍ കൊതിയായി. അവനും എന്നെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ഞാന്‍ പുതിയ സിമ്മെടുത്ത് അവനെ വിളിച്ചപ്പോള്‍ 11A എന്ന ബസ്സ് ഗോള്‍ഡ് സൂക്ക് ബസ് സ്റ്റേഷനില്‍നിന്നും കയറി അല്‍ അവീര്‍ - ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങാന്‍ പറഞ്ഞു. ഭാഗ്യത്തിന് മലയാളിയായ ഡ്രൈവര്‍ ഉള്ള ബസ്സും കിട്ടി. ദുബായിലെ ഗ്രാമം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണിത്. ഈത്തപ്പഴ തോട്ടങ്ങളും റോഡ് സൈഡില്‍ വണ്ടിയില്‍ സാധനങ്ങള്‍ വച്ചുള്ള കച്ചവടങ്ങളുമെല്ലാം കാണാം.

ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങി കൂട്ടുകാരനെ വിളിച്ചപ്പോള്‍ ഇടത്തോട്ടുള്ള റോഡിലൂടെ നടന്നുവരാന്‍ പറഞ്ഞു. അല്‍പം നടന്നപ്പോള്‍ ദൂരെ അതാ നില്‍ക്കുന്നു എന്റെ മുന്നില്‍ ഒരു സൈക്കിളില്‍, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കറുത്ത കോട്ടും കറുത്ത ഷൂവും കറുത്ത കൂളിം ഗ്ലാസും പ്രതീക്ഷിച്ച ഞാന്‍ കാണുന്നത് നരച്ച് തൊപ്പ പൊന്താന്‍ ഇനി ഇടമില്ലാത്ത ഒരു ടീ-ഷര്‍ട്ടും, ഉമ്മ അടുക്കള തുടക്കാന്‍ ഉപയോഗിക്കുന്ന കൈക്കലക്കൂട്ട്  പോലത്തെ ഒരു കള്ളിത്തുണിയും ഉടുത്ത് സൈക്കിളിന്മേല്‍ ഇരിക്കുന്ന ദാരിദ്ര്യം പിടിച്ച ഒരു സെക്യൂരിറ്റിക്കാരന്‍.

 'ദെന്താണ്ടാദ്ദ്? എന്താ അന്റെ ഒരു കോലം?' കണ്ടമാത്രയില്‍തന്നെ ഞാന്‍ ചോദിച്ചു

'അതൊന്നും നോക്കണ്ട. ഇവടെ ആണ്ടിനും ചങ്കരാന്ദിക്കും ഒക്കാണ് ആരെങ്കിലും വെര്ണത്. അത് വെരെ ഞമ്മള് വെറും നാടന്‍...'

'എന്നാലും ഇതൊര് ഒലക്കമ്മലെ നാടനായിപ്പോയി'

'ഇവടന്ന് സീരിയലും കണ്ട് തിന്ന് തിന്ന് തടി വെല്ലാണ്ട് കൂടി. അതോണ്ട് നാട്ടില്‍ന്ന് കൊണ്ടന്ന ഡ്രെസ്സൊന്നും കൊള്ള്ണ്-ല്ല്യ. ഷെയ്ക്ക് വെരുംബൊ യൂനിഫോമ് ഇടും. ഈ ഗുദാമില് ആര് കാണാനാ... അതോണ്ട് ഇങ്ങ്നൊക്കെ അങ്ങട്ട് നടക്കും.'

