Wednesday, April 20, 2011

ഞമ്മളെ ആദ്യത്തെ ബ്ലോഗ് മീറ്റ്...

ഒരു ദിവസം ഗൂഗിള്‍ടാല്‍ക്കിനിടയില്‍...

താങ്കളുടെ മൊബൈല്‍ നമ്പര്‍ തരൂ...

055......... ഞാന്‍ ഒട്ടും ആലോചിക്കതെ കൊടുത്തു.
കൊടുത്തതിന് ശേഷമാണ് ഞാന്‍ കാര്യം അന്വേഷിച്ചത്. എഴുത്തിന്റെ നിലവാരം കൊണ്ട് അഭിപ്രായം നേരിട്ട് പറയാനാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

ഞാന്‍ ദുബായില്‍ വരുന്നു. ഒരു ചെറിയ ബിസിനസ് ട്രിപ്പ്. അധികം സമയം ഉണ്ടാവില്ല. എനിക്ക് താങ്കളെ ഒന്ന് കാണണം. കൂട്ടത്തില്‍ അവിടെ ഉള്ള മറ്റു ബ്ലോഗര്‍മാരെയും കാണണമെന്നുണ്ട്. സമയം അനുവദിക്കുന്നെങ്കില്‍ കാണാം.

പടച്ചോനെ, സന്തോഷം ഉണ്ട് പക്ഷേ തട്ടുപൊളിപ്പന്‍ നമ്പറുകളുമായി ഭൂ ലോകത്ത് തിരിഞ്ഞ്കളിക്കുന്ന തിരിച്ചിലാന്‍ എങ്ങനെ സംസാരിക്കും മൂപ്പരോട്? വെത്യസ്തമായ ശൈലിയും, ഏവരേയും പ്രോത്സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ തത്വജ്ഞാനിയുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ പിടിച്ച് നില്‍ക്കും. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.

ഓഫീസില്‍ ഇരിക്കുമ്പോൾ പതിനൊന്ന് മണിയോട്കൂടി ഒരു കോള്‍ വന്നു,

ഷബീര്‍
ആണോ?അതെ...

തിരക്കിലാണോ?..

അല്ല, ...‌‌‌‌‌....... ആളാണോ?

അതെ...

എപ്പൊ എത്തി ദുബായില്‍?ഇന്നലെ രത്രി..

ആഹ...

ഞാന്‍ പ്രതീക്ഷിച്ചത് ഷബീറിന്റേത് ഒരു സോഫ്റ്റ് സൗണ്ട് ആണെന്നാ... ഇത് വല്ല്യ ആള്‍ക്കാരെ സൗണ്ട് പോലുണ്ടല്ലോ..

ഞാന്‍ ചിരിച്ചു... വൈകിട്ട് കാണാം എന്ന് തീരുമാനിച്ചു.

എന്റെ സൗണ്ടിനെ പറ്റി കേട്ട കമന്റ് മനസ്സില്‍ കുരുങ്ങി, മൂപ്പരുടെ കമന്റുകള്‍ പോലെ വ്യത്യസ്ഥമായ എന്റെ സൗണ്ടിനെ പറ്റിയുള്ള കമന്റും. ഉടനെ ഞാന്‍ ഒരു sms അയച്ചു.

"ഇക്കാ... സൗണ്ട് മാത്രേ വലുതുള്ളൂ. 5.5 അടി ഉയരത്തിലുള്ള ഒരു ഉരുപ്പിടിയാണ് ഞാൻ . കാണുമ്പോൽ ചിരിക്കരുതേ പ്ലീസ്..

പറഞ്ഞത്പോലെ വൈകിട്ട് റാഷിദിയ മെട്രോ സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടി. ആദ്യമായി ജീവനോടെ ഇതാ ഒരു ബ്ലോഗര്‍ എന്റെ മുന്നില്‍. ഞാനാദ്യം കണ്‍കുളിര്‍ക്കെ ഒന്ന് നോക്കി. ജീവിതത്തില്‍ ആദ്യമായിട്ട് കാണുന്നതല്ലേ... മൂപ്പരെ കണ്ടപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് നേരെ യോഗക്ലാസ്സില്‍ പോയി ചേര്‍ന്നാലോ എന്നാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടി കിട്ടിയല്ലേ...? അതെ ഇസ്മായീല്‍ കുറുമ്പടി (തണല്‍). ഒരു കുറുമ്പും ഇല്ലാത്ത കുറുമ്പടിയെയാണ് ഞാന്‍ കണ്ടത്. തത്വജ്ഞാനത്തെ പറ്റി ചിന്തിച്ചത് തെന്നെ വെറുതെ ആയിപ്പോയി. ഒരു സാധാരണക്കാരന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തനി നാടന്‍‍' തന്നെ. ഇയാളെങ്ങനെ ഇങ്ങനെയൊക്കെ എഴുതുന്നു എന്ന് ഞാന്‍ അതിശയപ്പെട്ടു.
ഫോട്ടോ ഇടാന്‍ താല്‍പര്യമുണ്ടായിട്ടല്ല, അഥവാ നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയിട്ടാണ് ഈ ചെയ്യുന്നത് ഞാന്‍ ന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നിക്കു നന്നായി അറിയാം . എന്റെ ഗ്ലാമറിനേല്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ ഫോട്ടോ എന്നും എനിക്കറിയാം.

പിന്നീട് ഞങ്ങള്‍ മെട്രോ ട്രൈനില്‍ കയറി നേരെ പോയത് 'Mall of the Emirates' ലേക്കാണ്. അവിടെ വച്ച് കുറുമ്പടിയുടെ സഹോദരനെ കണ്ടുമുട്ടി. ഭക്ഷണം കഴിക്കാന്‍ വേണ്ടി റെസ്റ്റോറെന്റില്‍ കയറി. മൂപ്പര് നമ്മളെ അഥിതിയല്ലേ.. അതുകൊണ്ട് ഫുള്‍ ഓര്‍ഡര്‍ എന്റെ വക (ഓര്‍ഡര്‍ മാത്രം). ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് 'ബേബി ചിക്കിനെ' പറ്റി സംസാരം വന്നത്. അപ്പൊത്തന്നെ 'സുല്‍ഫീക്കര്‍' (പുറംലോകം) ഭായിയെ ഓര്‍മ വന്നു. പുള്ളിയുമായും ഫോണില്‍ സംസാരിച്ചു. ആ ഒരു മീറ്റില്‍നിന്നും മറ്റൊരു മീറ്റിലേക്കുള്ള വഴിയൊരുങ്ങി.

നീണ്ട മൂന്നര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങല്‍ പിരിഞ്ഞു. പിരിയുമ്പോള്‍ കുറുമ്പടിയുടെ കണ്ണില്‍നിന്നും രു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു. എങ്ങനെ പൊഴിയാതിരിക്കും. അജ്ജാതി തീറ്റയല്ലായിരുന്നോ...
****

ശനിയാഴ്ച്ച സുല്‍ഫിക്കയേയും കണ്ടു. മൂപ്പര് എന്റെ താമസസ്ഥലത്ത് വന്നു, ആ സമയം എനിക്ക് ഓര്‍മ്മ വന്നത് 'കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗാണ്. 'അശോക് രാജ്.. അവസാനം നീ എന്റെ കൂരയിലും വന്നു'. 'തിരിച്ചിലാന്റെ കട്ടില്‍' എന്നും പറഞ്ഞ് മൂപ്പരും എന്റെ കട്ടിലില്‍ കയറി ഇരുന്നു. മൂപ്പരും ഇപ്പറഞ്ഞപോലെ വെച്ചുകെട്ടലുകള്‍ ഒന്നുംതന്നെ ഇല്ലാത്ത തനി നാടന്‍. എഴുത്തിലൂടെ നമ്മളെ അമ്പരപ്പിക്കുന്നവരല്ല നേരിട്ട് കാണുമ്പോൾ. ഇവരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഞാന്‍ വായിച്ചത് എല്ലാം വെറുതെ ആയി.
ഞങ്ങള്‍ കുറേ സമയം സംസാരിച്ചു. ഒരുപാട് ബ്ലോഗര്‍മാരെ പറ്റിയും, ബ്ലോഗ് തുടങ്ങിയതിനെ പറ്റിയും, എഴുതുന്നതിനെ പറ്റിയും എല്ലാം. അറിയാവുന്ന ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിനെ പറ്റി ഞങ്ങള്‍ സംസാരിച്ചു.

ആശ്ചര്യമെന്ന് പറയട്ടെ, ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച കാര്യത്തില്‍ അടുത്ത ദിവസം (തുഞ്ചന്‍ ബ്ലോഗ് മീറ്റ് നടന്ന) തന്നെ ഫേസ്ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. തിന്റെ ഫലമയി ദുബായിലും ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഇതുവരെ നല്ല ഒരു പ്രതികരണമാണ് ഞങ്ങളുടെ ഈ ഉദ്ദ്യമത്തിന് ലഭിച്ചിട്ടുള്ളത്.

വായനയിലൂടെ അടുത്തറിഞ്ഞവര്‍ നേരില്‍ കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ്. നമ്മളെ കരയിച്ചവരെ ചന്തിക്ക് നല്ല നുള്ള് (പിച്ച്) കൊടുത്ത് 'ഇനി മേലാല്‍ കരയിപ്പിക്കാന്‍ ഇങ്ങോട്ട് വര്യോ?' എന്നും, ചിരിപ്പിച്ചവരെ പുറത്തടിച്ചിട്ട് 'കള്ള ഹമ്ക്കേ... അന്നെക്കൊണ്ട് മന്‍ഷ്യന്‍ ചിരിച്ച് ചിരിച്ച് മട്ത്ത്ക്ക്ണ്” എന്നക്കെ ചോദിച്ചും പറഞ്ഞും ചിരിക്കാന്‍ എന്ത് രസമായിരിക്കും, അല്ലേ?...

ഡേറ്റ് ഫിക്സ് ചെയ്തതിന് ശേഷം അറിയിക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ കഴിയുന്നവര്‍ പങ്കെടുക്കുക. അല്ലാത്തവര്‍ പ്രാര്‍ഥിക്കുക.

കൂടുതല്‍ അറിയാന്‍ ഇവിടെ വരുക.

യു ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

Tuesday, April 12, 2011

ഹിറ്റ് FM തലമണ്ടയ്ക്ക്

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

Monday, April 4, 2011

ഒരു ബ്ലോഗറുടെ കഷ്ടപ്പാടുകള്‍

ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടു കൂടി എന്റെ സ്വഭാവവും മാറിത്തുടങ്ങി. വെറും ചിന്ത തന്നെ ചിന്ത. ചിന്തകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോകാന്‍ തുടങ്ങി. ബേപ്പൂര്‍ സുല്‍ത്താനെപ്പോലെ കഷണ്ടിയില്‍ തടവി വിശ്വലോക സാഹിത്യം രചിക്കാം... നല്ല രസമായിരിയ്ക്കും. പക്ഷേ കല്ല്യാണം കഴിഞ്ഞ് ഒന്നാം സല്‍ക്കാരം വരെയെങ്കിലും തലമുടി നിലനില്‍ക്കണമല്ലോ, 'ഗള്‍ഫ് ഗേറ്റ്' വച്ച് തല ചൊറിഞ്ഞ് നടക്കാനും വയ്യ, അതിനാല്‍ ധാത്രി ഓയിലും വാട്ടിക ഷാംപുവുമൊക്കെയായി ബാക്കിയുള്ള വിഘടന കക്ഷികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. എന്റെ സ്വപ്നങ്ങള്‍ പോലും കഥകളും, കഥാപാത്രങ്ങളും, അക്ഷരങ്ങളുമായി തീര്‍ന്നിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ രാവിലെ എണീറ്റാല്‍ ഒന്നും ഓര്‍മ്മ കാണില്ല. ഓര്‍മ്മയെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെല്ലാരും എന്റെ പോസ്റ്റുകള്‍ വായിച്ച് ഗ്ലൂക്കോസ് പെര്‍ക്ക് ചോക്ക്ലേറ്റ് കഴിക്കേണ്ടി വന്നേനെ.

എവിടെയായാലും കഥാതന്തു അന്വേഷിച്ചുള്ള നടപ്പാണിപ്പോള്‍. ഈയിടെ ഗ്ലോബല്‍ വില്ലേജില്‍ പോയപ്പോള്‍ അറബി പെണ്‍കുട്ടികള്‍ക്കിടയില്‍ എന്തെങ്കിലും കഥാതന്തു ഉണ്ടോ എന്ന് പരതിയപ്പോള്‍ അതില്‍ ഒരുവള്‍ അവളുടെ ഹൈ ഹീല്‍ ചെരിപ്പ് കാണിച്ചുതന്നു. അറബിയില്‍ തന്നെ അതിന്റെ വിലയും പറഞ്ഞുതന്നു. എനിയ്ക്കത് മനസ്സിലായില്ലെങ്കിലും അവളുടെ മുഖഭാവത്തില്‍നിന്നും അത് നല്ല വിലയുള്ള ചെരിപ്പാണെന്ന് മനസ്സിലായി.

ബാത്ത്റൂമില്‍ കയറി പത്തുമിനുറ്റുകൊണ്ട് കുളിയും, പല്ലുതേപ്പും മറ്റെല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്ന ഞാനിപ്പോള്‍ എത്ര സമയം എടുക്കുന്നുണ്ടെന്ന് എനിയ്ക്കുതന്നെ അറിയില്ല. ആദ്യത്തെ ആ ഇരുപ്പില്‍ തന്നെ ചിന്തിച്ചൊരു ഇരിപ്പാണ്. ചിന്തകള്‍ കാടുകയറിയും ഇറങ്ങിയും പോയിക്കൊണ്ടിരിക്കുംബോഴായിരിക്കും വാതിലില്‍ നാല് നല്ല മുട്ടും 'നീ എന്ത് മറ്റേതെടുക്കാടാ അതിന്റകത്ത്?' എന്നും ചോദിച്ച് സഹമുറിയന്‍ ആക്രോശിയ്ക്കുക. അപ്പോ പരിപാടികളൊക്കെ കഴിച്ച് (ചിലപ്പോള്‍ തോര്‍ത്ത് മുണ്ട് ഒന്ന് നനച്ച് തുടയ്ക്കാനേ സമയം കിട്ടൂ) വേഗം പുറത്തിറങ്ങും. റൂമില്‍ ആകെ രണ്ടുപേരേ ഉള്ളൂ എന്നതിനാല്‍ കൂട്ടത്തല്ല് കിട്ടുമെന്ന പേടിയില്ല. (എന്ത?.. അയ്യേന്നോ?... പിന്നേ... ആടുജീവിതത്തില്‍ നജീബ് മൂന്ന് വര്‍ഷം നാല് മാസം ഒന്‍പത് ദിവസം കുളിച്ചിട്ടില്ല. അവനോട് നിങ്ങള്‍ക്ക് സഹതാപം. ഞാന്‍ കുളിക്കാണ്ടിരുന്നാല്‍ അയ്യേ... ഇതാണ് വിവേചനം...)

കൂട്ടുകാരനൊപ്പം ഒരു ദിവസം ബസ് യാത്രയ്ക്കിടയില്‍ ഞാന്‍ എന്റെ ചിന്തയുടെ ലോകത്തേക്ക് പോയി. അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. അവന്‍ എന്റെ കയ്യില്‍ പിടിച്ച്കുലുക്കി 'ശരിയല്ലേന്ന്' ചോദിച്ചു. ചിന്തയുടെ ലോകത്തിനിന്നും ഉണര്‍ന്ന് 'എന്ത്?' എന്ന് ഞാന്‍ ചോദിച്ചു.

'അപ്പൊ ഞാന്‍ ഇതുവരേ പറഞ്ഞതൊന്നും നീ കേട്ടില്ലേ?'

ഞാന്‍ അവന്റെ മുഖത്ത് നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സക്കി ചോദിച്ചു

'നീ എന്താ ചോദിച്ചത്?'

'തേങ്ങാക്കൊല'

'തേങ്ങാക്കൊല' എന്റെ അടുത്ത പോസ്റ്റിനിടാന്‍ പറ്റിയ പേര്. ഞാന്‍ ദേ കിടക്കുന്നു ചിന്തയുടെ ലോകത്ത് വീണ്ടും. തേങ്ങാക്കൊലയെപറ്റി പറയുംബോള്‍ തേങ്ങവലികാരന്‍ മോട്ടമ്മല്‍ രാമേട്ടനെ പറ്റി പറയണോ അതോ കുളൂസ് വേലായുധനെ പറ്റി പറയണോ?

'എടാ £$%^&&^^&£"$$%'

ആ വാക്കുകൊണ്ട് ചിന്തയുടെ തേങ്ങാക്കൊല വെട്ടി അവനെന്നെ താഴെയിട്ടു. ഞാന്‍ ആശ്ചര്യത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്‍ മന്ത്രിച്ചു.

'അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...' (അല്ലാഹുവേ.. ക്ഷമിക്കേണമേ) അടുത്ത നിമിഷം അവന്‍ വീണ്ടും പൊട്ടിതെറിച്ചു.

