Friday, November 4, 2022

ചവിട്ട്

 L.P. സ്കൂളിൽ പഠിക്കുന്ന കാലത്താണ്. തിരുത്തിയാട് കല്യാണത്തിന് പോയതാണ് ചങ്ങായിമാരായ ഹാഷിഫും ഷനുവും. മുന്നിൽ നിർത്തിയിട്ടിരിക്കുന്നു മൊഞ്ചുള്ള ഒരു ഫിയറ്റ് കാർ. കാറുകൾ നാട്ടിൽ വിരളവും ആഡംബരവും ആയിരുന്ന കാലഘട്ടമാണ്.


ഷനു അന്നേ വണ്ടിപ്രാന്തനാണ്. ഓട്ടോമൊബൈൽ മാഗസിനുകൾ അന്നേ അവന്റെ വീട്ടിൽ വരുത്തുന്നുണ്ട്. അവന് ഫിയറ്റിന്റെ ലോഗോ അത്ര പിടിച്ചില്ല. ഒരു കല്ല് വച്ച് മനോഹരമായി ബെൻസിന്റെ ലോഗോ ബോണറ്റിൽ അങ്ങ് വരച്ചു. പോരാതെ 'ഷനു' എന്ന് മനോഹരമായി എഴുതിയും വച്ചു. ഇതുകണ്ട ഹാഷിഫിന് സഹിച്ചില്ല. മെസ്സിയുടെ മുന്നിൽ നെയ്മറിനെ വച്ചപോലെ അവനും എഴുതി 'ഹാഷിഫ്'.


ഇതെല്ലാം കണ്ട് മതിലും ചാരി നിൽക്കുന്ന ആൾ അവരുടെ അടുത്ത് വന്ന് ചോദിച്ചു... കഴിഞ്ഞോ മക്കളേ...? കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ...? അയാൾ  അവരെനോക്കി ചിരിച്ചുകൊണ്ട് വണ്ടിയുമെടുത്ത് അയാളുടെ വഴിക്ക് പോയി... 

Wednesday, March 25, 2020

മുട്ട്


അതിരാവിലെ അമ്പലങ്ങളിൽനിന്നുമുള്ള മണിനാദം കേട്ടാണ് മണിനഗറിലെ ആ പുലർച്ചെ ഞങ്ങൾ ഉണർന്നത്. അഹമ്മദാബാദിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്.  വട്ട്-വ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകാൻ മണിനഗറിൽ നിന്നാണ് സൗകര്യം എന്ന് മനസ്സിലാക്കി അവിടെ ഇറങ്ങുകയായിരുന്നു. ഭഗവാൻ ഭായി ഓട്ടോയിൽ കൊണ്ടുപോയി 1200 രൂപക്ക് ഒരു 3ബെഡ് a/c റൂമും തരപ്പെടുത്തി തന്നു.

രണ്ട് ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് വന്നിരിക്കുകയാണ്. വയറൊക്കെ നന്നായി ഉറച്ചിരിക്കുകയാണ്.  ട്രെയിൻ ടോയ്ലറ്റ് വൃത്തി കാരണം ഇരിക്കാൻ മനസ്സ് വന്നില്ല.  പിന്നെ വീട്ടിൽ നിന്നും തന്നുവിട്ട കണ്ണ് വച്ച പത്തിരിയും ബീഫും നന്നായി ഉറപ്പ് കൂട്ടുകയും ചെയ്തു. ഇനി ഇളക്കം വേണമെങ്കിൽ ഒരു ചായ കിട്ടണം.  ചെറിയ മട്ടത്തിൽ എന്തെങ്കിലും അകത്താക്കുകയും വേണം.

തെരുവിലൂടെ ഇറങ്ങി നടന്നു. മണിനാദങ്ങൾക്കും ശംഖ് നാദങ്ങൾക്കുമിടയിലൂടെ. ആജാനബാഹുക്കളായ പശുക്കൾ മനുഷ്യനെയും വാഹനങ്ങളെയും തെല്ലും വകവെക്കാതെ സ്വൈരവിഹാരം നടത്തുന്നുണ്ട്.

ചായ എല്ലായിടത്തും സുലഭമായി ഉണ്ട്.  കഴിക്കാൻ ഒന്നും ഇല്ല. നമ്മളെ ചുങ്കത്തുള്ള ഗ്രാന്റിൽ ഒക്കെ ആണെങ്കിൽ സുബ്ഹി നിസ്കാരം കഴിഞ്ഞാൽ പഴം പൊരിയും ദോശയും ഒക്കെ റെഡി ആണ്.  റെയിൽവേ സ്റ്റേഷനിലേക്ക് നടന്നാൽ വല്ലതും കിട്ടും എന്ന ആശയം തലയിൽ കത്തി. സ്റ്റേഷന്റെ മതിലിനോട് ചേർന്ന് കിടക്കുന്ന ആ ചേരിക്ക് നടുവിലൂടെ ഞാൻ നടന്നു. മതിലിൽ മുകൾ ഭാഗത്തായി കട്ടകൾ അടർത്തിയ ചെറിയ ഗ്യാപ്പുകൾ കാണുന്നുണ്ട്.  ഒരു ടിവി വെക്കാൻ പാകത്തിലെന്നവണ്ണം. അതിലൂടെ സ്ത്രീകളും പുരുഷന്മാരും അസാമാന്യ മെയ്-വഴക്കത്തോടെ ഒരു കുപ്പിയിൽ വെള്ളവുമായി ചാടി കടന്നുന്നുണ്ട്. ഒരു വീടിന് മുന്നിൽ വലിയ രണ്ട് സ്പീക്കർ കാണുന്നു. അവിടെ കയർ കട്ടിലിൽ ഇരിക്കുന്ന ചെറുപ്പക്കാരായ രണ്ടുപേർക്ക് സ്ത്രീകൾ  ദേഹത്തും മുഖത്തും മഞ്ഞൾ പുരട്ടി കൊടുക്കുന്നുണ്ട്.  വിവാഹമാണെന്ന് ഞാൻ ഊഹിച്ചു. പട്ടികളും കുഞ്ഞുങ്ങളും ഒരുമിച്ച് ഉറങ്ങുന്ന കൂരകളും താണ്ടി ഞാൻ സ്റ്റേഷനിൽ എത്തി.

സ്റ്റേഷനിൽ നിന്ന് ഒരു ബ്രഡ് സാന്റ്വിച്ചും പുറത്ത് നിന്നും എരുമപ്പാലിൽ തിളപ്പിച്ച് കുറുക്കിയ ചായ രണ്ടെണ്ണവും വാങ്ങി അകത്താക്കി വേഗം റൂമിലേക്ക് നടന്നു. സംഗതി ക്ലിയർ. 

അന്നത്തെ അലച്ചിൽ എല്ലാം കഴിഞ്ഞു. ഒരു ദിവസം കൂടെ മണിനഗറിൽ തങ്ങേണ്ടതുണ്ട്. അടുത്ത പ്രഭാതത്തിലും ഞാൻ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.  സാന്റ്വിച്ചും രണ്ട് ചായയും അകത്താക്കി തിരിച്ച് ആ ചേരിയിലൂടെ നടന്നുവരുമ്പോൾ കയ്യിൽ നിറയെ മൈലാഞ്ചി അണിഞ്ഞ ഒരു സുന്ദരി ഒരുകുപ്പി വെള്ളവുമായി മതിലിലെ ആ കട്ടകൾ അടർത്തിയ ഗ്യാപ്പിനടുത്ത് അപ്പുറത്തേക്ക് കടക്കാനാകാതെ നിസ്സഹായയായി നിൽക്കുന്നുണ്ട്.  അവളുടെ മുഖത്ത് നാണവും വിഷമവും എല്ലാം പ്രകടമാണ്.  ഇന്നലെ മഞ്ഞൾ തേച്ച്‌ ഇരുന്നവരിൽ ഒരാളുടെ ദുൽഹൻ ആണ് ഈ നിൽക്കുന്നത്.  അവളുടെ വിഷമം മനസ്സിലാക്കിയ ഒരു സ്ത്രീ ഗുജറാത്തിയിൽ എന്തോ വിളിച്ച് പറഞ്ഞു.  ഉടനെ അവളുടെ മാരൻ ഓടിയെത്തി.  ഒരു സിനിമയിലെന്നപോലെ അവളെ റൊമാന്റിക് ആയി കോരിയെടുത്ത് മതിലിനപ്പുറത്തേക്ക് കടത്തിക്കൊടുത്തു. നാണം കലർന്ന ഒരു ചിരിയുമായി അവൾ നടന്നുനീങ്ങി. നേരത്തെ ഒച്ചയിട്ട ആ സ്ത്രീ വീണ്ടും ഒച്ചയിട്ടപ്പോൾ നമ്മുടെ മാരൻ ഒരു ഇളിഞ്ഞ ചിരിയുമായി തിരിച്ച് നടന്നു.

ഞാൻ മുന്നോട്ട് നീങ്ങി. വയറിനകത്ത് പ്രോസസിംഗ് പെട്ടെന്ന് നടക്കുന്നുണ്ട്. ആരൊക്കെയോ ചേർന്ന് അകത്ത് ബഹളം വെക്കുന്നുണ്ട്.  അടിവയറ്റിൽ അസഹ്യമായ വേദന ഉരുണ്ട് കൂടുന്നു. ഒരു നിമിഷംപോലും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ. ഞാൻ ഓടി.  മുന്നിൽ കണ്ട മതിലിലെ ഗ്യാപ്പിലൂടെ അസാമാന്യ മെയ്-വഴക്കത്തോടെ ഞാൻ ചാടിക്കടന്നു.  റെയിലിന് അടുത്തുള്ള കുറ്റികാട്ടിൽ ഞാൻ ഇരുന്നു.  മുന്നിലൂടെ ഒരു ട്രെയിൻ കടന്നുപോയി.  അതിൽനിന്നും ഒരുപാടുപേർ എന്നെ കാണുന്നുണ്ടാകാം.  പക്ഷെ എനിക്ക് ഒരു നാണവും തോന്നിയില്ല. 

ഞാൻ മുകളിലേക്ക് നോക്കി.  ഒരു വലിയ ഫ്ളക്സ്. അതിൽ നിരച്ച താടിയുള്ള ഒരാൾ എന്നെനോക്കി ചിരിക്കുന്നു. അല്ലയോ അങ്ങുന്നേ...  അങ്ങ് എന്നെ കളിയാക്കുകയാണോ...?

Tuesday, April 21, 2015

അമ്മിഞ്ഞ കമ്പനി

‌‌അന്ന് രാത്രി ഘോരശബ്ദത്തോടെ ശക്തിയായി ഇടിവെട്ടി. മിന്നല്‍ പാതിരാത്രിയെ ഒരുനിമിഷത്തേക്ക് പകലാക്കി മാറ്റി. വര്‍ഷങ്ങളായിരിക്കുന്നു ഇത്രയും ശക്തിയായി ഒരു ഇടി വെട്ടിയിട്ടും മിന്നലെറിഞ്ഞിട്ടും. ഭൂമിക്കുമേല്‍ ശബ്ദമുയര്‍ത്താനും പ്രകാശം ചൊരിയാനും അവരും ഭയന്ന് കാണണം.
 
ശക്തമായ ഇടിവെട്ടില്‍ കുന്നിന്‍ചെരുവിലെ ആ ബലികുടീരം പൊട്ടിത്തെറിച്ചു. ഭണ്ടാരത്തിലെ ചില്ലറത്തുട്ടുകള്‍ പുല്‍ത്തകിടിയിലെ മഞ്ഞുകണങ്ങളില്‍ ചിതറിക്കിടന്നു. 

പൊളിഞ്ഞുവീണ ഇഷ്ടികകളെ വകഞ്ഞുമാറ്റി ആയാസപ്പെട്ട് രക്തസാക്ഷി ആ കുടീരത്തില്‍നിന്നും കയറിവന്നു. ഇരുണ്ട തൊലിയും ഒട്ടിയ വയറും ഞരമ്പോടിയ കൈകളും അല്പം കുനിഞ്ഞ് പോയ മുതുകും. ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും പ്രതീകമാക്കാവുന്ന ഒരു പ്രതിമയെപ്പോലെ തോന്നിക്കുമെങ്കിലും അയാളുടെ കണ്ണുകളില്‍ വിപ്ലവാവേശം തീവ്രമായി ജ്വലിക്കുന്നുണ്ട്.

തന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച മണ്ണും പൊടിയും തട്ടിക്കൊണ്ട് അയാള്‍ കുന്നിന്‍മുകളിലേക്ക് നോക്കി. അവിടെ ആ കാഴ്ച കണ്ട് അയാള്‍ അത്ഭുതത്തോടെ നോക്കിനിന്നു. ചില്ലുകൊട്ടാരം പോലെ പ്രകാശം പരത്തി ഒരു മനോഹരമായ കെട്ടിടം. അയാള്‍ കുന്നിന്‍മുകളിലേക്ക് നടന്നു.

'ആരാ അത്..?' 

ചോദ്യം കേട്ട് രക്തസാക്ഷി തിരിഞ്ഞുനോക്കി. നല്ല വസ്ത്രങ്ങള്‍ ധരിച്ച ഒരാള്‍ അയാളുടെ അടുത്തേക്ക് വന്നു.

'ചോദിച്ചത് കേട്ടില്ലേ... ആരാന്ന്..?'

