Wednesday, January 26, 2011

സില്ലി ബോയ്...

നാട്ടിലെ ഫൂട്ട്ബോള്‍ കളിക്കിടെ സാരമായ പരിക്ക് പറ്റിയിട്ടുള്ള രണ്ടുപേരാണ് വിനുവേട്ടനും, ഹാഫിസും. വിനുവേട്ടന്‍ നല്ല ഗോളിയായിരുന്നു. അറിയപ്പെടുന്ന കളിക്കാരന്‍. കളിക്കിടെ തലയ്ക്ക് കാലുകൊണ്ട് അടികിട്ടി ഞരമ്പ് പൊട്ടിപ്പോയി. കുറേകാലം വിനുവേട്ടന്‍ കിടപ്പിലായിരുന്നു. ഇപ്പൊ ഉഷാറാണ്. ഇടക്കിടെ നമ്മുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്.

ഹാഫിസിന്റെ കാര്യം പറയുകയാണെങ്കില്‍ എന്നെ കൊന്നാലും ഫൂട്ട്ബോള്‍ കളിക്കാന്‍ ഞാനില്ല എന്നും പറഞ്ഞ് കളികണ്ടിരിക്കുന്ന ആളാണ്. കളിക്കാന്‍ ആള്‍ കുറവുള്ള ദിവസങ്ങളില്‍ പേരിന് ഒരാളായി അവിടെ എവിടെയെങ്കിലും നിര്‍ത്താം. വല്ലപ്പോഴുമേ അതിനുള്ള അവസരം ഞങ്ങള്‍ക്കും കിട്ടൂ. അങ്ങനെയിരിക്കെയാണ് കളിക്കാന്‍ ആള്‍ കുറവുള്ള ഒരു ദിവസം ഹാഫിസിനെ പിടിച്ചിറക്കിയത്. ബോളിനുപകരം കളിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് അവന്‍, ആരെങ്കിലും വന്നാല്‍ പിന്നെ അവന് ജോലിനിര്‍ത്തി കളികണ്ടിരിക്കാമല്ലോ...

'ഹാഫിസേ... ബോള്‍...'

പെട്ടെന്നാണവന്‍ വിളി കേട്ടത്. എനിക്ക് ബോള്‍ വേണ്ട എന്ന ഭാവത്തില്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന അവന്‍ ഒരു വെപ്രാളത്തില്‍ ബോള്‍ എടുക്കാനോ ബോളിനെ ഭയെന്നോ ഓടി. ഓടുന്നതിനിടയില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നും വലിച്ചുകെട്ടിയ എര്‍ത്ത് കമ്പി അവന്‍ കണ്ടില്ല. എര്‍ത്ത് കമ്പിയില്‍ കാല്‍ തടഞ്ഞ് വീണ് ഹാഫിസ് ഫ്ലാറ്റ്. കളിക്കാന്‍ പിടിച്ചിറക്കിയ ആരൊക്കെയോ തുറിച്ച്നോക്കികൊണ്ട് അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

ആ സമയത്ത് അതൊരു സാധാരണ വീഴ്ച്ചയായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ക്രമേണ ഹാഫിസിന്റെ വേദന കൂടിവന്നു. മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ക്കത്ഭുതം.
'ഇതെങ്ങനെ സംഭവിച്ചു?'
ഫൂട്ട്ബോള്‍ കളിച്ചതാണ് സാര്‍...
ഫൂട്ട്ബോള്‍ കളിച്ചാല്‍ കാലിലെ ഞരമ്പെങ്ങനെ മുറിയും?
അത് സാര്‍... കളിക്കിടെ എര്‍ത്ത് കമ്പിയില്‍ കാല്‍ കുടുങ്ങിയതാണ്.
സാരമില്ല. ചെറിയൊരു സര്‍ജറി വേണ്ടിവരും. സര്‍ജറിയുടെ ഡേറ്റും വാങ്ങി തിരിച്ചുപോന്നു.

സര്‍ജറിയുടെ തലേദിവസം അഡ്മിറ്റായി. ഡോക്റ്ററോടൊപ്പം പരിശോധിക്കാന്‍ വന്ന മെഡിക്കല്‍ വിദ്ദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭയങ്കര ആവേശം.

ഈ കുട്ടിയുടെ സര്‍ജറിക്ക് ഞങ്ങളേയും വിളിക്കണേ... പ്ലീസ്....

അവര്‍ക്ക് അപൂര്‍വ്വമായെ ഇത്തരം കേസ് കാണാന്‍ പറ്റൂ.

