Showing posts with label Nostalgia. Show all posts
Showing posts with label Nostalgia. Show all posts

Thursday, October 20, 2011

'പാഷന്‍' ഫ്രൂട്ട്സ്


ജൂണ്‍ 23ന് നാട്ടില്‍ എത്തി, ഒന്ന് ഫ്രഷ്ഷായി തൊടിയിലൊക്കെ ഇറങ്ങി നടക്കുംബോള്‍ വീടിന്റെ പുറകുവശത്ത് ധാരാളം പാഷന്‍ ഫ്രൂട്ടുകള്‍ താഴെവീണുകിടക്കുന്നു. പരതിയപ്പോള്‍ അടുത്തുള്ള പൊഡുണ്ണി മരത്തില്‍ പാതി ഉണങ്ങിയ വള്ളിയും വാടിതുടങ്ങിയ പാഷന്‍ഫ്രൂട്ടുകളും കണ്ടു. വിറകുപുരക്കരികില്‍നിന്നും തുടങ്ങുന്ന വള്ളി ആരോ മനോഹരമായി മുറിച്ചിട്ടിരിക്കുന്നു. 'ഇതാരാ വെട്ടിമുറിച്ചത്?' എന്ന എന്റെ ചോദ്യത്തിന് 'ആ ഓമക്കായന്റെ വള്ളി ഞാനാ വെട്ടിയത്' എന്ന ഉപ്പയുടെ മറുപടിയാണ് കിട്ടിയത്. 27 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഓമക്കായയും, പാഷന്‍ ഫ്രൂട്ടും തിരിച്ചറിയാനായില്ല എന്നതില്‍ ഉപ്പയെ കുറ്റം പറയാനാകില്ലല്ലോ... എന്നാലും കുട്ടിക്കാലത്ത് നാട്ടിലെല്ലാം നടന്ന് ശേഖരിച്ച് ആര്‍ത്തിയോടെ തിന്നിരുന്ന പാഷന്‍ ഫ്രൂട്ട് എന്റെ വീട്ടില്‍ ഉണ്ടായിട്ട് അതിലൊരെണംപോലും പഞ്ചസാരയുംചേര്‍ത്ത് കഴിക്കാനായില്ലല്ലോ എന്ന സങ്കടം തീരുന്നില്ല. 


 നാട്ടില്‍ വന്ന ഞങ്ങളെ കാണാന്‍ വന്ന അവല്‍വാസികളെല്ലാം പറയാന്‍ മറക്കാതിരുന്ന ഒന്നായിരുന്നു.. 'ഇപ്രാവശ്യം ഇങ്ങളെ മാവ് എത്രാ കായിച്ചത് ! എമ്പാടും മാങ്ങണ്ടേനി.. സ്കൂളില്‍ പോണ കുട്ട്യേള്‍ക്കെല്ലാം എറിഞ്ഞ് തള്ളിടലേനി പണി'

കുട്ടികളെല്ലാം ഇപ്പോഴും മാങ്ങക്കെറിയുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിച്ചു. നല്ല കോമാങ്ങയാണ്. പച്ചയും, ചെനച്ചതും കഴിക്കാന്‍ നല്ല രസമാണ്. മാവിനരികില്‍ ചെന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരെണ്ണം പോലും കാണാന്‍ സാധിച്ചില്ല. എളാമ (ഉമ്മയുടെ അനുജത്തി) ഞങ്ങള്‍ക്കുവേണ്ടി ഉപ്പിലിട്ടുവച്ച കോമാങ്ങ കഴിക്കുംബോഴും 'ഒരെണ്ണം തരുമോ മാവേ?' എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അവിടുന്ന് എത്ര ദിവസം കഴിഞ്ഞിട്ടാണെന്നോര്‍മ്മയില്ല, ഒരു ദിവസം മാവിനരികില്‍ ചെന്നപ്പോള്‍ താഴെവീണുകിടക്കുന്നു ഒരു പഴുത്ത കോമാങ്ങ. എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും. മാങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം. പങ്കുവച്ചുകഴിഞ്ഞപ്പോള്‍ ചെറിയ കഷണങ്ങളേ കിട്ടിയുള്ളൂ എങ്കിലും എല്ലാവരും തൃപ്തരായിരുന്നു.


ഇക്കായുടെ കല്ല്യാണത്തിന്, ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തലിടാന്‍ വേണ്ടി ഉപ്പ മുറിച്ചതായിരുന്നു അരിനെല്ലിക്കയുടെ മരം. അത് വീണ്ടും വളര്‍ന്ന് കായ്ചത് ഈ വര്‍ഷമാണ്. ഒരുപാട് ഇലകള്‍ പൊഴിക്കുന്ന മരമായതിനാല്‍ മുറ്റം വൃത്തിയാക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവും അതോടൊപ്പം അനിഷ്ടവുമുള്ള ഒരു മരമാണിത്. ഉപ്പ എന്റെ കല്ല്യാണത്തിനും ഈ മരം മുറിക്കാനൊരുങ്ങിയെങ്കിലും പാഷന്‍ ഫ്രൂട്ട് മുറിച്ച കാര്യം പറഞ്ഞ് ഞാന്‍ ഉപ്പയെ തളച്ചു.

ഈ മരം ചെറുതായൊന്ന് കുലുക്കിയാല്‍ മുത്തുമഴപോലെ അരിനെല്ലിക്ക വീണുകൊണ്ടിരിക്കും. കുട്ടികള്‍ മത്സരിച്ച് അരിനെല്ലിക്ക പെറുക്കിയെടുകുന്നതും, എല്ലാവരേയും കൊതിപ്പിച്ച് അത് കഴിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം.


