Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, April 21, 2015

അമ്മിഞ്ഞ കമ്പനി

‌‌അന്ന് രാത്രി ഘോരശബ്ദത്തോടെ ശക്തിയായി ഇടിവെട്ടി. മിന്നല്‍ പാതിരാത്രിയെ ഒരുനിമിഷത്തേക്ക് പകലാക്കി മാറ്റി. വര്‍ഷങ്ങളായിരിക്കുന്നു ഇത്രയും ശക്തിയായി ഒരു ഇടി വെട്ടിയിട്ടും മിന്നലെറിഞ്ഞിട്ടും. ഭൂമിക്കുമേല്‍ ശബ്ദമുയര്‍ത്താനും പ്രകാശം ചൊരിയാനും അവരും ഭയന്ന് കാണണം.
 
ശക്തമായ ഇടിവെട്ടില്‍ കുന്നിന്‍ചെരുവിലെ ആ ബലികുടീരം പൊട്ടിത്തെറിച്ചു. ഭണ്ടാരത്തിലെ ചില്ലറത്തുട്ടുകള്‍ പുല്‍ത്തകിടിയിലെ മഞ്ഞുകണങ്ങളില്‍ ചിതറിക്കിടന്നു. 

പൊളിഞ്ഞുവീണ ഇഷ്ടികകളെ വകഞ്ഞുമാറ്റി ആയാസപ്പെട്ട് രക്തസാക്ഷി ആ കുടീരത്തില്‍നിന്നും കയറിവന്നു. ഇരുണ്ട തൊലിയും ഒട്ടിയ വയറും ഞരമ്പോടിയ കൈകളും അല്പം കുനിഞ്ഞ് പോയ മുതുകും. ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും പ്രതീകമാക്കാവുന്ന ഒരു പ്രതിമയെപ്പോലെ തോന്നിക്കുമെങ്കിലും അയാളുടെ കണ്ണുകളില്‍ വിപ്ലവാവേശം തീവ്രമായി ജ്വലിക്കുന്നുണ്ട്.

തന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച മണ്ണും പൊടിയും തട്ടിക്കൊണ്ട് അയാള്‍ കുന്നിന്‍മുകളിലേക്ക് നോക്കി. അവിടെ ആ കാഴ്ച കണ്ട് അയാള്‍ അത്ഭുതത്തോടെ നോക്കിനിന്നു. ചില്ലുകൊട്ടാരം പോലെ പ്രകാശം പരത്തി ഒരു മനോഹരമായ കെട്ടിടം. അയാള്‍ കുന്നിന്‍മുകളിലേക്ക് നടന്നു.

'ആരാ അത്..?' 

ചോദ്യം കേട്ട് രക്തസാക്ഷി തിരിഞ്ഞുനോക്കി. നല്ല വസ്ത്രങ്ങള്‍ ധരിച്ച ഒരാള്‍ അയാളുടെ അടുത്തേക്ക് വന്നു.

'ചോദിച്ചത് കേട്ടില്ലേ... ആരാന്ന്..?'

അതിനുത്തരം കൊടുക്കാതെ രക്തസാക്ഷി വീണ്ടും ചില്ലുകൊട്ടാരത്തിലേക്ക് നോക്കി.

കോലം കണ്ടിട്ട് ഈ നാട്ടുകാരനല്ലെന്ന് തോന്നുന്നു. - അയാള്‍ മനസ്സില്‍ പറഞ്ഞു.

'ഓ.. ഇതെന്താണെന്ന് മനസ്സിലായില്ലേ...? ഇതാണ് അമ്മിഞ്ഞ കമ്പനി. കേട്ടിട്ടില്ലേ..?'

രക്തസാക്ഷി അത് കേട്ടതായി ഭാവിച്ചില്ല.

ബധിരനല്ല.. പക്ഷേ മൂകനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഞാനീ ചോദ്യമൊക്കെ ചോദിച്ചിട്ട് എന്തെങ്കിലും ഒന്ന് പറയണ്ടേ. ആ.. ഒരു കണക്കിന് ഇങ്ങനെയുള്ളവന്മാരെ കിട്ടുന്നതാ നല്ലത്. എത്രവേണേലും സംസാരിക്കാം. വെറുതെ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കില്ലല്ലോ.

അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

'ഇതാണ് അമ്മിഞ്ഞ കമ്പനി. ഞാനിവിടെയാ ജോലി ചെയ്യുന്നത്. എനിക്കിവിടെ താക്കോല്‍ സ്ഥാനമാണ്. എന്റെ കഷ്ടകാലത്തിന് ഇവിടെ ഒരുപാട് താക്കോല്‍ സ്ഥാനക്കാര്‍ ഉണ്ടുതാനും. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. ഞാന്‍ രാവിലെ നാലുമണിക്ക് എഴുനേറ്റ് എന്റെ ജോലികള്‍ തുടങ്ങും.' 

അയാള്‍ അല്പം നിര്‍ത്തിയിട്ട്

'എന്നും നാല് മണിക്ക് എഴുനേല്‍ക്കുമോ...? ചില ദിവസങ്ങളിലൊക്കെ ഉറങ്ങിപ്പോകില്ലേ എന്നൊരു സംശയം തനിക്കുണ്ടോ..?'

രക്തസാക്ഷി ജോലിക്കാരനെ ഒന്ന് നോക്കുകമാത്രം ചെയ്തു.

'ഉണ്ടെങ്കില്‍ അത് വേണ്ട. ഞാന്‍ ഒരു മനുഷ്യനാണെങ്കിലും എന്റെ ജീവിത ശൈലികള്‍ എന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ചിപ്പുകളാണ് തീരുമാനിക്കുന്നത്.'

അയാള്‍ തന്റെ കയ്യിലെ തൊലിക്കടിയിലായി ഘടിപ്പിച്ചിട്ടുള്ള ചിപ്പിന്റെ ആകൃതി തൊലി വലിച്ചുപിടിച്ച് രക്തസാക്ഷിക്ക് കാണിച്ചുകൊടുത്തു.
രക്തസാക്ഷി നിര്‍വികാരനായി അത് നോക്കി.

'ഭാഗ്യത്തിന് എന്റെ ചിന്തകളേയും വികാരങ്ങളേയും ഈ ചിപ്പുകള്‍ക്ക് നിയന്ത്രിക്കാനാവില്ല.

അയാള്‍ ആശ്വാസത്തോടെ ഒരു ശ്വാസം വിട്ടു.

'പറഞ്ഞപോലെ ഞാനെന്റെ കമ്പനിയെ പരിചയപ്പെടുത്തിയില്ലല്ലോ. അല്ലേലും പരിചയപ്പെടുത്തേണ്ടകാര്യമെന്തിരിക്കുന്നു. അമ്മിഞ്ഞ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ ഈ ലോകത്ത് അറിയാന്‍ മേലാത്തത്..? അത്രക്കും വലിയ ബ്രാന്‍ഡായിപ്പോയില്ലേ.. ആദ്യമായി മുലപ്പാല്‍ വിപണിയില്‍ ഇറക്കുംബോള്‍ ആരെങ്കിലും കരുതിയിരുന്നോ ഈ കമ്പനി ഇത്രയും വലിയ ഒരു പ്രസ്ഥാനമാകുമെന്ന്!! മനുഷ്യവിഭവങ്ങള്‍കൊണ്ട് ഇന്ന് അമ്മിഞ്ഞ എന്തൊക്കെ ഉല്പന്നങ്ങളാ പുറത്തിറക്കുന്നത്..'

'ഇത്തരത്തിലുള്ള ഒരു കമ്പനി ഈ കൊച്ചു കേരളത്തില്‍ എങ്ങനെ പിറവിയെടുത്തു എന്ന് താന്‍ സംശയിക്കുന്നുണ്ടാവാം. പക്ഷേ നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം കേരളത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം ഇല്ല എന്നതാണ് വാസ്തവം.'

രക്തസാക്ഷി ആദ്യം പുച്ഛഭാവത്തില്‍ ഒന്ന് ചിരിച്ചു, എന്നിട്ട് ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'മനുഷ്യനെ ഇത്രയും ചൂഷണം ചെയ്യുന്ന ഒരു കമ്പനി കേരളത്തില്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആരും ഉണ്ടായില്ലേ എന്ന നിങ്ങളുടെ സംശയം ന്യായം. എത്രയോപേര്‍ എതിര്‍ത്തു, സംഘടിച്ചു, വലിയ ചര്‍ച്ചകള്‍ നടത്തി, വിമര്‍ശിച്ചു. എല്ലാം സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ മാത്രം. ബാന്‍ അമ്മിഞ്ഞ കമ്പനി എന്നപേരില്‍ പലരും പോസ്റ്ററുണ്ടാക്കി പ്രൊഫൈല്‍ ഫോട്ടോയക്കി. പലരും അതിനെ അനുകൂലിച്ച് സംസാരിച്ചു. "ചൂഷണം എന്ന വീക്ഷണത്തോടെയല്ലാതെ പ്രസവത്തില്‍ അമ്മമാര്‍ മരിച്ചുപോകുന്ന സാഹചര്യത്തില്‍ പാവം കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാന്‍ ഈ കമ്പനി ഒരു സഹായമാകില്ലേ" എന്നൊക്കെ. ആ വാദത്തില്‍ കടിച്ചുതൂങ്ങി പലരും ഈ കമ്പനി വേണമെന്ന് വാശി പിടിച്ചു.'