അതിനുത്തരം കൊടുക്കാതെ രക്തസാക്ഷി വീണ്ടും ചില്ലുകൊട്ടാരത്തിലേക്ക് നോക്കി.

കോലം കണ്ടിട്ട് ഈ നാട്ടുകാരനല്ലെന്ന് തോന്നുന്നു. - അയാള്‍ മനസ്സില്‍ പറഞ്ഞു.

'ഓ.. ഇതെന്താണെന്ന് മനസ്സിലായില്ലേ...? ഇതാണ് അമ്മിഞ്ഞ കമ്പനി. കേട്ടിട്ടില്ലേ..?'

രക്തസാക്ഷി അത് കേട്ടതായി ഭാവിച്ചില്ല.

ബധിരനല്ല.. പക്ഷേ മൂകനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഞാനീ ചോദ്യമൊക്കെ ചോദിച്ചിട്ട് എന്തെങ്കിലും ഒന്ന് പറയണ്ടേ. ആ.. ഒരു കണക്കിന് ഇങ്ങനെയുള്ളവന്മാരെ കിട്ടുന്നതാ നല്ലത്. എത്രവേണേലും സംസാരിക്കാം. വെറുതെ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കില്ലല്ലോ.

അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

'ഇതാണ് അമ്മിഞ്ഞ കമ്പനി. ഞാനിവിടെയാ ജോലി ചെയ്യുന്നത്. എനിക്കിവിടെ താക്കോല്‍ സ്ഥാനമാണ്. എന്റെ കഷ്ടകാലത്തിന് ഇവിടെ ഒരുപാട് താക്കോല്‍ സ്ഥാനക്കാര്‍ ഉണ്ടുതാനും. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. ഞാന്‍ രാവിലെ നാലുമണിക്ക് എഴുനേറ്റ് എന്റെ ജോലികള്‍ തുടങ്ങും.' 

അയാള്‍ അല്പം നിര്‍ത്തിയിട്ട്

'എന്നും നാല് മണിക്ക് എഴുനേല്‍ക്കുമോ...? ചില ദിവസങ്ങളിലൊക്കെ ഉറങ്ങിപ്പോകില്ലേ എന്നൊരു സംശയം തനിക്കുണ്ടോ..?'

രക്തസാക്ഷി ജോലിക്കാരനെ ഒന്ന് നോക്കുകമാത്രം ചെയ്തു.

'ഉണ്ടെങ്കില്‍ അത് വേണ്ട. ഞാന്‍ ഒരു മനുഷ്യനാണെങ്കിലും എന്റെ ജീവിത ശൈലികള്‍ എന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പുകളാണ് തീരുമാനിക്കുന്നത്.'

അയാള്‍ തന്റെ കയ്യിലെ തൊലിക്കടിയിലായി ഘടിപ്പിച്ചിട്ടുള്ള ചിപ്പിന്റെ ആകൃതി തൊലി വലിച്ചുപിടിച്ച് രക്തസാക്ഷിക്ക് കാണിച്ചുകൊടുത്തു.
രക്തസാക്ഷി നിര്‍വികാരനായി അത് നോക്കി.

'ഭാഗ്യത്തിന് എന്റെ ചിന്തകളേയും വികാരങ്ങളേയും ഈ ചിപ്പുകള്‍ക്ക് നിയന്ത്രിക്കാനാവില്ല.

അയാള്‍ ആശ്വാസത്തോടെ ഒരു ശ്വാസം വിട്ടു.

'പറഞ്ഞപോലെ ഞാനെന്റെ കമ്പനിയെ പരിചയപ്പെടുത്തിയില്ലല്ലോ. അല്ലേലും പരിചയപ്പെടുത്തേണ്ടകാര്യമെന്തിരിക്കുന്നു. അമ്മിഞ്ഞ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ ഈ ലോകത്ത് അറിയാന്‍ മേലാത്തത്..? അത്രക്കും വലിയ ബ്രാന്‍ഡായിപ്പോയില്ലേ.. ആദ്യമായി മുലപ്പാല്‍ വിപണിയില്‍ ഇറക്കുംബോള്‍ ആരെങ്കിലും കരുതിയിരുന്നോ ഈ കമ്പനി ഇത്രയും വലിയ ഒരു പ്രസ്ഥാനമാകുമെന്ന്!! മനുഷ്യവിഭവങ്ങള്‍കൊണ്ട് ഇന്ന് അമ്മിഞ്ഞ എന്തൊക്കെ ഉല്പന്നങ്ങളാ പുറത്തിറക്കുന്നത്..'

'ഇത്തരത്തിലുള്ള ഒരു കമ്പനി ഈ കൊച്ചു കേരളത്തില്‍ എങ്ങനെ പിറവിയെടുത്തു എന്ന് താന്‍ സംശയിക്കുന്നുണ്ടാവാം. പക്ഷേ നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം കേരളത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം ഇല്ല എന്നതാണ് വാസ്തവം.'

രക്തസാക്ഷി ആദ്യം പുച്ഛഭാവത്തില്‍ ഒന്ന് ചിരിച്ചു, എന്നിട്ട് ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'മനുഷ്യനെ ഇത്രയും ചൂഷണം ചെയ്യുന്ന ഒരു കമ്പനി കേരളത്തില്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആരും ഉണ്ടായില്ലേ എന്ന നിങ്ങളുടെ സംശയം ന്യായം. എത്രയോപേര്‍ എതിര്‍ത്തു, സംഘടിച്ചു, വലിയ ചര്‍ച്ചകള്‍ നടത്തി, വിമര്‍ശിച്ചു. എല്ലാം സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ മാത്രം. ബാന്‍ അമ്മിഞ്ഞ കമ്പനി എന്നപേരില്‍ പലരും പോസ്റ്ററുണ്ടാക്കി പ്രൊഫൈല്‍ ഫോട്ടോയക്കി. പലരും അതിനെ അനുകൂലിച്ച് സംസാരിച്ചു. "ചൂഷണം എന്ന വീക്ഷണത്തോടെയല്ലാതെ പ്രസവത്തില്‍ അമ്മമാര്‍ മരിച്ചുപോകുന്ന സാഹചര്യത്തില്‍ പാവം കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാന്‍ ഈ കമ്പനി ഒരു സഹായമാകില്ലേ" എന്നൊക്കെ. ആ വാദത്തില്‍ കടിച്ചുതൂങ്ങി പലരും ഈ കമ്പനി വേണമെന്ന് വാശി പിടിച്ചു.'

രക്തസാക്ഷി വീണ്ടും ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'അപ്പോള്‍ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നല്ലേ?'

'ഹ..ഹ..ഹ.. വാഴക്കുല വെട്ടുന്ന ലാഘവത്തോടെ വിപ്ലവ പാര്‍ട്ടിയും ഫാഷിസ്റ്റ് പാര്‍ട്ടിയും പരസ്പരം തലകള്‍ വെട്ടി. അണികള്‍ ചത്തൊടുങ്ങി. ആദര്‍ശവും മൂല്യങ്ങളും കാറ്റില്‍ പറത്തിയ നേതാക്കള്‍ മാളങ്ങളിലൊളിച്ചു. മാളങ്ങളില്‍ സുഖവാസത്തിലാണവര്‍.'

'മതേതര പാര്‍ട്ടിയുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം. പരസ്പരം മത്സരമായിരുന്നു, ആരാണ് കേമന്‍ എന്ന് തെളിയിക്കാന്‍. ചേരിപ്പോരും തമ്മില്‍ തല്ലും പതിവാക്കിയവര്‍ക്ക് ഉള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനല്ലാതെ ഭരിക്കാനെവിടെ സമയം..? സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചിന്നവീട് ഒരുക്കുക എന്നത് മാത്രമായിരുന്നു ഒരു പോംവഴി. അങ്ങനെ അമ്മിഞ്ഞ കമ്പനി ഇവിടെ യാതാര്‍ഥ്യമായി. മലയാളികളൊന്നുമല്ല ഇതിന്റെ പിന്നില്‍.'

ജോലിക്കാരന്‍ നടന്നുകൊണ്ടേയിരുന്നു, രക്തസാക്ഷി പിന്നാലെയും.

ചില്ലുകൊട്ടാരം പല ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ജോലിക്കാരന്‍ അതിലൊരു ബ്ലോക്കിന്റെ വാതില്‍ തുറന്നു. ആ ബ്ലോക്കിന്റെ അകം മൂന്ന് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും അകത്ത് കയറി. ആദ്യത്തെ ബ്ലോക്കില്‍ കുറേ സ്ത്രീകള്‍ കിടക്കുകയും ഇരിക്കുകയും നടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അയാളെ കണ്ടപ്പോള്‍ കുറേ സ്ത്രീകള്‍ ഓടിവന്ന് അയാളെ മുട്ടിയുരുമ്മി നിന്നു. അയാള്‍ അവരുടെ പുറവും മുടിയും തലോടി. സ്ത്രീകള്‍ അയാളെ മുട്ടിയുരുമ്മി നില്‍ക്കാന്‍ വെമ്പല്‍കൂട്ടി.

'അതൊക്കെ പോട്ടെ... ഈ കാണുന്ന കൊച്ചു ഗ്രൂപ്പിനെ പരിപാലിക്കുക എന്നതാണ് എന്റെ ജോലി. പാല്‍ ചുരത്തുന്നവയെ വേറെതന്നെ 
പരിപാലിക്കുന്നു. ദാ ഇവരെല്ലാം അതാണ്, കറവപ്പെണ്ണുങ്ങള്‍.'

ആ കാഴ്ച കണ്ട് രക്തസാക്ഷിയുടെ മുതുക് ഒന്നുകൂടെ കുനിഞ്ഞു.

അടുത്ത ബ്ലോക്ക് ചൂണ്ടി അയാള്‍ പറഞ്ഞു.

'ആ ബ്ലോക്കില്‍ ഗര്‍ഭിണികളാണ്. ഈ രണ്ട് കൂട്ടരേയും പ്രത്യേകം പരിപാലിക്കണം. അവരാണല്ലോ ഈ കമ്പനിയുടെ വരുമാന സ്രോതസ്സ്.'

'അടുത്ത ബ്ലോക്കില്‍ ഗര്‍ഭമെടുക്കാന്‍ തയ്യാറെടുക്കുന്നവരാണ്. എന്റെ കമ്പനി മനുഷ്യത്വം തീരെ കാണിക്കാത്ത കമ്പനിയാണെന്ന് പറയരുത്. ഈ ഗര്‍ഭ തയ്യാറെടുപ്പ് ബ്ലോക്കില്‍ അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഗര്‍ഭമെടുക്കാനുള്ള വഴി അവര്‍ക്ക് തിരഞ്ഞെടുക്കാം. പ്രകൃതിദത്തമായ ലൈഗിക ബന്ധമാണ് പലരും തിരഞ്ഞെടുക്കുന്നതും കമ്പനി ശുപാര്‍ശ ചെയ്യുന്നതും. എന്നാല്‍ ചിലര്‍ കുത്തിവെപ്പാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം കമ്പനി അനുവദിക്കുന്നുണ്ട്.'

രക്തസാക്ഷി വീണ്ടും പുച്ഛത്തോടെ ചിരിച്ചു.

'തനിക്കറിയോ..? വിത്തുകാളകളെപ്പോലെ വിത്തുമനുഷ്യരും ഉണ്ടിവിടെ. ധാതുപോഷക വിഭവങ്ങളെല്ലാം വേണ്ടുവോളം നല്‍കി കമ്പനി അവരെ ഇവിടെ പരിപാലിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, പലരും ഈ ജോലിയില്‍ അധികകാലം തുടരാറില്ല. അവര്‍ക്ക് ക്ഷാമം നേരിടുന്ന സമയത്ത് ചിലപ്പോള്‍ അവരുടെ ജോലികൂടെ ഞാന്‍ ചെയ്യേണ്ടതായി വരാറുണ്ട്.'

അയാള്‍ ഒരു കള്ളച്ചിരി ചിരിച്ചു.

'ജോലി അത്ര ബുദ്ദിമുട്ടുള്ളതൊന്നും അല്ലന്നേ... രാവിലെ തന്നെ കറവപെണ്ണുങ്ങളുടെ മുലകള്‍ കഴുകി പാല്‍ കറക്കുന്ന മെഷീന്‍ അതില്‍ ഫിറ്റ് ചെയ്യണം. മെഷീനിന്റെ മോഡ് മാറ്റാന്‍ ശ്രദ്ധിക്കണം. പ്രസവം കഴിഞ്ഞ് ആദ്യത്തെ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം രണ്ട് വര്‍ഷം എന്നിങ്ങനെ പല രീതിയില്‍ പാലിനെ തരംതിരിച്ചാണ് വിപണിയില്‍ ഇറക്കുന്നത്. അതുപോലെതന്നെ ഹിന്ദുക്കള്‍ക്കുവെണ്ടി, മുസ്ലീമിനുവേണ്ടി, ക്രിസ്റ്റ്യാനിക്കുവേണ്ടി, എന്നിങ്ങനെ പാലിനെ പലനിറത്തിലുള്ള ബോട്ടിലുകളിലായി തരം തിരിക്കുന്നുമുണ്ട്. അതെങ്ങനെയെന്ന് ഇപ്പഴും എനിക്ക് ഒരു പിടിയും ഇല്ല. കറവ മെഷീനില്‍ ആ ഓപ്ഷന്‍ ഇല്ല താനും. ഈ പെണ്ണുങ്ങളെല്ലാം ഹിന്ദുവാണോ, മുസ്ലീമാണോ, കൃസ്ത്യാനിയാണോ എന്നൊക്കെ തിരിച്ചറിയാന്‍ ആണുങ്ങള്‍ക്ക് ഉള്ളതുപോലെ എന്തേലും അടയാളം ഉണ്ടോ ആവോ...? ആ... ആര്‍ക്കറിയാം.'