അവന്റെ റൂമില്‍ കയറിയപ്പോള്‍ പറഞ്ഞപോലെ തന്നെ രണ്ട് ടീവികളുണ്ട്. പക്ഷേ അതില്‍ ഒന്ന് എലിപെട്ടി പോലിരിക്കുന്നു. അതിനടുത്ത് തന്നെ മറ്റൊരു കുഞ്ഞുപെട്ടിയും മുകളില്‍ പഴയ MMT ബസ്സിന്റെ ഗിയര്‍ ലിവറിന്റെ മുകളില്‍ കാണുന്ന മകിഡിപോലുള്ളൊരു സാധനവും. എന്റെ നോട്ടം കണ്ട് അവന്‍ വിശദമാക്കിതന്നു. ഇതാണ് ക്യാമറ അഡ്ജെസ്റ്റ് ചെയ്യുന്ന സാധനം. പുറത്ത് ആരെങ്കിലും വന്നത് കാണാന്‍ ഈ ചെറിയ ടീവിയും. അടുത്ത് തന്നെ ഒരു VCR ഉം കുറേ ക്യാസറ്റുകളും. VCR പഴഞ്ചന്‍ സാധനമാണെങ്കിലും അതവിടെ വച്ചത് ഒരു പുതിയ ആശയത്തിനായിരുന്നു. സീരിയലുകള്‍ റെക്കോര്‍ഡ് ചെയ്യുക. സമയം പോലെ പരസ്യം ഒഴിവാക്കി കാണുക. ഷെയിഖന്മാര്‍ കറ്ണ്ട് ബില്ലിന്റെ എച്ചിക്കണക്ക് നോക്കാറില്ലാത്തതിനാല്‍ ഏസി, ടീവി എന്നിവക്ക് ഒരു ഇടവേളപോലും ലഭിക്കാറില്ല. 

അവിടുത്തെ എന്റെ മൂന്ന് ദിവസത്തെ താമസത്തിനിടയില്‍ അഞ്ചോ ആറോ ഐസുകോഴികള്‍ക്ക് മോക്ഷം കിട്ടി. എന്റെ കൂട്ടുകാരന് പുറമേ കോട്ടക്കല്‍കാരന്‍ ഹസ്സന്‍ കുട്ടിയും, ചാവക്കാട്ടുകാരന്‍ മക്ബൂലുമെല്ലാം ഉഗ്രന്‍ പാചകക്കാരാണ്. സുഭിക്ഷമായ ഭക്ഷണം. പുട്ടും, ചപ്പാത്തിയും, പൊറോട്ടയും, നെയ്ചോറും, ബിരിയാണിയും, വെറും ചോറും മാറിമാറി വന്നു. പക്ഷേ കോഴി മാത്രം മാറി വന്നില്ല. അങ്ങനെ ഒരു കോഴിപീസുമായി മല്ലിടുമ്പോഴാണ് എല്ലാവര്‍ക്കും സന്തോഷവും എനിക്ക് ദുഃഖവും സമ്മാനിച്ച ആ വാര്‍ത്തയെത്തിയത്. അടുത്ത ദിവസം ഷെയിഖ് വരുന്നു. അവരെങ്ങനെ സന്തോഷിക്കാതിരിക്കും, പച്ചീസ് കിട്ടുന്ന കാര്യമല്ലേ..

ഞാന്‍ തിരിച്ചുപോകാനൊരുങ്ങുമ്പോഴായിരുന്നു കൂട്ടുകാരന്റെ അമ്മാവന്‍ കയറി വന്നത്. എന്റെ ഒരുക്കം കണ്ട് അദ്ദേഹം ചോദിച്ചു

'എന്തേ നേരത്തെ പോണ്?'

'ഷെയ്ഖ് വരുന്നത് കൊണ്ട്...'

'അത് സാരല്ല്യ... വെര്ണത് ഏതോ കുട്ടി ഷെയ്ഖാണ്. 14 വയസ്സൊള്ളു ചെക്കന്. ഓനും ഓന്റെ മാനേജറും, കുറച്ച് ചെങ്ങായ്മാരും, പിന്നെ എന്തോ ഒരു പെറ്റും. വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും. ഇയ്യ് വേണെങ്കില്‍ നിന്നോ..'

അത് കേട്ടപ്പോള്‍ കൂട്ടുകാരന്‍ കയ്യില്‍ കയറി പിടിച്ചു പറഞ്ഞു 'രണ്ടൂസം കഴിഞ്ഞ് പോവാം'

അതവന്‍ പറഞ്ഞില്ലേലും നില്‍ക്കുമായിരുന്നെങ്കിലും പറഞ്ഞത്കൊണ്ട് മാത്രം നില്‍ക്കുന്നു എന്ന ഭാവം വരുത്തി അവിടെ നിന്നു.