രക്തസാക്ഷി വീണ്ടും ചോദ്യഭാവത്തില്‍ ജോലിക്കാരനെ നോക്കി...

'അപ്പോള്‍ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നല്ലേ?'

'ഹ..ഹ..ഹ.. വാഴക്കുല വെട്ടുന്ന ലാഘവത്തോടെ വിപ്ലവ പാര്‍ട്ടിയും ഫാഷിസ്റ്റ് പാര്‍ട്ടിയും പരസ്പരം തലകള്‍ വെട്ടി. അണികള്‍ ചത്തൊടുങ്ങി. ആദര്‍ശവും മൂല്യങ്ങളും കാറ്റില്‍ പറത്തിയ നേതാക്കള്‍ മാളങ്ങളിലൊളിച്ചു. മാളങ്ങളില്‍ സുഖവാസത്തിലാണവര്‍.'

'മതേതര പാര്‍ട്ടിയുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം. പരസ്പരം മത്സരമായിരുന്നു, ആരാണ് കേമന്‍ എന്ന് തെളിയിക്കാന്‍. ചേരിപ്പോരും തമ്മില്‍ തല്ലും പതിവാക്കിയവര്‍ക്ക് ഉള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനല്ലാതെ ഭരിക്കാനെവിടെ സമയം..? സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചിന്നവീട് ഒരുക്കുക എന്നത് മാത്രമായിരുന്നു ഒരു പോംവഴി. അങ്ങനെ അമ്മിഞ്ഞ കമ്പനി ഇവിടെ യാതാര്‍ഥ്യമായി. മലയാളികളൊന്നുമല്ല ഇതിന്റെ പിന്നില്‍.'

ജോലിക്കാരന്‍ നടന്നുകൊണ്ടേയിരുന്നു, രക്തസാക്ഷി പിന്നാലെയും.

ചില്ലുകൊട്ടാരം പല ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ജോലിക്കാരന്‍ അതിലൊരു ബ്ലോക്കിന്റെ വാതില്‍ തുറന്നു. ആ ബ്ലോക്കിന്റെ അകം മൂന്ന് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും അകത്ത് കയറി. ആദ്യത്തെ ബ്ലോക്കില്‍ കുറേ സ്ത്രീകള്‍ കിടക്കുകയും ഇരിക്കുകയും നടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അയാളെ കണ്ടപ്പോള്‍ കുറേ സ്ത്രീകള്‍ ഓടിവന്ന് അയാളെ മുട്ടിയുരുമ്മി നിന്നു. അയാള്‍ അവരുടെ പുറവും മുടിയും തലോടി. സ്ത്രീകള്‍ അയാളെ മുട്ടിയുരുമ്മി നില്‍ക്കാന്‍ വെമ്പല്‍കൂട്ടി.

'അതൊക്കെ പോട്ടെ... ഈ കാണുന്ന കൊച്ചു ഗ്രൂപ്പിനെ പരിപാലിക്കുക എന്നതാണ് എന്റെ ജോലി. പാല്‍ ചുരത്തുന്നവയെ വേറെതന്നെ 
പരിപാലിക്കുന്നു. ദാ ഇവരെല്ലാം അതാണ്, കറവപ്പെണ്ണുങ്ങള്‍.'

ആ കാഴ്ച കണ്ട് രക്തസാക്ഷിയുടെ മുതുക് ഒന്നുകൂടെ കുനിഞ്ഞു.

അടുത്ത ബ്ലോക്ക് ചൂണ്ടി അയാള്‍ പറഞ്ഞു.

'ആ ബ്ലോക്കില്‍ ഗര്‍ഭിണികളാണ്. ഈ രണ്ട് കൂട്ടരേയും പ്രത്യേകം പരിപാലിക്കണം. അവരാണല്ലോ ഈ കമ്പനിയുടെ വരുമാന സ്രോതസ്സ്.'

'അടുത്ത ബ്ലോക്കില്‍ ഗര്‍ഭമെടുക്കാന്‍ തയ്യാറെടുക്കുന്നവരാണ്. എന്റെ കമ്പനി മനുഷ്യത്വം തീരെ കാണിക്കാത്ത കമ്പനിയാണെന്ന് പറയരുത്. ഈ ഗര്‍ഭ തയ്യാറെടുപ്പ് ബ്ലോക്കില്‍ അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഗര്‍ഭമെടുക്കാനുള്ള വഴി അവര്‍ക്ക് തിരഞ്ഞെടുക്കാം. പ്രകൃതിദത്തമായ ലൈഗിക ബന്ധമാണ് പലരും തിരഞ്ഞെടുക്കുന്നതും കമ്പനി ശുപാര്‍ശ ചെയ്യുന്നതും. എന്നാല്‍ ചിലര്‍ കുത്തിവെപ്പാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം അത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം കമ്പനി അനുവദിക്കുന്നുണ്ട്.'

രക്തസാക്ഷി വീണ്ടും പുച്ഛത്തോടെ ചിരിച്ചു.

'തനിക്കറിയോ..? വിത്തുകാളകളെപ്പോലെ വിത്തുമനുഷ്യരും ഉണ്ടിവിടെ. ധാതുപോഷക വിഭവങ്ങളെല്ലാം വേണ്ടുവോളം നല്‍കി കമ്പനി അവരെ ഇവിടെ പരിപാലിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, പലരും ഈ ജോലിയില്‍ അധികകാലം തുടരാറില്ല. അവര്‍ക്ക് ക്ഷാമം നേരിടുന്ന സമയത്ത് ചിലപ്പോള്‍ അവരുടെ ജോലികൂടെ ഞാന്‍ ചെയ്യേണ്ടതായി വരാറുണ്ട്.'

അയാള്‍ ഒരു കള്ളച്ചിരി ചിരിച്ചു.

'ജോലി അത്ര ബുദ്ദിമുട്ടുള്ളതൊന്നും അല്ലന്നേ... രാവിലെ തന്നെ കറവപെണ്ണുങ്ങളുടെ മുലകള്‍ കഴുകി പാല്‍ കറക്കുന്ന മെഷീന്‍ അതില്‍ ഫിറ്റ് ചെയ്യണം. മെഷീനിന്റെ മോഡ് മാറ്റാന്‍ ശ്രദ്ധിക്കണം. പ്രസവം കഴിഞ്ഞ് ആദ്യത്തെ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം രണ്ട് വര്‍ഷം എന്നിങ്ങനെ പല രീതിയില്‍ പാലിനെ തരംതിരിച്ചാണ് വിപണിയില്‍ ഇറക്കുന്നത്. അതുപോലെതന്നെ ഹിന്ദുക്കള്‍ക്കുവെണ്ടി, മുസ്ലീമിനുവേണ്ടി, ക്രിസ്റ്റ്യാനിക്കുവേണ്ടി, എന്നിങ്ങനെ പാലിനെ പലനിറത്തിലുള്ള ബോട്ടിലുകളിലായി തരം തിരിക്കുന്നുമുണ്ട്. അതെങ്ങനെയെന്ന് ഇപ്പഴും എനിക്ക് ഒരു പിടിയും ഇല്ല. കറവ മെഷീനില്‍ ആ ഓപ്ഷന്‍ ഇല്ല താനും. ഈ പെണ്ണുങ്ങളെല്ലാം ഹിന്ദുവാണോ, മുസ്ലീമാണോ, കൃസ്ത്യാനിയാണോ എന്നൊക്കെ തിരിച്ചറിയാന്‍ ആണുങ്ങള്‍ക്ക് ഉള്ളതുപോലെ എന്തേലും അടയാളം ഉണ്ടോ ആവോ...? ആ... ആര്‍ക്കറിയാം.'


'... അത് കഴിഞ്ഞാല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കണം. പിന്നെ അവരെ  മേയാന്‍ വിടണം. ബ്ലോക്ക് വൃത്തിയാക്കണം. ഇവിടുത്തെ പണി കഴിഞ്ഞാല്‍ ഗര്‍ഭിണികളുടെ ബ്ലോക്കിലേക്ക് പോണം. അവിടെ അവര്‍ക്ക് ഭക്ഷണം കൊടുക്കണം, സംഗീതം കേള്‍പ്പിക്കണം, മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അവര്‍ക്ക് ചെയ്ത് കൊടുക്കണം, ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കണം. ഇതൊന്നും അവരോടുള്ള സ്നേഹം കൊണ്ടല്ല കെട്ടോ. അവര്‍ പ്രസവിക്കേണ്ടതും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം കൊടുക്കേണ്ടതും മുലപ്പാല്‍ ചുരത്തേണ്ടതും കമ്പനിയുടെ ആവശ്യമാണ്. പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ കമ്പനിയില്‍തന്നെ വളര്‍ത്തും. ആണ്‍കുഞ്ഞുങ്ങളാണെങ്കില്‍ എന്തുചെയ്യുമെന്ന് ഞാന്‍ പിന്നെ പറഞ്ഞുതരാം.. രഹസ്യാണ്. അവരേയും മേയാന്‍ വിട്ട് ബ്ലൊക്ക് വൃത്തിയാക്കണം.'