സീതപ്പഴം, മേനാമ്പഴം എന്നൊക്കെ വിളിക്കുന്ന പഴം. നിറയെ കായ്ചുനില്‍ക്കുകയായിരുന്നു ഈ മരം ഞങ്ങളെ വരവേല്‍ക്കാന്‍. മരത്തില്‍നിന്നും പഴുത്ത ഈ പഴം കിട്ടില്ല. വവ്വാലാശാന്‍ അടിച്ചുപോകും. പഴത്തിന്റെ വിടവുകളില്‍ മഞ്ഞ നിറം കണ്ടാല്‍ പറിച്ച് അരിയിലോ, വൈക്കോലിലോ വച്ച് പഴുപ്പിക്കും.

ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
 

ഈ പ്രാവശ്യം രണ്ട് ചക്കയുണ്ടായിരുന്നു ഞങ്ങളുടെ പ്ലാവില്‍ . ഒന്ന് താഴെയും ഒന്ന് മുകളിലും.. കല്ല്യാണത്തിന് പന്തല്‍ ഇട്ടാല്‍ പിന്നെ ചക്ക പഴുത്ത് വീണാല്‍ ബുദ്ദിമുട്ടാകും എന്ന് കരുതി വെട്ടി വിറകുപുരയില്‍ വച്ചു. കല്ല്യാണതിരക്കില്‍ എല്ലാരും ചക്കയെപറ്റി മറന്നു. ചീഞ്ഞ മണം വരാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും 'ആയ്യോ..' എന്നും പറഞ്ഞ് മൂക്കത്ത് കൈ വച്ചത്. പ്ലാവില്‍ അല്പ്പം മുകളില്‍ ഉണ്ടായിരുന്ന ചക്ക വെട്ടിയിടാന്‍ ആരെയും കിട്ടിയതുമില്ല. സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നിട്ടും പെങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ചക്ക തിന്ന് ആശ തീര്‍ക്കേണ്ടിവന്നു.

Saturday, February 19, 2011

ഇന്ന് ഫെബ്രുവരി 19

ഇന്ന് തിരിച്ചിലങ്ങാടിക്കാര്‍ക്ക് ആഘോഷദിവസമാണ്. തിരിച്ചിലങ്ങാടിക്കാര്‍ കുടുംബക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന 'പാലക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ' ഉല്‍സവമാണിന്ന്. 2 വയസ്സുമുതല്‍ 23 വയസ്സുവരെ ഞാന്‍ മുടങ്ങാതെ ആഘോഷിച്ചിരുന്ന ഉല്‍സവം.

ഇന്നെന്റെ കണ്ണില്‍ ദുബായിലെ തിരക്കേറിയ തെരുവോരങ്ങളില്ല, പകരം ശര്‍ക്കര ജിലേബിയുടേയും തട്ടു കടയില്‍ കോഴിമുട്ട പൊരിക്കുന്നതിന്റേയും മണമുള്ള ചെറിയ തിരക്കേറിയ തെരുവ്. മുന്നിലൂടെ പോകുന്ന ആഡംബര കാറുകള്‍ക്ക് പകരം പല നിറത്തില്‍ അടുക്കിവച്ചിരിക്കുന്ന കുഞ്ഞുകാറുകള്‍. പല നിറത്തിലുള്ള കുപ്പിവളകളും ആ കുപ്പി വളകള്‍ അണിയാന്‍ പല നിറത്തിലായി വന്നവരും. എന്റെ കാതില്‍ കാക്കാത്തിയുടെ തത്തയുടെ കുറുകലും മുച്ചീട്ട് കളിക്കാരന്റെ ആര്‍ത്തുവിളികളും കദീനയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും മാത്രം.

ഞാനിന്നെന്റെ ഗ്രാമത്തിലായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എനിക്ക് ഉല്‍സവം നഷ്ടപ്പെടുന്നത്.

ബാല്യത്തില്‍ കളിപ്പാട്ടകടയിലെ ചേട്ടന്‍ വെള്ളമാവശ്യപ്പെട്ടാല്‍ ഓടിപ്പോയി എടുത്തുകൊടുക്കും, അതിന് സമ്മാനമായി എനിക്കൊരു ആപ്പിള്‍ ബലൂണ്‍ തരും. അതായിരിക്കും അന്ന് ആദ്യം കിട്ടുന്ന കളിപ്പാട്ടം. ബലൂണുമായി ചിരിച്ച് തിരിച്ച് വീട്ടില്‍ വരുംബോള്‍ ഉമ്മ പത്തോ ഇരുപതോ രൂപയെടുത്തുതരും. അതും കൊണ്ട് വീണ്ടും ഓടും അമ്പലപ്പറമ്പിലേക്ക്. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടും.

എന്നിലെ കൗമാരക്കാരന് കളിപ്പാട്ടകാരന് വെള്ളം കൊണ്ടുകൊടുക്കാന്‍ എന്തോ ചമ്മല്‍ അനുഭവപ്പെട്ടു. ആ വര്‍ഷങ്ങളില്‍ കുപ്പിവളക്കടയ്ക്കരികില്‍ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു. കൂട്ടുകാരന്റെ പോളകമ്പനിയുടെ ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട മതിലില്‍ ഇരുന്ന് അമ്പലത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും രാജകീയമായി ഞങ്ങള്‍ വീക്ഷിച്ചിരുന്നതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

****

ഒരുനാള്‍ ഞാന്‍ വീണ്ടും തിരിച്ചെത്തും, അന്ന് ഞാന്‍ ആ കളിപ്പാട്ടകടയുടെ അടുത്ത് പോയി നില്‍ക്കും. ആ കടക്കാരന്‍ ഒരു പാത്രം എനിക്കെടുത്ത് തന്നിട്ട് ചോദിക്കും ' മോന്‍ കുറച്ച് വെള്ളം കൊണ്ടുതരുമോ' ഞാന്‍ ചിരിച്ച് ആ പാത്രം വാങ്ങിച്ച് നേരെ വീട്ടിലേക്കോടും. പൈപ്പിലെ വെള്ളമെടുക്കാതെ കിണറിലെ തണുത്തവെള്ളം അതില്‍ നിറയ്ക്കും. എന്നിട്ട് അത് കളിപ്പാട്ടകടക്കാരന് കൊടുക്കും. അയാള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഒരു ആപ്പിള്‍ ബലൂണ്‍ എനിക്ക് തരും. അതുംകൊണ്ട് വീട്ടിലേക്കോടും...

