Thursday, January 20, 2011

എന്തിനാ ഉമ്മാ.....?

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഞാനും കൂടെയുള്ള ബഷീര്‍ക്കയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. പതിവുപോലെ സലാം ചൊല്ലി. ശബ്ദ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ ഉമ്മ 'ഹറമില്‍' (മക്കയിലെ പള്ളി) ആണെന്ന് മനസ്സിലായി. ഇനി നാലോ അഞ്ജോ മാസമേ ഉമ്മയും ഉപ്പയും മക്കയില്‍ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍ നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ബാക്കിയുള്ള ദിവസങ്ങള്‍ ഉംറയും, തവാഫും ഒക്കെ ആയി ആത്മീയമാക്കുകയാണ് ഉമ്മ.

എല്ലാം കഴിഞ്ഞ് ഉപ്പയെ ഫോണില്‍ വിളിച്ചാല്‍ ഉപ്പ ഉമ്മയെ കൂട്ടികൊണ്ട് പോവാന്‍ വണ്ടിയുമായി വരും. ഉപ്പയെ കാത്തിരിക്കുന്ന സമയത്താണ് ഉമ്മ എന്നെ വിളിക്കാറ്.

ഉമ്മയോട് ഞാന്‍ ചോദിച്ചു...

ഹറമിലാല്ലേ?

ഉം

ഫുള്‍ടൈം ഹറമില്‍ തന്നാണെല്ലോ ഇപ്പോ...

മരിക്കാനായില്ലെടാ... അതോണ്ട് ഉള്ള സമയം ഇബാദത്ത് ചെയ്യാന്‍ നോക്കാനല്ലാണ്ടെ...

ഓഹോ... അപ്പൊ ഇങ്ങള് മരിക്കാനുള്ള ടൈമും ഫിക്സ് ചെയ്തോ?

ആ... അന്റെ കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ... അന്നെ അങ്ങനെ ഒറ്റക്കാക്കിട്ട് പോവാന്‍ പറ്റൂലല്ലോ...

പിന്നെയും എന്തൊക്കെയോ ചോദിച്ചു... പറഞ്ഞു... ഒന്നും തലയില്‍ കയറിയില്ല. സാധാരണ ഞാന്‍ തമാശ പറഞ്ഞാല്‍ ഉമ്മയാണ് കാര്യമായെടുത്ത് എന്നെ ചീത്ത പറയാറ്. ഈ പ്രാവശ്യം മറിച്ചായിപ്പോയി.

ഉമ്മ അങ്ങനെ പറയേണ്ടിയിരുന്നില്ല. ആര്തന്നെ എന്റെ ജീവിതത്തില്‍ വന്നാലും എന്റെ ഉമ്മക്ക് പകരമാവില്ലല്ലോ... അല്ലെങ്കിലും 50 വയസ്സായപ്പോഴേക്കും മരിക്കാനായെന്ന് പറയാന്‍ പാടുണ്ടോ?

ഉമ്മയോടൊപ്പം ഉണ്ടായിരുന്ന കുറേ നല്ല നിമിഷങ്ങള്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. കണ്ണില്‍നിന്നും വെള്ളം ഒലിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ക്ക കാണാതിരിക്കാന്‍ പുതപ്പ് കൊണ്ട് തല മുഴുവന്‍ മൂടി.

ഉമ്മ ആവശ്യപ്പെട്ട ഒരു ചായ വാങ്ങികൊടുക്കാന്‍ കഴിയാതിരുന്നത് മനസ്സിലേക്ക് കയറി വന്നു.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി നടക്കുകയാണ്. കോമ്പ്ലിക്കേറ്റടായ ഒരു സര്‍ജറിയായിരുന്നു അത്. പെങ്ങള്‍ ചെറുതായിരിന്നപ്പോള്‍ ചെവിയില്‍ ഇട്ട എന്തോ ഒരു സാധനം ചെവിയിലെ എല്ലിനോട് കൂടിച്ചേര്‍ന്ന് ആ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്റ്ററെ കാണിച്ചപ്പോള്‍ മൂന്ന് മാസം ഈ രോഗത്തെ പറ്റി പഠിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാം സര്‍ജറി എത്രമാത്രം വലുതാണെന്ന്.