'... അത് കഴിഞ്ഞാല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കണം. പിന്നെ അവരെ  മേയാന്‍ വിടണം. ബ്ലോക്ക് വൃത്തിയാക്കണം. ഇവിടുത്തെ പണി കഴിഞ്ഞാല്‍ ഗര്‍ഭിണികളുടെ ബ്ലോക്കിലേക്ക് പോണം. അവിടെ അവര്‍ക്ക് ഭക്ഷണം കൊടുക്കണം, സംഗീതം കേള്‍പ്പിക്കണം, മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അവര്‍ക്ക് ചെയ്ത് കൊടുക്കണം, ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കണം. ഇതൊന്നും അവരോടുള്ള സ്നേഹം കൊണ്ടല്ല കെട്ടോ. അവര്‍ പ്രസവിക്കേണ്ടതും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം കൊടുക്കേണ്ടതും മുലപ്പാല്‍ ചുരത്തേണ്ടതും കമ്പനിയുടെ ആവശ്യമാണ്. പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ കമ്പനിയില്‍തന്നെ വളര്‍ത്തും. ആണ്‍കുഞ്ഞുങ്ങളാണെങ്കില്‍ എന്തുചെയ്യുമെന്ന് ഞാന്‍ പിന്നെ പറഞ്ഞുതരാം.. രഹസ്യാണ്. അവരേയും മേയാന്‍ വിട്ട് ബ്ലൊക്ക് വൃത്തിയാക്കണം.'

'അതുകഴിഞ്ഞാല്‍ അടുത്തത് ഗര്‍ഭത്തിന് തയ്യാറെടുക്കുന്നവരുടെ ബ്ലോക്കാണ്. അവിടെ ഭക്ഷണം കൊടുക്കണം. ഇപ്പോള്‍ അവിടെ പതിനൊന്നുപേരുണ്ട്. അവരെ എത്രയും പെട്ടെന്ന് ഗര്‍ഭിണികളാക്കല്‍ എന്റെ ഉത്തരവാദിത്വമാണ്. എനിക്ക് മുകളില്‍നിന്നും പ്രഷര്‍ ഉള്ള ഒരേ ഒരു കാര്യം ഇതാണ്. ഭക്ഷണം നല്‍കി വിത്ത്പുരുഷന്മാരെ വിളിച്ചുവരുത്തി അവരോടൊപ്പം ഈ പെണ്ണുങ്ങളെ മേയാന്‍ വിടണം. ഈ പതിനൊന്ന് പെണ്ണുങ്ങള്‍ക്ക് മിനിമം അഞ്ചാളെയെങ്കിലും കിട്ടണം. ടൈറ്റ് കാരണം രണ്ട് പേരെയൊക്കെയേ ആ വിംഗ് അനുവദിക്കുന്നുള്ളൂ. ഈ രണ്ടെണ്ണത്തിനേയും വച്ചുകൊണ്ട് പതിനൊന്നെണ്ണത്തിനേയും ഗര്‍ഭിണികളാക്കാന്‍ പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാ. ഇനിയും ആയില്ലേന്ന് ചോദിച്ച് വിളിച്ചാല്‍ ഞാന്‍ എല്ലാറ്റിനേയും പിടിച്ചങ്ങ് കുത്തിവെപ്പ് നടത്തിക്കളയും. ഹല്ല.. പിന്നെ...'

അതുപറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു.

രക്തസാക്ഷിയുടെ മുതുക് ഇനിയൊരിക്കലും നിവര്‍ത്താനാകില്ല എന്ന്‍തോന്നിക്കും വിധം കുനിഞ്ഞുപോയിരിക്കുന്നു. 

'എന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ളതുപോലുള്ള ചിപ്പുകള്‍ എല്ലാവരുടെ മേലും ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മേയാന്‍ വിട്ടാലും പിന്നാലെ ആട്ടിടയനെപ്പോലെ വെയിലും കൊണ്ട് നടക്കേണ്ടതില്ല. ഇത്രയും ആള്‍ക്കാരെ ഈ കമ്പനിയിലേക്ക് എവിടുന്ന് കിട്ടുന്നു എന്ന ഒരു സംശയം സ്വാഭാവികമായും തനിക്കുണ്ടായേക്കാം. ഒരു സംശയവും വേണ്ട... കോര്‍പ്പറേറ്റുകളും അധികാര വര്‍ഗ്ഗവും ചേര്‍ന്ന് നടത്തുന്ന സ്പോണ്‍സേര്‍ഡ് കലാപത്തില്‍നിന്നും.  കലാപ ബാധിത പ്രദേശങ്ങളില്‍നിന്നും പാലായനം ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് ഇവിടെ കൊണ്ടുവരും. പ്രകൃതി ദുരന്തങ്ങളില്‍ കാണാതാകുന്നവരില്‍ പലരും ഇവിടെ എത്തും. അവരെയൊക്കെ പൊക്കാന്‍ പ്രത്യേക വിംഗ് തന്നെ കമ്പനിക്കുണ്ട്. എങ്ങനെയെങ്കിലും കമ്പനി ആളെ ഇവിടെ എത്തിക്കും.'

'ഇവിടെ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കമ്പനി എന്താണ് ചെയ്യുക എന്നറിയണ്ടേ... ആരോടും പറയരുത്. കുറച്ച് വലുതാകുന്നത് വരെ കമ്പനി അവരെ വളര്‍ത്തും. പിന്നീട് ഒരു ഏജന്‍സി അവരെ ഏറ്റെടുക്കും. അവര്‍ മറിച്ച് വില്‍ക്കുന്നു എന്നാണ് കേട്ടത്. തീവ്രവാദ സംഘത്തിലേക്കും ആഭ്യന്തര യുദ്ദം നടക്കുന്ന രാജ്യങ്ങളിലേക്കുമെല്ലാം അവരെ കയറ്റിവിടുന്നുണ്ട്. ഒന്നിനും കൊള്ളാത്തവന്മാരെ രാഷ്ട്രീയപാര്‍ട്ടികളും മത സംഖടനകളും ചുളു വിലക്ക് വാങ്ങും പോലും. അണികളായിട്ട്. - അയാള്‍ തന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് കാണിച്ചുകൊടുത്ത് - ദാ എന്റെ മേല്‍ ഘടിപ്പിച്ചപോലുള്ള ഒരെണ്ണം പിടിപ്പിച്ചാല്‍ അവര് പിന്നെ പാര്‍ട്ടിയോ നേതാക്കളോ പറയുന്നതിനപ്പുറം നില്‍ക്കില്ലല്ലോ.'

ആ കാഴ്ചകള്‍ കണ്ട് രക്തസാക്ഷിയുടെ രക്തം തിളച്ചു, ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കണ്ണുകളില്‍ വിപ്ലവാവേശം പടര്‍ന്നു. സര്‍വ്വ ശക്തിയും സംഭരിച്ച് അയാള്‍നിവര്‍ന്ന്‍നിന്നു. അയാള്‍ മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി. അയാളുടെ കൈകളിലെ ഞരമ്പുകള്‍ ഉയര്‍ന്ന് തൊലിക്ക് പുറത്തുചാടാന്‍ വെമ്പി നിന്നു. അയാളുടെ ശബ്ദമുയര്‍ന്നു.

"ഇന്‍ക്വിലാബ്... സിന്ദാബാദ്"

ജോലിക്കാരന്‍ നടുങ്ങി. ചില്ലുകൊട്ടാരം നിറയെ അലാറം മുഴങ്ങി. ബ്ലോക്കുകളില്‍ കിടക്കുന്ന കറവപ്പെണ്ണുങ്ങള്‍ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടി. കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളം വച്ചു. വിത്തുപുരുഷന്മാരുടെ ഉദ്ദരിച്ച ലിംഗങ്ങള്‍ താഴ്ന്നുപോയി.

ഉടനെ പല നിറത്തിലുള്ള കൊടികള്‍ അവിടേക്കോടിയെത്തി. അവയില്‍ ഒരെണ്ണം ശബ്ദിക്കാനാകാത്ത വിധം രക്തസാക്ഷിയുടെ വായ മൂടിക്കെട്ടി. ഒരെണ്ണം അയാളുടെ കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടി. മറ്റൊരു കൊടി അയാളുടെ കാലുകള്‍ കെട്ടി. അറക്കാന്‍ പോകുന്ന പോത്തിനെപ്പോലെ അയാള്‍ നിലത്ത് വീണ് മുക്രിയിട്ടു. കോര്‍പ്പറേറ്റിന്റെ ചുരിക വായുവില്‍ ഉയര്‍ന്നു. എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു. ആ ചുരിക രക്തസാക്ഷിയുടെ തൊണ്ടക്കുഴിയില്‍ തുളഞ്ഞുകയറി. അയാള്‍ ഒന്ന് പിടഞ്ഞു...

കൊടി പിടിച്ചവര്‍ എല്ലാവരുംകൂടി രക്തസാക്ഷിയെ പൊക്കിയെടുത്തു. അവര്‍ ആ രക്തസാക്ഷിയെ വീണ്ടും ബലികുടീരത്തില്‍ അടക്കം ചെയ്തു. അതിന് മുന്നില്‍ പുതിയ ഭണ്ടാരപ്പെട്ടി വച്ചു. എവിടെനിന്നോ പാട്ട് ഒഴുകിയെത്തി.

'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ...'

Monday, March 17, 2014

അറബിക്ക് പെറ്റ്.. ഞമ്മക്ക് ബറ്റ്

2005 ലാണ് കൂട്ടുകാരില്‍ ഒരാള്‍ക്ക് ആദ്യമായി ഗള്‍ഫിലേക്ക് പോകാന്‍ ചാന്‍സ് വന്നത്. അതും അറബ് ലോകത്തിന്റെ മുത്തായ ദുബായിലേക്ക്. ആ മുത്തിന്റെ ഭരണകുടുംബത്തില്‍ പെട്ട ഒരു ഷെയ്ഖിന്റെ കൊട്ടാരത്തിലേക്ക്. ഷെയ്ഖിന്റെ കൊട്ടാരത്തിന്റെ ഇന്‍ചാര്‍ജ് ആയ അവന്റെ അമ്മാവന്‍ വഴി ആ ഭാഗ്യം അവനെതേടിയെത്തി. ആ കൊട്ടാരത്തിന്റെ സെക്യൂരിറ്റിയായി അവന് വിസ വന്നു. സെക്യൂരിറ്റിക്കുവേണ്ട ശാരീരിക മികവിനായി അവന്‍ അന്നുതന്നെ ജിമ്മ് സുലൈമാന്റെ ശിഷ്യനായി. ന്യൂ അഡ്മിഷന്‍ പിള്ളേരോട് സ്ഥിരമായി അടിക്കാറുള്ള 'നാച്വറല്‍ ബോഡിയാ.. കളിച്ചാല്‍ നന്നാവും' എന്ന സുലൈമാന്റെ ഡയലോഗ് കേട്ട് അവനും കോള്‍മയിര്‍കൊണ്ടു. പിള്ളേര് കളിക്കും ജിംനേഷ്യത്തിന്റെ ഓണറായ സുലൈമാന്‍ നന്നാവുകയും ചെയ്യും.

ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഒരുപാടുകൂട്ടം ഡ്രെസ്സ് എടുത്തു. കല്ല്യാണത്തിനും ഗള്‍ഫില്‍പോക്കിനുമാണല്ലോ ഒരാള്‍ രണ്ടില്‍ കൂടുതല്‍ കൂട്ടം ഡ്രസ്സ് എടുക്കുന്നത്. ഞങ്ങള്‍ അസൂയയോടെ അവനെ നോക്കി. അങ്ങനെ അവന്‍ ദുബായിലേക്ക് പറന്നു. അവിടെ എത്തി പതിനാലാമത്തെ ദിവസം അവന്‍ എന്നെ വിളിച്ചു.

'എടാ ഷെയ്ക്ക് വന്നപ്പോ 2000 ദിര്‍ഹംസ് പച്ചീസ് തന്ന്... ഞാനെന്താ ചെയ്യാ?'

'പച്ചീസോ... അതെന്ത് സാധനം?' ഞാന്‍ സംശയം മറച്ചുവച്ചില്ല

'ടിപ്പെടാ...ടിപ്പ്... ടിപ്പിന് ഇവടെ പച്ചീസ് എന്നാ പറയ' (നാടോടി കാറ്റിലെ പ്രശസ്ത ഡയലോഗിനെ 'CID എസ്റ്റീം' എന്നാക്കിയവന്‍ ബക്ഷിഷിനെ പച്ചീസ് ആക്കിയതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല)

'എടാ ഭാഗ്യവാനേ...' എന്ന് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ അതിനുത്തരമെന്നോണം ഒന്ന് ചിരിച്ചു.

'ഞാന്‍ ഫ്രിഡ്ജില്‍ന്നും രണ്ടാപിളെട്ത്തിട്ട് ഇന്റെ റൂമിലേക്ക് പോവാണ്, ഒന്ന് ചോപ്പും ഒന്ന് പച്ചേം'

'പച്ച ആപ്പിളോ..?' വീണ്ടും എന്റെ സംശയം.