എന്നിലെ യുവാവ് സമ്മതിക്കുമോ എന്നറിയില്ല.

Sunday, February 6, 2011

കള്ളന്‍... കള്ളന്‍...

സൂര്യന്‍ ഇരുട്ടില്‍ ഒളിക്കാന്‍ തുടങ്ങുന്ന സമയം കളി കഴിഞ്ഞ് വിയര്‍പ്പ് ഉണങ്ങാന്‍ എല്ലാരും കൂടെ കത്തിയടിച്ചും കളിയെ വിശകലനം ചെയ്തും ഇരിക്കുംബോഴാണ് 'ഓടിവരീ... കള്ളന്‍ കള്ളന്‍' എന്ന അലര്‍ച്ച കേള്‍ക്കുന്നത്. ശബ്ദം കേട്ട ദിശയിലേക്ക് എല്ലാരുംകൂടെ ഓടി. ഭര്‍ത്താവ് ഗള്‍ഫിലുള്ള, മകനോടൊപ്പം വീട്ടില്‍ താമസിക്കുന്ന ഒരു ഇത്തായുടെ വീട്ടിലാണ് കള്ളന്‍ കയറിയിരിക്കുന്നതെന്ന് മനസ്സിലായി.

ഓടിചെന്നപ്പോള്‍ കണ്ടത് വാതില്‍ തള്ളി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന കള്ളനും അകത്തുനിന്നും വാതില്‍ അമര്‍ത്തിപിടിച്ച് അലറി വിളിക്കുന്ന വീട്ടുകാരിയും. ഞങ്ങളെ കണ്ട് ഓടാന് ശ്രമിച്ച കള്ളന് പെട്ടെന്ന് തന്നെ പിടിയിലായി. കുറ്റി മുടി, ഉറച്ച ശരീരം, ഇരുനിറം, ശരീരത്തോടൊട്ടിനില്‍ക്കുന്ന ടീ ഷര്‍ട്ടും കള്ളിമുണ്ടും വേഷം. നല്ല ഉഗ്രന്‍ കള്ളന്‍, അടി കുറച്ച് താങ്ങാനുള്ള ശേഷിയുണ്ട്. ചോര തിളക്കുന്ന ഇരുപതുകാര്‍ക്ക്കയറി മേയാന്‍ മാത്രമുണ്ട്.

ആമുഖമൊന്നുമില്ലതെ കോപ്ലിയുടെ വക അടി ഉത്ഘാടനം തുടങ്ങി. എല്ലാവരും ഓരോ അവസരത്തിനായി കാത്തുനില്ക്കുകയാണ്, ഓസിക്കുത്ത് കുത്താന്‍. ഓസിക്കുത്തെന്ന് പറഞ്ഞാല്‍ അറിയാമല്ലോ... തിരിച്ചുകിട്ടില്ല എന്ന ഉറപ്പോടെ കുത്തുന്നത്. (ഓസിക്കുത്ത് കുത്തുന്നവരോട് പറയാനുള്ളത്... ഓസിയാണെന്ന് കരുതി അധികം കുത്തരുത്. വല്ലാതെ വേദനിപ്പിച്ച ആളുടെ മുഖം അവന്‍ നോട്ട് ചെയ്ത് വച്ചാല്‍ എപ്പോ വേണമെങ്കിലും പണികിട്ടാന്‍ സാധ്യതയുണ്ട്)

ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെ 'മസാല' കള്ളനെ കഴുത്തിലൂടെ ഒരുകയ്യിട്ട് വരിഞ്ഞ് മുറുക്കി പിടിച്ച് ഒരു മുഷ്ടി ചുരുട്ടി കള്ളന്റെ മുഖത്തിനു നേരെ വച്ചിട്ട് ചോദിക്കുകയാണ് ' പറയെടാ... നീ എന്തിനാ വന്നത്?'. കള്ളന് പറയാന് പോയിട്ട് ശ്വാസമെടുക്കാന്‍ പോലും അവന്റെ പിടുത്തം കാരണം പറ്റുന്നില്ല. ശ്വാസമേടുക്കാന്‍ മസാല അവനെ വിടുന്ന സമയത്ത് ഞാനും കോപ്ലിയും ഇടക്കിടെ ഓരോന്ന് പൊട്ടിക്കും.

കോപ്ലിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ ഭയങ്കര താല്‍പര്യമാണ്. അങ്ങാടിയിലെ പല വലിയ വഴക്കുകളും കാണികളെ നിരാശപ്പെടുത്തി അടിയുണ്ടാവാതെ ഡയലോഗില്‍ മത്രം ഒതുങ്ങുംബോള്‍ ഡയലോഗ് ഇല്ലാതെ അപ്രതീക്ഷിതമായ അടികളാണ് കോപ്ലിയുടെ സ്റ്റൈല്‍. ആ കോപ്ലിയുടെ കയ്യിലേക്ക് കള്ളനെ വിട്ടുകൊടുക്കാതിരിക്കുകയാണ് മസാല. അവനറിയാം കോപ്ലിയുടെ കയ്യില് കിട്ടിയാല് പിന്നെ കള്ളന്റെ ഹോസ്പിറ്റല്‍ ചിലവുകൂടെ കൊടുക്കേണ്ടി വരുമെന്ന്.

