Monday, December 2, 2013

ദേ പുട്ടും ആപ്പിളും

അഞ്ചെട്ട് ബ്ലോഗേര്‍സ് ഒരിക്കല്‍ വയനാട്ടില്‍ പോയി. രാത്രി ബാണാസുര സാഗറിലെ ഐ.ബി. ഗസ്റ്റ് ഹൗസില്‍ തങ്ങി. നിസാറും സിയാഫും മന്‍സൂര്‍ ചെറുവാടിയും ഉഗ്രന്‍ ഫോമില്‍ കത്തിയടി തുടര്‍ന്നുകൊണ്ടിരിക്കെ ഓരോരുത്തരായി സ്കൂട്ടാവാന്‍ തുടങ്ങി. സ്കൂട്ടാവല്‍ വിദഗ്ദന്‍ പ്രദീപ് മാഷ് അന്ന് കോഴിക്കോട്ടുനിന്ന് ഞങ്ങള്‍ പുറപ്പെടുംമുന്‍പേ സ്കൂട്ടായതിനാല്‍ രണ്ടാം സ്കൂട്ട് വിദഗ്ദന്‍ റഷീദ് പുന്നശ്ശേരി ആദ്യം സ്കൂട്ടായി. ഓരോരുത്തരായി ഉറക്കം വന്ന് സ്കൂട്ടാവാന്‍ തുടങ്ങിയപ്പോള്‍ സിയാഫ് പറഞ്ഞു.

'ഞാന്‍ നന്നായി കൂര്‍ക്കം വലിക്കും, അത് സഹിക്കാന്‍ പറ്റുന്ന ആരെങ്കിലും എന്റെ കൂടെ കിടന്നാല്‍ സൗകര്യമായി'

പാവം.. കൂര്‍ക്കം വലി ഒരു കുറ്റമാണോ.. അത് തുറന്ന് പറഞ്ഞ ആ വലിയ മനസ്സിനേയാണ് അംഗീകരിക്കേണ്ടത്. ഞാന്‍ കിടക്കാമെന്ന് സമ്മതിച്ചു.. ഞമ്മളിതെത്ര കേട്ട്ക്ക്ണ്.. ദുബായിന്ന്.. പത്ത് പന്ത്രണ്ട് ജനറേറ്ററുകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ഞമ്മക്കിതൊരു കുഞ്ഞു ജനറേറ്റര്‍ മാത്രം.

രാവിലെ ഉറങ്ങി എണീറ്റപ്പോള്‍ സിയാഫുണ്ട് കട്ടിലില്‍ താടിക്ക് കയ്യും കൊടുത്ത് കുത്തിയിരിക്കുന്നു. 'എന്തുപറ്റി സിയാഫ്കാ...?' ഞാന്‍ ചോദിച്ചു.

'നീ എന്നാ കൂര്‍ക്കം വലിയാ ഷെബീറേ.!!! ഞാനിന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല' ഈറനണിഞ്ഞ കണ്ണുകളോടെ ഇത്രേം വല്ല്യ ഒരു മന്‍ഷ്യന്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു... സത്യായിട്ടും... അള്ളാണെ... അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചതാ ഇതിനൊരു പരിഹാരം ചെയ്യണമെന്ന്.

അങ്ങനെയിരിക്കെയാണ് സിയാഫിന്റേയും വിഢിമാന്റേയും പുസ്തകപ്രകാശനം (ആപ്പിള്‍, ദേഹാന്തരയാത്രകള്‍) കൊച്ചിയില്‍ നടക്കുന്നതിന്റെ വിവരം ലഭിച്ചത്. ഇതു തന്നെ പരിഹാരം ചെയ്യാനുള്ള അവസരം. മാത്രമല്ല 'നിധീഷിന് കിട്ടിയ സമ്മാനത്തുക പുട്ടടിക്കലും' എന്നും കൂടെ കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ദേ പുട്ട്, ദാ പുട്ട്, ഡാ പുട്ട്, ഡീ പുട്ട് എന്നൊക്കെയുള്ള കുറേ പുട്ടുകടകള്‍ ഉള്ള നാടല്ലേ. ലൈറ്റായിട്ടൊരു രണ്ട് കുറ്റി പുട്ടും ഇച്ചിരി താറാവ് കറിയും അടിച്ചിട്ട് പോരാം എന്നുവച്ചു. 16 നുള്ള അലാറം പത്താംതീയതിയേ വച്ചു.

