Tuesday, January 18, 2011

ബാച്ച്ലര്‍ ലൈഫ്...ഭാഗം II

പല ബാച്ച്ലര്‍ റൂമിലേയും ആഘോഷങ്ങള്‍ മദ്ധ്യസേവക്ക് വേണ്ടി മാത്രമുള്ളതാണ്. പല ആഘോഷങ്ങളും മദ്ധ്യമയമായിരിക്കും. 'മദ്ധ്യം ഹറാമാണ് എന്നത് പലരും മദ്ധ്യം ഹരമാണെന്ന് മാറ്റിക്കഴിഞ്ഞു.' ഒരു ഭാഗത്ത് പാട്ടാണെങ്കില്‍ മറുഭാഗത്ത് അടിയും വാളുവെപ്പും എല്ലാം അരങ്ങേറുന്നുണ്ടാവും. ചിലര്‍ക്ക് രണ്ടെണ്ണം അങ്ങ് ഉള്ളില്‍ ചെന്നാല്‍ ആരോടെങ്കിലും മനസ്സില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വെറുപ്പ് പുറത്തേക്ക് വരാന്‍ തുടങ്ങും. കൂടെയുള്ളവനെ കാത്തുനില്‍ക്കാതെ ഭക്ഷണം കഴിച്ചതോ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സാമ്പാര്‍ തന്നെ വച്ചതോ മറ്റോ ആയിരിക്കും അപ്പോഴത്തെ ഭൂലോക പ്രശ്നം.

ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടിയ പപ്പു എന്ന എന്റെ സഹമുറിയനെ അവന്റെ മാനേജര്‍ ചിലവ് വേണമെന്നാവശ്യപ്പെട്ട് ബാറില്‍ കൊണ്ടുപോയി. അധികം കഴിച്ച് പരിചയമില്ലാത്ത പപ്പു രാത്രി രണ്ട്മണിക്ക് വഴിനീളെ മുള്ളികൊണ്ടാണ് നടന്നുവരുന്നത്. ഇവിടെ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ പോലീസ് പിടിക്കില്ല, മറിച്ച് എഴുതും, ഫൈന്‍ 150 ദിര്‍ഹംസ്. പപ്പുവിന്റെ ഭാഗ്യത്തിന് ആരും കണ്ടില്ല. ഞാനും മറ്റൊരു സഹമുറിയനും പുറത്ത് സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും പപ്പു ഭയങ്കര കരച്ചില്‍.
'ഞാന്‍ നശിച്ചെടാ ഇല്ല്യാസേ... ഞാന്‍ നശിച്ചു'. രണ്ട് ബിയറിന്റെ കുപ്പി ഒരുമിച്ചെടുക്കാന്‍ വയ്യാത്ത ചെക്കനാ... മാനേജറുടെ മുന്നില്‍ മോശക്കാരനാവേണ്ട എന്നുകരുതി അടിച്ചതാണ്. എതായാലും ഞങ്ങള്‍ രണ്ടാളുംകൂടെ അവനെ പൊക്കി ബെര്‍ത്തിന് മുകളില്‍ കൊണ്ടിട്ടു. മുള്ളാനൊന്നും കാണില്ല. അത് ഞങ്ങളെ മുന്നില്‍നിന്നും ഇപ്പൊ സാധിച്ചതല്ലേയുള്ളൂ...

പക്ഷേ രാത്രി പപ്പു പണിപറ്റിച്ചു. ഉഗ്രശേഷിയുള്ള ഒരു വാള്‍ പണിതു. ഉഗ്രശേഷിയെന്ന് പറയാന്‍ കാരണമുണ്ട്, ആ വാളിന്റെ മണമടിച്ച് ആ റൂമിലെ ഒരാളൊഴികെ എല്ലാരും എണീറ്റു. അവന്റെ കട്ടിലിന്റെ താഴെ ബെര്‍ത്തില്‍ കിടക്കുന്നവന്റെ മേലേക്കാണ് വാള് വച്ചത്. ആ ഒരാളാണ് എണീക്കാതിരുന്നത്. വാളിന്റെ ഉഗ്രശേഷി കാരണം ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളി എണീക്കാതിരുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ തലവേദനയെടുത്ത് കട്ടിലില്‍ ഇരിക്കുന്ന പപ്പുവിനോട് മറ്റൊരു സഹമുറിയന്‍ പറഞ്ഞതിങ്ങനെ.
' ഇന്നലത്തെ കട്ടിറങ്ങിയില്ലല്ലേ പപ്പു?.. രണ്ടെണ്ണം കൂടെ അടിച്ചാല്‍ ശരിയായിക്കൊള്ളും'

പരിചയസമ്പത്തുള്ളവരുടെ ഉപദേശം.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം3

2 comments: