Tuesday, January 25, 2011

കല്ല്യാണമുടക്കങ്ങള്‍

ഏതൊരു നാടിന്റേയും അവകാശമാണ് കുറച്ച് കല്ല്യാണം മുടക്കികള്‍ അവിടെ ഉണ്ടായിരിക്കുക എന്നത്. ഈ വിഭാഗത്തില്‍ ഉന്നത ബിരുദം നേടിയവര്‍ വരെയുണ്ട് എന്റെ നാട്ടില്‍‍. പലരുടേയും രീതി വളരെ വിചിത്രമാണ്. എന്റെ നാട്ടില്‍ നടന്ന രസകരമായ ഏതാനും കല്ല്യാണമുടക്കങ്ങളിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോവുകയാണ് ഞാന്‍...

എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കുട്ടേട്ടന്‍ കല്ല്യാണം മുടക്കാന്‍ മിടുമിടുക്കനാണ്. ചായക്കടയായതുകൊണ്ട് അന്വേഷണം പൊതുവേ അവിടെയേ വരുള്ളൂ. അന്വേഷണത്തിന് വരുന്നവരോട് മൂപ്പരുടെ രീതി ഇങ്ങനെയാണ്.

അന്വേഷി: 'ഏട്ടാ... ഈ ഖാലിദ്ക്കന്റെ മോന്‍ ഷബീറെങ്ങനാ ആള്?

കുട്ടേട്ടന്‍: ഓനാള് ഉഷാറാണല്ലോ... എന്തേ?

അന്വേഷി: ഒന്നുല്ല്യ... ഒരു കല്ല്യാണക്കാര്യാണേ...

കുട്ടേട്ടന്‍: ആഹാ... കല്ല്യാണക്കാര്യാണല്ലെ...? എന്നാലിങ്ങള് ഒന്നുംകൂടെ ഒന്ന്
ശരിക്കും അന്വേഷിച്ചേക്ക്ട്ടോ...

പോരേ? കല്ല്യാണം മുടങ്ങാന്‍ വേറെ വല്ലതും പറയണോ?

****************************************

പ്രേമേട്ടന്റെ കല്ല്യാണാലോചനകള്‍ ഉഷാറായി നടക്കുകയാണ്. കുറച്ചാലോചനകള്‍ മുടങ്ങി ഇരിക്കുകയാണ് കക്ഷി. ഒരെണ്ണം എങ്ങനെയോ കഷ്ടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഒരു ദിവസം കുട്ടേട്ടന്റെ കടയില്‍ ചായ കുടിക്കന്‍ വന്ന പ്രേമനോട്...

എടാ പ്രേമാ... അന്റെ കല്ല്യാണം ഒറച്ചെന്ന് കേട്ടല്ലോ...
പ്രേമന്‍: ഇന്റെ വീട്ടാര്‍ക്കും സമ്മതം, ഓളെ വീട്ടാര്‍ക്കും സമ്മതം. ഇനി കുട്ടേട്ടന്റെ സമ്മതം കൂടെ അറിഞ്ഞാല്‍ കല്ല്യാണങ്ങ് നടത്തേനി...

കുട്ടേട്ടന്റെ മുഖം മൂപ്പരുടെ അടുപ്പിലെ കനല്‍ പോലെ ചുവന്നിരുന്നു അപ്പോള്‍.

****************************************

ഒരന്വേഷണം എത്തിയത് ഓട്ടോ ഡ്രൈവറായ രാജന്റെയടുത്ത്. അന്വേഷിക്കാന്‍ വന്ന കക്ഷികളെ ഓട്ടോയില്‍ കയറ്റി രാജന്‍ നേരെ പോയത് ഫറോക്ക് പുതിയ പാലത്തില്‍. പുതിയ പാലത്തിന്റെ മുകളില്‍ വണ്ടി നിര്‍ത്തി അന്വേഷിക്കാന്‍ വന്നവര്‍ക്ക് ചാലിയാര്‍ പുഴ കാണിച്ചുകൊടുത്തിട്ട് രാജന്‍ പറഞ്ഞു...

'ഇങ്ങക്കിങ്ങളെ മോളെ വേണ്ടെങ്കില്‍ ഈ പൊഴേല്‍ക്ക് അങ്ങട്ട് ഇട്ടേക്കി'

എങ്ങനുണ്ട്...? രാജന്‍ ആള്‍ പുലിതന്നെയല്ലെ?

മറ്റൊരാലോചന രാജന്റെ അടുത്തെത്തിയപ്പോള്‍

'അല്ല ചേട്ടാ... ഈ ഷുക്കൂറെങ്ങനാ ആള്?

രാജന്‍: ഏത്... ഞമ്മളെ ബീരാനിക്കാന്റെ മോനോ?

ആ... അതെന്നെ...