അതിനിടയില്‍ ആരോ പോലീസിനെ വിളിച്ചു. ഓസിക്കുത്തിനായി വരിയില്‍ നിന്ന പാവം ഓസന്മാരെ നിരാശരാക്കികൊണ്ട് പോലീസ് ജീപ്പെത്തി. പോലീസ് ജീപ്പിലേക്ക് 'ചോട്ട മുംബൈ' പടത്തില്‍ ബിജുക്കുട്ടന്‍ കയറിയതിനേക്കാള്‍ ഉത്സാഹത്തോടെയാണ് കള്ളന്‍ കയറിയത്. നാട്ടുകാര്‍ പെരുമാറിയാല്‍ പിന്നെ പോലീസ് തൊടില്ലെന്നവനറിയാമായിരിക്കും.. മാത്രമല്ല കഴിക്കാനും വല്ലതും കിട്ടും.

ആ ദിവസം അങ്ങനെ കടന്നുപോയി. കള്ളനെ സാഹസികമായി പിടിച്ച യുവ രക്തങ്ങളെ ഏവരാലും പ്രശംസിക്കപ്പെട്ടു.

പിറ്റേദിവസം കളിക്കാന്‍ പോകുന്ന ഞങ്ങളോട് അവിടുത്തെ ഇത്താമാരെല്ലാം കൂടിനിന്ന് ഭയങ്കര ചീത്ത. 'എടാ... നിങ്ങള്‍ക്കൊക്കെ പടച്ചോന്റെ അടുത്തുനിന്ന് ശാപം കിട്ടും, എന്ത് അടിയാ നിങ്ങളെല്ലാരും കൂടെ ആ പാവത്തിനെ അടിച്ചത്?'

ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മ തലേദിവസത്തേക്ക് റിവൈന്റ് അടിച്ചു. ' ഓന്റെ നാഭിക്ക് ചവിട്ടെടാ... ഓന്റെ കണ്ണ് കുത്തിപ്പൊട്ടിക്കെടാ... രണ്ടെണ്ണം കൂടെ കൊടുക്കെടാ ഓന്‍ക്ക്... ' എന്നൊക്കെ തലേദിവസം ഇന്‍സ്റ്റ്രക്ഷന്‍സ് നല്‍കികൊണ്ടിരുന്നവരെങ്ങനെ ഇത്ര പെട്ടെന്ന് ഞങ്ങള്‍ക്കെതിരെയായി?

ചോദിക്കേണ്ടി വന്നില്ല... അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു, ' മാനസിക രോഗിയായ ആ ചെക്കനെ നിങ്ങളെല്ലാരും കൂടെ കൊല്ലാനാക്കിയില്ലെടാ?... ഓന്റെ ഉപ്പ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വന്ന് കരഞ്ഞു പോയി ചെക്കന്റെ കോലം കണ്ടിട്ട്, ഇന്റെ മോനെ ഇങ്ങനെ ആക്കിയോരോട് പടച്ചോന്‍ ചോദിച്ചോളും എന്ന് പറഞ്ഞിട്ടാ പാവം ഓനേം കൂട്ടിപ്പോയത്.'

തലേദിവസത്തെ ഹീറോസ് പിറ്റേദിവസം വില്ലന്മാരായി. ഞങ്ങളെല്ലാവര്‍ക്കും അത് സങ്കടവുമായി. കൂടെ ഉണ്ടായിരുന്നവരും ഞങ്ങള്ക്കെതിരെ തിരിഞ്ഞു. പോയി മാപ്പ് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം.

അതിന് ശേഷം എവിടെയെങ്കിലും കള്ളനേയോ പോക്കറ്റടിക്കാരനേയോ പിടിച്ചാലും ആ മുഖമൊന്ന് കാണും എന്നല്ലതെ ഒന്നും ചെയ്യാറില്ല. അടിയുണ്ടാക്കാനും അടി കാണാനുമുള്ള എല്ലാവരുടേയും താല്‍പര്യം ആ ഒരു സംഭവത്തോടെ അവസാനിച്ചു.

Thursday, January 20, 2011

എന്തിനാ ഉമ്മാ.....?

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഞാനും കൂടെയുള്ള ബഷീര്‍ക്കയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. പതിവുപോലെ സലാം ചൊല്ലി. ശബ്ദ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ ഉമ്മ 'ഹറമില്‍' (മക്കയിലെ പള്ളി) ആണെന്ന് മനസ്സിലായി. ഇനി നാലോ അഞ്ജോ മാസമേ ഉമ്മയും ഉപ്പയും മക്കയില്‍ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍ നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ബാക്കിയുള്ള ദിവസങ്ങള്‍ ഉംറയും, തവാഫും ഒക്കെ ആയി ആത്മീയമാക്കുകയാണ് ഉമ്മ.

എല്ലാം കഴിഞ്ഞ് ഉപ്പയെ ഫോണില്‍ വിളിച്ചാല്‍ ഉപ്പ ഉമ്മയെ കൂട്ടികൊണ്ട് പോവാന്‍ വണ്ടിയുമായി വരും. ഉപ്പയെ കാത്തിരിക്കുന്ന സമയത്താണ് ഉമ്മ എന്നെ വിളിക്കാറ്.

ഉമ്മയോട് ഞാന്‍ ചോദിച്ചു...

ഹറമിലാല്ലേ?

ഉം

ഫുള്‍ടൈം ഹറമില്‍ തന്നാണെല്ലോ ഇപ്പോ...

മരിക്കാനായില്ലെടാ... അതോണ്ട് ഉള്ള സമയം ഇബാദത്ത് ചെയ്യാന്‍ നോക്കാനല്ലാണ്ടെ...

ഓഹോ... അപ്പൊ ഇങ്ങള് മരിക്കാനുള്ള ടൈമും ഫിക്സ് ചെയ്തോ?

ആ... അന്റെ കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ... അന്നെ അങ്ങനെ ഒറ്റക്കാക്കിട്ട് പോവാന്‍ പറ്റൂലല്ലോ...