'എന്തൊക്കെ കാണാന്‍ കെടക്ക്ണ് മോനേ ദുബായില്‍. ഇന്റെ മുന്നില് രണ്ട് ടീവിണ്ട്. ഒന്നില് സിനിമൊക്കെ കാണാം, മറ്റേതില് പുറത്ത്ന്ന് വണ്ടി വെര്ണതൊക്കെ കാണാം. ആരെങ്കിലും വന്നാല് ഒരു സുച്ചിട്ടാല്‍ ഗെയിറ്റങ്ങട്ട് തൊറക്കും'

എന്റെ മനസ്സില്‍ പഴയ ഹിന്ദി സിനിമകളിലെ അമ്രിഷ് പൂരിയുടെ താവളങ്ങള്‍ കയറി വന്നു. കറുത്ത കോട്ടും സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ച എന്റെ കൂട്ടുകാരനേയും. അവനോട് ഞാനറിയാതെതന്നെ ഒരാരാധന തൊന്നിതുടങ്ങിയിരുന്നു.

'എന്നാ ഞാന്‍ പിന്നെ വിളിക്കാം' എന്നും പറഞ്ഞ് അവന്‍ ഫോണ്‍ കട്ടാക്കിയിട്ടും എന്റെ മനസ്സിലെ അമ്രിഷ് പൂരി എഫക്റ്റ് കെട്ടടങ്ങിയില്ലായിരുന്നു.

**************

2007ല്‍ ഞാനും ദുബായില്‍ പറന്നിറങ്ങി. റോഡും കെട്ടിടങ്ങളും വാഹനങ്ങളും ഏവരേയുംപോലെ എന്നേയും അത്ഭുതപ്പെടുത്തി. ആരുമില്ലാത്ത നാട്ടില്‍ ആകെയുള്ള കൂട്ടുകാരനെ കാണാന്‍ കൊതിയായി. അവനും എന്നെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ഞാന്‍ പുതിയ സിമ്മെടുത്ത് അവനെ വിളിച്ചപ്പോള്‍ 11A എന്ന ബസ്സ് ഗോള്‍ഡ് സൂക്ക് ബസ് സ്റ്റേഷനില്‍നിന്നും കയറി അല്‍ അവീര്‍ - ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങാന്‍ പറഞ്ഞു. ഭാഗ്യത്തിന് മലയാളിയായ ഡ്രൈവര്‍ ഉള്ള ബസ്സും കിട്ടി. ദുബായിലെ ഗ്രാമം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണിത്. ഈത്തപ്പഴ തോട്ടങ്ങളും റോഡ് സൈഡില്‍ വണ്ടിയില്‍ സാധനങ്ങള്‍ വച്ചുള്ള കച്ചവടങ്ങളുമെല്ലാം കാണാം.

ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങി കൂട്ടുകാരനെ വിളിച്ചപ്പോള്‍ ഇടത്തോട്ടുള്ള റോഡിലൂടെ നടന്നുവരാന്‍ പറഞ്ഞു. അല്‍പം നടന്നപ്പോള്‍ ദൂരെ അതാ നില്‍ക്കുന്നു എന്റെ മുന്നില്‍ ഒരു സൈക്കിളില്‍, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കറുത്ത കോട്ടും കറുത്ത ഷൂവും കറുത്ത കൂളിം ഗ്ലാസും പ്രതീക്ഷിച്ച ഞാന്‍ കാണുന്നത് നരച്ച് തൊപ്പ പൊന്താന്‍ ഇനി ഇടമില്ലാത്ത ഒരു ടീ-ഷര്‍ട്ടും, ഉമ്മ അടുക്കള തുടക്കാന്‍ ഉപയോഗിക്കുന്ന കൈക്കലക്കൂട്ട്  പോലത്തെ ഒരു കള്ളിത്തുണിയും ഉടുത്ത് സൈക്കിളിന്മേല്‍ ഇരിക്കുന്ന ദാരിദ്ര്യം പിടിച്ച ഒരു സെക്യൂരിറ്റിക്കാരന്‍.

 'ദെന്താണ്ടാദ്ദ്? എന്താ അന്റെ ഒരു കോലം?' കണ്ടമാത്രയില്‍തന്നെ ഞാന്‍ ചോദിച്ചു

'അതൊന്നും നോക്കണ്ട. ഇവടെ ആണ്ടിനും ചങ്കരാന്ദിക്കും ഒക്കാണ് ആരെങ്കിലും വെര്ണത്. അത് വെരെ ഞമ്മള് വെറും നാടന്‍...'

'എന്നാലും ഇതൊര് ഒലക്കമ്മലെ നാടനായിപ്പോയി'

'ഇവടന്ന് സീരിയലും കണ്ട് തിന്ന് തിന്ന് തടി വെല്ലാണ്ട് കൂടി. അതോണ്ട് നാട്ടില്‍ന്ന് കൊണ്ടന്ന ഡ്രെസ്സൊന്നും കൊള്ള്ണ്-ല്ല്യ. ഷെയ്ക്ക് വെരുംബൊ യൂനിഫോമ് ഇടും. ഈ ഗുദാമില് ആര് കാണാനാ... അതോണ്ട് ഇങ്ങ്നൊക്കെ അങ്ങട്ട് നടക്കും.'

അവന്റെ റൂമില്‍ കയറിയപ്പോള്‍ പറഞ്ഞപോലെ തന്നെ രണ്ട് ടീവികളുണ്ട്. പക്ഷേ അതില്‍ ഒന്ന് എലിപെട്ടി പോലിരിക്കുന്നു. അതിനടുത്ത് തന്നെ മറ്റൊരു കുഞ്ഞുപെട്ടിയും മുകളില്‍ പഴയ MMT ബസ്സിന്റെ ഗിയര്‍ ലിവറിന്റെ മുകളില്‍ കാണുന്ന മകിഡിപോലുള്ളൊരു സാധനവും. എന്റെ നോട്ടം കണ്ട് അവന്‍ വിശദമാക്കിതന്നു. ഇതാണ് ക്യാമറ അഡ്ജെസ്റ്റ് ചെയ്യുന്ന സാധനം. പുറത്ത് ആരെങ്കിലും വന്നത് കാണാന്‍ ഈ ചെറിയ ടീവിയും. അടുത്ത് തന്നെ ഒരു VCR ഉം കുറേ ക്യാസറ്റുകളും. VCR പഴഞ്ചന്‍ സാധനമാണെങ്കിലും അതവിടെ വച്ചത് ഒരു പുതിയ ആശയത്തിനായിരുന്നു. സീരിയലുകള്‍ റെക്കോര്‍ഡ് ചെയ്യുക. സമയം പോലെ പരസ്യം ഒഴിവാക്കി കാണുക. ഷെയിഖന്മാര്‍ കറ്ണ്ട് ബില്ലിന്റെ എച്ചിക്കണക്ക് നോക്കാറില്ലാത്തതിനാല്‍ ഏസി, ടീവി എന്നിവക്ക് ഒരു ഇടവേളപോലും ലഭിക്കാറില്ല. 

അവിടുത്തെ എന്റെ മൂന്ന് ദിവസത്തെ താമസത്തിനിടയില്‍ അഞ്ചോ ആറോ ഐസുകോഴികള്‍ക്ക് മോക്ഷം കിട്ടി. എന്റെ കൂട്ടുകാരന് പുറമേ കോട്ടക്കല്‍കാരന്‍ ഹസ്സന്‍ കുട്ടിയും, ചാവക്കാട്ടുകാരന്‍ മക്ബൂലുമെല്ലാം ഉഗ്രന്‍ പാചകക്കാരാണ്. സുഭിക്ഷമായ ഭക്ഷണം. പുട്ടും, ചപ്പാത്തിയും, പൊറോട്ടയും, നെയ്ചോറും, ബിരിയാണിയും, വെറും ചോറും മാറിമാറി വന്നു. പക്ഷേ കോഴി മാത്രം മാറി വന്നില്ല. അങ്ങനെ ഒരു കോഴിപീസുമായി മല്ലിടുമ്പോഴാണ് എല്ലാവര്‍ക്കും സന്തോഷവും എനിക്ക് ദുഃഖവും സമ്മാനിച്ച ആ വാര്‍ത്തയെത്തിയത്. അടുത്ത ദിവസം ഷെയിഖ് വരുന്നു. അവരെങ്ങനെ സന്തോഷിക്കാതിരിക്കും, പച്ചീസ് കിട്ടുന്ന കാര്യമല്ലേ..

ഞാന്‍ തിരിച്ചുപോകാനൊരുങ്ങുമ്പോഴായിരുന്നു കൂട്ടുകാരന്റെ അമ്മാവന്‍ കയറി വന്നത്. എന്റെ ഒരുക്കം കണ്ട് അദ്ദേഹം ചോദിച്ചു

'എന്തേ നേരത്തെ പോണ്?'

'ഷെയ്ഖ് വരുന്നത് കൊണ്ട്...'

'അത് സാരല്ല്യ... വെര്ണത് ഏതോ കുട്ടി ഷെയ്ഖാണ്. 14 വയസ്സൊള്ളു ചെക്കന്. ഓനും ഓന്റെ മാനേജറും, കുറച്ച് ചെങ്ങായ്മാരും, പിന്നെ എന്തോ ഒരു പെറ്റും. വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും. ഇയ്യ് വേണെങ്കില്‍ നിന്നോ..'

അത് കേട്ടപ്പോള്‍ കൂട്ടുകാരന്‍ കയ്യില്‍ കയറി പിടിച്ചു പറഞ്ഞു 'രണ്ടൂസം കഴിഞ്ഞ് പോവാം'

അതവന്‍ പറഞ്ഞില്ലേലും നില്‍ക്കുമായിരുന്നെങ്കിലും പറഞ്ഞത്കൊണ്ട് മാത്രം നില്‍ക്കുന്നു എന്ന ഭാവം വരുത്തി അവിടെ നിന്നു.

ഷെയ്ഖ് വരുന്നതും ഷെയ്ഖിനെ സന്തോഷിപ്പിച്ച് കൈ നിറയെ പച്ചീസ് വാങ്ങുന്നതും കിനാവ് കണ്ട് ചിരിച്ചുകൊണ്ട് ഞാനൊഴികെ എല്ലാരും സുഖമായി ഉറങ്ങി.

**************

ഷെയ്ഖ് വന്നപ്പോള്‍ തലേ ദിവസത്തെ ചിരിയും സന്തോഷവും ആരുടെ മുഖത്തും കണ്ടില്ല. അതിന് കാരണമുണ്ട്. ഷെയ്ഖിന്റെ പെറ്റ് പട്ടിയോ പൂച്ചയോ അല്ല. പുലിയാണ്.. സാക്ഷാല്‍ പുലികുട്ടി. പെറ്റിനെ കണ്ട് മൂകമായിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് കൊടുങ്കാറ്റുപോലെ  മറ്റൊരു സന്ദേശവുമായി ഇന്‍ചാര്‍ജ് അമ്മാവന്‍ എത്തി.

'ആ നായിന്റെ മോന്‍ പുലിക്ക് ഇവടെള്ള എല്ലാരേം പരിചയപ്പെടണേലോ'
അമ്മാവന്‍ സന്ദേശം അവതരിപ്പിച്ചത് ഇങ്ങനെയാണ്.

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. ഇന്നലെ പോകാന്‍ നിന്ന ഞാനാ. പണ്ടാരടങ്ങാന്‍ ആ സമയത്തങ്ങ് പോയാല്‍ മതിയായിരുന്നു.

ഒരാട്ടിടയനെപ്പോലെ അമ്മാവന്‍ ഞങ്ങളെ പുലിയുടെ അടുത്തേക്ക് മേച്ചുകൊണ്ടുപോയി. തികച്ചും യാന്ത്രികമായിരുന്നു ആ നടത്തം. ഞങ്ങള്‍ മാനേജര്‍ക്കും പുലിക്കും മുന്നില്‍ നില്‍ക്കുകയാണ്. മാനേജര്‍ക്ക് പുറകില്‍ കസേരകളില്‍ ഷെയ്ഖും കൂട്ടുകാരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്.

 മാനേജര്‍ അറബിയില്‍ ഇന്‍ചാര്‍ജ് അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു. ഇന്‍ചാര്‍ജ് അമ്മാവന്‍ ഞങ്ങള്‍ക്കത് തര്‍ജ്ജമ ചെയ്ത് തന്നു.

സംഭവം എന്താണെന്ന് വച്ചാല്‍ പുലിയുടെ തലയില്‍ തടവി എല്ലാവരും പരിചയപ്പെടുക. അങ്ങനെയെങ്കില്‍ ഇനി അഥവാ പുലി ചങ്ങല പൊട്ടി പുറത്ത് പോയാലും നിങ്ങളെ കാണുംബോള്‍ ഒന്നും ചെയ്യില്ല. അതുകൊണ്ട് നിങ്ങള്‍ പേടിക്കേണ്ടതില്ല.

പൊന്നാര അറബീ... പുലി വേണ്ട... വെറും പൂച്ച പട്ടാപകല് വട്ടം ചാടിയാല്‍ പേടിച്ച് രണ്ട് തുള്ളി മൂത്രം പോകുന്നവരാ ഞമ്മള് മലയാളീസ്. അവനോടാ ഇങ്ങള് പറയ്ണത് പുലിനെ പേടിക്കണ്ടാന്ന്... ഉസ്സാര്‍!!!