ഷെയ്ഖ് വരുന്നതും ഷെയ്ഖിനെ സന്തോഷിപ്പിച്ച് കൈ നിറയെ പച്ചീസ് വാങ്ങുന്നതും കിനാവ് കണ്ട് ചിരിച്ചുകൊണ്ട് ഞാനൊഴികെ എല്ലാരും സുഖമായി ഉറങ്ങി.

**************

ഷെയ്ഖ് വന്നപ്പോള്‍ തലേ ദിവസത്തെ ചിരിയും സന്തോഷവും ആരുടെ മുഖത്തും കണ്ടില്ല. അതിന് കാരണമുണ്ട്. ഷെയ്ഖിന്റെ പെറ്റ് പട്ടിയോ പൂച്ചയോ അല്ല. പുലിയാണ്.. സാക്ഷാല്‍ പുലികുട്ടി. പെറ്റിനെ കണ്ട് മൂകമായിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് കൊടുങ്കാറ്റുപോലെ  മറ്റൊരു സന്ദേശവുമായി ഇന്‍ചാര്‍ജ് അമ്മാവന്‍ എത്തി.

'ആ നായിന്റെ മോന്‍ പുലിക്ക് ഇവടെള്ള എല്ലാരേം പരിചയപ്പെടണേലോ'
അമ്മാവന്‍ സന്ദേശം അവതരിപ്പിച്ചത് ഇങ്ങനെയാണ്.

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. ഇന്നലെ പോകാന്‍ നിന്ന ഞാനാ. പണ്ടാരടങ്ങാന്‍ ആ സമയത്തങ്ങ് പോയാല്‍ മതിയായിരുന്നു.

ഒരാട്ടിടയനെപ്പോലെ അമ്മാവന്‍ ഞങ്ങളെ പുലിയുടെ അടുത്തേക്ക് മേച്ചുകൊണ്ടുപോയി. തികച്ചും യാന്ത്രികമായിരുന്നു ആ നടത്തം. ഞങ്ങള്‍ മാനേജര്‍ക്കും പുലിക്കും മുന്നില്‍ നില്‍ക്കുകയാണ്. മാനേജര്‍ക്ക് പുറകില്‍ കസേരകളില്‍ ഷെയ്ഖും കൂട്ടുകാരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്.

 മാനേജര്‍ അറബിയില്‍ ഇന്‍ചാര്‍ജ് അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു. ഇന്‍ചാര്‍ജ് അമ്മാവന്‍ ഞങ്ങള്‍ക്കത് തര്‍ജ്ജമ ചെയ്ത് തന്നു.

സംഭവം എന്താണെന്ന് വച്ചാല്‍ പുലിയുടെ തലയില്‍ തടവി എല്ലാവരും പരിചയപ്പെടുക. അങ്ങനെയെങ്കില്‍ ഇനി അഥവാ പുലി ചങ്ങല പൊട്ടി പുറത്ത് പോയാലും നിങ്ങളെ കാണുംബോള്‍ ഒന്നും ചെയ്യില്ല. അതുകൊണ്ട് നിങ്ങള്‍ പേടിക്കേണ്ടതില്ല.

പൊന്നാര അറബീ... പുലി വേണ്ട... വെറും പൂച്ച പട്ടാപകല് വട്ടം ചാടിയാല്‍ പേടിച്ച് രണ്ട് തുള്ളി മൂത്രം പോകുന്നവരാ ഞമ്മള് മലയാളീസ്. അവനോടാ ഇങ്ങള് പറയ്ണത് പുലിനെ പേടിക്കണ്ടാന്ന്... ഉസ്സാര്‍!!!