പിന്നെയും എന്തൊക്കെയോ ചോദിച്ചു... പറഞ്ഞു... ഒന്നും തലയില്‍ കയറിയില്ല. സാധാരണ ഞാന്‍ തമാശ പറഞ്ഞാല്‍ ഉമ്മയാണ് കാര്യമായെടുത്ത് എന്നെ ചീത്ത പറയാറ്. ഈ പ്രാവശ്യം മറിച്ചായിപ്പോയി.

ഉമ്മ അങ്ങനെ പറയേണ്ടിയിരുന്നില്ല. ആര്തന്നെ എന്റെ ജീവിതത്തില്‍ വന്നാലും എന്റെ ഉമ്മക്ക് പകരമാവില്ലല്ലോ... അല്ലെങ്കിലും 50 വയസ്സായപ്പോഴേക്കും മരിക്കാനായെന്ന് പറയാന്‍ പാടുണ്ടോ?

ഉമ്മയോടൊപ്പം ഉണ്ടായിരുന്ന കുറേ നല്ല നിമിഷങ്ങള്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. കണ്ണില്‍നിന്നും വെള്ളം ഒലിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ക്ക കാണാതിരിക്കാന്‍ പുതപ്പ് കൊണ്ട് തല മുഴുവന്‍ മൂടി.

ഉമ്മ ആവശ്യപ്പെട്ട ഒരു ചായ വാങ്ങികൊടുക്കാന്‍ കഴിയാതിരുന്നത് മനസ്സിലേക്ക് കയറി വന്നു.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി നടക്കുകയാണ്. കോമ്പ്ലിക്കേറ്റടായ ഒരു സര്‍ജറിയായിരുന്നു അത്. പെങ്ങള്‍ ചെറുതായിരിന്നപ്പോള്‍ ചെവിയില്‍ ഇട്ട എന്തോ ഒരു സാധനം ചെവിയിലെ എല്ലിനോട് കൂടിച്ചേര്‍ന്ന് ആ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്റ്ററെ കാണിച്ചപ്പോള്‍ മൂന്ന് മാസം ഈ രോഗത്തെ പറ്റി പഠിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാം സര്‍ജറി എത്രമാത്രം വലുതാണെന്ന്.

ഈ സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കവിള്‍ തൂങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ തീയറ്ററില്‍നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെങ്ങളുടെ ഒരു കവിള്‍ വല്ലാതെ തൂങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായിരുന്നു അത്.

പെങ്ങളെ കണ്ടതും ഉമ്മ ബോധം കെട്ട് താഴെ വീണു. മുഖത്ത് വെള്ളം കുടഞ്ഞ് ഉമ്മയെ എഴുനേല്‍പ്പിച്ച് എന്റെ മേല്‍ ചാരിയിരുത്തി. വെള്ളം കൊടുത്തു. ആ സമയം ഉമ്മ എന്നോട് ഒരു ചായ വേണമെന്നാവശ്യപ്പെട്ടു. ഓപറേഷന്‍ തീയറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന പെങ്ങള്‍ ഒരുവശത്ത്, ആകെ തളര്‍നിരിക്കുന്ന ഉമ്മ മറുവശത്ത്. രണ്ടുപേരേയും അവിടെ വിട്ട് ചായക്കായി ഓടാന്‍ മനസ്സനുവദിച്ചില്ല. ഉമ്മയോട് ഡോക്ടര്‍ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല, കവിള്‍ തൂങ്ങിയത് ചെവി വികസിക്കാന്‍ പുരട്ടിയ മരുന്നിന്റെ എഫക്ടാണ്. അത് മൂന്ന് മണിക്കൂര്‍ കഴിയുംബോള്‍ സാധാരണ രീതിയിലാവും. അത് കേട്ടപ്പോള്‍ ഉമ്മക്ക് സമാധാനമായി. ഉമ്മ തന്നെ അപ്പോള്‍ 'അല്ലെങ്കില്‍ ചായ വേണ്ട' എന്ന് പറഞ്ഞു. ഉമ്മക്ക് മനസ്സിലായിക്കാണും എന്റെ അവസ്ഥ. എന്റെ തോളില്‍ ചാരി ക്ഷീണത്തോടെ നടക്കുംബോഴും പെങ്ങള്‍ കിടക്കുന്ന സ്ട്രച്ച്ചര്‍ തള്ളുന്ന വാര്‍ഡന് കൊടുക്കാനുള്ള ചില്ലറ പേഴ്സില്‍നിന്നുമെടുത്ത് കയ്യില്‍ ചുരുട്ടി വെക്കുന്നുണ്ടായിരുന്നു.

****************************************************

ഈ സംഭവം ഉമ്മക്ക് ചിലപ്പോള്‍ ഓര്‍മതന്നെ കാണില്ല. പക്ഷേ എന്തോ, എനിക്ക് മറക്കാനാവുന്നില്ല.

റബ്ബേ... ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് നീ ദീര്‍ഘായുസ്സ് കൊടുക്ക്... ആമീന്‍...

Monday, January 10, 2011

മുളിയനുറുമ്പിന്റെ തോഴന്‍...



ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന പഞ്ജവടിപ്പാലം ഒരുപാട് സുന്ദരമായ ഓര്‍മകള്‍ തന്നിട്ടുണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്ക്. പാലത്തിന് അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇല്ല, ഞങ്ങള്‍ കൂട്ടുകാരുടെ വകയായി ഇട്ടതാണ് ആ പേര്.