'അതുകഴിഞ്ഞാല്‍ അടുത്തത് ഗര്‍ഭത്തിന് തയ്യാറെടുക്കുന്നവരുടെ ബ്ലോക്കാണ്. അവിടെ ഭക്ഷണം കൊടുക്കണം. ഇപ്പോള്‍ അവിടെ പതിനൊന്നുപേരുണ്ട്. അവരെ എത്രയും പെട്ടെന്ന് ഗര്‍ഭിണികളാക്കല്‍ എന്റെ ഉത്തരവാദിത്വമാണ്. എനിക്ക് മുകളില്‍നിന്നും പ്രഷര്‍ ഉള്ള ഒരേ ഒരു കാര്യം ഇതാണ്. ഭക്ഷണം നല്‍കി വിത്ത്പുരുഷന്മാരെ വിളിച്ചുവരുത്തി അവരോടൊപ്പം ഈ പെണ്ണുങ്ങളെ മേയാന്‍ വിടണം. ഈ പതിനൊന്ന് പെണ്ണുങ്ങള്‍ക്ക് മിനിമം അഞ്ചാളെയെങ്കിലും കിട്ടണം. ടൈറ്റ് കാരണം രണ്ട് പേരെയൊക്കെയേ ആ വിംഗ് അനുവദിക്കുന്നുള്ളൂ. ഈ രണ്ടെണ്ണത്തിനേയും വച്ചുകൊണ്ട് പതിനൊന്നെണ്ണത്തിനേയും ഗര്‍ഭിണികളാക്കാന്‍ പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാ. ഇനിയും ആയില്ലേന്ന് ചോദിച്ച് വിളിച്ചാല്‍ ഞാന്‍ എല്ലാറ്റിനേയും പിടിച്ചങ്ങ് കുത്തിവെപ്പ് നടത്തിക്കളയും. ഹല്ല.. പിന്നെ...'

അതുപറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു.

രക്തസാക്ഷിയുടെ മുതുക് ഇനിയൊരിക്കലും നിവര്‍ത്താനാകില്ല എന്ന്‍തോന്നിക്കും വിധം കുനിഞ്ഞുപോയിരിക്കുന്നു. 

'എന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ളതുപോലുള്ള ചിപ്പുകള്‍ എല്ലാവരുടെ മേലും ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മേയാന്‍ വിട്ടാലും പിന്നാലെ ആട്ടിടയനെപ്പോലെ വെയിലും കൊണ്ട് നടക്കേണ്ടതില്ല. ഇത്രയും ആള്‍ക്കാരെ ഈ കമ്പനിയിലേക്ക് എവിടുന്ന് കിട്ടുന്നു എന്ന ഒരു സംശയം സ്വാഭാവികമായും തനിക്കുണ്ടായേക്കാം. ഒരു സംശയവും വേണ്ട... കോര്‍പ്പറേറ്റുകളും അധികാര വര്‍ഗ്ഗവും ചേര്‍ന്ന് നടത്തുന്ന സ്പോണ്‍സേര്‍ഡ് കലാപത്തില്‍നിന്നും.  കലാപ ബാധിത പ്രദേശങ്ങളില്‍നിന്നും പാലായനം ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് ഇവിടെ കൊണ്ടുവരും. പ്രകൃതി ദുരന്തങ്ങളില്‍ കാണാതാകുന്നവരില്‍ പലരും ഇവിടെ എത്തും. അവരെയൊക്കെ പൊക്കാന്‍ പ്രത്യേക വിംഗ് തന്നെ കമ്പനിക്കുണ്ട്. എങ്ങനെയെങ്കിലും കമ്പനി ആളെ ഇവിടെ എത്തിക്കും.'

'ഇവിടെ പിറന്ന് വീഴുന്ന ആണ്‍കുട്ടികളെ കമ്പനി എന്താണ് ചെയ്യുക എന്നറിയണ്ടേ... ആരോടും പറയരുത്. കുറച്ച് വലുതാകുന്നത് വരെ കമ്പനി അവരെ വളര്‍ത്തും. പിന്നീട് ഒരു ഏജന്‍സി അവരെ ഏറ്റെടുക്കും. അവര്‍ മറിച്ച് വില്‍ക്കുന്നു എന്നാണ് കേട്ടത്. തീവ്രവാദ സംഘത്തിലേക്കും ആഭ്യന്തര യുദ്ദം നടക്കുന്ന രാജ്യങ്ങളിലേക്കുമെല്ലാം അവരെ കയറ്റിവിടുന്നുണ്ട്. ഒന്നിനും കൊള്ളാത്തവന്മാരെ രാഷ്ട്രീയപാര്‍ട്ടികളും മത സംഖടനകളും ചുളു വിലക്ക് വാങ്ങും പോലും. അണികളായിട്ട്. - അയാള്‍ തന്റെ മേല്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് കാണിച്ചുകൊടുത്ത് - ദാ എന്റെ മേല്‍ ഘടിപ്പിച്ചപോലുള്ള ഒരെണ്ണം പിടിപ്പിച്ചാല്‍ അവര് പിന്നെ പാര്‍ട്ടിയോ നേതാക്കളോ പറയുന്നതിനപ്പുറം നില്‍ക്കില്ലല്ലോ.'

ആ കാഴ്ചകള്‍ കണ്ട് രക്തസാക്ഷിയുടെ രക്തം തിളച്ചു, ഞരമ്പുകള്‍ വലിഞ്ഞുമുറുകി, കണ്ണുകളില്‍ വിപ്ലവാവേശം പടര്‍ന്നു. സര്‍വ്വ ശക്തിയും സംഭരിച്ച് അയാള്‍നിവര്‍ന്ന്‍നിന്നു. അയാള്‍ മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി. അയാളുടെ കൈകളിലെ ഞരമ്പുകള്‍ ഉയര്‍ന്ന് തൊലിക്ക് പുറത്തുചാടാന്‍ വെമ്പി നിന്നു. അയാളുടെ ശബ്ദമുയര്‍ന്നു.

"ഇന്‍ക്വിലാബ്... സിന്ദാബാദ്"

ജോലിക്കാരന്‍ നടുങ്ങി. ചില്ലുകൊട്ടാരം നിറയെ അലാറം മുഴങ്ങി. ബ്ലോക്കുകളില്‍ കിടക്കുന്ന കറവപ്പെണ്ണുങ്ങള്‍ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടി. കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളം വച്ചു. വിത്തുപുരുഷന്മാരുടെ ഉദ്ദരിച്ച ലിംഗങ്ങള്‍ താഴ്ന്നുപോയി.

ഉടനെ പല നിറത്തിലുള്ള കൊടികള്‍ അവിടേക്കോടിയെത്തി. അവയില്‍ ഒരെണ്ണം ശബ്ദിക്കാനാകാത്ത വിധം രക്തസാക്ഷിയുടെ വായ മൂടിക്കെട്ടി. ഒരെണ്ണം അയാളുടെ കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടി. മറ്റൊരു കൊടി അയാളുടെ കാലുകള്‍ കെട്ടി. അറക്കാന്‍ പോകുന്ന പോത്തിനെപ്പോലെ അയാള്‍ നിലത്ത് വീണ് മുക്രിയിട്ടു. കോര്‍പ്പറേറ്റിന്റെ ചുരിക വായുവില്‍ ഉയര്‍ന്നു. എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു. ആ ചുരിക രക്തസാക്ഷിയുടെ തൊണ്ടക്കുഴിയില്‍ തുളഞ്ഞുകയറി. അയാള്‍ ഒന്ന് പിടഞ്ഞു...

കൊടി പിടിച്ചവര്‍ എല്ലാവരുംകൂടി രക്തസാക്ഷിയെ പൊക്കിയെടുത്തു. അവര്‍ ആ രക്തസാക്ഷിയെ വീണ്ടും ബലികുടീരത്തില്‍ അടക്കം ചെയ്തു. അതിന് മുന്നില്‍ പുതിയ ഭണ്ടാരപ്പെട്ടി വച്ചു. എവിടെനിന്നോ പാട്ട് ഒഴുകിയെത്തി.

'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ...'

Monday, November 4, 2013

സ്വകാര്യതയുടെ മാലിന്യങ്ങള്‍


കാറിനെ കവേര്‍ഡ് പാര്‍ക്കിംഗില്‍ വിശ്രമത്തിനുവിട്ട് കീ-ചെയിനിന്റെ റിംഗ് വലതുകയ്യിലെ ചൂണ്ടുവിരലിലിട്ട് കറക്കികൊണ്ട് ചുണ്ടില്‍ സുന്ദരമായ ചിരിയും മൂളിപ്പാട്ടുമായി രൂപേഷ് സ്കൈ ലൈന്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ ലോബിയിലൂടെ നടന്നു നീങ്ങി. റിസപ്ഷനിസ്റ്റ് അമൃത ഭവ്യതയോടെ രൂപേഷിനെ വിഷ് ചെയ്തു. രൂപേഷ് തിരിച്ചും വിഷ് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് നീങ്ങി.

റൂമിലെത്താനുള്ള ധൃതികാരണം അവന്‍ ലിഫ്റ്റിന്റെ പ്രെസ്സ് ബട്ടണ്‍ അമര്‍ത്തികെണ്ടേയിരിക്കുകയാണ്. രൂപേഷിന് പിന്നിലായി ഒരു പെണ്‍കുട്ടിയും ലിഫ്റ്റിനായി കാത്തിരിക്കുകയാണ്. ലിഫ്റ്റ് വന്നപ്പോള്‍ രണ്ടുപേരും ധൃതിയില്‍ അകത്തുകയറി. രൂപേഷ് '16' എന്ന ബട്ടണ്‍ അമര്‍ത്തി അവളോട് ചോദിച്ചു..