'നിന്റെയൊരു ഹലാക്കിലെ ബ്ലോഗ്, വല്ല്യ ബുദ്ധിജീവിയാകാന്‍ നോക്കിയാല്‍ നിന്റെ ബ്ലോഗിന് ഞാന്‍ തീയിടും'

MBA ക്കാരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തലയ്ക്കകത്ത് ഒരു കുന്ദ്രാണ്ടോം ഇല്ല. ഇവിടെ പെട്രോളിന് വില കുറവായതിനാല്‍ അവന്‍ ചിലപ്പോള്‍ തീയിട്ടെന്നും വരാം. ബ്ലോഗൊന്നും ജന്മത്തില്‍ കണ്ടിട്ടില്ലാത്ത ചെക്കനാ. അവന്റേയുംകൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഞാന്‍ നോക്കണം. എന്ത് ചെയ്യാനാ.. ഒന്നാംക്ലാസ്സ് മുതല്‍ കൂടെകൂടിയതല്ലേ... ദുബായില്‍ വന്നപ്പോഴെങ്കിലും രക്ഷപ്പെട്ടെന്ന് കരുതിയതാ... വന്നിട്ട് അഞ്ച്മാസം തികഞ്ഞില്ല, അതിന് മുന്നേ അവന്‍ ദുബായിലുമെത്തി. എന്റെ കഷ്ടകാലം...

അവന്റെ ബുദ്ദിശൂന്യതയേയും വായില്‍നിന്ന് വീണ മനോഹരമായ വാക്കിനേയും നമിച്ച് അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമുക്കെങ്ങനെ പിടിച്ചുനില്‍ക്കാം, ജപ്പാനിലെ സുനാമി ബാധിതര്‍ക്ക് നമ്മളാല്‍ എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെയാണെന്ന്. എന്നാല്‍ അതൊന്നുമല്ല.. 'ബിരിയാണി കഴിക്കണെങ്കില്‍ സല്‍ക്കാരേലെ ബിരിയാണി തന്നെ കഴിക്കണം..., സാഗറിലെ മീന്‍ പൊള്ളിച്ചത് നല്ല ടേസ്റ്റാല്ലേ?..., നമ്മള് KFC കഴിച്ചിട്ട് കുറേ ആയല്ലേ?..., നാട്ടില്‍ പോയിട്ട് വേണം ബീഫ് തിന്ന് മരിക്കാന്‍...' ഇങ്ങനെ നീണ്ട്പോകും അവന്റെ അഭിപ്രായങ്ങളും ചോദ്യങ്ങളും. ഇതൊക്കെ ചോദിച്ച് കാലിയായ പോക്കറ്റ് നോക്കി വെറുതേ വായില്‍ സുനാമി തിരമാലകള്‍ ഉണ്ടാക്കാനാണ് അവന്‍ എന്നെ എന്റെ ചിന്തയുടെ ലോകത്തുനിന്നും വെട്ടിയിറക്കിയത്.

*****

കുറച്ച് ദിവസം മുന്നേ ഞാന്‍ എന്റെ 'ആദ്യരാത്രി' പോസ്റ്റ് പ്രിന്റെടുത്ത് അവന് കൊടുത്തു. അതല്ലാതെ അവന്‍ വായിക്കില്ലെന്ന് എനിയ്ക്കുറപ്പാണ്. കൊടുത്ത് ഞാന്‍ എന്റെ റൂമിലേക്ക് പോയി. പ്രിയ കൂട്ടുകാരന്റെ കഥ വായിച്ച് അവന്‍ ഇപ്പോ എന്നെ വിളിയ്ക്കും, അഭിനന്ദിയ്ക്കും... ഞാന്‍ ഫോണ്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഫോണ്‍ റിംഗ് ചെയ്തതും ആവേശത്തോടെ ഞാന്‍ ഫോണെടുത്തു.

അപ്പുറത്തുനിന്നും സലാം ചൊല്ലി. അല്ല... എന്റെ ഒരു പോസ്റ്റ് വായിച്ചപ്പോഴേക്കും ഇവന്‍ നന്നായോ? ഞാന്‍ അതിശയപ്പെട്ടു.

ഞാന്‍ സലാം മടക്കി.

'എവിടാണ് നീ... അന്റെ യാതൊരു വര്‍ത്താനവും ഇല്ല്യല്ലോ?'

അത് അവനായിരുന്നില്ല, ഉപ്പയായിരുന്നു. ഞാന്‍ ആവേശത്തില്‍ നമ്പര്‍ നോക്കാന്‍ മറന്നു. ഉപ്പ തുടര്‍ന്നു.

'ഉമ്മക്ക് എപ്പളും പരാതിയാണ്, നീ വിളിക്ക്ന്നേ ഇല്ല്യാന്നും പറഞ്ഞിട്ട്... എന്തേടാ അനക്ക് പറ്റീ?'

'ഒന്നുല്ല്യുപ്പാ... ഞാനൊരു ബ്ലോഗ് തുടങ്ങി, അതിന്റെ ഓരോ തിരക്കിലിങ്ങനെ...'

'തന്നേ!... ഉപ്പക്ക് സന്തോഷായെടാ മോനേ... അനക്ക് ഇപ്പളെങ്കിലും അതിന് തോന്ന്യല്ലോ'

ഉപ്പയുടെ വാക്കുകള്‍ കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ട് ഞാന്‍ ഉപ്പയ്ക്ക് എഴുതിയ കത്തുകളില്‍നിന്നും ഉപ്പയ്ക്ക് അതു മനസ്സിലായിക്കാണണം. അതുമാത്രമല്ലല്ലോ, രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ ഉപ്പ നാട്ടില്‍ വരുംബോള്‍ നാട്ടില്‍ ഉണ്ടായ വിശേഷങ്ങള്‍ തിരക്കും, അപ്പോള്‍ ഉമ്മ എന്നെ കാണിച്ചുകൊടുത്ത് പറയും 'അതായിരിക്ക്ണ് ടേപ്രിക്കോര്‍ഡറ്... അവിടെതന്നെ ചോദിച്ചോളി'... അതെ ഉപ്പ എന്നെ ആദ്യമേ തിരിച്ചറിഞ്ഞുകാണണം. എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ഉപ്പയുടെ ചോദ്യം വന്നു.