വയലിലൂടെ ഒഴുകുന്ന ഒരു തോട്, തോടിനിപ്പുറം രാമനാട്ടുകര പഞ്ജായത്ത്, അപ്പുറം ഫറോക്ക് പഞ്ജായത്ത്. രണ്ട് പഞ്ജായത്തുകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം. മഴക്കാലത്ത് ആ പാലത്തിന്റെ രണ്ട് കൈവരിയിലായി മുഖാമുഖം ഇരുന്നാണ് ഞാനും എന്റെ കൂട്ടുകാരും സൊറ പറഞ്ഞ് സമയം പോക്കാറ്. നല്ല ഒഴുക്കുള്ളപ്പോള്‍ തോട്ടിലേക്ക് കാലിട്ടായിരിക്കും ഇരിക്കുക. ആരുടേയെങ്കിലും ചെരുപ്പ് ഒലിച്ചുപോയാല്‍ പിന്നെ അത് പിടിക്കാനുള്ള ഓട്ടമായിരിക്കും എല്ലാരും കൂടെ. നീര്‍ക്കോലിയെങ്ങാനും പോകുന്നത് കണ്ടാല്‍ 'പടച്ചോനേ..' എന്നും വിളിച്ച് എല്ലാരുംകൂടെ ഒരുമിച്ച് തോട്ടില്‍നിന്നും കാല്‍ വലിക്കും. 'നീര്‍ക്കോലി കടിക്കുംന്ന് പേടിച്ച്ട്ടല്ല, രാത്രി ചോറ്ന്നീല്ല്യെങ്കില്‍ ഇനിക്ക്യൊറക്കം കിട്ടൂല'. ആരുടെയെങ്കിലും വക ഈ കമന്റ് അപ്പൊഴേക്കെങ്കിലും എത്തിക്കാണും.

വേനല്‍ക്കാലത്ത് അതിനടുത്തുതന്നെയുള്ള ഞങ്ങള്‍ 'ഡര്‍ബണ്‍' എന്ന് വിളിക്കുന്ന മങ്കുയ്യില്‍ (മണ്ണെടുത്ത കുഴി) ഭയങ്കരമായ ക്രിക്കറ്റ് കളിയിലായിരിക്കും. ബാല്യത്തിലെ നല്ലൊരുഭാഗവും ഞങ്ങള്‍ ചിലവഴിച്ചത് ആ വയലില്‍ തന്നെയായിരുന്നു.

പറഞ്ഞുവരുന്നത് ഗ്രൗണ്ടിനും പാലത്തിനും അടുത്തായുള്ള മാവിനെ പറ്റിയാണ്. നിറയെ മാങ്ങയുണ്ടാവും. ആദ്യമൊക്കെ ഞങ്ങള്‍ കയറി പറിക്കാറുണ്ടായിരുന്നു. പിന്നീട് മുളിയന്‍ ഉറുമ്പ് മാവിന്റെ ഭരണം ഏറ്റെടുത്തു. ഭരണം മാറിയപ്പോള്‍ ഞങ്ങളുടെ അവസ്ഥ കഷ്ടമായി. മുളിയനുറുമ്പിനെ വകവെക്കാതെ മാവില്‍ വലിഞ്ഞുകയറിയവരെല്ലാം അതിന്റെ രൂക്ഷമായ ആക്രമണത്തിനിരയായി. ഞങ്ങള്‍ വിട്ടില്ല. ഇസ്രായേലിനെതിരെ ഗാസയിലെ പാവം ജനത കല്ലെടിത്തെറിയുന്നതുപോലെ ഞങ്ങളും എറിഞ്ഞു. കൂട്ടത്തില്‍ ഉന്നം കൂടുതലുള്ളവന്‍ താരമായി. പലരും ഒരു മാങ്ങക്കയി അവന്റെ മുന്നില്‍ കെഞ്ജി. അവന്‍ അഹങ്കാരത്തോടെയും പുച്ഛത്തോടെയും അബദ്ധമായ ഏറുകള്‍കൊണ്ട് താഴെ വീണ പുളിക്കുന്ന പച്ചമാങ്ങകള്‍ ഞങ്ങള്‍ക്ക് തന്നു.

ഇനിയാണ് നമ്മുടെ കഥാനായകന്റെ അരങ്ങേറ്റം. 'അലി' അതെ അവനെ പ്രകൃതിയുടെ മകന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. കാര്‍മേഘങ്ങള്‍ മൂടിയിരിക്കുമ്പോള്‍ എല്ലാവരും വീട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറയും ' ഇത് പെയ്യൂലെടാ... ഈ മേഘൊക്കെ കാറ്റിനങ്ങട്ട് പൊയ്ക്കോളും'.
പറഞ്ഞത് അച്ചട്ടായിരിക്കും. ചില സമയത്ത് ചെറിയൊരു മേഘമേ കാണുള്ളു. അപ്പൊ അവന്‍ പറയും ' മക്കളേ... വേഗം പൊരേല്‍ പൊയ്ക്കോളി... ഇപ്പോ മഴപെയ്യും' ആരെങ്കിലും കേള്‍ക്കാണ്ടിരുന്നാല്‍ പണികിട്ടും. ഒരു സംശയവും ഇല്ല.


പുതുമഴ പെയ്ത് തോട് നിറഞ്ഞൊഴുകിയാല്‍ വരാലും, മഞ്ജളേട്ടയും അങ്ങനെ കുറേ മീനുകള്‍ അവനെ കാണാനെത്തും. അവന്‍ വച്ച കണ്ടാടി വലയില്‍ എല്ലാവരും സന്തോഷത്തോടെ കിടക്കുന്നുണ്ടാവും. തോട്ടിലേക്ക് ഇറക്കിയിട്ടിരിക്കുന്ന വലകള്‍ ഉയര്‍ത്തിനോക്കുംബോള്‍ അതില്‍ നിറയെ മീനുകളെ കണ്ടാല്‍ അവന്റെ സ്വതസിദ്ധമായ ഒരു പുഞ്ജിരിയുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിക്കറ്റ് കിട്ടിയാലും ഇതേ ചിരിയാണ് ബ്രെറ്റാലിക്ക്. (ക്രിക്കറ്റ് കളിയില്‍ ഞങ്ങള്‍ അവനെ വിളിക്കുന്ന പേരാണ് ബ്രെറ്റാലി)