'which one?'

'5 please...'

'ok.'

'thanks..'

'you are welcome.'

5th ഫ്ലോര്‍ ആയതിനാല്‍ അധികം സമയമില്ല  എന്ന് മനസ്സിലാക്കി ഏതൊരു പുരുഷനേയും പോലെ അവന്‍ അവള്‍ക്കുമുന്നിലേക്ക് ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

'ഇവിടെയാണോ താമസിക്കുന്നേ...?'

'അതെ, 5F' പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി

'ഗ്രേറ്റ്... കുട്ടി പഠിക്കാണോ..?'

'അയ്യോ അല്ല... ഞാന്‍ വര്‍ക്ക് ചെയ്യുവാ...'

'ohh.. really...? I thought.... (അവളുടെ കണ്ണിലേക്ക് നോക്കി മുഖത്ത് ആശ്ചര്യഭാവം വിരിയിച്ച് ഒരു ചെറിയ മൗനം)

എവിടെ എന്ന ചോദ്യം ചോദിക്കാനൊരുങ്ങും മുമ്പ് ലിഫ്റ്റ് ബീപ്പ് സൗണ്ട് അടിച്ചു. ഡിസ്പ്ലേയില്‍ '5' എന്ന അക്കം തെളിഞ്ഞു. വാതിലുകള്‍ ഇരുവശത്തേക്കുമായി തുറന്നു. അവള്‍ പുറത്തിറങ്ങി രൂപേഷിനെ നോക്കി പുഞ്ചിരിച്ചു. വശ്യമായ ചിരി.

അവള്‍ പറഞ്ഞു 'bye.. see you..'

'bye.. see you..' പുഞ്ചിരി തൂകി അവനും പറഞ്ഞു.

കൊള്ളാം.. നല്ല കുട്ടി.. ഇരു നിറമാണെന്നേയുള്ളൂ.. കണ്ണും ചുണ്ടും ചിരിയുമെല്ലാം ഉഗ്രന്‍... കാണാം.. കാണണം - രൂപേഷ് മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റ് ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ് രൂപേഷ്. ഫ്ലാറ്റ് ജീവിതം നല്‍കിയിരുന്ന സ്വകാര്യതയായിരുന്നു രൂപേഷിനെ ഏറെ ആകര്‍ഷിച്ചത്. മൂന്നു വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. ഉയര്‍ന്ന നിലയില്‍ കടലിനോടഭിമുഖമായി ഒരു ഫ്ലാറ്റ് അവന്റെ സ്വപ്നമായിരുന്നു. തന്റെ ഐ.ടി കമ്പനി തുടങ്ങിയിട്ടിപ്പോള്‍ 11 വര്‍ഷം തികയുന്നു. ചുരുങ്ങിയ കാലം കൊണ്ട്തന്നെ ആഗ്രഹിച്ച പോലെയുള്ള ഫ്ലാറ്റും, ആഡംബര കാറും അത്യാവശ്യം ബാങ്ക് ബാലന്‍സും രൂപേഷ് സ്വന്തമാക്കികഴിഞ്ഞിരിക്കുന്നു. വിവാഹം കഴിച്ചിട്ടില്ല. തിരക്കിനിടയില്‍ കഴിയാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതാണ്. ജീവിതത്തെ ആസ്വദിക്കാന്‍ വേണ്ടി മാത്രം. തന്റെ ജീവിതത്തിലെ 34 വര്‍ഷങ്ങള്‍ക്കിടയില്‍ വിവാഹിതരും അവിവാഹിതരുമായ ഒരുപാട് സ്ത്രീകള്‍ അവനിലൂടെ കടന്നുപോയി. മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ലിഫ്റ്റ് തന്നെ അവന് നല്‍കി കുറേപേരെ. ഇപ്പൊ ഈ ലിഫ്റ്റില്‍നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ അവളും ഇനിയൊരിക്കല്‍ അവന്റെ കിടപ്പറയില്‍ എത്തിക്കൂടെന്നില്ല.

ലിഫ്റ്റ് പതിനാറാം നിലയിലെത്തി. രൂപേഷ് പുറത്തിറങ്ങി വരാന്തയിലൂടെ 16B എന്ന തന്റെ അപാട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ എല്ലാവാതിലുകളും അടഞ്ഞു കിടക്കുന്നു. എല്ലാ അപാര്‍ട്ടുമെന്റുകളും നിഗൂഢമായ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നപോലെയാണ്. ആ നിഗൂഢതയെ പുറത്തുകാണിക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും സദാസമയവും അടഞ്ഞു കിടക്കുന്നുണ്ടാകും.

രൂപേഷ് വാതില്‍ തുറന്നു. തലേരാത്രിയിലെ ആഘോഷത്തിന്റെ ബാക്കിപത്രമായ കുപ്പികള്‍ ടേബിളില്‍ കിടക്കുന്നു. അവയെല്ലാം എടുത്ത് കിച്ചണിലെ ട്രാഷില്‍ നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ടു. ക്ലീന്‍ ചെയ്യുന്ന ബംഗാളി പയ്യന്മാരെ വിളിക്കാന്‍ ഇനി സമയമില്ല. ലിവിംഗ് റൂമും തന്റെ ബെഡ്റൂമും പെട്ടെന്ന് രൂപേഷ് തന്നെ വൃത്തിയാക്കി. പൊടിയും ഭക്ഷണാവശിഷ്ടങ്ങളും ഒരു കവറില്‍ കെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലിനുള്ളിലൂടെ നിഷേപിച്ചു. ആ മാലിന്യം പതിനാറുനിലകളുടെ ആഴം താണ്ടി നിലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിക്കുന്ന ശബ്ദത്തിന് ഒരു ചെറുപുഞ്ചിരിയോടെ അവന്‍ കാതോര്‍ത്തു. ഫ്ലാറ്റ് ജീവിതത്തിലെ മറ്റൊരു സവിശേഷതയാണിത്. നമ്മളില്‍നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം സഹവസിക്കേണ്ടതില്ല. ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇട്ടിരുന്ന തന്റെ അണ്ടര്‍ വെയറുകള്‍ ചുരുട്ടി അലമാരയില്‍ തിരുകി. ബാച്ചിലേര്‍സിന്റെ എക്കാലത്തേയും ശാപമാണ് സ്വന്തം അണ്ടര്‍വെയറുകള്‍ അലക്കേണ്ടി വരുക എന്നത്. ഏതൊരു ലോണ്ട്രിക്കാരനും അവ സ്വീകരിക്കുന്നതല്ല. ഏ.സി. ഓണ്‍ ചെയ്തു. എയര്‍ ഫ്രഷ്നര്‍ മുറിയിലാകെ അടിച്ചു. ബ്രഷ് ചെയ്തു, വൃത്തിയായി കുളിച്ചു. ബോഡി ഡിയോഡ്രന്റ് ശരീരത്തിലാകെ പൂശി.

ചാര്‍ജിലിട്ട ഫോണ്‍ എടുത്തുനോക്കി. ഇല്ല.. കോള്‍ ഒന്നും വന്നിട്ടില്ല. വന്ന sms കള്‍ അയാള്‍ പ്രതീക്ഷിച്ചതുമല്ല. അവന്‍ ഉടനെ ഒരു sms അയച്ചു.

'Hi dear... am @ home.. whr hv u reached?'

ഫോണിലേക്ക് ശ്രദ്ദിച്ചുകൊണ്ട് അവന്‍ ഒരു ഷോര്‍ട്ട്സും ടി-ഷര്‍ട്ടും എടുത്തിട്ടു. അതില്‍ വിലകൂടിയ സുഗന്ധം പൂശികൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിച്ചു. അവന്‍ വേഗം പോയി നോക്കി.

'am on da way.. wait 10 more mints for my fragrance.. :) 16B right?' 

രൂപേഷ് അവള്‍ക്ക് റിപ്ലേ നല്‍കി.

'ur BEE is waiting... :) ya.. its 16B'

കൃത്യം രണ്ടുമാസം മുന്‍പാണ് രൂപേഷ് ശ്വേതയിമായി പരിചയപ്പെട്ടത്. ശ്വേതയുടെ കമ്പനിക്കുവേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ചെയ്യുന്നത് രൂപേഷിന്റെ കമ്പനിയാണ്. അത്യാവശ്യം വലിയ പ്രൊജക്റ്റ് ആയതിനാല്‍ സോഫ്റ്റ് വെയര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് രൂപേഷിനെ വിളിക്കാനുള്ള അധികാരം ആ കമ്പനിക്കുണ്ട്. ശ്വേതയാണ് കമ്പനിയില്‍നിന്നും രൂപേഷിനെ വിളിച്ചുകൊണ്ടിരുന്നത്. ആ ബന്ധം ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപിലൂടെയും വളര്‍ന്ന് രൂപേഷിന്റെ അപ്പാര്‍ട്ട്മെന്റ് വാതില്‍ക്കല്‍ വരെ എത്തിനില്‍ക്കുന്നു.