16 ന് പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. സൗത്തിലുള്ള ജിതിനേയും കൂട്ടി നേരെ വച്ചുപിടിച്ചു, കലൂര്‍ ഫ്രൈഡേ ക്ലബിലേക്ക്. പോകുന്ന വഴിക്ക് ഹോട്ടലില്‍ കയറി ഊണ് കഴിച്ചു.  ചോറിടട്ടേ ചേട്ടാ എന്ന് ചോദിച്ച വെയ്റ്ററോട് 'വേണ്ട... പുട്ടടിക്കാനുള്ളതാ...' എന്ന് ജിതിന്റെ കനത്ത ശബ്ദത്തിലുള്ള മറുപടി. 'ഊണ് വേണ്ട.. കഞ്ഞി ആക്കാം.. പുട്ടടിക്കാനുള്ളതല്ലേ' എന്ന് അവന്‍ പറഞ്ഞതാ. ഞാനാ നിര്‍ബന്ധിച്ചത് ഊണ് കഴിക്കാന്‍. അതിന്റെ ദേഷ്യം വെയ്റ്ററുടെ അടുത്ത് തീര്‍ത്തതാ..

പുസ്തകപ്രകാശനമൊക്കെ ഭംഗിയായി കഴിഞ്ഞു. അതൊക്കെ നിങ്ങള്‍ പല പോസ്റ്റിലും വായിച്ചില്ലേ. ഇനി ഞാന്‍ സീരിയസായി(?) റിവ്യൂയിലേക്ക് കടക്കുകയാണ്.

പതിനഞ്ച് കഥകള്‍ അടങ്ങുന്ന കഥാ സമാഹാരമാണ് സിയാഫിന്റെ ആപ്പിള്‍. ഈ ആപ്പിള്‍ തൊലിയില്‍ മെഴുക് പുരട്ടി ഒരുപാട് കാലം കോള്‍ഡ് സ്റ്റോറേജില്‍ കിടന്ന ആപ്പിളല്ല. നമ്മുടെയൊക്കെ അടുക്കളത്തോട്ടത്തില്‍ കായ്ച ആപ്പിള്‍. സാധാരണക്കാരനുമായി സംവദിക്കുന്ന ആപ്പിള്‍. ഫ്രഷ് & പ്യുവര്‍. രുചിച്ച് നോക്കിയിട്ട് പറയൂ...

ഇതില്‍ 'ഭൂതം', 'ആറാമന്റെ മൊഴി', 'അണയാത്ത തിരിനാളം' എന്നീ കഥകള്‍ സമീപകാലത്ത് നമ്മുടെ മനസ്സിനെ പിടിച്ച് കുലുക്കിയ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിയാഫിന് നര്‍മ്മം വഴങ്ങും എന്നതിന്റെ തെളിവാണ് 'ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്'. മനുഷ്യന്റെ ആര്‍ത്തിയുടെ കരങ്ങള്‍ പ്രകൃതിക്കുമേല്‍ പതിയുംബോള്‍ ഒരു തവളയിലൂടെ കഥ പറയുന്നു കഥാകാരന്‍.

(''രാജകുമാരിത്തവളക്ക് രാത്രികാലങ്ങളില്‍ തന്റെ ഉടല്‍ തീനാളം പോലെ പ്രകാശിപ്പിക്കുവാന്‍ ഒരു കഴിവ് ഉണ്ടായിരുന്നു. അത്കൊണ്ട് രാത്രി ആയാല്‍ രാക്ഷസന്‍ തവളയെ അടച്ച കുപ്പി എടുത്ത് അടുത്തു വെക്കും. വെട്ടം കണ്ട് ഭക്ഷണം കഴിക്കാമല്ലോ. ഉറങ്ങുംബോഴും തവളയെ ഇട്ട കുപ്പി കയ്യില്‍ പിടിക്കും. രാക്ഷസന് ഇരുട്ട് പേടിയായിരുന്നു. ഇരുട്ടത്ത് വരുന്ന ചില മനുഷ്യരേയും. രാക്ഷസന്‍ ഉറങ്ങിക്കഴിഞ്ഞാല്‍ തവള വെട്ടം ഓഫാക്കും. ഉറങ്ങും.'')

മെട്രോ ലൈഫിന്റെ നേര്‍കാഴ്ചയായ 'കാസിനോ', 'യൂത്തനേഷ്യ' എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു.

'ദൈവത്തിന്റെ അമ്മ' എന്ന കഥയില്‍ അമ്മക്ക് നല്‍കേണ്ട പ്രാധാന്യം ദൈവത്തിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കിതരുകയാണ് കഥാകാരന്‍ ഇവിടെ.

'അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല. എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റ അമ്മയെ എനിക്ക് താഴെ എങ്ങനെ ഇരുത്തും?' ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു.

ആപ്പിള്‍ മികച്ച ഒരു വായന സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ.

*******************

മനോജ് വിഢിമാന്റെ ദേഹാന്തരയാത്രയെ കുറിച്ച് പറയുകയാണെങ്കില്‍ പല നോവലുകളും വായിക്കുംബോള്‍ അത് ഒരു സിനിമയിലെന്നപോലെ രംഗങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലവും മനസ്സിന്റെ റീലില്‍ ഓടിക്കൊണ്ടിരിക്കും. ദേഹാന്തരയാത്രകള്‍ എന്ന സിനിമ മനസ്സിന്റെ റീലില്‍ ഓടികൊണ്ടിരിക്കുംബോള്‍ ആ സിനിമയിലെ ഒരു നിശബ്ദ കഥാപാത്രമായി രൂപാന്തരം പ്രാപിക്കാന്‍ വായനക്കാരന് കഴിയുന്നുണ്ട് എന്നതാണ് ദേഹാന്തരയാത്രയുടെ മികവായി എനിക്ക് തോന്നിയിട്ടുള്ളത്.