അങ്ങനെ ഉന്നം കുത്തകയാക്കി വച്ചിരുന്ന കരിങ്കാലികളെ അലി തകര്‍ത്തെറുഞ്ഞു. മുളിയനുറുമ്പിന്റെ കോട്ടയിലേക്ക് ഒരു പടയാളിയെപ്പോലെ അവന്‍ ചെന്നു. ഒരു മുളിയനുറുമ്പും അവനെ തൊട്ടതുപോലുമില്ല. മുളിയനുറുമ്പിനും തോന്നിക്കാണും ഇവനോട് കളിച്ചാല്‍ ശരിയാവില്ലെന്ന്. പഴുക്കാറായ എല്ലാ മാങ്ങകളും പറിച്ച് അങ്കം ജയിച്ചവനെപ്പോലെ അവന്‍ വന്നു. കരിങ്കാലികള്‍ അവനുമുന്നില്‍ തല താഴ്തി. കൂട്ടത്തില്‍ പഴുപ്പ് കൂടിയ മാങ്ങകള്‍ നല്‍കി അവന്‍ അവര്‍ക്ക്. മധുര പ്രതികാരം അവരെ വീണ്ടും തല കുനിപ്പിച്ചു.

ഞങ്ങള്‍ അഹങ്കരിച്ചു... നമ്മുടെ തോഴന്‍ പ്രകൃതിയ്ക്കും, വരാലുകള്‍ക്കും എന്തിന്, മുളിയനുറുമ്പുകള്‍ക്കുവരെ തോഴന്‍....

Tuesday, January 4, 2011

നഷ്ടബോധം

എന്നും ഒരു നഷ്ടബോധമാണ് എനിക്കെന്റെ grant parents നെ പറ്റി ആലോചിക്കുംബോള്‍ തോന്നാറുള്ളത്. അവരുടെ ആ മഹത്തായ സ്നേഹം അനുഭവിക്കാന്‍ പറ്റാഞ്ഞത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.

ഏഴാമത്തെ വയസ്സില്‍ എന്റെ ഉമ്മക്ക് ഉമ്മയെ നഷ്ടമായി. പറഞ്ഞുതരാന്‍ വ്യക്തമായ ഓര്‍മകള്‍ വരെയില്ല ഉമ്മക്ക്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു പോലും. അപസ്മാര രോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. പതിനഞ്ജാമത്തെ വയസ്സില്‍ ഉമ്മക്ക് ഉപ്പയേയും നഷ്ടമായി. നല്ല ഉയരമുണ്ടായിരുന്നു. കട്ടിയുള്ള കണ്ണട ധരിക്കുമായിരുന്നു. സങ്കല്പ്പിച്ചെടുക്കാന്‍ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ല.

ഉപ്പാപ്പയേയും ഉമ്മാമയേയും പറ്റിയുള്ള ഓര്‍മകളും വിരളം. ഉമ്മാമ മരിക്കുംബോള്‍ ഞാന്‍ കൈ കുഞ്ഞാണ്. ആ മരണവീട്ടിലെ പാടകെട്ടിയ ഒരു ഓര്‍മ മാത്രമേ മനസ്സിലുള്ളു.

1992 ല്‍ ആണ് ഉപ്പാപ്പ മരിക്കുന്നത്. എനിക്കന്ന് എട്ട് വയസ്സ്. വര്‍ഷങ്ങള്‍ക്കുമുന്നേ ആള്‍ കിടപ്പിലയിരുന്നു. എന്റെ വീടിന്റെ പണി മുഴുവന്‍ തീരാത്തതിനാല്‍ ഉപ്പയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഉപ്പാപ്പ. ഒരുദിവസം ഉപ്പ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നത് എനിക്ക് മറക്കാനവില്ല. ഉറക്കെ ദിക്റും സലാത്തും ചൊല്ലും. നല്ല രസാണ് കേള്‍ക്കാന്‍. അന്ന് ഉപ്പാപ്പയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഉപ്പ ഇപ്പഴും ഇടക്കിടെ അത് കേള്‍ക്കുന്നത് കാണാം.

ഒരു ദിവസം ഉപ്പാപ്പ എന്നോട് വാഴയിലയുടെ ചെറിയ കഷ്ണം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് കൊണ്ടുപോയി കൊടുത്തപ്പോള്‍ അത് വീണ്ടും ചെറുതാക്കി മൂക്കില്‍ തിരുകി തുമ്മി ആസ്വദിക്കുകയാണ് പുള്ളി. ജലദോഷം വരുമ്പോള്‍ ഞാന്‍ ആ വിദ്ദ്യ പ്രയോഗിക്കാറുണ്ട്. നല്ല ആശ്വാസം കിട്ടും. ഒരു കാര്യമെങ്കിലും എനിക്ക് ഉപ്പാപ്പയില്‍നിന്നും പഠിക്കാന്‍ പറ്റി.

പിന്നീട് പുള്ളി കിടപ്പിലായിപ്പോയി. അടുത്ത് ചെല്ലുംബോള്‍ ഉറക്കെ പറയണം ' ഉപ്പാപ്പേ... ചെറിയോന്റെ മോനാണെന്ന്' (എന്റെ ഉപ്പയെ എല്ലാരും ചെറിയോന്‍ എന്നാണ് വിളിച്ചിരുന്നത്) അത് കേള്‍ക്കുംബോള്‍ കയ്യില്‍ അമര്‍ത്തി പിടിക്കും.

