Sunday, February 6, 2011

കള്ളന്‍... കള്ളന്‍...

സൂര്യന്‍ ഇരുട്ടില്‍ ഒളിക്കാന്‍ തുടങ്ങുന്ന സമയം കളി കഴിഞ്ഞ് വിയര്‍പ്പ് ഉണങ്ങാന്‍ എല്ലാരും കൂടെ കത്തിയടിച്ചും കളിയെ വിശകലനം ചെയ്തും ഇരിക്കുംബോഴാണ് 'ഓടിവരീ... കള്ളന്‍ കള്ളന്‍' എന്ന അലര്‍ച്ച കേള്‍ക്കുന്നത്. ശബ്ദം കേട്ട ദിശയിലേക്ക് എല്ലാരുംകൂടെ ഓടി. ഭര്‍ത്താവ് ഗള്‍ഫിലുള്ള, മകനോടൊപ്പം വീട്ടില്‍ താമസിക്കുന്ന ഒരു ഇത്തായുടെ വീട്ടിലാണ് കള്ളന്‍ കയറിയിരിക്കുന്നതെന്ന് മനസ്സിലായി.

ഓടിചെന്നപ്പോള്‍ കണ്ടത് വാതില്‍ തള്ളി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന കള്ളനും അകത്തുനിന്നും വാതില്‍ അമര്‍ത്തിപിടിച്ച് അലറി വിളിക്കുന്ന വീട്ടുകാരിയും. ഞങ്ങളെ കണ്ട് ഓടാന് ശ്രമിച്ച കള്ളന് പെട്ടെന്ന് തന്നെ പിടിയിലായി. കുറ്റി മുടി, ഉറച്ച ശരീരം, ഇരുനിറം, ശരീരത്തോടൊട്ടിനില്‍ക്കുന്ന ടീ ഷര്‍ട്ടും കള്ളിമുണ്ടും വേഷം. നല്ല ഉഗ്രന്‍ കള്ളന്‍, അടി കുറച്ച് താങ്ങാനുള്ള ശേഷിയുണ്ട്. ചോര തിളക്കുന്ന ഇരുപതുകാര്‍ക്ക്കയറി മേയാന്‍ മാത്രമുണ്ട്.

ആമുഖമൊന്നുമില്ലതെ കോപ്ലിയുടെ വക അടി ഉത്ഘാടനം തുടങ്ങി. എല്ലാവരും ഓരോ അവസരത്തിനായി കാത്തുനില്ക്കുകയാണ്, ഓസിക്കുത്ത് കുത്താന്‍. ഓസിക്കുത്തെന്ന് പറഞ്ഞാല്‍ അറിയാമല്ലോ... തിരിച്ചുകിട്ടില്ല എന്ന ഉറപ്പോടെ കുത്തുന്നത്. (ഓസിക്കുത്ത് കുത്തുന്നവരോട് പറയാനുള്ളത്... ഓസിയാണെന്ന് കരുതി അധികം കുത്തരുത്. വല്ലാതെ വേദനിപ്പിച്ച ആളുടെ മുഖം അവന്‍ നോട്ട് ചെയ്ത് വച്ചാല്‍ എപ്പോ വേണമെങ്കിലും പണികിട്ടാന്‍ സാധ്യതയുണ്ട്)

ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെ 'മസാല' കള്ളനെ കഴുത്തിലൂടെ ഒരുകയ്യിട്ട് വരിഞ്ഞ് മുറുക്കി പിടിച്ച് ഒരു മുഷ്ടി ചുരുട്ടി കള്ളന്റെ മുഖത്തിനു നേരെ വച്ചിട്ട് ചോദിക്കുകയാണ് ' പറയെടാ... നീ എന്തിനാ വന്നത്?'. കള്ളന് പറയാന് പോയിട്ട് ശ്വാസമെടുക്കാന്‍ പോലും അവന്റെ പിടുത്തം കാരണം പറ്റുന്നില്ല. ശ്വാസമേടുക്കാന്‍ മസാല അവനെ വിടുന്ന സമയത്ത് ഞാനും കോപ്ലിയും ഇടക്കിടെ ഓരോന്ന് പൊട്ടിക്കും.

കോപ്ലിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ ഭയങ്കര താല്‍പര്യമാണ്. അങ്ങാടിയിലെ പല വലിയ വഴക്കുകളും കാണികളെ നിരാശപ്പെടുത്തി അടിയുണ്ടാവാതെ ഡയലോഗില്‍ മത്രം ഒതുങ്ങുംബോള്‍ ഡയലോഗ് ഇല്ലാതെ അപ്രതീക്ഷിതമായ അടികളാണ് കോപ്ലിയുടെ സ്റ്റൈല്‍. ആ കോപ്ലിയുടെ കയ്യിലേക്ക് കള്ളനെ വിട്ടുകൊടുക്കാതിരിക്കുകയാണ് മസാല. അവനറിയാം കോപ്ലിയുടെ കയ്യില് കിട്ടിയാല് പിന്നെ കള്ളന്റെ ഹോസ്പിറ്റല്‍ ചിലവുകൂടെ കൊടുക്കേണ്ടി വരുമെന്ന്.