കോളിംഗ് ബെല്ല് കേട്ട് രൂപേഷ് പ്രതീക്ഷയോടെ വാതില്‍ തുറന്നു. അതെ ശ്വേത തന്നെ. തൂ വെള്ള ചുരിദാറില്‍ അവളൊരു മാലായെപ്പോലെ തോന്നിച്ചു. ചുവന്ന തക്കാളി ചുണ്ടുകള്‍ക്കിടയിലൂടെ വെളുത്ത പല്ലുകള്‍ കാട്ടി അവള്‍ചിരിച്ചു. രൂപേഷ് അവളെ അകത്തേക്ക് ആനയിച്ച് കതക് അടച്ചു.

'നിനക്കെന്താ കുടിക്കാന്‍ വേണ്ടത്?.. ചായ.. കാപ്പി?

'ചായയും കാപ്പിയും മാത്രേ ഉള്ളോ...? വേറെ ഒന്നും ഇല്ലേ..?

'നിനക്കെന്താ വേണ്ടതെന്ന് പറ.. ബിയറ് വേണോ..? or something hot?'

'വേണ്ടെടാ... ജ്യൂസ് വല്ലതും ഉണ്ടെങ്കില്‍ താ... വല്ലാത്ത ദാഹം. ഓടി കിതച്ച് വരുവാണ്. എന്റെ കുഞ്ഞിന് പാല് വരെ ശരിക്ക് കൊടുത്തിട്ടില്ല.'

'ക്യാരറ്റ് ജ്യൂസ് മതിയോ...?'

'ധാരാളം'

രൂപേഷ് ഫ്രിഡ്ജില്‍നിന്നും ക്യാരറ്റ് എടുത്ത് കഴുകി ജ്യൂസ് മെഷീനിലിട്ട് ഫ്രഷ് ജ്യൂസ് ഉണ്ടാക്കികൊണ്ടിരിക്കെ അവന്റെ കണ്ണുകള്‍ ശ്വേതയെ ഉഴിയുകയായിരുന്നു. അവളുടെ ആകാര വടിവ് കണ്ടാല്‍ രണ്ടുകുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല.

'എന്താടാ നീ ഇങ്ങനെ എന്നെതന്നെ നോക്കിയിരിക്കുന്നത്?'

'ഒരു സിനിമാ ഡയലോഗ് ഓര്‍മ വന്നതാ...'

'എന്താ അത്?'

'എന്നാ സ്ട്രക്ചറെന്റമ്മച്ചീ...'

'ഒന്നു പോടാപ്പാ...' ഇരുവരും ചിരിച്ചു...

ജ്യൂസ് രണ്ടു ഗ്ലാസിലേക്കായി പകര്‍ന്നു. അവന്‍ ഒരു ഗ്ലാസ് ശ്വേതക്ക് നേരെ നീട്ടി പറഞ്ഞു

'വാ... നമുക്ക് ബാല്‍ക്കണിയില്‍ പോയി കടലും തിരമാലകളും കണ്ടിരുന്ന് കുടിക്കാം..'

'വേണ്ടെടാ... അധികം റൊമാന്റിക്കാവാനുള്ള സമയമില്ല. ആകെ രണ്ടുമണിക്കൂറേയുള്ളൂ.. എനിക്ക് എത്രേം പെട്ടെന്ന് വീട്ടിലെത്തണം. മക്കളെ അമ്മയുടെ അടുത്താക്കിയിട്ടാ ഞാന്‍ പോന്നത്. എറണാകുളത്തുനിന്ന് 10 മണിക്ക് കണവനിങ്ങെത്തും. അതിന്റെ ഒരു മണിക്കൂര്‍ മുന്നെയെങ്കിലും വീട്ടിലെത്തണം.'

'എന്നാ ശരി.. വാ.. റൂമിലേക്ക് പോകാം..'

അവന്‍ അവളെ കൈ പിടിച്ച് റൂമിലേക്കാനയിച്ചു.

'അടിപൊളി റൂമാണല്ലോടാ ചെക്കാ!!!' റൂമില്‍ കയറിയപ്പോള്‍ അവള്‍ ആശ്ചര്യം മറച്ചുവെക്കാതെ പറഞ്ഞു.

റൂമിലെ ഗ്ലാസ് ടീപോയിയുടെ മേല്‍ അവര്‍ രണ്ടുപേരും ജ്യൂസ് ഗ്ലാസുകള്‍ വച്ചു. രൂപേഷ് ശ്വേതയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ച് കട്ടിലിലേക്ക് വീണു. അവന്റെ ചുണ്ടുകള്‍ അവളുടെ ശരീരത്തിലാകമാനം പരതി നടക്കാന്‍ തുടങ്ങി. അവള്‍ പുളഞ്ഞു. അവളുടെ വിരലുകള്‍ അവന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു. പെട്ടെന്നൊരു ഇടവേളയെന്നോണം രൂപേഷ് തന്റെ മുഖം ശ്വേതയുടെ മുഖത്തിന് അഭിമുഖമായി വളരേയധികം ചേര്‍ത്തുവച്ച് അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.

'ശ്വേതാ... നീയെങ്ങനെ ഈ കട്ടിലില്‍ എന്റെ കൈകള്‍ക്കിടയില്‍ വന്നുപെട്ടു?'

'ആ... എനിക്കറിയില്ല... നിന്നെ എനിക്കിഷ്ടായി.. നീ വിളിച്ചു.. ഞാന്‍ വന്നു'

'ഈ ഉത്തരം ഒരു അവിവാഹിതയില്‍നിന്നായിരുന്നെങ്കില്‍ ഞാന്‍ തൃപ്തി പെട്ടേനെ.. പക്ഷേ... കുടുംബമുള്ള, ഭര്‍ത്താവ് കൂടെയുള്ള നീ എങ്ങനെ? നിനക്കയാളെ ഇഷ്ടമല്ലേ..?'

'ഇഷ്ടമാണ്... പുള്ളിക്കാരന് എന്നോടും.. പുള്ളിക്കാരന് എന്നോട് കോപ്പിലെ ഒരു ആരാധനയാ.. അതാ എനിക്ക് പിടിക്കാത്തത്. ഞാന്‍ വല്ല ദൈവമോ ദേവിയോ ആണെന്നപോലെ. ലൈഗിക പ്രകടനങ്ങള്‍ ദേവിക്കുള്ള അര്‍ച്ചനപോലെ. ഭക്തി സാന്ദ്രം.. but... I wanna go wild man'

'എന്നാല്‍ പിന്നെ നിന്റെ ആഗ്രഹങ്ങള്‍ പുള്ളിക്കാരനോട് തുറന്ന് പറഞ്ഞുകൂടേ..?'

'എനിക്കതിനുള്ള ധൈര്യമില്ല. പുള്ളിക്കാരന്‍ എങ്ങനെ അതിനെ എടുക്കുമെന്നും എനിക്കറിയില്ല'

'അപ്പൊ ഇനി ഞാന്‍ വൈല്‍ഡാവാം അല്ലേ...?

അതിനുത്തരമെന്നോണം അവള്‍ ഉറക്കെ ചിരിച്ചു. ആ ചിരി അവനിലെ കാട്ടാളനെ ഉണര്‍ത്തി. വികാരം ശമിക്കുന്നതുവരെ അവര്‍ കാട്ടാള നൃത്തം ആടി തിമിര്‍ത്തു. ഏ.സി. യുടെ കുളിരിനും ആ കാട്ടാള നൃത്തത്തിന്റെ ഫലമായി പുറത്തുവന്ന വിയര്‍പ്പിന്റെ കണികകളെ പ്രതിരോധിക്കാനായില്ല.


*********

ഏ.സി. അവരെ വീണ്ടും തണുപ്പിക്കാന്‍ തുടങ്ങി. എത്തിനോക്കിയ വിയര്‍പ്പിന്റെ കണികകള്‍ അകത്തേക്ക് വലിഞ്ഞു. തണുത്ത വെള്ളം അവരുടെ ശരീരത്തിനകവും തണുപ്പിച്ചു. നഗ്നമായ ശരീരങ്ങള്‍ വീണ്ടും ഒട്ടിച്ചേര്‍ന്നു. ഇരുവരിലേയും വികാരങ്ങള്‍ വീണ്ടും ഉണര്‍ന്നു.

'രൂപേഷ്... ഇനി നമുക്ക് റൊമാന്റിക്കായാലോ..?

'മതിയായി അല്ലേ...?'

'ങും'

'എങ്ങനെയാ റൊമാന്റിക് ആവണ്ടേ..?

'ഹിന്ദി സിമിമയിലൊക്കെയുള്ള പോലെ... ഷാറൂഖ് പ്രീതി സിന്റയെ വീര്‍ സാരയില്‍ എടുക്കുന്ന പോലെ'

'അങ്ങനെ എടുക്കണോ..'

'ങും'

അവന്‍ ടീപോയിയില്‍ ഉണ്ടായിരുന്ന കുപ്പിയിലെ തണുത്ത വെള്ളം കുടിച്ച് അടപ്പിടാതെ അവിടെ വച്ചു.

ശ്വേതയുടെ നഗ്നമായ ശരീരത്തെ അവന്‍ തന്റെ കൈലളിലെടുത്ത് ഒന്ന് വട്ടം കറങ്ങി. താഴോട്ടാഞ്ഞുനിന്ന അവളുടെ കൈ തട്ടി ടീപോയിയുടെ മേല്‍ വച്ചിരുന്ന വെള്ളകുപ്പി താഴെവീണ് ടൈല്‍സ് ആകെ നനഞ്ഞു. ഇതറിയാതെ കയ്യിലെ നഗ്നരൂപവുമായി റൊമാന്റിക്കായി നടക്കാന്‍ ശ്രമിച്ച രൂപേഷിന്റെ കാല്‍ വഴുക്കി രണ്ടുപേരും വീണു. കട്ടിലിന്റെ തേക്കില്‍ കടഞ്ഞെടുത്ത കാലിന്റെ അഗ്രത്തെ കൂര്‍പ്പില്‍ തലയടിച്ചാണ് ശ്വേത വീണത്. 

അല്പ്പം പാടുപെട്ടാണ് രൂപേഷ് എണീറ്റത്. നടുവിന് വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അവന്. തറയില്‍ കിടന്ന ശ്വേതയുടെ തൂവെള്ള ചുരിദാര്‍ ചോരനിറമായിരിക്കുന്നു. നഗ്നയായി തറയില്‍ കിടക്കുന്ന ശ്വേതയുടെ തലയോട്ടി പിളര്‍ന്ന് രക്തം ധാര ധാരയായി പുറത്തേക്കൊഴുകുന്നു. രൂപേഷ് അവളെ വിളിച്ചു. അനക്കമില്ല. അവന്റെ ശരീരം വിറക്കാന്‍ തുടങ്ങി.  അവന്‍ ആരുടേയെങ്കിലും സഹായത്തിനായി വരാന്തയിലേക്കോടി. നിഗൂഢതകളുടെ വാതിലുകള്‍ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. താന്‍ ചെയ്യാന്‍ പോയ വിഢിത്തം അപ്പോഴാണ് അവന്‍ ചിന്തിച്ചത്. ഈ കുട്ടി തന്റെ ആരെന്ന് ചോദ്യം നേരിടേണ്ടി വരും. വേണ്ട.. അവന്‍ തിരികെ റൂമില്‍ കയറി കതകടച്ചു.

ശ്വേതയുടെ രക്തം ബെഡ്റൂമില്‍നിന്നും ലിവിംഗ് റൂമിലേക്ക് ഒഴുകിയെത്തിയിരിക്കുന്നു. ആ രക്തം വരാന്തയിലേക്കൊഴുകി ആരെങ്കിലും കണ്ട് എന്താണെന്ന് അന്വേഷിച്ചുവരുമോ എന്ന് അവന്‍ ഭയപ്പെട്ടു. കാട്ടാള നൃത്തത്തിന് വേദിയായ ബെഡ്ഷീറ്റെടുത്ത് ആ രക്തത്തിന് അവന്‍ തടകെട്ടി. ഒന്ന്‍ ഉറക്കെ ആര്‍ത്തട്ടഹസിച്ച് കരയണമെന്നവന് തോന്നി. പക്ഷേ അടുത്ത അപ്പാര്‍ട്ട്മെന്റിലുള്ളവര്‍ കേട്ടാലോ എന്ന ഭയം അവനെ അതില്‍നിന്നും തടഞ്ഞു. അവളുടെ ശരീരം എങ്ങനെ താഴെ എത്തിക്കും എന്നതിനെ കുറിച്ച് അവന്‍ തല പുകച്ചു. ലിഫ്റ്റ് വഴി...? ഇല്ല.. കഴിയില്ല.. സ്വകാര്യതയിലേക്കുള്ള ഇടുങ്ങിയ തെരുവുകളാണ് ലിഫ്റ്റുകള്‍. ചിലപ്പോള്‍ വിജനം, ചിലപ്പോള്‍ ജനനിബിഢം. എല്ലാ ഊടുവഴികളിലൂടെയും ഈ തെരുവിലേക്ക് പ്രവേശിക്കുകയും പിന്‍വലിയുകയും ചെയ്യാം. പതിനാറാം നിലയില്‍നിന്നും സ്റ്റെയര്‍കേസ് വഴി വേദനിക്കുന്ന നടുവുമായി താഴെ എത്തുന്നതിനെ പറ്റി അവന് ചിന്തിക്കാന്‍കൂടെ കഴിയുമായിരുന്നില്ല. ഓരോ ഫ്ലോറിലും മാലിന്യങ്ങള്‍ നിഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കിളിവാതിലുകള്‍ വഴി...? ഇല്ല... ഒരു മനുഷ്യനോളം പോന്ന മാലിന്യത്തെ സ്വീകരിക്കാന്‍മാത്രം ആ കിളിവാതിലുകള്‍ക്ക് വലിപ്പമുണ്ടായിരിക്കില്ല.

ചോരയില്‍ കുളിച്ചുകിടക്കുന്ന അവള്‍ക്കടുത്ത് അവന്‍ മുട്ടുകുത്തി ഇരുന്നു. കുറച്ച് മുന്‍പ് വരെ അവനെ ഉന്മത്തനാക്കിയ അവളുടെ നഗ്നത അവന് അസഹ്യമായി തോന്നി. സംസ്കരിക്കാനാവാത്ത വലിയ ഒരു മാലിന്യമായി ആ ശരീരം അവന്റെ മുന്നില്‍ കിടന്നു. ആ മാലിന്യത്തില്‍നിന്നുയരാന്‍ പോകുന്ന രൂക്ഷഗന്ധം നാളെ ലോകമാകെ പരക്കാനുള്ളതാണ്. ആ നഗ്നത മൂടിവെക്കാന്‍ അവന്‍ ഒരു തുണിയെടുത്തുകൊണ്ടുവന്നു. പ്രയാസപ്പെട്ട് അവളെ അല്പ്പം പൊക്കി. ശ്രമകരമായ ആ ദൗത്യത്തിനിടയില്‍ അവന്റെ കൈ അവളുടെ മാറിടത്തില്‍ അമര്‍ന്നു. അവളുടെ മാറിടത്തില്‍നിന്നും മുലപ്പാല്‍ അവന്റെ കണ്ണിലേക്കും മുഖത്തേക്കും ചീറ്റി.

ഇടതുകൈ കൊണ്ട് ആ മുലപ്പാല്‍ തുടച്ചുമാറ്റി അനിയന്ത്രിതമായ കോപത്തോടെ രൂപേഷ് ഉറക്കെ വിളിച്ചുപറഞ്ഞു ..''ഷിറ്റ്''

Wednesday, June 8, 2011

അരികിലെ അകലം

എന്തുപെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്... എന്റെ വീട്ടില്‍ ഞാന്‍ അന്യനായിരിക്കുന്നു, എന്റെ കണ്ണുകളും കൈകാലുകളും കെട്ടിയിട്ടിരിക്കുന്നു. വെറും ഒരുമാസംകൊണ്ട് എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്...?

********

എവിടെയാണ് എനിക്ക് പിഴച്ചത്?. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഞങ്ങളുടെ വിവാഹം, ഇല്ല... അവിടെ പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പൂര്‍ണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടേയും ആര്‍ഭാടമായിതന്നെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ജീവിതം ആസ്വദിച്ചതിന് ശേഷം മതി കുഞ്ഞുങ്ങള്‍ എന്നത് എന്റേയും അവളുടേയും തീരുമാനമായിരുന്നു. ഞങ്ങളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ദൈവം ഒരു കുഞ്ഞിനെ തന്നത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ സ്നേഹിക്കാന്‍ ഞാനും അവളും മത്സരിക്കുകയായിരുന്നു .

അവള്‍ എന്റെ എല്ലാമായിരുന്നു. വളരുംതോറും അവളുടെ ഉമ്മയെ അസൂയപ്പെടുത്തികൊണ്ട് അവള്‍ എന്നോട് അടുത്തുവന്നു. കളിച്ചും, ചിരിച്ചും, വഴക്കിട്ടും, കൊഞ്ചിയും, കെട്ടിപ്പിടിച്ചും, ഉമ്മവച്ചും, ദേഷ്യം വരുംബോള്‍ കുഞ്ഞരിപല്ലുകള്‍കൊണ്ട് എന്നെ കടിച്ചും അവള്‍ എന്നില്‍ നിറഞ്ഞുനിന്നു. എന്നും എന്റെ മാറില്‍ ഒട്ടിയുറങ്ങി. പാലുകുടിക്കാന്‍ മാത്രം ഉമ്മയോട് ചേര്‍ന്നുകിടന്നിരുന്ന എന്റെ പൊന്നുമോള്‍. എന്റെ നിമിഷങ്ങള്‍ക്ക് അവളെ പിരിഞ്ഞിരിക്കാന്‍ വയ്യാതെയായി.

എന്റെ മകളെ സ്നേഹിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ മറ്റൊരു കുഞ്ഞിന്റെ കാര്യം ഞങ്ങള്‍ മറന്നു. പിന്നീട് ആഗ്രഹിച്ചപ്പോള്‍ ദൈവം തന്നതുമില്ല. ദൈവത്തിനോട് ഞാന്‍ എന്തിന് പരാതി പറയണം? എന്റെ സ്നേഹം മുഴുവന്‍ നല്‍കാന്‍ എനിക്കൊരു മകളുണ്ടല്ലോ.. അതുമതി... അതില്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടു. വര്‍ഷങ്ങള്‍ ആ സന്തോഷത്തോടെ മുന്നോട്ടുപോയി.

കഴിഞ്ഞ മാസം ഞങ്ങള്‍ക്കിവിടെ ഒരു വിശേഷം ഉണ്ടായി, എന്റെ മകള്‍ വയസ്സറിയിച്ചു. ഞങ്ങള്‍കന്ന് സന്തോഷത്തിന്റെ ദിവസമായിരുന്നു. വിരുന്നുകാരാല്‍ വീട് നിറഞ്ഞു. എന്റേയും ഭാര്യയുടേയും ബന്ധുക്കള്‍ മകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും, ഉടുപ്പുകളും സമ്മാനമായി നല്‍കി. അവളന്ന് പുതുക്കപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി. സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു കാഴ്ച ഏത് പിതാവിനെയാണ് സന്തോഷിപ്പിക്കതിരിക്കുക?

********

അതെ.. അവിടെയായിരുന്നു എനിക്ക് പിഴച്ചത്.

പതിവ്പോലെ ടി.വി. കാണുന്നതിനിടയില്‍ എന്റെ മടിയില്‍ കയറിയിരുന്ന മകളെ വിലക്കാനായില്ലെനിക്ക്. അവള്‍ വലിയ പെണ്ണായെന്ന വിവരം ഞാനും മറന്നു. ഭാര്യയുടെ കൈ പെട്ടെന്നായിരുന്നു മകളുടെ മേല്‍ പതിച്ചത്. മകളെ എന്റെ മടിയില്‍ നിന്നും അവള്‍ വലിച്ചെഴുനേല്‍പ്പിച്ചു. ഭാര്യയുടെ പെരുമാറ്റം കണ്ട് മകള്‍ പകച്ചുനിന്നു. പിന്നീട് എന്തൊക്കെയോ മനസ്സിലായെന്നോണം എന്നെ നോക്കി അവള്‍ കരഞ്ഞു. എന്റെ പ്രതികരണശേഷി ആ നിമിഷം മരവിച്ചതായി ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ ജീവിതത്തില്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ ഒരു ദിവസമായിരുന്നു അന്ന്. എന്നിലെ പിതാവിന് ആ അപമാനം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ആര്‍ക്കും മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഒരു പുസ്തകത്തില്‍ ഒളിച്ചു. മുഖം മാത്രമേ എനിക്ക് ഒളിക്കാനായുള്ളൂ. മനസ്സ് നീറികൊണ്ടിരുന്നു. അവള്‍ ഉറങ്ങി എന്ന് ഉറപ്പാകുന്നതുവരെ ഞാന്‍ ആ പുസ്തകത്തില്‍ ഒളിച്ചിരുന്നു. ഏറെ വൈകി ഞാന്‍ അവളുടെ അരികില്‍ പോയി കിടന്നു. പെട്ടെന്ന് തന്നെ അവളുടെ കൈ എന്നെ വരിഞ്ഞു. അവള്‍ക്കും എന്നെപ്പോലെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

മാറില്‍ പമ്മി കിടന്ന് രോമങ്ങളിലൂടെ വിരലോടിക്കവെ ഭാര്യ പറഞ്ഞു..

'ഞാന്‍ ഇന്നലെ ഭയാനകമായ ഒരു സ്വപ്നം കണ്ടു'

'ഉം..' ഒന്ന് മൂളാന്‍ മാത്രമേ എനിക്കായുള്ളൂ...

'എന്താ കണ്ടതെന്നറിയണ്ടേ...?'

'ഉം..'

'അടയിരിക്കുന്ന തള്ളക്കോഴിയെ കൊത്തിക്കൊന്ന് വിരിയാറായി മുട്ടയ്ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ഒരുകൂട്ടം പാമ്പുകള്‍ ..'

'ഉം..'

നിര്‍വികാരമായ എന്റെ പ്രതികരണം കേട്ടപ്പോള്‍ അവള്‍ ചോദിച്ചു...

'ഞാന്‍ നേരത്തേ അങ്ങനെ പെരുമാറിയത് വിഷമമായോ?'

'ഏയ്... ഇല്ല'

'അപ്പൊ ശരിക്കും വിഷമമായല്ലേ?'

'ഇല്ലെന്ന് പറഞ്ഞില്ലേ'

'എന്താണ് വിഷയം എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് മനസ്സിലാക്കിയതിനര്‍ഥം അത് മനസില്‍ തങ്ങി നില്‍ക്കുന്നു എന്നല്ലേ?'

ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്കായില്ല. എങ്കിലും ഞാന്‍ പറഞ്ഞു

'അത് നീ ചെയ്യേണ്ടതാണ്, ഒരു ഉമ്മയുടെ കരുതലാണ്, കടമയാണ്. എന്നെ സംശയിച്ചിട്ടോ വിശ്വാസമില്ലാഞ്ഞിട്ടോ അല്ല നീ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലാക്കാനാകും.'

'അതെ... ഞാന്‍ സംശയിച്ചിട്ടണ് ചെയ്തതെങ്കില്‍ ഇന്ന് ഈ മാറില്‍ ഇതുപോലെ കിടക്കാന്‍ എനിക്കാവുമോ?'

ആ ചോദ്യത്തിനുത്തരമെന്നോണം ഞാന്‍ അവളെ എന്നിലേക്കമര്‍ത്തിപ്പിടിച്ച് ആ നെറ്റിയില്‍ ഒരു ദീര്‍ഘചുംബനം നല്‍കി.

'പുറത്തുനിന്നും ആരെങ്കിലും കണ്ടുകൊണ്ട് വന്നാല്‍ അതുമതി പലര്‍ക്കും കഥ മെനയാന്‍.. അതാ എനിക്ക് പേടി'

'പേടിക്കേണ്ട... ഇനി അങ്ങനെ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അവള്‍ പഴയതുപോലെ മടിയില്‍ വന്നിരുന്നപ്പോള്‍ എനിക്കെതിര്‍ക്കാനായില്ല. എത്ര വലുതായാലും അവള്‍ എന്റെ മകള്‍ തന്നെയല്ലേ...?'

'നമുക്കൊരു ആണ്‍കുഞ്ഞ് മതിയായിരുന്നല്ലേ...?'

'സമൂഹത്തിലെ നീല കണ്ണുകള്‍ക്ക് കഥ മെനയാന്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വകഭേദം ഇല്ലാതായിരിക്കുന്നെടോ..'

'ഉം...' ആ മൂളലിന് ഒരു മയക്കത്തിന്റെ ഭാവം ഉണ്ടായിരുന്നു. അവളുടെ ശരീരം തളരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത്രയും സമയം മനസ്സില്‍ അടക്കിപിടിച്ചത് എന്നോട് പറഞ്ഞുകഴിഞ്ഞപ്പോള്‍ മറഞ്ഞിരുന്ന ഉറക്കം അവളെ തേടിയെത്തി. ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു. ഉറക്കം പിടിതരാതെ എന്നില്‍നിന്നും അകന്നുനില്‍ക്കുകയായിരുന്നു അപ്പോഴും.

********

ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. എന്റെ മകളോടുള്ള സ്നേഹം ഒട്ടും കുറയതെ തന്നെ ഞാന്‍ അവളില്‍നിന്നും അകന്നിരിക്കുന്നു. പക്ഷേ എന്തോ ഒരു അസ്വസ്ഥത എന്നില്‍നിന്നും അകലുന്നില്ല. അതാണ് ഞാന്‍ ബന്ധിക്കപ്പെട്ടവനായി തോന്നാന്‍ കാരണം, ഈ വീട്ടില്‍ അന്യനായി തോന്നാന്‍ കാരണം. എന്റെ വാക്കുകളെയാണോ ഞാന്‍ ഭയക്കുന്നത്? അല്ല... പിന്നെ.. എന്റെ നോട്ടത്തേയോ..? അതുമല്ല... എന്റെ കൈകളെ? സാന്ത്വനിപ്പിക്കാനും, തലോടുവാനും മാത്രമറിയാവുന്ന കൈകളെ ഞാനെന്തിന് ഭയക്കണം?... എന്നാല്‍ പിന്നെ കാലുകളെ ആയിരിക്കും... അതുമല്ല.. ഞാന്‍ നെഞ്ചിലേറ്റിയ എന്റെ കുടുംബത്തെ താങ്ങി നിര്‍ത്തുന്ന കാലുകളെ ഞാന്‍ ഭയപ്പെടാന്‍ തരമില്ല. എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം കാലം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം ഞാന്‍ എന്റെ അവയവങ്ങളെ ഭയപ്പെടേണ്ടതില്ല.

അതെ.. ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാന്‍ ഭയക്കുന്നത് ഈ സമൂഹത്തേയാണ്. സമൂഹത്തിന്റെ വാക്കുകളെയാണ്, നോട്ടത്തേയാണ്, കറുത്ത കൈകളേയാണ്, ചവിട്ടി മെതിക്കുന്ന കാലുകളെയാണ്. സമൂഹം എന്നെ തുറിച്ച് നോക്കുംബോള്‍ ഒളിച്ചോടുകയല്ല അഭികാമ്യം. നിവര്‍ന്നുനിന്ന് ഞാനും നോക്കേണ്ടിയിരിക്കുന്നു സമൂഹത്തിലേക്ക്. സമൂഹം മകളില്‍നിന്നും വിലക്കിയ കണ്ണുകളും കൈകളും ഇനി സമൂഹത്തിലേക്കാണ് വേണ്ടത്... എന്റെ മകളുടെ ചുറ്റിലുമാണ് വേണ്ടത്. അതാണ് ഈ പിതാവിന്റെ കടമ.