ഈ സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കവിള്‍ തൂങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ തീയറ്ററില്‍നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെങ്ങളുടെ ഒരു കവിള്‍ വല്ലാതെ തൂങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായിരുന്നു അത്.

പെങ്ങളെ കണ്ടതും ഉമ്മ ബോധം കെട്ട് താഴെ വീണു. മുഖത്ത് വെള്ളം കുടഞ്ഞ് ഉമ്മയെ എഴുനേല്‍പ്പിച്ച് എന്റെ മേല്‍ ചാരിയിരുത്തി. വെള്ളം കൊടുത്തു. ആ സമയം ഉമ്മ എന്നോട് ഒരു ചായ വേണമെന്നാവശ്യപ്പെട്ടു. ഓപറേഷന്‍ തീയറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന പെങ്ങള്‍ ഒരുവശത്ത്, ആകെ തളര്‍നിരിക്കുന്ന ഉമ്മ മറുവശത്ത്. രണ്ടുപേരേയും അവിടെ വിട്ട് ചായക്കായി ഓടാന്‍ മനസ്സനുവദിച്ചില്ല. ഉമ്മയോട് ഡോക്ടര്‍ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല, കവിള്‍ തൂങ്ങിയത് ചെവി വികസിക്കാന്‍ പുരട്ടിയ മരുന്നിന്റെ എഫക്ടാണ്. അത് മൂന്ന് മണിക്കൂര്‍ കഴിയുംബോള്‍ സാധാരണ രീതിയിലാവും. അത് കേട്ടപ്പോള്‍ ഉമ്മക്ക് സമാധാനമായി. ഉമ്മ തന്നെ അപ്പോള്‍ 'അല്ലെങ്കില്‍ ചായ വേണ്ട' എന്ന് പറഞ്ഞു. ഉമ്മക്ക് മനസ്സിലായിക്കാണും എന്റെ അവസ്ഥ. എന്റെ തോളില്‍ ചാരി ക്ഷീണത്തോടെ നടക്കുംബോഴും പെങ്ങള്‍ കിടക്കുന്ന സ്ട്രച്ച്ചര്‍ തള്ളുന്ന വാര്‍ഡന് കൊടുക്കാനുള്ള ചില്ലറ പേഴ്സില്‍നിന്നുമെടുത്ത് കയ്യില്‍ ചുരുട്ടി വെക്കുന്നുണ്ടായിരുന്നു.

****************************************************

ഈ സംഭവം ഉമ്മക്ക് ചിലപ്പോള്‍ ഓര്‍മതന്നെ കാണില്ല. പക്ഷേ എന്തോ, എനിക്ക് മറക്കാനാവുന്നില്ല.

റബ്ബേ... ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് നീ ദീര്‍ഘായുസ്സ് കൊടുക്ക്... ആമീന്‍...

14 comments:

  1. ആമീന്‍ ...
    പെങ്ങളിപ്പോ എങ്ങനെ

    ReplyDelete
  2. അനീസ: പെങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. മൂന്ന് കുട്ടികളുടെ ഉമ്മയായി സുഖമായി കഴിയുന്നു.

    ReplyDelete
  3. നിസ്സഹായാവസ്ഥയില്‍ ഉമ്മാക്ക് ഒരു ചായ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത മനപ്രയാസം ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരു പുന്നാര മകന്റെ മനസ്സ് ഈ പോസ്റ്റിലുണ്ട്. ആ ഭാഗം എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി സഹോദരാ.


    (ഉമ്മ! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!)