 ഫുട്ട്ബോള്‍ കളിക്ക് മുന്‍പ് പ്ലേയേര്‍സിനെ ലൈന്‍ നിര്‍ത്തി വിശിഷ്ടാതിഥിയെകൊണ്ട് പരിചയപ്പെടുത്തുന്നപോലെ ഇവിടെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ്. പുലിയെ കൊണ്ട്. എല്ലാവരും പുലിയുടെ തലയില്‍ തലോടണം. ചെയ്യേണ്ട രീതിയൊക്കെ മാനേജറ് കാണിച്ചുതന്നു.

ഇന്‍ചാര്‍ജ് അമ്മാവന്റേതാണ് ആദ്യത്തെ ഊഴം. പിന്നെ മക്ബൂല്‍, അതുകഴിഞ്ഞ് എന്റെ പ്രിയ സ്നേഹിതന്‍, അത് കഴിഞ്ഞ് ഞാന്‍, അവസാനം ഹസ്സന്‍ കുട്ടി. ശിവമണിയുടെ ഡ്രംസ് വായന കേള്‍ക്കുന്നപോലെ എല്ലാവരുടേയും ഹൃദയത്തിന്റെ പടപടപ്പ് വ്യക്തമായി കേള്‍ക്കാം.  അമ്മാവന്‍ മുന്‍പും പരിചയപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. വേഗം പരിപാടി കഴിച്ചു. കണ്ണടച്ച് പുലിയെ തൊടാനൊരുങ്ങിയ മക്ബൂലിനോട് മാനേജര്‍ അറബിയില്‍ അലറി. ആ അലര്‍ച്ച അമ്മാവന്‍ തര്‍ജ്ജമ ചെയ്ത് കൊടുത്തു.

'പഹയാ... യ്യി കണ്ണും പൂട്ടി അതിന്റെ തൊള്ളേലെങ്ങാനും കയ്യിട്ടാല്‍ അന്റെ വെരലൊക്കെ ആറാംനമ്പറ്* തിന്ന്ണമാതിരി അത് തിന്നും. അതോണ്ട് മരിയാദക്ക് ഉയിഞ്ഞാള അയിന്റെ തലേല്..'

പുലിയെ തൊട്ടപ്പോള്‍ ഷോക്കടിക്കുന്നപോലെ ഞാനും കൂട്ടുകാരനും മക്ബൂലും കൈ വലിച്ചു. അടുത്ത ഊഴം ഹസ്സന്‍ കുട്ടിയുടേതാണ്. ഹസ്സന്‍ കുട്ടിയുടെ  അടുത്തേക്ക് പുലി വന്നതും മൂപ്പര്‍ ഒറ്റ ഓട്ടമാണ്. നേരെ പോയി ബാത്ത്റൂമില്‍ ഒളിച്ചു. ഇത് കണ്ടപ്പോള്‍ ഷെയ്ഖിനും കൂട്ടുകാര്‍ക്കും ആവേശം മൂത്തു. ഹസ്സന്‍ കുട്ടിയെ പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന് അവര്‍. കൊന്നാലും ബാത്ത്റൂമില്‍ നിന്നും ഇറങ്ങില്ല എന്ന് അവന്‍.

അവര്‍ ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി.

'അന്റൊക്കെ ഒരു പെറ്റ്... പൊരക്കാര്‍ക്ക് ഒരു പിടി ബറ്റിനും വേണ്ടിയാ നായ്ക്കളേ ഞാനൊക്കെ അന്റെ കീഴില് പണിക്ക് നിക്ക്ണത്' ഹസ്സന്‍ കുട്ടി ഈ തേങ്ങല്‍ വാതിലിനേല്‍ക്കുന്ന ചവിട്ടിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

വാതില്‍ ചവിട്ടിപൊളിച്ച് അവര്‍ ഹസ്സന്‍ കുട്ടുയേയും തൂക്കി വന്നു. അമ്മാവന്‍ പറഞ്ഞു

'എടാ കുട്ട്യേ... ഓരന്നെ മക്കാറാക്കാണ്... ഇയ്യ് പേടിക്കണ്ട. ഒന്നും ചെയ്യൂല.. ഓര് പറയ്ണത് യ്യ് അങ്ങട്ട് കേട്ടാളാ...'