രാജന്‍: ഓന്‍.... (പോക്കറ്റില്‍നിന്ന് ഹാന്‍സിന്റെ പാക്കറ്റെടുത്ത് കുറച്ച് കയ്യിലിട്ട് തിരുമ്മി ചുണ്ടിനടിയില്‍ വച്ചിട്ട്) ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'

വന്നവര്‍ പിന്നെ ഒന്നും ചൊദിക്കാന്‍ നിന്നില്ല.

****************************************

കല്ല്യാണം മുടങ്ങിയിട്ട് ആദ്യമായി സന്തോഷിച്ചുകണ്ടത് എന്റെ ഒരു കൂട്ടുകാരനെയാണ്. അവന്‍ പെണ്ണ് കാണാന്‍ പോയി, അവനൊഴികെ എല്ലാര്‍ക്കും ഇഷ്ടാവേം ചെയ്തു. ഇഷ്ടമായില്ല എന്ന് പറയത്തക്ക കുഴപ്പങ്ങളൊന്നും ആ കുട്ടിക്കില്ലതാനും. ഇഷ്ടക്കേട് അവന്‍ മനസ്സില്‍ തന്നെ വച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവനുണ്ട് ആവേശത്തോടെ ഓടി വരുന്നു.
' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി, അന്വേഷണത്തില്‍ പൊട്ടി... ഞാന്‍ ചുങ്കത്ത് അടിണ്ടാക്ക്യതൊക്കെ ഓരറിഞ്ഞ്. ഇപ്പളാ മോനേ സമാധാനായത്'

****************************************

നിങ്ങളിലെല്ലാവരിലും ഒരു കല്ല്യാണം മുടക്കി ഓളിച്ചിരിപ്പില്ലേ?
ആശിച്ചതിനെ മറ്റൊരുവന്‍ അല്ലെങ്കില്‍ അവള്‍ സ്വന്തമാക്കാനൊരുങ്ങുംബോള്‍ ' എങ്ങനാ റബ്ബെ അതൊന്ന് മൊടക്കാന്‍ പറ്റാ...' എന്ന് ചിന്തിക്കാത്തവരെങ്കിലും ഉണ്ടാവുമോ...?

17 comments:

  1. ആര്‍ക്കറിയാം??

    ReplyDelete
  2. തീര്‍ച്ചയായും ഒരു കല്യാണം മുടക്കി എന്റെ ഉള്ളിലും ഉണ്ടായിരുന്നു. പിന്നെ പ്രാവര്‍ത്തികമായി ചിന്തിച്ചപ്പോ വേണ്ടെന്നു വെച്ചു........

    ReplyDelete
  3. പ്രേമേട്ടന്റെ ഡയലോഗ് ഒരുപാടു ചിരിപ്പിച്ചു ....

    ReplyDelete
  4. ഗഡി നീ എത്രെയെണ്ണം മുടക്കി ?



    സ്നേഹാശംസകള്‍

    ReplyDelete
  5. ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'

    ReplyDelete
  6. ഓരോ നാട്ടിലും ഇങ്ങിനെ കുറെ അവതാരങ്ങളുണ്ട് :)

    ReplyDelete
  7. ' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി,


    അവനെങ്കിലും ഉപകാരമായല്ലോ...

    ReplyDelete
  8. പടച്ചോനെ ഇവന്‍റെ ഒരു കല്ല്യാണം എങ്കിലും മുടക്കാന്‍ എനിക്ക് ഭാഗ്യം തരണേ .................

    ReplyDelete
  9. തിരിച്ചിലാനേ,,,,, സൂപ്പറാണല്ലൊ,,,, നന്നായിട്ടുണ്ട്,,, എല്ലാ നാട്ടിലുമുണ്ട് കുട്ടേട്ടന്‍ മാരും രാജന്മാരും,,പല പേരുകളിലാണെന്നു മാത്രം,,,, ഹും,,,,,ഇനിയെങ്കിലുമൊന്നു നന്നായിക്കോ,,, അല്ലേല്‍ പണികിട്ടും,,,,,

    ReplyDelete
  10. ഇഷ്ടമില്ലാത്ത കല്യാണം, ശബ്ദം മാറ്റി വിളിച്ചു പറഞ്ഞു മുടക്കാന്‍ ശ്രമിച്ച വിരുതന്‍ എന്റെ നാട്ടില്‍ ഉണ്ട്. പക്ഷെ ഇടയ്ക്കു വരുന്ന വിക്ക് അവനെ ചതിച്ചു. പെണ്ണിന്റെ ഉപ്പാക്ക് ആളെ പുടി കിട്ടി. പിറ്റേന്ന് അവന്റെ വീടിന്ടെ മുന്നില്‍ ഒരു വിരുന്നുകാരന്‍.. ഓള്‍ടെ ഉപ്പ .. പിന്നെ @#$%^&*()@#$%^& :( :)

    ReplyDelete
  11. അവനോ, ആള് കുഴപ്പക്കാരനോന്നുമല്ല.
    പിന്നെ...... എന്നോട് മാത്രമായി നിര്‍ത്തണ്ടെ.. മറ്റുള്ളവര്‍ എന്താ പറയുന്നത് എന്നും കൂടെ നോക്കാം. എന്നിട്ട് മതി ഒരു തീരുമാനം എടുക്കല്‍..!!! എന്തേ.........??