 ഫുട്ട്ബോള്‍ കളിക്ക് മുന്‍പ് പ്ലേയേര്‍സിനെ ലൈന്‍ നിര്‍ത്തി വിശിഷ്ടാതിഥിയെകൊണ്ട് പരിചയപ്പെടുത്തുന്നപോലെ ഇവിടെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ്. പുലിയെ കൊണ്ട്. എല്ലാവരും പുലിയുടെ തലയില്‍ തലോടണം. ചെയ്യേണ്ട രീതിയൊക്കെ മാനേജറ് കാണിച്ചുതന്നു.

ഇന്‍ചാര്‍ജ് അമ്മാവന്റേതാണ് ആദ്യത്തെ ഊഴം. പിന്നെ മക്ബൂല്‍, അതുകഴിഞ്ഞ് എന്റെ പ്രിയ സ്നേഹിതന്‍, അത് കഴിഞ്ഞ് ഞാന്‍, അവസാനം ഹസ്സന്‍ കുട്ടി. ശിവമണിയുടെ ഡ്രംസ് വായന കേള്‍ക്കുന്നപോലെ എല്ലാവരുടേയും ഹൃദയത്തിന്റെ പടപടപ്പ് വ്യക്തമായി കേള്‍ക്കാം.  അമ്മാവന്‍ മുന്‍പും പരിചയപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. വേഗം പരിപാടി കഴിച്ചു. കണ്ണടച്ച് പുലിയെ തൊടാനൊരുങ്ങിയ മക്ബൂലിനോട് മാനേജര്‍ അറബിയില്‍ അലറി. ആ അലര്‍ച്ച അമ്മാവന്‍ തര്‍ജ്ജമ ചെയ്ത് കൊടുത്തു.

'പഹയാ... യ്യി കണ്ണും പൂട്ടി അതിന്റെ തൊള്ളേലെങ്ങാനും കയ്യിട്ടാല്‍ അന്റെ വെരലൊക്കെ ആറാംനമ്പറ്* തിന്ന്ണമാതിരി അത് തിന്നും. അതോണ്ട് മരിയാദക്ക് ഉയിഞ്ഞാള അയിന്റെ തലേല്..'

പുലിയെ തൊട്ടപ്പോള്‍ ഷോക്കടിക്കുന്നപോലെ ഞാനും കൂട്ടുകാരനും മക്ബൂലും കൈ വലിച്ചു. അടുത്ത ഊഴം ഹസ്സന്‍ കുട്ടിയുടേതാണ്. ഹസ്സന്‍ കുട്ടിയുടെ  അടുത്തേക്ക് പുലി വന്നതും മൂപ്പര്‍ ഒറ്റ ഓട്ടമാണ്. നേരെ പോയി ബാത്ത്റൂമില്‍ ഒളിച്ചു. ഇത് കണ്ടപ്പോള്‍ ഷെയ്ഖിനും കൂട്ടുകാര്‍ക്കും ആവേശം മൂത്തു. ഹസ്സന്‍ കുട്ടിയെ പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന് അവര്‍. കൊന്നാലും ബാത്ത്റൂമില്‍ നിന്നും ഇറങ്ങില്ല എന്ന് അവന്‍.

അവര്‍ ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി.

'അന്റൊക്കെ ഒരു പെറ്റ്... പൊരക്കാര്‍ക്ക് ഒരു പിടി ബറ്റിനും വേണ്ടിയാ നായ്ക്കളേ ഞാനൊക്കെ അന്റെ കീഴില് പണിക്ക് നിക്ക്ണത്' ഹസ്സന്‍ കുട്ടി ഈ തേങ്ങല്‍ വാതിലിനേല്‍ക്കുന്ന ചവിട്ടിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

വാതില്‍ ചവിട്ടിപൊളിച്ച് അവര്‍ ഹസ്സന്‍ കുട്ടുയേയും തൂക്കി വന്നു. അമ്മാവന്‍ പറഞ്ഞു

'എടാ കുട്ട്യേ... ഓരന്നെ മക്കാറാക്കാണ്... ഇയ്യ് പേടിക്കണ്ട. ഒന്നും ചെയ്യൂല.. ഓര് പറയ്ണത് യ്യ് അങ്ങട്ട് കേട്ടാളാ...'

ഹസ്സന്‍ കുട്ടിയെ മലര്‍ത്തി കിടത്തി പുലിക്കുട്ടിയെ അവന്റെ നെഞ്ചില്‍ അവര്‍ കിടത്തി. ഹസ്സന്‍ കുട്ടി ഉമ്മായെന്ന് അലറി വിളിച്ചു. അവര്‍ പരസ്പരം അറബിയില്‍ എന്തെല്ലാമോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മാവന്‍ അതൊന്നും തര്‍ജ്ജമ ചെയ്തില്ല.

പെട്ടെന്നാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പുലി ഒറ്റ ഓട്ടം വച്ചുകൊടുത്തത്. ഹസ്സന്‍ കുട്ടി എതിര്‍ ദിശയിലേക്കോടി വീണ്ടും മറ്റൊരു ബാത്ത്റൂമില്‍ കയറിയൊളിച്ചു. പെട്ടെന്നവിടെ പരന്ന ദുര്‍ഗന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏകദേശധാരണയിലെത്തി മൂക്ക്പൊത്തി എല്ലാവരും അവിടെനിന്ന് പിന്‍വാങ്ങി.

പിന്നീടിതുവരെ ആ ഷെയ്ഖും പെറ്റും കൊട്ടാരത്തില്‍ വന്നിട്ടില്ല. അതിനെ പറ്റി ചോദിച്ചാല്‍ ഹസ്സന്‍ കുട്ടി പറയും

'ഹല്ല പിന്നെ... ഞമ്മള് മലപ്പൊറത്ത്കാരോടാ ഓന്റെ കളി... ഹാ...'

Monday, December 2, 2013

ദേ പുട്ടും ആപ്പിളും

അഞ്ചെട്ട് ബ്ലോഗേര്‍സ് ഒരിക്കല്‍ വയനാട്ടില്‍ പോയി. രാത്രി ബാണാസുര സാഗറിലെ ഐ.ബി. ഗസ്റ്റ് ഹൗസില്‍ തങ്ങി. നിസാറും സിയാഫും മന്‍സൂര്‍ ചെറുവാടിയും ഉഗ്രന്‍ ഫോമില്‍ കത്തിയടി തുടര്‍ന്നുകൊണ്ടിരിക്കെ ഓരോരുത്തരായി സ്കൂട്ടാവാന്‍ തുടങ്ങി. സ്കൂട്ടാവല്‍ വിദഗ്ദന്‍ പ്രദീപ് മാഷ് അന്ന് കോഴിക്കോട്ടുനിന്ന് ഞങ്ങള്‍ പുറപ്പെടുംമുന്‍പേ സ്കൂട്ടായതിനാല്‍ രണ്ടാം സ്കൂട്ട് വിദഗ്ദന്‍ റഷീദ് പുന്നശ്ശേരി ആദ്യം സ്കൂട്ടായി. ഓരോരുത്തരായി ഉറക്കം വന്ന് സ്കൂട്ടാവാന്‍ തുടങ്ങിയപ്പോള്‍ സിയാഫ് പറഞ്ഞു.

'ഞാന്‍ നന്നായി കൂര്‍ക്കം വലിക്കും, അത് സഹിക്കാന്‍ പറ്റുന്ന ആരെങ്കിലും എന്റെ കൂടെ കിടന്നാല്‍ സൗകര്യമായി'

പാവം.. കൂര്‍ക്കം വലി ഒരു കുറ്റമാണോ.. അത് തുറന്ന് പറഞ്ഞ ആ വലിയ മനസ്സിനേയാണ് അംഗീകരിക്കേണ്ടത്. ഞാന്‍ കിടക്കാമെന്ന് സമ്മതിച്ചു.. ഞമ്മളിതെത്ര കേട്ട്ക്ക്ണ്.. ദുബായിന്ന്.. പത്ത് പന്ത്രണ്ട് ജനറേറ്ററുകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ഞമ്മക്കിതൊരു കുഞ്ഞു ജനറേറ്റര്‍ മാത്രം.

രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ സിയാഫുണ്ട് കട്ടിലില്‍ താടിക്ക് കയ്യും കൊടുത്ത് കുത്തിയിരിക്കുന്നു. 'എന്തുപറ്റി സിയാഫ്കാ...?' ഞാന്‍ ചോദിച്ചു.

'നീ എന്നാ കൂര്‍ക്കം വലിയാ ഷെബീറേ.!!! ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല' ഈറനണിഞ്ഞ കണ്ണുകളോടെ ഇത്രേം വല്ല്യ ഒരു മന്‍ഷ്യന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു... സത്യായിട്ടും... അള്ളാണെ... അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചതാ ഇതിനൊരു പരിഹാരം ചെയ്യണമെന്ന്.

അങ്ങനെയിരിക്കെയാണ് സിയാഫിന്റേയും വിഢിമാന്റേയും പുസ്തകപ്രകാശനം (ആപ്പിള്‍, ദേഹാന്തരയാത്രകള്‍) കൊച്ചിയില്‍ നടക്കുന്നതിന്റെ വിവരം ലഭിച്ചത്. ഇതു തന്നെ പരിഹാരം ചെയ്യാനുള്ള അവസരം. മാത്രമല്ല 'നിധീഷിന് കിട്ടിയ സമ്മാനത്തുക പുട്ടടിക്കലും' എന്നും കൂടെ കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ദേ പുട്ട്, ദാ പുട്ട്, ഡാ പുട്ട്, ഡീ പുട്ട് എന്നൊക്കെയുള്ള കുറേ പുട്ടുകടകള്‍ ഉള്ള നാടല്ലേ. ലൈറ്റായിട്ടൊരു രണ്ട് കുറ്റി പുട്ടും ഇച്ചിരി താറാവ് കറിയും അടിച്ചിട്ട് പോരാം എന്നുവച്ചു. 16 നുള്ള അലാറം പത്താംതീയതിയേ വച്ചു.

16 ന് പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. സൗത്തിലുള്ള ജിതിനേയും കൂട്ടി നേരെ വച്ചുപിടിച്ചു, കലൂര്‍ ഫ്രൈഡേ ക്ലബിലേക്ക്. പോകുന്ന വഴിക്ക് ഹോട്ടലില്‍ കയറി ഊണ് കഴിച്ചു.  ചോറിടട്ടേ ചേട്ടാ എന്ന് ചോദിച്ച വെയ്റ്ററോട് 'വേണ്ട... പുട്ടടിക്കാനുള്ളതാ...' എന്ന് ജിതിന്റെ കനത്ത ശബ്ദത്തിലുള്ള മറുപടി. 'ഊണ് വേണ്ട.. കഞ്ഞി ആക്കാം.. പുട്ടടിക്കാനുള്ളതല്ലേ' എന്ന് അവന്‍ പറഞ്ഞതാ. ഞാനാ നിര്‍ബന്ധിച്ചത് ഊണ് കഴിക്കാന്‍. അതിന്റെ ദേഷ്യം വെയ്റ്ററുടെ അടുത്ത് തീര്‍ത്തതാ..

പുസ്തകപ്രകാശനമൊക്കെ ഭംഗിയായി കഴിഞ്ഞു. അതൊക്കെ നിങ്ങള്‍ പല പോസ്റ്റിലും വായിച്ചില്ലേ. ഇനി ഞാന്‍ സീരിയസായി(?) റിവ്യൂയിലേക്ക് കടക്കുകയാണ്.

പതിനഞ്ച് കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് സിയാഫിന്റെ ആപ്പിള്‍. ഈ ആപ്പിള്‍ തൊലിയില്‍ മെഴുക് പുരട്ടി ഒരുപാട് കാലം കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന ആപ്പിളല്ല. നമ്മുടെയൊക്കെ അടുക്കളത്തോട്ടത്തില്‍ കായ്ച ആപ്പിള്‍. സാധാരണക്കാരനുമായി സംവദിക്കുന്ന ആപ്പിള്‍. ഫ്രഷ് & പ്യുവര്‍. രുചിച്ച് നോക്കിയിട്ട് പറയൂ...

ഇതില്‍ 'ഭൂതം', 'ആറാമന്റെ മൊഴി', 'അണയാത്ത തിരിനാളം' എന്നീ കഥകള്‍ സമീപകാലത്ത് നമ്മുടെ മനസ്സിനെ പിടിച്ച് കുലുക്കിയ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിയാഫിന് നര്‍മ്മം വഴങ്ങും എന്നതിന്റെ തെളിവാണ് 'ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്'. മനുഷ്യന്റെ ആര്‍ത്തിയുടെ കരങ്ങള്‍ പ്രകൃതിക്കുമേല്‍ പതിയുംബോള്‍ ഒരു തവളയിലൂടെ കഥ പറയുന്നു കഥാകാരന്‍.

(''രാജകുമാരിത്തവളക്ക് രാത്രികാലങ്ങളില്‍ തന്റെ ഉടല്‍ തീനാളം പോലെ പ്രകാശിപ്പിക്കുവാന്‍ ഒരു കഴിവ് ഉണ്ടായിരുന്നു. അത്കൊണ്ട് രാത്രി ആയാല്‍ രാക്ഷസന്‍ തവളയെ അടച്ച കുപ്പി എടുത്ത് അടുത്തു വെക്കും. വെട്ടം കണ്ട് ഭക്ഷണം കഴിക്കാമല്ലോ. ഉറങ്ങുംബോഴും തവളയെ ഇട്ട കുപ്പി കയ്യില്‍ പിടിക്കും. രാക്ഷസന് ഇരുട്ട് പേടിയായിരുന്നു. ഇരുട്ടത്ത് വരുന്ന ചില മനുഷ്യരേയും. രാക്ഷസന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ തവള വെട്ടം ഓഫാക്കും. ഉറങ്ങും.'')