ഹസ്സന്‍ കുട്ടിയെ മലര്‍ത്തി കിടത്തി പുലിക്കുട്ടിയെ അവന്റെ നെഞ്ചില്‍ അവര്‍ കിടത്തി. ഹസ്സന്‍ കുട്ടി ഉമ്മായെന്ന് അലറി വിളിച്ചു. അവര്‍ പരസ്പരം അറബിയില്‍ എന്തെല്ലാമോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മാവന്‍ അതൊന്നും തര്‍ജ്ജമ ചെയ്തില്ല.

പെട്ടെന്നാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പുലി ഒറ്റ ഓട്ടം വച്ചുകൊടുത്തത്. ഹസ്സന്‍ കുട്ടി എതിര്‍ ദിശയിലേക്കോടി വീണ്ടും മറ്റൊരു ബാത്ത്റൂമില്‍ കയറിയൊളിച്ചു. പെട്ടെന്നവിടെ പരന്ന ദുര്‍ഗന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏകദേശധാരണയിലെത്തി മൂക്ക്പൊത്തി എല്ലാവരും അവിടെനിന്ന് പിന്‍വാങ്ങി.

പിന്നീടിതുവരെ ആ ഷെയ്ഖും പെറ്റും കൊട്ടാരത്തില്‍ വന്നിട്ടില്ല. അതിനെ പറ്റി ചോദിച്ചാല്‍ ഹസ്സന്‍ കുട്ടി പറയും

'ഹല്ല പിന്നെ... ഞമ്മള് മലപ്പൊറത്ത്കാരോടാ ഓന്റെ കളി... ഹാ...'

38 comments:

 1. *ആറാം നമ്പര്‍ - ഒരു കറുമുറു പലഹാരം

  എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കില്‍ അക്ഷരം മറന്നുപോകില്ലേ.. അതാ...

  ReplyDelete
 2. ഹഹ
  പിന്നെ ഷെയ്ഖ് ആ പരിസരത്തേയ്ക്ക് വന്നിട്ടില്ല
  വരൂല്ലല്ലോ!!!

  ReplyDelete
 3. അക്ഷരം മാത്രമല്ല - ഇടക്ക് ഓർമ്മച്ചെപ്പെടുത്ത് പൊടി തുടച്ചുവെച്ചില്ലെങ്കിൽ ആ നാടിനേയും മറന്നുപോവും.....

  അറബികൾ പോറ്റിവളർത്തുന്ന സിംഹത്തെക്കുറിച്ച് മുമ്പൊരാൾ എഴുതിയത് വായിച്ചിട്ടുണ്ട് - ഇപ്പോഴിതാ പുലിയും .....

  ReplyDelete
 4. ഹഹഹ! ഹസ്സന്‍ കുട്ടീടെ "സെല്‍ഫ്‌ പ്രൊട്ടക്ഷന്‍ ബട്ടണ്‍" കറക്റ്റ്‌ സമയത്ത് തന്നെ വര്‍ക്ക്‌ ചെയ്തത് നന്നായി!!!

  ReplyDelete
 5. ഞമ്മള് ബ്ലോഗ്‌ പുലി ആയതു കാരണം പുലി ഞമ്മളെ ഒന്നും ചെയ്യൂല്ല . അതു ഹസ്സന്‍ കുട്ടിക്ക് അറീല്ലല്ലോ .

  ReplyDelete
 6. എന്നാലും ഇത്രേം മണം ഉണ്ടോന്ന് ഒരു സംശ്യം.
  ഹസ്സന്‍കുട്ടി ഇപ്പോള്‍ എങ്ങനെ?

  ReplyDelete
 7. @@
  ഇതൊരുമാതിരി തൂറിയ പോസ്റ്റ്‌ എന്നും പറഞ്ഞു പോകാന്‍ മനസ് വരുന്നില്ല.
  കാരണം തൂറിപ്പോയത് ഹസ്സങ്കുട്ടിയല്ല നീയായിരുന്നു എന്ന് ഞമ്മക്കറിയാം.

  നിന്‍റെ ശൈലി പതിവുപോലെ. കൊള്ളാമെടാ മച്ചൂ.