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, മോന്‍ പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ ഉപ്പാ...'

'അത് തന്നാടാ നല്ലത്... ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്റെ കഫീല് ആരാടാ?'

'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'

'ആ... ഓന്റെ പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..പിന്നെ കിട്ട്ണ പൈസൊക്കെ സൂക്ഷിച്ച് വെച്ചോ... കല്ല്യാണൊക്കാ വരാന്‍ പോണത്'

'ശരിയുപ്പാ...'

'എന്താടാ അന്റെ കടക്ക് പേരിട്ടത്?'

'തിരിച്ചിലാന്‍'

'എന്ത് പണിയാടാ ചെയ്തത്? ഞമ്മളെ തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'

ആദ്യം നാടിനെ പറയിപ്പിക്കട്ടെ ഉപ്പാ.. എന്നിട്ട് കുടുംബത്തിനെ പറയിപ്പിക്കാം.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

'എന്താടാ നീ ഒന്നും പറയാത്തത്?'

'അത് ഉപ്പാ... കച്ചോടൊക്കെ ഉഷാറാവട്ടെ.. വേണെങ്കില്‍ ഞമ്മള്‍ക്ക് മാറ്റാം'

'ശരി.. എന്നാപിന്നെ ഉപ്പ പിന്നെ വിളിക്കാടാ.. അസ്സലാമു അലൈക്കും'

'വ അലൈക്കും മുസ്സലാം'

ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഡിസ്പ്ലേയില്‍ നോക്കി. ഇല്ല.. അവന്റെ കോള്‍ ഒന്നും വന്നിട്ടില്ല. ഞാന്‍ അവനെ അങ്ങോട്ട് വിളിയ്ക്കാന്‍ തീരുമാനിച്ചു. അഥവാ അവന്റെ ഫൊണില്‍ കാശില്ലെങ്കിലോ? ഞാന്‍ അവനെ വിളിച്ചു.

'എന്താടാ?' അവന്റെ ചോദ്യം...

'നീ വായിച്ചില്ലേടാ?'

'അത് ഇവിടെ അവിടെയോ ഉണ്ട്, ഞാന്‍ പിന്നെ വായിച്ചോളാം.'

എന്റെ ചങ്ക് പിടഞ്ഞു, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ലോകം മുഴുവന്‍ വായിച്ചാലും വായിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ വായിച്ചില്ലെങ്കില്‍ അത് വല്ലാതെ വിഷമിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്.

ഒരാഴ്ച്ച കഴിഞ്ഞിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തന്നെ ചോദിക്കേണ്ടിവന്നു 'നീ വായിച്ചോ'യെന്ന്.

'നീ പ്രിയദര്‍ശനാണ്' അവന്‍ മറുപടി പറഞ്ഞു.

എന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന തിരക്കഥാകൃത്ത്. ഏവരും ആദരിക്കുന്ന, ബഹുമാനിയ്ക്കുന്ന വ്യക്തി. ആ മഹാനോടാണോ ഇവന്‍ എന്നെ താരതമ്യം ചെയ്തത്...

'കോപ്പിയടി വീരന്‍'

അവന്റെ അടുത്ത ഈ വാചകം കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡുവെല്ലാം പതിന്മടങ്ങ് ശേഷിയുള്ള ഗ്രനേഡുകളായിമാറി. എന്റെ സര്‍ഗശേഷിയെ (തന്നെ.. തന്നെ..) കോപ്പിയടിയാണെന്ന് വിശേഷിപ്പിച്ചവന്‍ എന്റെ ഉറ്റ സുഹൃത്ത്. ദുഷ്ടന്‍... ക്രൂരന്‍... കൂട്ടുകാരനെ മനസ്സിലാക്കാന്‍ കഴിയാത്തവന്‍... ഇതൊക്കെയാണെങ്കിലും അവനെ എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതരാനുള്ള അവന്റെ കഴിവ് അസൂയാവഹമാണ്. അവന്‍ പറഞ്ഞുതന്ന പല കഥകളുമാണ് എനിയ്ക്ക് ബ്ലോഗില്‍ പോസ്റ്റിടാന്‍ പ്രചോദനമായത്.

ബ്ലോഗറായതിനുശേഷം സംഭവിച്ച മറ്റൊരു നഷ്ടം ബസ്സില്‍ ഞാന്‍ കഷ്ടപ്പെട്ട് വളച്ചെടുത്ത കുറച്ച് കഥാതന്തുക്കളും എനിയ്ക്ക് നഷ്ടമായി എന്നുള്ളതാണ്. എന്റെ കഥാതന്തുക്കള്‍ക്ക് വേണ്ടിയുള്ള ചിന്തകളില്‍ അവരൊന്നും എന്റെ കണ്ണില്‍ വന്നതേയില്ല. ഇടയ്ക്ക് ചിന്തയില്‍നിന്നിറങ്ങി അവരെ നോക്കിയപ്പോള്‍ 'ആണ്‍കുട്ടികള്‍' അവരെ വളച്ചെടുത്ത് കൂടെ ഇരിയ്ക്കാന്‍ വരെ തുടങ്ങിയിരുന്നു.
ഹാ... പോട്ടെ... എന്റെ എഴുത്തിന് വേണ്ടി ഞാന്‍ അവരേയും ബലി കൊടുക്കുന്നു...

(എന്താ?... നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?... സത്യായിട്ടും... അള്ളാണെ ഞമ്മള് വിട്ട്ക്ക്ണ്)

Tuesday, March 8, 2011

ന്യൂ ബ്രെയിന്‍സ്..

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.