മാത്രമല്ല നോവലിലുടനീളം വായനയുടെ ഒഴുക്ക് അതിന്റെ താളത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ മനോജ് വിഢിമാന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

ഏതായാലും സിയാഫിനേയും വിഢിമാനേയും കാണുംബോള്‍ ആരും വെറുതേ വിടണ്ട. കൂടെ നിന്ന് ഓരോ ഫോട്ടൊ പിടിച്ച് സൂക്ഷിച്ചുവച്ചോളൂ... സമീപഭാവിയില്‍ തന്നെ നമുക്കെല്ലാം ഇവരുടെ പേര് പറഞ്ഞ് അഭിമാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


*******************

നമുക്ക് കാര്യത്തിലേക്ക് തിരിച്ചുവരാം. അങ്ങനെ പുസ്തകമൊക്കെ ഒപ്പിടുവിച്ച് വാങ്ങി കൊച്ചിയില്‍നിന്നും തിരിക്കാന്‍ നേരത്ത് എല്ലാവരോടും യാത്ര പറഞ്ഞു. സിയാഫിനോടും, വിഢിമാനോടും മൂന്ന് തവണ യാത്ര പറഞ്ഞു. നിധീഷിനോട് അഞ്ച് തവണ. അതും കൈ പിടിച്ച് കുലുക്കിയിട്ട്. ആ കുലുക്കലിലും യാത്ര പറച്ചിലിലും ഒരു കുറ്റി പുട്ടെങ്കിലും എന്ന അപേക്ഷ അടങ്ങിയിരുന്നത് നിധീഷ് മനസ്സിലാക്കിയില്ല. രാത്രി ഭക്ഷണം വേണ്ട എന്ന് സഹമുറിയനോട് പറഞ്ഞ് എന്റെ കൂടെ വന്ന ജിതിന്റെ കാര്യം ഓര്‍ത്തിട്ടായിരുന്നു എനിക്ക് വിഷമം.

ഞങ്ങള്‍ തിരിഞ്ഞുനടക്കവേ പുറകില്‍നിന്നും സിയാഫിന്റെ വിളി വന്നു. ഷബീര്‍... ജിതിന്‍...

പുട്ടിന്റെ കാര്യം ഓര്‍മയായിക്കാണും. ഞങ്ങള്‍ ആവേശത്തോടെ തിരിഞ്ഞുനോക്കി.

'താങ്ക്സ്... വളരേയധികം നന്ദി... ഇതുവരെ വന്നതിനും പങ്കെടുത്തതിനും...'

ഡിം... ആ പ്രതീക്ഷയും അവസാനിച്ചു.

ഞങ്ങള്‍ ഫ്രൈഡേ ക്ലബില്‍നിന്നും വിത്തൗട്ട് പുട്ട് വിത്ത് ആപ്പിള്‍, ദേഹാന്തരയാത്രകള്‍, കഥമരം പി.ഒ. 13 എന്നിവയുമായി പുറത്തിറങ്ങി.

'അല്ല ജിതിനേ... നീ നല്ല കഞ്ഞി കിട്ടും എന്നുപറഞ്ഞ കട ഏതായിരുന്നു?' ഞാന്‍ ചോദിച്ചു.

'നീ ബാ... ഞാന്‍ കാണിച്ചുതരാം... അല്ലേലും ആരോഗ്യത്തിന് പുട്ടിനേക്കാള്‍ നല്ലത് കഞ്ഞിതന്നാ...'

'അതെ.. അതെ.. കഞ്ഞി ഈസ് ദ സീക്രട്ട് ഓഫ് മായിനാജി ആന്‍ഡ് വി.കെ.സി... ' ഞാന്‍ കുടല് കരിയുന്ന വിശപ്പോടെ സമ്മതിച്ചുകൊടുത്തു.

*************

നാമൂസും, അന്‍വരികളും, ആര്‍ഷാ അഭിലാഷ് ഒക്കെ മികച്ച അവലോകനങ്ങള്‍ ഇട്ടിട്ടുണ്ട്.

തമാശയിലൂടെയുള്ള പുസ്തക പരിചയം എന്നതിലുപരി ഇതിനെ അവലോകനമായി കാണരുത്. മികച്ച അവലോകനങ്ങള്‍ താഴെ

നാമൂസ് - ആപ്പിള്‍, അന്‍വരികള്‍ - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍, ആര്‍ഷാ അഭിലാഷ് - ആപ്പിള്‍ - ദേഹാന്തരയാത്രകള്‍