  **

  ReplyDelete
 8. ഈ ഒരു പോസ്റ്റ് ഇട്ടു. അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തില്ല രണ്ട് ദിവസം. ഒരു കുഞ്ഞു പരീക്ഷണം മാത്രം. പെറ്റ് പുലിയുടെ കഥ വായിക്കാന്‍ ബ്ലോഗ് പുലികള്‍ തന്നെ ഇറങ്ങി. ഡാഷ്ബോര്‍ഡില്‍ വരുന്നതും വായിക്കാന്‍ ആളുണ്ടെന്ന് സന്തോഷത്തോടെ മനസ്സിലാക്കുന്നു. അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. :)

  ReplyDelete
 9. അറബിക്ക് പെറ്റ്.. ഞമ്മക്ക് ബറ്റ്..തിരചിലാന് ഒരു പോസ്റ്റ്‌ ...കലക്കി ഷബീര്‍

  ReplyDelete
 10. ഹ ഹ ഹ ...ചിരിച്ചു തിരിഞ്ഞു ..

  ReplyDelete
 11. ഒടുക്കം രാസായുധം തന്നെ പ്രയോഗിച്ചു :)

  ReplyDelete
 12. ഹാ ഞാനൊക്കെ കരുതിയത് , തിരിച്ചിലാൻ പെണ്ണും കെട്ടി, കുടുബമൊക്കെ ആയപ്പോ ഈ ബ്ലോഗും കൊടചക്ക്രവുമെല്ലാം നിർത്തി വെറും കുടുബ സ്നേഹി മാത്രം ആയോ എന്ന്.......

  എന്തയാലും എഴുത്തൊന്നും മറന്നിട്ടില്ല
  സംഭവം രസായി ട്ടോ

  ReplyDelete
 13. കീരി പാമ്പിനെ വീഴ്ത്തുന്നതും ഇതേ മുറ ഉപയോഗിച്ചാ...
  ചിരി അടക്കിപ്പിടിച്ചാണ് ഒടുക്കം വായിച്ച് അവസാനിപ്പിച്ചത്. ഇമ്മാതിരി പോസ്റ്റ്‌ ഒന്നും ഓഫീസില്‍ ഇരുന്നു വായിക്കാന്‍ കൊള്ളൂല്ല.
  ഉള്ള പണി പോകും പഹയാ......

  ReplyDelete

 14. 'ആ നായിന്റെ മോന്‍ പുലിക്ക് ഇവടെള്ള എല്ലാരേം പരിചയപ്പെടണേലോ'...ആണ്ടിനും ചങ്ക്രാന്തിക്കും ആണ് താന്‍ എഴുതുന്നത് എങ്കിലും ..പാല്‍ പായസം തന്നെയാണ് കോയാ...

  ReplyDelete
 15. ആ നായിന്റെ മോന്‍ പുലിക്ക് ഇവടെള്ള എല്ലാരേം പരിചയപ്പെടണേലോ'...ആണ്ടിനും ചങ്ക്രാന്തിക്കും ആണ് താന്‍ എഴുതുന്നത് എങ്കിലും ..പാല്‍ പായസം തന്നെയാണ് കോയാ...

  ReplyDelete
 16. മലയാളീസിനോടാ ഓന്റെ ഒരു പെറ്റ് കളി..ഷബീറിന്റെ ഹാസ്യാത്മകമായ ആഖ്യാനം പതിവ് പോലെ രസായി.

  ReplyDelete
 17. പുലിയുടെ കളി ഞമ്മളോട്..കള്ള ഹിമാറു..

  രസാവഹമായിരുന്നു മച്ചാ. ഹസ്സന്‍ കുട്ടിയില്‍ ചാരി അങ്ങ് രക്ഷപെട്ടല്ലേ..ഹ്.ങ്ങും നടക്കട്ടെ നടക്കട്ടെ..