Tuesday, March 1, 2011

എനിയ്ക്കും പണികിട്ടി




പണികിട്ടിയാശാനേ.. പണികിട്ടി... മോഷണക്കാരുടെ വലയില്‍ എന്റെ ഒരു പോസ്റ്റും പെട്ടിരിയ്ക്കുന്നു എന്ന് www.kubboos.com (നന്ദി)വഴി അറിയാന്‍ കഴിഞ്ഞു. എന്റെ ആദ്യരാത്രി മറ്റൊരാളുടെ ആദ്യരാത്രിയായി മാറിയിരിയ്ക്കുന്നു. എന്തൊരു കഷ്ടം.. എന്തൊരു ലോകം...



ismail ( NOORIYANS) ഇയാളാനദ്ദേഹം.. 'കടവത്തൂര്‍ ദേശം'
പോസ്റ്റ് അവരുടേതാണെന്ന് തെളിയിക്കാനാണെന്നു തോന്നുന്നു ഇങ്ങനെ ഒരു കമന്റും ഇട്ടിരിയ്ക്കുന്നു

'ഇസ്മയില്‍ക്കാ ഈ കഥ കയിഞ്ഞ വര്‍ഷം ഫയസ്‌ ബുക്കില്‍ നിങ്ങള്‍എഴുതിയപ്പോള്‍ തന്നെ വായിച്ചിരുന്നു നിങ്ങള്‍ ചന്ദ്രിക വരാന്ത പതിപ്പില്‍ എഴുതിയ സൈക്കിള്‍ എന്ന ഒമാനിലെ പ്രവാസികളുടെ കഥ പറഞ്ഞ കഥയും വായിച്ചു ചന്ദ്രികയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു'

നിങ്ങള്‍ക്കും നോക്കാം...
http://kadavathur.ning.com/profiles/blogs/5204129:BlogPost:21033



വായിക്കണമെംകില്‍ sign up ചെയ്യേണ്ടിവരും


കാര്യം കാണാന്‍

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.

'എടീ... ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.

'എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ... ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ?'

'ചായ ആദ്യം കൊടുക്കണ്ടേ ആമിനാ...?'

'ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും... പോരെ?'

'അത് മതി'

അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.

'ആമിനാ.. ഓനിങ്ങെത്തി..' എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍നിന്നും 35 നോടടുത്ത് പ്രായം തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും കൂട്ടി അകത്തേക്ക് നടന്നു.

'മോന്‍ ചെരിപ്പൊന്നും അയിക്കണ്ട.. അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്'

സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തേക്ക് നടന്നു.

'ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം.. എന്നിട്ടാവാം ബാക്കി' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും ഇരുന്നു.. ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.

'മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ.. നല്ലോണം കഴിക്കണട്ടോ... നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ..' എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി.

സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.

'അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്, സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ.. കണ്ടീലല്ലോന്ന്'

അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.

'പിന്നേ... അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നാക്കായേം ഒക്കെ ഉണ്ടാക്കി വെച്ച്ക്ക്ണ്. ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ.. നോക്കി നിക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...'

സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ സമ്മതിച്ചില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. 'മോന്‍ ഒന്നും കഴിച്ചില്ല' എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'ഇപ്പോ ആ മൊളകമ്പ് ഇല്ല്യല്ലേ മോനേ രാമാ?'

'ഇല്ല സൈദാലിക്ക... അതൊക്കെ കൊണ്ട് നടക്കാന്‍ വല്ല്യ ബുദ്ദിമുട്ടല്ലേ?'

'മോനേ രാമാ... നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ' ആമിനതാത്ത പറഞ്ഞു

'അതിന് ചൂടി എവിടെ ഇത്താ... ?'

'നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ നെടുംബരേല്ണ്ട്'

'ആളൊരു മണുങ്ങൂസനാണ്' സൈദാലിക്ക നേടുംപുരയിലേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍ ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.

സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു.

രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു

'എന്തു പറ്റി രാമാ... കയ്യില് വല്ല ആരും കൊണ്ടോ?'

'ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്'

'എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ് ചെയ്തേക്ക്ട്ടോ, താഴെ എത്തീന്ന്' ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു.

ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.

രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട് വച്ചു.

സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.

'രാമാ.. പോവല്ലേ..' എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.

'നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്...' ആമിനതാത്ത സൈദാലിക്കയോട് ആവശ്യപെട്ടു.

സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് 'എന്നാല്‍ ശരി' എന്നും പറഞ്ഞ് വണ്ടിയുമായി പോയി.

ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.

'ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല.. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍... 1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്' ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

'സാരല്ല്യ ആമിനാ... ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേല് വീഴും, ഓല മേല് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ'

സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

******

പിന്‍ കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം. ഈ കഥയ്ക്ക് ഒരു കടപ്പാട് രേഖപ്പെടുത്താനുണ്ട്. mayflowers ന്റെ 'ഇക്കരെ നിന്ന് ഉരുകുന്നവര്‍..' എന്ന പോസ്റ്റില്‍ തേങ്ങവലിക്കാരനെ ഫോണ്‍ ചെയ്ത് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.." എന്ന വാചകത്തില്‍ നിന്നുമാണ് ഈ കഥ എഴുതാനുള്ള പ്രചോദനം ഉണ്ടായത്. രണ്ടര വര്‍ഷമായി തെങ്ങും, തേങ്ങാകുലയും, ഇളനീരും, തേങ്ങവലിക്കാരനേയും കാണാത്ത ഞാന്‍ അല്ലാണ്ടെ എങ്ങനെ എഴുതും ഇങ്ങനെ ഒരു കഥ. കറി വെയ്ക്കാന്‍ തേങ്ങ ഇല്ല എന്നുള്ളതല്ല, മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന മക്കളുടെ മേലോ, വഴിയില്‍ നടന്നുപോകുന്നവരുടെ മേലോ തേങ്ങയോ ഓലയോ വീഴുമോ എന്നതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.