മെട്രോ ലൈഫിന്റെ നേര്‍കാഴ്ചയായ 'കാസിനോ', 'യൂത്തനേഷ്യ' എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു.

'ദൈവത്തിന്റെ അമ്മ' എന്ന കഥയില്‍ അമ്മക്ക് നല്‍കേണ്ട പ്രാധാന്യം ദൈവത്തിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കിതരുകയാണ് കഥാകാരന്‍ ഇവിടെ.

'അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല. എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റ അമ്മയെ എനിക്ക് താഴെ എങ്ങനെ ഇരുത്തും?' ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു.

ആപ്പിള്‍ മികച്ച ഒരു വായന സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ.

*******************

മനോജ് വിഢിമാന്റെ ദേഹാന്തരയാത്രയെ കുറിച്ച് പറയുകയാണെങ്കില്‍ പല നോവലുകളും വായിക്കുംബോള്‍ അത് ഒരു സിനിമയിലെന്നപോലെ രംഗങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലവും മനസ്സിന്റെ റീലില്‍ ഓടിക്കൊണ്ടിരിക്കും. ദേഹാന്തരയാത്രകള്‍ എന്ന സിനിമ മനസ്സിന്റെ റീലില്‍ ഓടികൊണ്ടിരിക്കുംബോള്‍ ആ സിനിമയിലെ ഒരു നിശബ്ദ കഥാപാത്രമായി രൂപാന്തരം പ്രാപിക്കാന്‍ വായനക്കാരന് കഴിയുന്നുണ്ട് എന്നതാണ് ദേഹാന്തരയാത്രയുടെ മികവായി എനിക്ക് തോന്നിയിട്ടുള്ളത്.

മാത്രമല്ല നോവലിലുടനീളം വായനയുടെ ഒഴുക്ക് അതിന്റെ താളത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ മനോജ് വിഢിമാന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

ഏതായാലും സിയാഫിനേയും വിഢിമാനേയും കാണുംബോള്‍ ആരും വെറുതേ വിടണ്ട. കൂടെ നിന്ന് ഓരോ ഫോട്ടൊ പിടിച്ച് സൂക്ഷിച്ചുവച്ചോളൂ... സമീപഭാവിയില്‍ തന്നെ നമുക്കെല്ലാം ഇവരുടെ പേര് പറഞ്ഞ് അഭിമാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


*******************

നമുക്ക് കാര്യത്തിലേക്ക് തിരിച്ചുവരാം. അങ്ങനെ പുസ്തകമൊക്കെ ഒപ്പിടുവിച്ച് വാങ്ങി കൊച്ചിയില്‍നിന്നും തിരിക്കാന്‍ നേരത്ത് എല്ലാവരോടും യാത്ര പറഞ്ഞു. സിയാഫിനോടും, വിഢിമാനോടും മൂന്ന് തവണ യാത്ര പറഞ്ഞു. നിധീഷിനോട് അഞ്ച് തവണ. അതും കൈ പിടിച്ച് കുലുക്കിയിട്ട്. ആ കുലുക്കലിലും യാത്ര പറച്ചിലിലും ഒരു കുറ്റി പുട്ടെങ്കിലും എന്ന അപേക്ഷ അടങ്ങിയിരുന്നത് നിധീഷ് മനസ്സിലാക്കിയില്ല. രാത്രി ഭക്ഷണം വേണ്ട എന്ന് സഹമുറിയനോട് പറഞ്ഞ് എന്റെ കൂടെ വന്ന ജിതിന്റെ കാര്യം ഓര്‍ത്തിട്ടായിരുന്നു എനിക്ക് വിഷമം.

ഞങ്ങള്‍ തിരിഞ്ഞുനടക്കവേ പുറകില്‍നിന്നും സിയാഫിന്റെ വിളി വന്നു. ഷബീര്‍... ജിതിന്‍...

പുട്ടിന്റെ കാര്യം ഓര്‍മയായിക്കാണും. ഞങ്ങള്‍ ആവേശത്തോടെ തിരിഞ്ഞുനോക്കി.

'താങ്ക്സ്... വളരേയധികം നന്ദി... ഇതുവരെ വന്നതിനും പങ്കെടുത്തതിനും...'

ഡിം... ആ പ്രതീക്ഷയും അവസാനിച്ചു.

ഞങ്ങള്‍ ഫ്രൈഡേ ക്ലബില്‍നിന്നും വിത്തൗട്ട് പുട്ട് വിത്ത് ആപ്പിള്‍, ദേഹാന്തരയാത്രകള്‍, കഥമരം പി.ഒ. 13 എന്നിവയുമായി പുറത്തിറങ്ങി.

'അല്ല ജിതിനേ... നീ നല്ല കഞ്ഞി കിട്ടും എന്നുപറഞ്ഞ കട ഏതായിരുന്നു?' ഞാന്‍ ചോദിച്ചു.

'നീ ബാ... ഞാന്‍ കാണിച്ചുതരാം... അല്ലേലും ആരോഗ്യത്തിന് പുട്ടിനേക്കാള്‍ നല്ലത് കഞ്ഞിതന്നാ...'

'അതെ.. അതെ.. കഞ്ഞി ഈസ് ദ സീക്രട്ട് ഓഫ് മായിനാജി ആന്‍ഡ് വി.കെ.സി... ' ഞാന്‍ കുടല് കരിയുന്ന വിശപ്പോടെ സമ്മതിച്ചുകൊടുത്തു.

*************

നാമൂസും, അന്‍വരികളും, ആര്‍ഷാ അഭിലാഷ് ഒക്കെ മികച്ച അവലോകനങ്ങള്‍ ഇട്ടിട്ടുണ്ട്.

തമാശയിലൂടെയുള്ള പുസ്തക പരിചയം എന്നതിലുപരി ഇതിനെ അവലോകനമായി കാണരുത്. മികച്ച അവലോകനങ്ങള്‍ താഴെ

നാമൂസ് - ആപ്പിള്‍, അന്‍വരികള്‍ - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍, ആര്‍ഷാ അഭിലാഷ് - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍

Monday, November 4, 2013

സ്വകാര്യതയുടെ മാലിന്യങ്ങള്‍


കാറിനെ കവേര്‍ഡ് പാര്‍ക്കിംഗില്‍ വിശ്രമത്തിനുവിട്ട് കീ-ചെയിനിന്റെ റിംഗ് വലതുകയ്യിലെ ചൂണ്ടുവിരലിലിട്ട് കറക്കികൊണ്ട് ചുണ്ടില്‍ സുന്ദരമായ ചിരിയും മൂളിപ്പാട്ടുമായി രൂപേഷ് സ്കൈ ലൈന്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ ലോബിയിലൂടെ നടന്നു നീങ്ങി. റിസപ്ഷനിസ്റ്റ് അമൃത ഭവ്യതയോടെ രൂപേഷിനെ വിഷ് ചെയ്തു. രൂപേഷ് തിരിച്ചും വിഷ് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് നീങ്ങി.

റൂമിലെത്താനുള്ള ധൃതികാരണം അവന്‍ ലിഫ്റ്റിന്റെ പ്രെസ്സ് ബട്ടണ്‍ അമര്‍ത്തികെണ്ടേയിരിക്കുകയാണ്. രൂപേഷിന് പിന്നിലായി ഒരു പെണ്‍കുട്ടിയും ലിഫ്റ്റിനായി കാത്തിരിക്കുകയാണ്. ലിഫ്റ്റ് വന്നപ്പോള്‍ രണ്ടുപേരും ധൃതിയില്‍ അകത്തുകയറി. രൂപേഷ് '16' എന്ന ബട്ടണ്‍ അമര്‍ത്തി അവളോട് ചോദിച്ചു..

'which one?'

'5 please...'

'ok.'

'thanks..'

'you are welcome.'

5th ഫ്ലോര്‍ ആയതിനാല്‍ അധികം സമയമില്ല  എന്ന് മനസ്സിലാക്കി ഏതൊരു പുരുഷനേയും പോലെ അവന്‍ അവള്‍ക്കുമുന്നിലേക്ക് ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

'ഇവിടെയാണോ താമസിക്കുന്നേ...?'

'അതെ, 5F' പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി

'ഗ്രേറ്റ്... കുട്ടി പഠിക്കാണോ..?'

'അയ്യോ അല്ല... ഞാന്‍ വര്‍ക്ക് ചെയ്യുവാ...'

'ohh.. really...? I thought.... (അവളുടെ കണ്ണിലേക്ക് നോക്കി മുഖത്ത് ആശ്ചര്യഭാവം വിരിയിച്ച് ഒരു ചെറിയ മൗനം)

എവിടെ എന്ന ചോദ്യം ചോദിക്കാനൊരുങ്ങും മുമ്പ് ലിഫ്റ്റ് ബീപ്പ് സൗണ്ട് അടിച്ചു. ഡിസ്പ്ലേയില്‍ '5' എന്ന അക്കം തെളിഞ്ഞു. വാതിലുകള്‍ ഇരുവശത്തേക്കുമായി തുറന്നു. അവള്‍ പുറത്തിറങ്ങി രൂപേഷിനെ നോക്കി പുഞ്ചിരിച്ചു. വശ്യമായ ചിരി.

അവള്‍ പറഞ്ഞു 'bye.. see you..'

'bye.. see you..' പുഞ്ചിരി തൂകി അവനും പറഞ്ഞു.

കൊള്ളാം.. നല്ല കുട്ടി.. ഇരു നിറമാണെന്നേയുള്ളൂ.. കണ്ണും ചുണ്ടും ചിരിയുമെല്ലാം ഉഗ്രന്‍... കാണാം.. കാണണം - രൂപേഷ് മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റ് ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ് രൂപേഷ്. ഫ്ലാറ്റ് ജീവിതം നല്‍കിയിരുന്ന സ്വകാര്യതയായിരുന്നു രൂപേഷിനെ ഏറെ ആകര്‍ഷിച്ചത്. മൂന്നു വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. ഉയര്‍ന്ന നിലയില്‍ കടലിനോടഭിമുഖമായി ഒരു ഫ്ലാറ്റ് അവന്റെ സ്വപ്നമായിരുന്നു. തന്റെ ഐ.ടി കമ്പനി തുടങ്ങിയിട്ടിപ്പോള്‍ 11 വര്‍ഷം തികയുന്നു. ചുരുങ്ങിയ കാലം കൊണ്ട്തന്നെ ആഗ്രഹിച്ച പോലെയുള്ള ഫ്ലാറ്റും, ആഡംബര കാറും അത്യാവശ്യം ബാങ്ക് ബാലന്‍സും രൂപേഷ് സ്വന്തമാക്കികഴിഞ്ഞിരിക്കുന്നു. വിവാഹം കഴിച്ചിട്ടില്ല. തിരക്കിനിടയില്‍ കഴിയാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതാണ്. ജീവിതത്തെ ആസ്വദിക്കാന്‍ വേണ്ടി മാത്രം. തന്റെ ജീവിതത്തിലെ 34 വര്‍ഷങ്ങള്‍ക്കിടയില്‍ വിവാഹിതരും അവിവാഹിതരുമായ ഒരുപാട് സ്ത്രീകള്‍ അവനിലൂടെ കടന്നുപോയി. മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ലിഫ്റ്റ് തന്നെ അവന് നല്‍കി കുറേപേരെ. ഇപ്പൊ ഈ ലിഫ്റ്റില്‍നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ അവളും ഇനിയൊരിക്കല്‍ അവന്റെ കിടപ്പറയില്‍ എത്തിക്കൂടെന്നില്ല.

ലിഫ്റ്റ് പതിനാറാം നിലയിലെത്തി. രൂപേഷ് പുറത്തിറങ്ങി വരാന്തയിലൂടെ 16B എന്ന തന്റെ അപാട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ എല്ലാവാതിലുകളും അടഞ്ഞു കിടക്കുന്നു. എല്ലാ അപാര്‍ട്ടുമെന്റുകളും നിഗൂഢമായ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നപോലെയാണ്. ആ നിഗൂഢതയെ പുറത്തുകാണിക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും സദാസമയവും അടഞ്ഞു കിടക്കുന്നുണ്ടാകും.