Tuesday, April 12, 2011

ഹിറ്റ് FM തലമണ്ടയ്ക്ക്

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

Tuesday, March 1, 2011

കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും ഇരുന്നു.. ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്, സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ ഉണ്ടാക്കി വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍ ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍ ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ് ചെയ്തേക്ക്ട്ടോ, താഴെ എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട് വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി' എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം. ഈ കഥയ്ക്ക് ഒരു കടപ്പാട് രേഖപ്പെടുത്താനുണ്ട്. mayflowers ന്റെ 'ഇക്കരെ നിന്ന് ഉരുകുന്നവര്‍..' എന്ന പോസ്റ്റില്‍ തേങ്ങവലിക്കാരനെ ഫോണ്‍ ചെയ്ത് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.." എന്ന വാചകത്തില്‍ നിന്നുമാണ് ഈ കഥ എഴുതാനുള്ള പ്രചോദനം ഉണ്ടായത്. രണ്ടര വര്‍ഷമായി തെങ്ങും, തേങ്ങാകുലയും, ഇളനീരും, തേങ്ങവലിക്കാരനേയും കാണാത്ത ഞാന്‍ അല്ലാണ്ടെ എങ്ങനെ എഴുതും ഇങ്ങനെ ഒരു കഥ. കറി വെയ്ക്കാന്‍ തേങ്ങ ഇല്ല എന്നുള്ളതല്ല, മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന മക്കളുടെ മേലോ, വഴിയില്‍ നടന്നുപോകുന്നവരുടെ മേലോ തേങ്ങയോ ഓലയോ വീഴുമോ എന്നതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.

Monday, February 14, 2011

സ്ഥിരം നമ്പര്‍

ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)

Monday, January 31, 2011

രമേശാ... കുറിയടിച്ചു

എടാ രമേശാ... നിനക്കാടാ ഈ മാസത്തെ കുറി അടിച്ചത്.

മുഷിഞ്ഞ മണ്ണിന്റെ നിറമായ കുപ്പായവുമായി നിസ്സാന്‍ പിക്കപ്പില്‍ നിന്നും ഇറങ്ങിയ രമേശന്റെ മുഖത്ത് ആ വാര്‍ത്ത വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

ഇന്ന് നിന്നെ വിടൂല മോനേ... പറഞ്ഞോ എവിടുന്നാ ചിലവ്?

ഒരു ചെറുപുഞ്ജിരിയോടെ രമേശന്‍ ദേവനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു.

ദേവന്‍: നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍... അല്ല നമ്മളെ ചെക്കന്മാരെകൂടെ വിളിക്കണ്ടെടാ... മോശല്ലേ..?

രമേശന്‍: നീ വണ്ടിയെടിക്കെടാ ദേവാ... ചെക്കന്മാരെ നമുക്ക് പിന്നെ വിളിക്കാം.

ദേവന്‍: അപ്പോ ഇന്ന് രണ്ട് ചിലവ് കിട്ടി... ഇപ്പോ ഒന്നും രാത്രി ചെക്കന്മാരെ കൂടെ വേറൊന്നും. സന്തോഷായി മോനേ... ഇങ്ങനാണേല്‍ എന്നും നിനക്ക് തന്നെ കുറി അടിക്കണേ...

നേരെ കുറി നടത്തുന്ന റഹീംക്കാനെ കണ്ട് ഇരുപതിനായിരം രൂപയും വാങ്ങി ബൈക്ക് ദേവനേയും രമേശനേയും കൊണ്ട് അങ്ങാടിയിലേക്ക് നീങ്ങി.

മുന്നില്‍ കണ്ട ജ്വല്ലറിയുടെ മുന്നില്‍ വണ്ടി നിര്‍ത്താന്‍ രമേശനാവശ്യപ്പെട്ടു.

ഇരുപതിനായിരവും അവിടെ കൊടുത്ത് രമേശന്‍ 10 ഗ്രാം സ്വര്‍ണ്ണം വാങ്ങിച്ചു.

ചിലവ് കിട്ടില്ലെന്ന് മനസ്സിലായി മുഖം വീര്‍പ്പിച്ചിരിക്കുന്ന ദേവനോട് രമേശന്‍ പറഞ്ഞു

എടാ.. നീ പേടിക്കണ്ട... വാ നമുക്കോരോ ബിരിയാണി കഴിക്കാം. അതിനുള്ള കാശെന്റെ കയ്യിലുണ്ട്.

ബിരിയാണി കഴിക്കുന്നതിനിടയില്‍ രമേശന്‍ സംസാരിച്ചുതുടങ്ങി.

എടാ... ഇത് 10 ഗ്രാം സ്വര്‍ണ്ണമുണ്ട്. നിനക്കറിയോ? ഒരു പെങ്ങളെകൂടെ കെട്ടിച്ചയക്കാനുണ്ട്. രണ്ടാളുടേത് ഭംഗിയായിതന്നെ നടത്തി. ഇപ്പൊ ഈ കൂട്ടിവെക്കുന്നത് അവള്‍ക്ക് വേണ്ടിയാണ്. 24 വയസ്സ് കഴിഞ്ഞു അവള്‍ക്ക്. ഞാനെന്റെ മുഷിഞ്ഞ കുപ്പായം മാറാന്‍ വരെ പോവാഞ്ഞതെന്താണെന്നറിയോ നിനക്ക്? വീട്ടില്‍ പോയാല്‍ കാശിന് എന്തെങ്കിലും ആവശ്യം കാണും. ഈ പൈസ തൊട്ടാല്‍ പിന്നെ തീരുന്നതറിയൂല. അതാ വേഗം വന്ന് സ്വര്‍ണ്ണം വാങ്ങിച്ചത്.

രമേശന്‍ തുടര്‍ന്നു...

എടാ നിങ്ങളൊക്കെ പറയാറില്ലെ ഞാന്‍ നിസ്സാനുമായി മരണപ്പച്ചിലാണെന്ന്. ശരിയാടാ... മരണപ്പാച്ചില്‍ തന്നാ... രണ്ട് ട്രിപ്പ് കൂടുതല്‍ അടിക്കാന്‍ പറ്റിയാല്‍ അത്രേം കാശ് കൂടുതല്‍ കിട്ടും. ഞാന്‍ മരണപ്പാച്ചില്‍ പായുകയാണ്, എന്റെ പെങ്ങമ്മാരെ ജീവിപ്പിക്കാന്‍ വേണ്ടി...

പാരഗണിലെ രുചികരമായ ബിരിയാണി അന്നാദ്യമായി അവര്‍ രണ്ടുപേരും പാതി കഴിച്ച് നിര്‍ത്തി.

Sunday, January 9, 2011

വഞ്ജകന്‍...

വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...

ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.

എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?

ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.

ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.

ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.

ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

Tuesday, December 28, 2010

എനിക്കെന്തവകാശം

ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...

പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.

പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?

അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

Tuesday, November 30, 2010

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല എന്ന് അവള്‍ വിലപിച്ചപ്പോള്‍ അവന്റെ മനസ്സും അലിഞ്ഞുപോയി.

ഞാനുണ്ട് നിനക്ക്... അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷത്താല്‍ ചുവന്നു. അവളുടെ മുഖത്ത് വിരിഞ്ഞ പാല്‍ പുഞ്ജിരിയില്‍ അവന്‍ അലിഞ്ഞ് ചേരുകയായിരുന്നു.

അവന്‍ എല്ലാം മറന്ന് അവളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍ മനസ്സും ശരീരവും അവള്‍ക്കായ് സമര്‍പ്പിച്ചു. സ്വന്തം ഭാര്യയേക്കാളും അവള്‍ തന്നെ സ്നേഹിക്കുന്നതായി അവന് തോന്നിതുടങ്ങി. ഭാര്യയുടെ മുന്നില്‍ വെറുമൊരു യന്ത്രമായവന്‍ മാറികഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം അവന്‍ തിരിച്ചറിയുന്നു, ഞാന്‍ മറ്റാരേക്കാളും സ്നേഹിച്ച, അവള്‍ക്കുവേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച തന്നെ അവള്‍ വെറുമൊരു ശരീരം മാത്രമായിട്ടെ കണ്ടിട്ടുള്ളുവെന്ന്. അവളുടെ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഒരുപാട് ശരീരങ്ങളില്‍ ഒന്ന് മാത്രം.

മൂകനായി വീട്ടിലേക്ക് മടങ്ങിയ അവന്റെ കിടപ്പുമുറിയില്‍ നിന്നും അപരിചിതന്‍ ഇറങ്ങിയോടുന്നത് മദ്ധ്യ ലഹരിയില്‍ നോക്കി നില്‍ക്കാനേ അവന് സാധിച്ചുള്ളു. കുഴങ്ങിയ നാക്ക്കൊണ്ട് എന്തൊക്കെയോ അവന്‍ സ്വയം പറയുന്നുണ്ടായിരുന്നു. പിറുപിറിത്ത് കൊണ്ട് കട്ടിലില്‍ അവന്‍ നിലംപൊത്തി.

(കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ സ്വന്തം സുഖം തേടിയുള്ള നമ്മുടെ ഈ പൊക്ക് എങ്ങോട്ട്? പലര്‍ക്കും പല ന്യായങ്ങളും പറയാനുണ്ടായേക്കാം, ചോദ്യങ്ങളും.. )

ഒന്നേ പറയാനുള്ളു
' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.
നബി വചനം'