അതിനിടയില്‍ ആരോ പോലീസിനെ വിളിച്ചു. ഓസിക്കുത്തിനായി വരിയില്‍ നിന്ന പാവം ഓസന്മാരെ നിരാശരാക്കികൊണ്ട് പോലീസ് ജീപ്പെത്തി. പോലീസ് ജീപ്പിലേക്ക് 'ചോട്ട മുംബൈ' പടത്തില്‍ ബിജുക്കുട്ടന്‍ കയറിയതിനേക്കാള്‍ ഉത്സാഹത്തോടെയാണ് കള്ളന്‍ കയറിയത്. നാട്ടുകാര്‍ പെരുമാറിയാല്‍ പിന്നെ പോലീസ് തൊടില്ലെന്നവനറിയാമായിരിക്കും.. മാത്രമല്ല കഴിക്കാനും വല്ലതും കിട്ടും.

ആ ദിവസം അങ്ങനെ കടന്നുപോയി. കള്ളനെ സാഹസികമായി പിടിച്ച യുവ രക്തങ്ങളെ ഏവരാലും പ്രശംസിക്കപ്പെട്ടു.

പിറ്റേദിവസം കളിക്കാന്‍ പോകുന്ന ഞങ്ങളോട് അവിടുത്തെ ഇത്താമാരെല്ലാം കൂടിനിന്ന് ഭയങ്കര ചീത്ത. 'എടാ... നിങ്ങള്‍ക്കൊക്കെ പടച്ചോന്റെ അടുത്തുനിന്ന് ശാപം കിട്ടും, എന്ത് അടിയാ നിങ്ങളെല്ലാരും കൂടെ ആ പാവത്തിനെ അടിച്ചത്?'

ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മ തലേദിവസത്തേക്ക് റിവൈന്റ് അടിച്ചു. ' ഓന്റെ നാഭിക്ക് ചവിട്ടെടാ... ഓന്റെ കണ്ണ് കുത്തിപ്പൊട്ടിക്കെടാ... രണ്ടെണ്ണം കൂടെ കൊടുക്കെടാ ഓന്‍ക്ക്... ' എന്നൊക്കെ തലേദിവസം ഇന്‍സ്റ്റ്രക്ഷന്‍സ് നല്‍കികൊണ്ടിരുന്നവരെങ്ങനെ ഇത്ര പെട്ടെന്ന് ഞങ്ങള്‍ക്കെതിരെയായി?

ചോദിക്കേണ്ടി വന്നില്ല... അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു, ' മാനസിക രോഗിയായ ആ ചെക്കനെ നിങ്ങളെല്ലാരും കൂടെ കൊല്ലാനാക്കിയില്ലെടാ?... ഓന്റെ ഉപ്പ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വന്ന് കരഞ്ഞു പോയി ചെക്കന്റെ കോലം കണ്ടിട്ട്, ഇന്റെ മോനെ ഇങ്ങനെ ആക്കിയോരോട് പടച്ചോന്‍ ചോദിച്ചോളും എന്ന് പറഞ്ഞിട്ടാ പാവം ഓനേം കൂട്ടിപ്പോയത്.'

തലേദിവസത്തെ ഹീറോസ് പിറ്റേദിവസം വില്ലന്മാരായി. ഞങ്ങളെല്ലാവര്‍ക്കും അത് സങ്കടവുമായി. കൂടെ ഉണ്ടായിരുന്നവരും ഞങ്ങള്ക്കെതിരെ തിരിഞ്ഞു. പോയി മാപ്പ് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം.

അതിന് ശേഷം എവിടെയെങ്കിലും കള്ളനേയോ പോക്കറ്റടിക്കാരനേയോ പിടിച്ചാലും ആ മുഖമൊന്ന് കാണും എന്നല്ലതെ ഒന്നും ചെയ്യാറില്ല. അടിയുണ്ടാക്കാനും അടി കാണാനുമുള്ള എല്ലാവരുടേയും താല്‍പര്യം ആ ഒരു സംഭവത്തോടെ അവസാനിച്ചു.

7 comments:

  1. മസാല, കോപ്ലി... ഇതൊക്കെ എന്റെ കൂട്ടുകാരെ ഞാന്‍ വിളിക്കുന്ന പേരാണ്. അവരെന്നേയും ഇതുപോലൊരു പേര്‍ വിളിക്കാറുണ്ട്... പക്ഷേ പറയില്ല മക്കളേ...

    ReplyDelete
  2. ചൂട് വെള്ളത്തില്‍ വീണ പൂച്ച അല്ലെ?
    രസകരമായി എഴുതി.പിന്നെ 'ഓസിക്കുത്ത് 'ഒക്കെ ആദ്യമായിട്ടാ ഞാന്‍ കേള്‍ക്കുന്നത്.

    ReplyDelete
  3. ഹാഷിമേ... മൂളലില്‍ ഒതുക്കിയാല്‍ മതിയോ?

    @ may flower: അതെ ചൂടുവെള്ളത്തില്‍ വീണ പൂച്ച തന്നെ. അഭിപ്രായത്തിന് നന്ദി

    ReplyDelete
  4. 'ഓസിക്കുത്ത് ' എനിക്ക് ഇഷ്ടമായി.

    ReplyDelete
  5. ഇടപെട്ടുകളയും ഞാന്‍...എന്നാണല്ലോ മുദ്രാവാക്യം

    ReplyDelete
  6. ഈ സംഭവവും കൊള്ളാം ..ഞാന്‍ വിചാരിച്ചു "മസാല ക്കള്ളന്‍ " ആണെന്ന് !! ഗള്‍ഫ് വീട് നോക്കി കയറിയത് കൊണ്ടാ ..:)

    ReplyDelete