രൂപേഷ് വാതില്‍ തുറന്നു. തലേരാത്രിയിലെ ആഘോഷത്തിന്റെ ബാക്കിപത്രമായ കുപ്പികള്‍ ടേബിളില്‍ കിടക്കുന്നു. അവയെല്ലാം എടുത്ത് കിച്ചണിലെ ട്രാഷില്‍ നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ടു. ക്ലീന്‍ ചെയ്യുന്ന ബംഗാളി പയ്യന്മാരെ വിളിക്കാന്‍ ഇനി സമയമില്ല. ലിവിംഗ് റൂമും തന്റെ ബെഡ്റൂമും പെട്ടെന്ന് രൂപേഷ് തന്നെ വൃത്തിയാക്കി. പൊടിയും ഭക്ഷണാവശിഷ്ടങ്ങളും ഒരു കവറില്‍ കെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലിനുള്ളിലൂടെ നിഷേപിച്ചു. ആ മാലിന്യം പതിനാറുനിലകളുടെ ആഴം താണ്ടി നിലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിക്കുന്ന ശബ്ദത്തിന് ഒരു ചെറുപുഞ്ചിരിയോടെ അവന്‍ കാതോര്‍ത്തു. ഫ്ലാറ്റ് ജീവിതത്തിലെ മറ്റൊരു സവിശേഷതയാണിത്. നമ്മളില്‍നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം സഹവസിക്കേണ്ടതില്ല. ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇട്ടിരുന്ന തന്റെ അണ്ടര്‍ വെയറുകള്‍ ചുരുട്ടി അലമാരയില്‍ തിരുകി. ബാച്ചിലേര്‍സിന്റെ എക്കാലത്തേയും ശാപമാണ് സ്വന്തം അണ്ടര്‍വെയറുകള്‍ അലക്കേണ്ടി വരുക എന്നത്. ഏതൊരു ലോണ്ട്രിക്കാരനും അവ സ്വീകരിക്കുന്നതല്ല. ഏ.സി. ഓണ്‍ ചെയ്തു. എയര്‍ ഫ്രഷ്നര്‍ മുറിയിലാകെ അടിച്ചു. ബ്രഷ് ചെയ്തു, വൃത്തിയായി കുളിച്ചു. ബോഡി ഡിയോഡ്രന്റ് ശരീരത്തിലാകെ പൂശി.

ചാര്‍ജിലിട്ട ഫോണ്‍ എടുത്തുനോക്കി. ഇല്ല.. കോള്‍ ഒന്നും വന്നിട്ടില്ല. വന്ന sms കള്‍ അയാള്‍ പ്രതീക്ഷിച്ചതുമല്ല. അവന്‍ ഉടനെ ഒരു sms അയച്ചു.

'Hi dear... am @ home.. whr hv u reached?'

ഫോണിലേക്ക് ശ്രദ്ദിച്ചുകൊണ്ട് അവന്‍ ഒരു ഷോര്‍ട്ട്സും ടി-ഷര്‍ട്ടും എടുത്തിട്ടു. അതില്‍ വിലകൂടിയ സുഗന്ധം പൂശികൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിച്ചു. അവന്‍ വേഗം പോയി നോക്കി.

'am on da way.. wait 10 more mints for my fragrance.. :) 16B right?' 

രൂപേഷ് അവള്‍ക്ക് റിപ്ലേ നല്‍കി.

'ur BEE is waiting... :) ya.. its 16B'

കൃത്യം രണ്ടുമാസം മുന്‍പാണ് രൂപേഷ് ശ്വേതയിമായി പരിചയപ്പെട്ടത്. ശ്വേതയുടെ കമ്പനിക്കുവേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ചെയ്യുന്നത് രൂപേഷിന്റെ കമ്പനിയാണ്. അത്യാവശ്യം വലിയ പ്രൊജക്റ്റ് ആയതിനാല്‍ സോഫ്റ്റ് വെയര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് രൂപേഷിനെ വിളിക്കാനുള്ള അധികാരം ആ കമ്പനിക്കുണ്ട്. ശ്വേതയാണ് കമ്പനിയില്‍നിന്നും രൂപേഷിനെ വിളിച്ചുകൊണ്ടിരുന്നത്. ആ ബന്ധം ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപിലൂടെയും വളര്‍ന്ന് രൂപേഷിന്റെ അപ്പാര്‍ട്ട്മെന്റ് വാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നു.

കോളിംഗ് ബെല്ല് കേട്ട് രൂപേഷ് പ്രതീക്ഷയോടെ വാതില്‍ തുറന്നു. അതെ ശ്വേത തന്നെ. തൂ വെള്ള ചുരിദാറില്‍ അവളൊരു മാലായെപ്പോലെ തോന്നിച്ചു. ചുവന്ന തക്കാളി ചുണ്ടുകള്‍ക്കിടയിലൂടെ വെളുത്ത പല്ലുകള്‍ കാട്ടി അവള്‍ചിരിച്ചു. രൂപേഷ് അവളെ അകത്തേക്ക് ആനയിച്ച് കതക് അടച്ചു.

'നിനക്കെന്താ കുടിക്കാന്‍ വേണ്ടത്?.. ചായ.. കാപ്പി?

'ചായയും കാപ്പിയും മാത്രേ ഉള്ളോ...? വേറെ ഒന്നും ഇല്ലേ..?

'നിനക്കെന്താ വേണ്ടതെന്ന് പറ.. ബിയറ് വേണോ..? or something hot?'

'വേണ്ടെടാ... ജ്യൂസ് വല്ലതും ഉണ്ടെങ്കില്‍ താ... വല്ലാത്ത ദാഹം. ഓടി കിതച്ച് വരുവാണ്. എന്റെ കുഞ്ഞിന് പാല് വരെ ശരിക്ക് കൊടുത്തിട്ടില്ല.'

'ക്യാരറ്റ് ജ്യൂസ് മതിയോ...?'

'ധാരാളം'

രൂപേഷ് ഫ്രിഡ്ജില്‍നിന്നും ക്യാരറ്റ് എടുത്ത് കഴുകി ജ്യൂസ് മെഷീനിലിട്ട് ഫ്രഷ് ജ്യൂസ് ഉണ്ടാക്കികൊണ്ടിരിക്കെ അവന്റെ കണ്ണുകള്‍ ശ്വേതയെ ഉഴിയുകയായിരുന്നു. അവളുടെ ആകാര വടിവ് കണ്ടാല്‍ രണ്ടുകുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല.

'എന്താടാ നീ ഇങ്ങനെ എന്നെതന്നെ നോക്കിയിരിക്കുന്നത്?'

'ഒരു സിനിമാ ഡയലോഗ് ഓര്‍മ വന്നതാ...'

'എന്താ അത്?'

'എന്നാ സ്ട്രക്ചറെന്റമ്മച്ചീ...'

'ഒന്നു പോടാപ്പാ...' ഇരുവരും ചിരിച്ചു...

ജ്യൂസ് രണ്ടു ഗ്ലാസിലേക്കായി പകര്‍ന്നു. അവന്‍ ഒരു ഗ്ലാസ് ശ്വേതക്ക് നേരെ നീട്ടി പറഞ്ഞു

'വാ... നമുക്ക് ബാല്‍ക്കണിയില്‍ പോയി കടലും തിരമാലകളും കണ്ടിരുന്ന് കുടിക്കാം..'

'വേണ്ടെടാ... അധികം റൊമാന്റിക്കാവാനുള്ള സമയമില്ല. ആകെ രണ്ടുമണിക്കൂറേയുള്ളൂ.. എനിക്ക് എത്രേം പെട്ടെന്ന് വീട്ടിലെത്തണം. മക്കളെ അമ്മയുടെ അടുത്താക്കിയിട്ടാ ഞാന്‍ പോന്നത്. എറണാകുളത്തുനിന്ന് 10 മണിക്ക് കണവനിങ്ങെത്തും. അതിന്റെ ഒരു മണിക്കൂര്‍ മുന്നെയെങ്കിലും വീട്ടിലെത്തണം.'

'എന്നാ ശരി.. വാ.. റൂമിലേക്ക് പോകാം..'

അവന്‍ അവളെ കൈ പിടിച്ച് റൂമിലേക്കാനയിച്ചു.

'അടിപൊളി റൂമാണല്ലോടാ ചെക്കാ!!!' റൂമില്‍ കയറിയപ്പോള്‍ അവള്‍ ആശ്ചര്യം മറച്ചുവെക്കാതെ പറഞ്ഞു.

റൂമിലെ ഗ്ലാസ് ടീപോയിയുടെ മേല്‍ അവര്‍ രണ്ടുപേരും ജ്യൂസ് ഗ്ലാസുകള്‍ വച്ചു. രൂപേഷ് ശ്വേതയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ച് കട്ടിലിലേക്ക് വീണു. അവന്റെ ചുണ്ടുകള്‍ അവളുടെ ശരീരത്തിലാകമാനം പരതി നടക്കാന്‍ തുടങ്ങി. അവള്‍ പുളഞ്ഞു. അവളുടെ വിരലുകള്‍ അവന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു. പെട്ടെന്നൊരു ഇടവേളയെന്നോണം രൂപേഷ് തന്റെ മുഖം ശ്വേതയുടെ മുഖത്തിന് അഭിമുഖമായി വളരേയധികം ചേര്‍ത്തുവച്ച് അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.

'ശ്വേതാ... നീയെങ്ങനെ ഈ കട്ടിലില്‍ എന്റെ കൈകള്‍ക്കിടയില്‍ വന്നുപെട്ടു?'

'ആ... എനിക്കറിയില്ല... നിന്നെ എനിക്കിഷ്ടായി.. നീ വിളിച്ചു.. ഞാന്‍ വന്നു'

'ഈ ഉത്തരം ഒരു അവിവാഹിതയില്‍നിന്നായിരുന്നെങ്കില്‍ ഞാന്‍ തൃപ്തി പെട്ടേനെ.. പക്ഷേ... കുടുംബമുള്ള, ഭര്‍ത്താവ് കൂടെയുള്ള നീ എങ്ങനെ? നിനക്കയാളെ ഇഷ്ടമല്ലേ..?'

'ഇഷ്ടമാണ്... പുള്ളിക്കാരന് എന്നോടും.. പുള്ളിക്കാരന് എന്നോട് കോപ്പിലെ ഒരു ആരാധനയാ.. അതാ എനിക്ക് പിടിക്കാത്തത്. ഞാന്‍ വല്ല ദൈവമോ ദേവിയോ ആണെന്നപോലെ. ലൈഗിക പ്രകടനങ്ങള്‍ ദേവിക്കുള്ള അര്‍ച്ചനപോലെ. ഭക്തി സാന്ദ്രം.. but... I wanna go wild man'

'എന്നാല്‍ പിന്നെ നിന്റെ ആഗ്രഹങ്ങള്‍ പുള്ളിക്കാരനോട് തുറന്ന് പറഞ്ഞുകൂടേ..?'

'എനിക്കതിനുള്ള ധൈര്യമില്ല. പുള്ളിക്കാരന്‍ എങ്ങനെ അതിനെ എടുക്കുമെന്നും എനിക്കറിയില്ല'

'അപ്പൊ ഇനി ഞാന്‍ വൈല്‍ഡാവാം അല്ലേ...?

അതിനുത്തരമെന്നോണം അവള്‍ ഉറക്കെ ചിരിച്ചു. ആ ചിരി അവനിലെ കാട്ടാളനെ ഉണര്‍ത്തി. വികാരം ശമിക്കുന്നതുവരെ അവര്‍ കാട്ടാള നൃത്തം ആടി തിമിര്‍ത്തു. ഏ.സി. യുടെ കുളിരിനും ആ കാട്ടാള നൃത്തത്തിന്റെ ഫലമായി പുറത്തുവന്ന വിയര്‍പ്പിന്റെ കണികകളെ പ്രതിരോധിക്കാനായില്ല.


*********

ഏ.സി. അവരെ വീണ്ടും തണുപ്പിക്കാന്‍ തുടങ്ങി. എത്തിനോക്കിയ വിയര്‍പ്പിന്റെ കണികകള്‍ അകത്തേക്ക് വലിഞ്ഞു. തണുത്ത വെള്ളം അവരുടെ ശരീരത്തിനകവും തണുപ്പിച്ചു. നഗ്നമായ ശരീരങ്ങള്‍ വീണ്ടും ഒട്ടിച്ചേര്‍ന്നു. ഇരുവരിലേയും വികാരങ്ങള്‍ വീണ്ടും ഉണര്‍ന്നു.

'രൂപേഷ്... ഇനി നമുക്ക് റൊമാന്റിക്കായാലോ..?

'മതിയായി അല്ലേ...?'

'ങും'

'എങ്ങനെയാ റൊമാന്റിക് ആവണ്ടേ..?

'ഹിന്ദി സിമിമയിലൊക്കെയുള്ള പോലെ... ഷാറൂഖ് പ്രീതി സിന്റയെ വീര്‍ സാരയില്‍ എടുക്കുന്ന പോലെ'

'അങ്ങനെ എടുക്കണോ..'

'ങും'

അവന്‍ ടീപോയിയില്‍ ഉണ്ടായിരുന്ന കുപ്പിയിലെ തണുത്ത വെള്ളം കുടിച്ച് അടപ്പിടാതെ അവിടെ വച്ചു.

ശ്വേതയുടെ നഗ്നമായ ശരീരത്തെ അവന്‍ തന്റെ കൈലളിലെടുത്ത് ഒന്ന് വട്ടം കറങ്ങി. താഴോട്ടാഞ്ഞുനിന്ന അവളുടെ കൈ തട്ടി ടീപോയിയുടെ മേല്‍ വച്ചിരുന്ന വെള്ളകുപ്പി താഴെവീണ് ടൈല്‍സ് ആകെ നനഞ്ഞു. ഇതറിയാതെ കയ്യിലെ നഗ്നരൂപവുമായി റൊമാന്റിക്കായി നടക്കാന്‍ ശ്രമിച്ച രൂപേഷിന്റെ കാല്‍ വഴുക്കി രണ്ടുപേരും വീണു. കട്ടിലിന്റെ തേക്കില്‍ കടഞ്ഞെടുത്ത കാലിന്റെ അഗ്രത്തെ കൂര്‍പ്പില്‍ തലയടിച്ചാണ് ശ്വേത വീണത്. 