Monday, February 21, 2011

നാട്ടിലേക്കുള്ള ആദ്യ യാത്ര

ഒരു റമളാന്‍ മാസം...അന്ന് നോമ്പ് 28 ആണ്. (നോമ്പ് കാലവും, ചൂടും ആയതിനാല്‍ 'ദെയര'യില്‍ താമസിക്കുന്ന എന്നെ 'അല്‍ ബര്‍ഷ'യിലുള്ള ഓഫീസില്‍ നിന്നും GM എന്നും എന്റെ താമസ സ്ഥലത്ത് കൊണ്ടുവിടുമായിരുന്നു. അന്ന് ദുബായില്‍ മെട്രോ ട്രെയിന്‍ പ്രവൃത്തനം ആരംഭിച്ചിട്ടില്ല) ആ ദിവസത്തെ യാത്രക്കിടയില്‍ പുള്ളി എന്നോട് 'പെരുന്നാളിന് നാട്ടില്‍ പോകുന്നുണ്ടോ?' എന്ന് ചോദിച്ചു.

പെരുന്നാളിനുള്ള പുതിയ വസ്ത്രങ്ങളൊക്കെയെടുത്ത് കൂട്ടുകാരുമൊത്തുള്ള ടൂര്‍ വരെ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ അതെയെന്ന് പറഞ്ഞു. അതു വരേയില്ലാത്ത ഒരു മോഹം അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. മത്രമല്ല ഉപ്പയും, ഉമ്മയും, പെങ്ങളും, അളിയനും എല്ലാരും നാട്ടിലുണ്ട്താനും. ഞാന്‍ ടിക്കറ്റിനായുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ഒരു വഴിക്കും കിട്ടാനില്ല.

അടുത്ത ദിവസം പരിചയത്തിലുള്ള ഒരു ട്രാവല്‍സില്‍ നിന്നും എന്നെ വിളിച്ചു. 'ഒരാള്‍ ഇപ്പോള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തിട്ടുണ്ട്, നോമ്പ് 30 ന് രാത്രി ഒരുമണിക്ക് ഫ്ലൈറ്റ്, പെരുന്നാള്‍ ദിവസം രാവിലെ ഏഴ്മണിക്ക് നാട്ടില്‍ ഇറങ്ങാം, എടുക്കട്ടെ?' ഒട്ടും അമാന്ദിക്കാതെ ഞാന്‍ എടുത്തുകൊള്ളാന്‍ പറഞ്ഞു. വൈകിട്ട് നോമ്പ് തുറന്ന്, ട്രാവല്‍സില്‍ പോയി ടിക്കറ്റ് വാങ്ങി തിരിച്ചുവരുംബോള്‍ തക്ബീര്‍ കേള്‍ക്കുന്നു. ദുബായ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി. ഞാനോ... ടിക്കറ്റ് മാത്രമേ കയ്യിലുള്ളൂ. കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ വാങ്ങിയ്ക്കും. ഒരു പിടിയുമില്ല.

എന്തൊക്കെയോ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടി പെട്ടി നിറച്ചു. പെട്ടെന്നുള്ള യാത്രയായതിനാല്‍ സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം ബദാം ജ്യൂസ്, ആപ്പിള്‍ ഓറഞ്ജ് തീറ്റ എന്നിവയൊന്നും എടുക്കാന്‍ പറ്റിയില്ല. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും താടി വളര്‍ത്തലും നാട്ടില്‍ പോക്കും തമ്മില്‍ എന്തു ബന്ധം എന്ന്. പറഞ്ഞുതരാം, ഒരു പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്ത് വിട്ടതിന് പ്രവാസീ ബ്ലോഗര്‍മാര്‍ എന്നെ ഓടിച്ചിട്ടടിച്ചേക്കാം... എങ്കിലും സാരമില്ല.

*****

'നാട്ടില്‍ പോകുന്നതിന്റെ ഒരുമാസം മുന്നേ താടി വളര്‍ത്താന്‍ തുടങ്ങണം. നാട്ടില്‍ പോകുന്ന ദിവസമോ അല്ലെങ്കില്‍ തലേദിവസമോ താടി വടിച്ചുകളഞ്ഞാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. പിന്നെ പ്രത്യേകം പറയാനുള്ളത് അന്നെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ പോയി പത്തുരൂപ കൊടുക്കുക. സ്വന്തമായി വടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും.'

'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'

'പിന്നെയുള്ളത് ആപ്പിള്‍ തീറ്റയും ഓറഞ്ജ് തീറ്റയും. ആപ്പിള്‍ കവിള്‍ തുടുക്കാന്‍ സഹായിക്കും, ഓറഞ്ജ് ചുണ്ട് ചുവക്കാനും' എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. പരീക്ഷണം നടത്തി പരാചയപ്പെട്ടാല്‍ എന്നെ തെറിവിളിക്കാന്‍ വന്നേക്കരുത്, പറഞ്ഞേക്കാം... പ്രത്യേകം പറയാനുള്ള മറ്റൊരു കാര്യം ആപ്പിളും ഓറഞ്ജും സ്വന്തം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുക. അല്ലെങ്കില്‍ ചുവക്കുന്നത് അടുത്ത് കിടക്കുനവന്റെ കവിളും ചുണ്ടുമായിരിക്കും.'

****

അങ്ങനെ ഇതൊന്നും ചെയ്യാന്‍ പറ്റാതെ ഉള്ള ഗ്ലാമര്‍ വച്ച്, ദുബായിലെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രി യാത്രയായി. എന്റെ പെട്ടി തൂക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ക്ക് തന്നെ നാണക്കേടായപോലെ തോന്നി. മൊത്തം 18 കിലോ. ഡ്യൂട്ടി ഫ്രീയില്‍ നിന്നും കുറച്ച് മിഠായി വാങ്ങിച്ചു, ഫ്ലൈറ്റില്‍ കയറി, വിന്‍ഡോ സീറ്റാണ് എനിക്ക് കിട്ടിയത്. അടുത്ത് മറ്റു രണ്ടുപേര്‍ വന്നിരുന്നു. അവരെ പരിചയപ്പെട്ടു. ഒരാള്‍ കോട്ടക്കല്‍, മറ്റേ ആള്‍ തിരൂര്‍. തിരൂര്‍ക്കാരന്‍ ചെറുപ്പക്കാരനായിരുന്നു. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു അയാള്‍. മറ്റേ ആള്‍ക്ക് ഒരു 45 വയസ്സുകാണും, നല്ല ഭംഗിയായി താടി വളര്‍ത്തിയിട്ടുണ്ട്.