    ഫ്രം: കല്ലിവല്ലി: http://kannooraanspeaking.blogspot.com/2010/12/blog-post.html

    ReplyDelete
  4. കണ്ണൂരാനെ... ഒരുപാട് നന്ദി... ഉമ്മയെ നിര്‍വചിക്കാന്‍ എല്ലാ ഭാഷകളും അപര്യാപ്തമാണ്.
    ഇടക്കിടെ വരണം... :)

    ReplyDelete
  5. ഈ പോസ്റ്റു വായിച്ചു ഞാന്‍ കരഞ്ഞു ശരിക്കും എനിക്ക് എന്‍റെ ഉമ്മ നഷട്ടപെട്ടിട്ടു കുറച്ചു കാലമായി .... എന്തോ മനസിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നും എടുതെഴുത്തിയതല്ലേ ഇത് .. മാതാപിതാക്കള്‍ക്ക് എന്നും അനുഗ്രഹമുള്ള മക്കളാകാന്‍ നമുക്ക് കഴിയട്ടെ അവര്‍ക്കു വേണ്ടി അല്ലാഹുവേ എന്നെ ചെറുപ്പത്തില്‍ പൊട്ടി വളര്‍ത്തിയത് പോലെ അവര്‍ക്കും നീ കാരുണ്യം നല്‍കേണമേ എന്നു പ്രാര്തിക്കുവാന്‍ നമുക്ക് കഴിയട്ടെ നമുക്കും അങ്ങിനെയുള്ള മക്കളെ ദൈവം നല്‍കട്ടെ ... ഉമ്മ എല്ലാത്തിലും വലുത് അതിനെ നിര്‍വ്വചിക്കാന്‍ വാക്കുകള്‍ കൊണ്ടാകില്ല ... ഉമ്മയാണ് സത്യം അതാണ്‌ സ്നേഹം ക്ഷമ സഹനം എല്ലാമെല്ലാം..

    ReplyDelete
  6. ഉമ്മു അമ്മാര്‍: ആമീന്‍...
    ആരെയും കരയിപ്പിക്കണമെന്ന ഉദ്ദേശം എനിക്കില്ലായിരുന്നു. മനസ്സിന്റെ താളില്‍ ഒളിപ്പിച്ചുവച്ച, ഉമ്മ പോലും അറിയാത്ത എന്റെ ഒരു കൊച്ചു നൊമ്പരം. ആദ്യമായാണ് ആ നൊമ്പരം പറഞ്ഞത്. ബ്ലോഗിലൂടെ.

    ReplyDelete
  7. ഉമ്മയെ നിർവചിക്കാൻ വാക്കുകൾ കൊണ്ടാവില്ല. കണ്ണു നിറൻഹ്ൻഹു പോയി.

    ReplyDelete
  8. It was quite unfortunate to brows thru your blog today. Most of the posts are really heart touching, and thank you so much for sharing these to the public. Congrats.

    Naushad
    050 8730705

    ReplyDelete
  9. ഇത് വായിച്ചു എനിക്ക് കരച്ചിലല്ല; ഉമ്മാന്റെ തമാശയോര്‍ത്തു ചിരിയാണ് വന്നത്!
    നല്ല നര്‍മ്മബോധമുള്ള ഒരു ഉമ്മാക്ക് മാത്രമേ ഇങ്ങനെയൊക്കെ സംസാരിക്കാനാവൂ...
    അതില്‍ വളരെ കുറച്ചു മാത്രമേ തായ്‌ വഴിയായി താങ്കള്‍ക്കു കിട്ടിയിട്ടുള്ളൂ.

    ReplyDelete
  10. എന്റെ ഉമ്മയ്ക്ക് നര്‍മ്മ ബോധം ഉണ്ടെന്ന് പറയുന്ന ആദ്യത്തെ വ്യക്തി താങ്കളായിരിക്കും... :) ഞാനുമ്മയോട് പറയാം...

    ReplyDelete
  11. നന്നായിരിക്കുന്നു ഓര്‍മ്മക്കുറിപ്പ്‌. നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് പ്രപഞ്ച സത്യമായ ഉമ്മ എന്നത്.. പടച്ചവന്‍ അനുഗ്രഹിക്കട്ടെ ഈ അരുമ സന്താനതിനെ ..

    ReplyDelete
  12. നിസ്സഹായാവസ്ഥയില്‍ ഉമ്മാക്ക് ഒരു ചായ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത മനപ്രയാസം ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരു പുന്നാര മകന്റെ മനസ്സ് ഈ പോസ്റ്റിലുണ്ട്. ആ ഭാഗം എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി സഹോദരാ

    ReplyDelete