അല്പ്പം പാടുപെട്ടാണ് രൂപേഷ് എണീറ്റത്. നടുവിന് വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അവന്. തറയില്‍ കിടന്ന ശ്വേതയുടെ തൂവെള്ള ചുരിദാര്‍ ചോരനിറമായിരിക്കുന്നു. നഗ്നയായി തറയില്‍ കിടക്കുന്ന ശ്വേതയുടെ തലയോട്ടി പിളര്‍ന്ന് രക്തം ധാര ധാരയായി പുറത്തേക്കൊഴുകുന്നു. രൂപേഷ് അവളെ വിളിച്ചു. അനക്കമില്ല. അവന്റെ ശരീരം വിറക്കാന്‍ തുടങ്ങി.  അവന്‍ ആരുടേയെങ്കിലും സഹായത്തിനായി വരാന്തയിലേക്കോടി. നിഗൂഢതകളുടെ വാതിലുകള്‍ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. താന്‍ ചെയ്യാന്‍ പോയ വിഢിത്തം അപ്പോഴാണ് അവന്‍ ചിന്തിച്ചത്. ഈ കുട്ടി തന്റെ ആരെന്ന് ചോദ്യം നേരിടേണ്ടി വരും. വേണ്ട.. അവന്‍ തിരികെ റൂമില്‍ കയറി കതകടച്ചു.

ശ്വേതയുടെ രക്തം ബെഡ്റൂമില്‍നിന്നും ലിവിംഗ് റൂമിലേക്ക് ഒഴുകിയെത്തിയിരിക്കുന്നു. ആ രക്തം വരാന്തയിലേക്കൊഴുകി ആരെങ്കിലും കണ്ട് എന്താണെന്ന് അന്വേഷിച്ചുവരുമോ എന്ന് അവന്‍ ഭയപ്പെട്ടു. കാട്ടാള നൃത്തത്തിന് വേദിയായ ബെഡ്ഷീറ്റെടുത്ത് ആ രക്തത്തിന് അവന്‍ തടകെട്ടി. ഒന്ന്‍ ഉറക്കെ ആര്‍ത്തട്ടഹസിച്ച് കരയണമെന്നവന് തോന്നി. പക്ഷേ അടുത്ത അപ്പാര്‍ട്ട്മെന്റിലുള്ളവര്‍ കേട്ടാലോ എന്ന ഭയം അവനെ അതില്‍നിന്നും തടഞ്ഞു. അവളുടെ ശരീരം എങ്ങനെ താഴെ എത്തിക്കും എന്നതിനെ കുറിച്ച് അവന്‍ തല പുകച്ചു. ലിഫ്റ്റ് വഴി...? ഇല്ല.. കഴിയില്ല.. സ്വകാര്യതയിലേക്കുള്ള ഇടുങ്ങിയ തെരുവുകളാണ് ലിഫ്റ്റുകള്‍. ചിലപ്പോള്‍ വിജനം, ചിലപ്പോള്‍ ജനനിബിഢം. എല്ലാ ഊടുവഴികളിലൂടെയും ഈ തെരുവിലേക്ക് പ്രവേശിക്കുകയും പിന്‍വലിയുകയും ചെയ്യാം. പതിനാറാം നിലയില്‍നിന്നും സ്റ്റെയര്‍കേസ് വഴി വേദനിക്കുന്ന നടുവുമായി താഴെ എത്തുന്നതിനെ പറ്റി അവന് ചിന്തിക്കാന്‍കൂടെ കഴിയുമായിരുന്നില്ല. ഓരോ ഫ്ലോറിലും മാലിന്യങ്ങള്‍ നിഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലുകള്‍ വഴി...? ഇല്ല... ഒരു മനുഷ്യനോളം പോന്ന മാലിന്യത്തെ സ്വീകരിക്കാന്‍മാത്രം ആ കിളിവാതിലുകള്‍ക്ക് വലിപ്പമുണ്ടായിരിക്കില്ല.

ചോരയില്‍ കുളിച്ചുകിടക്കുന്ന അവള്‍ക്കടുത്ത് അവന്‍ മുട്ടുകുത്തി ഇരുന്നു. കുറച്ച് മുന്‍പ് വരെ അവനെ ഉന്മത്തനാക്കിയ അവളുടെ നഗ്നത അവന് അസഹ്യമായി തോന്നി. സംസ്കരിക്കാനാവാത്ത വലിയ ഒരു മാലിന്യമായി ആ ശരീരം അവന്റെ മുന്നില്‍ കിടന്നു. ആ മാലിന്യത്തില്‍നിന്നുയരാന്‍ പോകുന്ന രൂക്ഷഗന്ധം നാളെ ലോകമാകെ പരക്കാനുള്ളതാണ്. ആ നഗ്നത മൂടിവെക്കാന്‍ അവന്‍ ഒരു തുണിയെടുത്തുകൊണ്ടുവന്നു. പ്രയാസപ്പെട്ട് അവളെ അല്പ്പം പൊക്കി. ശ്രമകരമായ ആ ദൗത്യത്തിനിടയില്‍ അവന്റെ കൈ അവളുടെ മാറിടത്തില്‍ അമര്‍ന്നു. അവളുടെ മാറിടത്തില്‍നിന്നും മുലപ്പാല്‍ അവന്റെ കണ്ണിലേക്കും മുഖത്തേക്കും ചീറ്റി.

ഇടതുകൈ കൊണ്ട് ആ മുലപ്പാല്‍ തുടച്ചുമാറ്റി അനിയന്ത്രിതമായ കോപത്തോടെ രൂപേഷ് ഉറക്കെ വിളിച്ചുപറഞ്ഞു ..''ഷിറ്റ്''

Tuesday, September 11, 2012

പള്ളിയില്ലാത്ത അറബിനാട്

ഞാന്‍ താമസിക്കുന്നത് 'ചൈന'യിലാണ്. എന്റെ കൂട്ടുകാരന്‍ താമസിക്കുന്നത് 'മൊറോക്കോ'യില്‍. എന്നും ഞാന്‍ മൊറോക്കോയിലെ കൂട്ടുകാരന്റെ അടുത്ത് പോകും, ഞങ്ങള്‍ രണ്ടുപേരും കൂടെ ചൈന വഴി നടന്ന് പേര്‍ഷ്യയിലൂടെ തിരിച്ച് മൊറോക്കോയില്‍ എത്തും. വ്യാഴാഴ്ച്ചകളില്‍ ചിലപ്പോള്‍ ഇംഗ്ലണ്ടിലോ, ഫ്രാന്‍സിലോ പോകും. ഇംഗ്ലണ്ടില്‍ നല്ല ഒരു മലയാളി റെസ്റ്റോറെന്റുണ്ട്, അവിടുനിന്നാകും മിക്കവാറും ഭക്ഷണം കഴിക്കാറ്. റഷ്യയില്‍ പോയി ഒരുപ്രാവശ്യം വഴി തെറ്റിയതില്‍ പിന്നെ അങ്ങോട്ട് പോയിട്ടില്ല. ഇറ്റലിയും, സ്പെയിനും, ഗ്രീസും എല്ലാം അടുത്താണെങ്കിലും ഇതുവരെ പോയി നോക്കിയിട്ടില്ല.

ഇന്റര്‍നാഷണല്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍

ഒന്നും മനസ്സിലായില്ലല്ലേ...? ഇതാണ് ദുബായിലെ 'ഇന്റര്‍നാഷണല്‍ സിറ്റി'. ഇവിടെ നൂറുകണക്കിന് കെട്ടിടങ്ങളുണ്ട്. പല ക്ലസ്റ്ററുകളായി ഇതിനെ തരം തിരിച്ചിരിക്കുന്നു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ചൈന, മൊറോക്കോ, പേര്‍ഷ്യ, റഷ്യ, സപെയിന്‍, ഗ്രീസ്, ഇറ്റലി, എമിറേറ്റ്സ് എന്നീപേരുകളില്‍ ക്ലസ്റ്ററുകള്‍ അറിയപ്പെടുന്നു. സിറ്റിയില്‍നിന്നും കുറേയകലെ ശാന്തസുന്ദരമായ ഒരിടം. ജനത്തിരക്ക് കുറവ്, ഓടാനും ചാടാനും കളിക്കാനും ഇഷ്ടംപോലെ സ്ഥലങ്ങള്‍. ജീവിക്കാന്‍ നല്ല സുഖം. ''യുണൈറ്റഡ് ഷിറ്റുകള്‍'' സംസ്കരിക്കുന്നതിന്റെ ഭാഗമായി ഇടക്കിടക്ക് ഞങ്ങളുടെ ഞെളിയന്‍ പറമ്പിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഒരു നാറ്റമുണ്ടാകും. അതിന്റെ സംസ്കരണശാല ഇവിടെ അടുത്താണ്. മറ്റ് ബുദ്ദിമുട്ടുകളൊന്നും ഇല്ല.

ഇന്റര്‍നാഷണല്‍ സിറ്റി 800 ഹെക്റ്ററിലായി വ്യാപിച്ച് കിടക്കുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇവിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇപ്പോള്‍ വാടക നിലവാരം 2010 ലേതിനേക്കാളും താഴോട്ടുപോയതിനാല്‍ ഒന്നര ലക്ഷത്തിലധികം ഉണ്ടാകുമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മിഷിനറി മാര്‍ക്കറ്റായ ഡ്രാഗണ്‍ മാര്‍ട്ട് (ചൈന മാര്‍ക്കറ്റ് എന്നും അറിയപ്പെടുന്നു) ഇന്റര്‍നാഷണല്‍ സിറ്റിയോട് ചേര്‍ന്ന് നില്‍ക്കുന്നു.

ഈ സ്ഥലത്തിന് ഒരു പോരായ്മയുള്ളത് പതിനായിരക്കണക്കിന് വരുന്ന മുസ്ലിം ജനതക്ക് പറയത്തക്ക പള്ളി ഇല്ല എന്നതാണ്. എല്ലാ പള്ളികളും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി നിര്‍മ്മിച്ചുനല്‍കുന്ന കക്കൂസുപോലത്തെ പള്ളികളാണ്, പെട്ടിക്കൂട്. ഇരുപത്തിയഞ്ചോ മുപ്പതോപേര്‍ക്ക് മാത്രം നിസ്കരിക്കാന്‍ കഴിയുന്നവ. ബാക്കിയുള്ളവര്‍ പുറത്ത് കട്ടപാകിയ ചെറിയ സ്ഥലത്ത് നിസ്കരിച്ചുകൊള്ളുക. അവിടെയും സ്ഥലം കിട്ടാത്തവര്‍ പൊള്ളുന്ന പൂഴിമണ്ണില്‍ നിസ്കാരപടമിട്ട് നിസ്കരിച്ചുകൊള്ളുക, ചൂടുകാലമായാലും നോമ്പായാലും ശരി.ഇന്റര്‍നാഷണല്‍ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ എടുത്ത് മറ്റെവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് പരതി നോക്കിയപ്പൊള്‍ എമിറേറ്റ്സ് ക്ലസ്റ്ററില്‍ ചൈനയോടടുത്ത് ഒരു പള്ളി കാണിക്കുന്നുണ്ട്. മാപില്‍ പറഞ്ഞ സ്ഥലത്ത് ഒരു വലിയ കെട്ടിടം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഞാന്‍ കാണുന്നാവരോടെല്ലാം പറഞ്ഞു. 'എമിറേറ്റ്സില്‍ പള്ളി വരുന്നൂ'. കേട്ടവര്‍ക്കെല്ലാം സന്തോഷമായി. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുംതോറും സന്തോഷം കൂടി വന്നു. ഞങ്ങളുടെ സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി ആ കെട്ടിടത്തിന് മുകളില്‍ DEWA (Dubai Electricity & Water Authority) ബോര്‍ഡ് വച്ചു. ആ വലിയ കെട്ടിടം DEWA ഓഫീസ് ആയിരുന്നു.

പൊള്ളുന്ന വെയിലില്‍ റോഡിലെ നിസ്കാരം

അല്പം തണലിനായി പള്ളിക്കടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍


നാട്ടില്‍ ഇവിടുത്തെ അറബികള്‍ പള്ളി പണിയാന്‍ മത്സരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവിടുത്തെ പാവങ്ങള്‍ക്കെന്തേ (അതെ, പ്രവാസികള്‍ തന്നെയാണ് ഇവിടെ പാവങ്ങള്‍) അവര്‍ ഒരു പള്ളി പണിഞ്ഞുനല്‍കുന്നില്ല? എന്റെ നാട്ടില്‍ 40 കോടി മുടക്കി പള്ളിപണിയാനൊരുങ്ങുന്നവര്‍ അതില്‍നിന്ന് വെറും രണ്ട് കോടി മുടക്കി ഒരു പള്ളി ഞങ്ങള്‍ക്കിവിടെ പണിഞ്ഞുതരാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. എയര്‍കണ്ടീഷനില്‍ ഇരിക്കണമെന്ന അതിമോഹം കൊണ്ടല്ല. നോമ്പ്കാലത്ത് ശരീരത്തെ ഉരുക്കികളയുന്ന വെയിലില്‍ ഏകാഗ്രതയോടെ രണ്ട് റകാഅത്ത് നിസ്കരിക്കാന്‍, കുറച്ച് സമയം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍... അത്രെയും മതി. ഇതിനെ അതിമോഹമെന്ന് ആര്‍ക്കെങ്കിലും വിളിക്കാനാകുമോ?...