ഒരു കാര്യത്തില്‍ ഉപ്പാപ്പയും ഉമ്മാമയും ഭാഗ്യവാന്മാരണ്. അവര്‍ ഉറങ്ങുന്നത് ഒരുമിച്ചാണ്. അടുത്തടുത്ത രണ്ട് ഖബറുകള്‍. പല ദമ്പതിമാരും സ്വപ്നം കാണുന്ന ഒന്നാണ് മരിച്ചാല്‍ രണ്ട് ഖബറും ഒരുമിച്ചാവണമെന്നുള്ളത്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ.

ഇത് എഴുതാനുള്ള പ്രചോദനം എന്റെ കൂട്ടുകാരന്‍ റഫീസിന്റെ ഒരു ബ്ലോഗ് ആണ്. മുത്തച്ഛന്റെ വിരലില്‍ പിടിച്ച് നടക്കുന്ന കൊച്ചുമകളുടെ ചിത്രത്തോടുകൂടിയുള്ള ആ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവരുടെ അടുക്കല്‍ ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും 'നിങ്ങളുടെ കൊച്ചുമക്കള്‍ ആരും തന്നെ ചെയ്യാത്ത ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്തെന്ന്'.

സ്നേഹിച്ച് കൊതി തീരാത്ത, സ്നേഹിക്കപ്പെട്ട് കൊതി തീരത്ത എന്റെ Grand Parents ന് ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.

Wednesday, May 19, 2010

" ഐസുകാരന്‍"

ചുട്ടുപൊള്ളുന്ന വെയിലത്ത് ഐസ്..... എന്ന് നീട്ടി വിളിച്ച്, തലയില്‍ ഒരു പെട്ടിയുമായി നടന്നുനീങ്ങുന്ന ഒരു " ഐസുകാരന്‍" ഉണ്ടായിരുന്നു എന്റെ നാട്ടില്‍.

നിരച്ച താടിയും നിരച്ച മുടിയും കലങ്ങിയ കണ്ണുകളും വലിയ മീശയുമായി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരാന്‍ അയാള്‍ എത്താറുണ്ടായിരുന്നു എന്നും. രൂപത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. എന്നും ഒരേപ്രായം..

ഒരു പ്രത്യേക രീതിയിലാണ് മൂപ്പരുടെ "ഐസ്...." എന്ന വിളി. ആ വിളി അനുകരിക്കാത്തവരായി ആരും കാണില്ല എന്റെ നാട്ടില്‍.ഇന്നും ആ ഐസിന്റെ രുചി നാവില്‍ ഉണ്ടെന്ന് മാത്രമല്ല ഐസ് തിന്ന്കഴിഞ്ഞ് ഐസുങ്കോല്‍ നുണയുംബോള്‍ ഉള്ള രുചിവരെ നാവിലിരിക്കുന്നു, ഇന്നും.

ഇതുപോലെയുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നെങ്കിലും ഐസുകാരനോളം വരില്ലായിരുന്നു ആരും. അയാളുടെ പേരും ആര്‍ക്കും അറിയാന്‍ വഴിയില്ല. ഒരു പേരിന്റെ ആവശ്യം ഇല്ലായിരുന്നു മൂപ്പര്‍ക്ക്. ഒരുപാട് തലമുറകളെ ഐസ് കഴിപ്പിച്ച ഞങ്ങളുടെ സ്വന്തം " ഐസുകാരന്‍".കാശുള്ളപ്പോള്‍ നുണപ്പിച്ചും കാശില്ലാത്തപ്പോള്‍ കൊതിപ്പിച്ചും കടന്നുപോയിരുന്ന ഞങ്ങളുടെ ഐസുകാരന്‍...

വളരെ അപൂര്‍വമായെ അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു.ഒരിക്കല്‍ ഞാന്‍ എത്ര വയസ്സായെന്നു ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി.

ഇന്നത്തെ കുഞ്ഞുങ്ങള്‍ പാര്‍ക്കിംഗ് ഉള്ള ശീതീകരിച്ച shopping malls ലെ food court ല്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു കഴിക്കുംബോള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ വാങ്ങിച്ചുകൊടുക്കുംബോള്‍ ഒരു സങ്കടം മാത്രം, അത് എനിക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്നല്ല. മറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് കാശിനുവേണ്ടി കരഞ്ഞ് കണ്ണീരിന്റെ രുചിയറിഞ്ഞ് ആ കണ്ണീര് കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞ് 50 പൈസ തന്ന് അതും കൊണ്ട് ദൂരെ എവിടെയോ എത്തിയ ഐസുകാരന്റെ ശബ്ദത്തില്‍നിന്നും ഗതി മനസ്സിലാക്കി ഓടി ഐസുകാരനെ കണ്ട് കണ്ണില്‍ പൂത്തിരി കത്തി ഐസും നുണഞ്ഞ് പൊരിവെയിലത്ത് അഭിമാനത്തോടെ നടക്കാന്‍ ഉള്ള ഭാഗ്യം ഈ കുട്ടികള്‍ക്കില്ലല്ലോ എന്നോര്‍ത്ത്.

Sunday, May 16, 2010

എന്റെ കൊച്ചു മുറി..

എന്റെ വീട്ടില്‍ എനിക്ക് സ്വന്തമായി ഒരു കൊച്ചു മുറിയുണ്ട്. പലപ്പോഴും അത് തീരെ ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇങ്ങു Dubai ല്‍ വന്നപ്പോള്‍ ഉമ്മയുടേയും നാടിന്റെയും വീടിന്റേയും വില മനസ്സിലാക്കിയ കൂട്ടത്തില്‍ എന്റെ ആ കൊച്ചു മുറിയുടേയും വില എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ എനിക്കായി.. ഇനിയൊരിക്കലും എന്റെ മുറി ചെറുതാണെന്ന് ഞാന്‍ പറയില്ല. ആ മുറിയിലെ സന്തോഷവും സമാധാനവും, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത് തന്നെയാണ്.