    ReplyDelete
  12. നീ കഴിഞ്ഞ ആഴ്ച ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു, സിറ്റിസന്‍ വാച്ച് തുടങ്ങിയ കുറെ സാധനങ്ങള്‍ ദുബായി ദേരയില്‍ നിന്നു വാങ്ങുമ്പോള്‍ എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല ...... ഇത് കുട്ടെട്ടനുള്ള കൈക്കൂലിയാകുമെന്ന്...
    അപ്പൊ ഇതായിരുന്നു കാര്യം

    ReplyDelete
  13. ഉഷാര്‍.
    എന്നാണാവോ കല്യാണം.

    ReplyDelete
  14. ഇനി നിന്‍റെ കല്യാണം ആരും മുടക്കാതിരുന്നാല്‍ മതിയായിരുന്നു.. ! :-)

    ReplyDelete
  15. "ഇങ്ങള് എന്റടുത്ത് വന്ന്ട്ടുല്ല്യ ഞാന് ഇങ്ങളോടൊന്നും പറ്ഞ്ഞിട്ട്യൂല്യാ...”

    ഇതാണത്രെ കൂടുതൽ ഫലപ്രദം...ഷബീറിന്റെ വരവിന് മുംബായി കുട്ടേട്ടന് ദയവു ചെയ്ത് ഇതൊന്ന് എത്തിച്ചു കൊടുക്കണം...

    ReplyDelete
  16. തിരിച്ചിലാനെ മുകളില്‍ എഴുതിയ ഹാന്‍സ് ചുണ്ടില്‍ വെച്ച ഒരു കഥ എന്റെ സുഹ്യതിന് പറ്റിയത് നേരിട്ട് കണ്ടവനാ ഞാന്‍, പക്ഷെ ഞങ്ങള്‍ക്കറിയില്ലായിരുന്നു അന്വേഷണം കല്ല്യാണത്തിനായിരുന്നു എന്ന്,
    എന്റെ സുഹ്യത് ഷാബും ഞാങ്ങള്‍ ഒരു അഞ്ചാളുകള്‍ നാലുമണി നേരം അങ്ങാടിയില്‍ ചുമ്മ നുണ പറഞ്ഞു ഇരിക്കായിരുന്നു,
    രണ്ടു പേര്‍ ബൈകില്‍ വന്നു ഞങ്ങളോട് രാധാക്രഷണന്‍ വൈദ്യരുടെ മകന്‍ അനിലിന്റെ വീട് ചോദിച്ചു, ഷാബു പെട്ടന്ന് പറഞ്ഞു വൈദ്യര്‍ക് ഈ പേരില്‍ ഒരു മോന്‍ ഇല്ലാ എന്ന്
    . കുട്ടന്‍ എന്നാണ് വിളിക്കുനത് എന്നു പറഞ്ഞപ്പോള്‍ ഷാബുവും ഞങ്ങളും പെട്ടി ചിരിച്ചു, ഷാബു പെട്ടന്ന് പറഞ്ഞു, "കത്തി കുട്ടന്‍" അല്ലേ ......
    ആള്‍ എങ്ങനെയുണ്ട്?
    ഷാബു അന്ന് ഓട്ടോ ട്രൈവറാണ്, കയ്യില്‍ രണ്ടുപേക്ക് സികററ്റും,ഒരു ചൈനി കൈനിയുടെ പൊതിയും അതില്‍ നിന്നും ഒരു ചൈനി കൈനി എടുത്ത ചുണ്ടില്‍ വെച്ച് ഒരു സികററ്റും കത്തിച്ച് പറഞ്ഞു 'അവന്‍ ഞമളെ കമ്പനിയ'
    എന്നാല്‍ ഒകെ എന്ന് പറഞ്ഞു അവര്‍ തിരിച്ചു പോയി

    ReplyDelete
  17. ഞമ്മളെ നാട്ടിലെ പെട്ടിപ്പീട്യേക്കാരൻ കുഞ്ഞയമുക്കാനോട് സൈതാലിയെ പറ്റി അന്വേഷിച്ചപ്പോൾ പറഞ്ഞത് :"ഓൻ വളരേ നല്ല ചെറ്ക്കനല്ലേ......." .ഒന്നു നിർത്തി,"അങ്ങ്നെ പറഞ്ഞില്ലേ ഓൻ മോന്തിക്ക് കള്ളും കുടിച്ച് ബന്ന് ന്റെ പീട്യേ തല്ലിപ്പൊളിച്ചും.....ബലാല്.."

    താങ്കളുടെ പോസ്റ്റുകളെല്ലാം വായിക്കാറുൻട്.....നന്നായിരിക്കുന്നു.......
    -അഭ്യുദയകാംക്ഷി

    ReplyDelete