രാത്രി ഹെഡ് നേഴ്സ് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. രാവിലെ ആറ്മണിക്ക് എല്ലാവരും ഒരുങ്ങിനില്‍ക്കണം എന്നും പറഞ്ഞു. രാത്രിതന്നെ സാധനങ്ങളെല്ലാം വാങ്ങി റെഡിയാക്കി വച്ചു. മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. മയങ്ങുംബോഴേക്കും ആരുടേയെങ്കിലും കുളമ്പടി നാദം ഉണര്‍ത്തിയിരിക്കും. ഹാഫിസ് സര്‍ജറിയെ പറ്റി ഓര്‍ത്ത് കുറച്ചോരു ടെന്‍ഷനിലാണ്.

നേരത്തെ തന്നെ എണീറ്റ് അവന്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പുയ്യാപ്ലായി നില്‍ക്കുന്നുണ്ടായിരുന്നു. ഹെഡ് നഴ്സ് വന്ന് ഓരോരുത്തരുടെ പേര്‍ വിളിക്കാന്‍ തുടങ്ങി. കല്ല്യാണവീട്ടിലേക്ക് അറക്കാനുള്ള ബ്രോയിലര്‍ കോഴികള്‍ വരിവരിയായി നില്‍ക്കുന്നപോലെ അവരെല്ലാവരും നില്‍ക്കാന്‍ തുടങ്ങി.

'മന്‍സൂര്‍'..... മന്‍സൂര്‍...... മന്‍സൂറുണ്ടോ?....

ഹെഡ് നഴ്സ് ഉറക്കെ വിളിച്ച് ചോദിക്കുകയാണ്. വരാന്ദയില്‍ ഒരാളൊഴികെ മറ്റെല്ലാവരും എണീറ്റു.

എണീക്കാത്ത ആളെ നഴ്സ് വിളിച്ചുണര്‍ത്തി ചോദിച്ചു...

മന്‍സൂറാണോ?

ആ...ആ... ആ.... (വായില്‍നിന്നും ഒലിച്ചുവരുന്ന വെള്ളം കൈകൊണ്ട് തുടച്ച് മന്‍സൂര്‍)

എടോ... ഞാന്‍ നിന്നെ എത്രനേരമായെടോ വിളിക്കുന്നു. നിന്റെ ഓപറേഷനാടോ ഇപ്പൊ... (മന്‍സൂര്‍ നഴ്സിനോട് സൈക്കിളില്‍നിന്നും വീണ ചിരി പാസ്സക്കി)

എവിടെ? വാങ്ങിക്കാന്‍ പറഞ്ഞ സാധനം എവിടെ?

എന്ത് സിസ്റ്ററേ?

എടോ... ഇന്നലെ ഒരു ലിസ്റ്റ് തന്നില്ലായിരുന്നോ... ആ സാധനം എവിടെ?

ഓ... അത്... ഇപ്പൊ കൊണ്ടേരും...

ആര്?

ഇക്കാക്ക പോയിക്ക്ണ്... ഇപ്പോ കൊണ്ടേരും... ഒരു അഞ്ജിന്റ്...

ഇത്രേം കാലത്തെ സര്‍വീസിനിടക്ക് ആദ്യായിട്ടാ ദൈവമേ ഇങ്ങനെ ഒന്നിനെ കാണുന്നത്. '

അതിനും നമ്മുടെ സൈക്കിളില്‍നിന്നും വീണ ചിരി തന്നെ.

ഓപറേഷന്‍ തീയറ്ററിലേക്ക് ടെന്‍ഷനോടെ പോകാനിരുന്ന എല്ലാവരേയും ചിരിപ്പിച്ചിട്ടാണ് അവന്‍ വിട്ടത്.

***************************************************

എനിക്കിപ്പോഴും മനസ്സിലാവിനില്ല, അടുത്ത ദിവസം ഓപറേഷന്‍ ഉള്ള അവനെങ്ങനെ ഇത്ര ശാന്തമായി ഉറങ്ങി? അതും മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍. അതൊ എല്ലാവരുടേയും ടെന്‍ഷന്‍ കുറയ്ക്കാനാണോ പടച്ചോന്‍ അവനെ ഉറക്കികളഞ്ഞത്?

2 comments:

  1. കണ്‍ഫ്യൂഷന്‍? ഹാഫിസാണോ മന്‍സൂറാണോ?

    ReplyDelete
  2. മന്‍സൂര്‍... അവനാണ് സില്ലി ബോയ്

    ReplyDelete