  ReplyDelete
 18. ഹാസ്യകഥയാണെങ്കിലും ജീവിത പ്രാരാബ്ദം മൂലം മണലാരണ്യത്തില്‍ വന്ന് അറബികളുടെ വീട്ടില്‍ ജോലി ചെയ്യുന്നവരോട് ഇങ്ങിനെയൊക്കെ അറബികള്‍ പെരുമാറും അറബികള്‍ക്ക് പൊട്ടിച്ചിരിച്ചാല്‍ മതിയല്ലോ .പേടിച്ചു കരയുന്ന പ്രവാസിയുടെ മനസ്സ് ആരറിയാന്‍ .ആശംസകള്‍

  ReplyDelete
 19. ചിരിച്ച് മരിച്ചു. രസികൻ പോസ്റ്റ്.
  സിംഹത്തിനു വീടുണ്ടാക്കിയ വിദ്വാന്മാരെ കുറിച്ചുള്ള പോസ്റ്റ് - സ്പെസിഫിക് ഗ്രാവിറ്റി' ഇതുപോലൊരെണ്ണമാണ്. രണ്ടും രണ്ടു ശൈലി. രണ്ടു തരം ചിരി. പക്ഷേ അന്തർധാര ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പ്രവാസിയുടെ ദുരിതജീവിതം.

  ReplyDelete
 20. ഹഹ തിരിചിലാന്‍ റോക്സ് :) നന്നായി രസിപ്പിച്ചു ശബീര്‍

  ReplyDelete
 21. നിരാശപ്പെടുത്തിയില്ല :) നന്നായി തന്നെ രസിപ്പിച്ചു... ഇങ്ങടെ ബറ്റും ,പെറ്റും ;)

  ReplyDelete
 22. MMT bus... Pazhaya farook college orma.. Ippo ottam nithennaa thonnumne alle?

  ReplyDelete
 23. എലിക്ക്‌ പ്രാണവേദന,പൂച്ചയ്ക്ക് കളിതമാശ.
  രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 24. എന്റമ്മോ പുളു :)  എഴുത്ത് രസായി കേട്ടോ,

  ReplyDelete
 25. എന്നെ കൊണ്ട് ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ വീണ്ടും ലോഗിന്‍ ചെയ്യിപ്പിച്ചു, ഹും ക്ഷമിച്ചു, ഞങ്ങള്‍ പുലികള്‍ പൊതുവേ ക്ഷമാശീലം ഉള്ളവര്‍ ആണല്ലോ?

  ReplyDelete
 26. ഒലക്ക..ക്ലൈമാക്സിൽ കളഞ്ഞു :)

  ReplyDelete
 27. നന്നായിട്ടുണ്ട്..
  ആശംസകള്‍

  ReplyDelete
 28. സംഭവിക്കാം !..ഹ ഹാ ഹാ

  ReplyDelete
 29. ന്നാലും , ഹസ്സന്‍ കുട്ടി തിരിചിലാനേ ...:)

  ReplyDelete
 30. അറബീടെ പെറ്റ് ശരിക്കും ഞെട്ടിച്ചു. അവസാനം മറ്റൊന്നാക്കാമായിരുന്നു എന്ന് തോന്നി. ആദ്യ ഭാഗങ്ങളൊക്കെ അതീവ രസകരം തന്നെയായിരുന്നു. എഴുത്ത് തുടരുക...

  ReplyDelete
 31. ഞമ്മക്ക് ഇഷ്ട്ടായിട്ടോ :)

  ReplyDelete
 32. ഹ.ഹ..ഹ..ഞാൻ കണ്ടില്ലാലോ ഈ രസികൻ പോസ്റ്റ്‌ !
  ഈ അറബിക്കുട്ടികളുടെ ഒരു കളി!!

  ReplyDelete
 33. മപ്പൊറം കാരോട് മുട്ടാൻ പോയാ ഇങ്ങിനിരിക്കും അല്ലേ ഭായ്

  ReplyDelete
 34. ഞമ്മക്ക്‌ പെരുത്ത്‌ ഇഷ്ട്ടായി

  ReplyDelete
 35. എന്റെ കമന്റെവിടെപ്പോയി.


  രസികൻ സംഭവം!!!

  ReplyDelete