'ഇതില്‍ മറ്റതില്ലല്ലേ?' കോട്ടക്കല്‍ കാരന്‍ എന്നോട് ചോദിച്ചു.

'മറ്റതോ?' എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.

കോട്ട: 'ആ മറ്റത്' അയാള്‍ കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാണിച്ച് പറഞ്ഞു.

തിരൂര്‍ക്കാരനും ഞാനും ചിരിച്ചു.

ഞാന്‍: 'ഞാന്‍ വിചാരിച്ചു ഇത് ഈമാന്‍ താടിയാണെന്ന്. കള്ളത്താടിയും വച്ച് നടക്കാല്ലേ ആളെ പറ്റിക്കാന്‍'

കോട്ട: 'ഈമാനൊക്കെയുണ്ട് മോനേ... നാട്ടില്‍ നിന്നും വെള്ളമടിക്കൂല, ദുബായില്‍ നിന്നും വെള്ളമടിക്കൂല'

ഞാന്‍: 'അപ്പോ നിങ്ങള് ആകാശത്തുനിന്ന് മാത്രം വെള്ളമടിക്കുള്ളൂ അല്ലേ?

കോട്ട: 'അതാവുംബോള്‍ ആരും അറിയൂലല്ലോ...'

ഞാന്‍: 'ആ... ശരിയാ... ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് പടച്ചോന്റെ കണ്ണത്ര പോര'

അതും പറഞ്ഞ് ഞാനും തിരൂര്‍ക്കാരനും ഒരുമിച്ച് ചിരിച്ചപ്പോള്‍ അയാള്‍ ദേഷ്യം പിടിച്ച് മുഖം തിരിച്ചു.

ഞാന്‍: ദേഷ്യം പിടിക്കണ്ട, ഇപ്പൊ എന്താ വേണ്ടത്? എന്റെ കോട്ട ഇക്കാക്ക് വാങ്ങിതരണോ?

കോട്ട: 'അതിന് കിട്ടിയിട്ട് വേണ്ടേ... ഇത് ബ്രേക്ക്ഫാസ്റ്റ് ഫ്ലൈറ്റ് ആയതുകൊണ്ട് തരില്ല പോലും.'

കള്ളാ... അപ്പോ അന്വേഷണമൊക്കെ എപ്പഴേ കഴിഞ്ഞിരിക്കുന്നു

ഞാന്‍: 'നല്ലോരു പെരുന്നാള്‍ രാവല്ലേ ഇക്കാ... നമുക്കത് വേണ്ട'

അപ്പോള്‍ അയാളെന്നോട് ചിരിച്ചു. തിരൂര്‍ക്കാരന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.

കോട്ട: 'രാവിലെ വീട്ടിലെത്തിയിട്ട് ഒരു കാര്യവുമില്ല, രാത്രി ആയിക്കിട്ടാനുള്ള ഒരു പാട്...ഹൊ...'

തിരൂര്‍ക്കാരന്‍ ശരിയാണെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി

കോട്ട: 'ഇന്ന് കുടിശ്ശിക തീര്‍ക്കാനുള്ളതാ...' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ചിരിച്ചു.

ഏതോ കടം വീട്ടാനുള്ള കാര്യം ഇയാളെന്തിന് ഇത്രയും ആവേശത്തോടെ പറയുന്നതെന്ന് വിചാരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതിരുന്ന എന്നോട് അയാള്‍ ചോദിച്ചു..

'മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?'

ഞാന്‍: 'ഇല്ല'

കോട്ട: 'ഈ പോക്കില്‍ കല്ല്യാണം കഴിക്കുന്നുണ്ടോ'

ഞാന്‍: 'ഇല്ല'

കോട്ട: 'എന്നാല്‍ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാവില്ല'

ഛെ... വൃത്തികെട്ടവന്‍... ഇതായിരുന്നോ ഇയാള്‍ പറഞ്ഞത്... ചുമ്മാ താടിയും വച്ച് നടക്കാ... കയ്യിലിരിപ്പ് മുഴുവന്‍ ബെടക്കാ...

ഞാന്‍ പിന്നെ അയാളോട് മിണ്ടാന്‍ പോയില്ല. ഒന്നാമത് നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആളല്ല, രണ്ടാമത് വെറുതേ ആളെ പറഞ്ഞ് കൊതിപ്പിച്ചിട്ട്... ഞാനാണെങ്കില്‍ ഈ പോക്കില്‍ കല്ല്യാണം കഴിക്കാനുള്ള പരിപാടിയുമില്ല. വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്ന പ്രതീക്ഷ തീരേയില്ല.

രാവിലെ ഏഴ്മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എമിഗ്രേഷനിലേക്ക് പോയപ്പോള്‍ അവിടെ അപ്സര തിയറ്ററില്‍ മമ്മുക്കായുടെ പുതിയ പടം റിലീസാവുന്ന ദിവസത്തെ ഓര്‍മ്മിപ്പിക്കുന്ന തിരക്ക്. തീയറ്ററിലെ ഉന്തും തള്ളും മാത്രമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിടുമോ... ശ്വാസം മുട്ടി ചാവുന്നത് വരെ തള്ളില്ലേ...

എമിഗ്രേഷന്‍ കഴിഞ്ഞ് ലഗേജ് വരുന്നതിനായുള്ള കാത്തിരിപ്പയിരുന്നു. ദോഷം പറയരുതല്ലോ... ഇത്രയും വേഗത്തില്‍ ലഗേജ് കിട്ടുന്ന വേറെ ഒരു എയര്‍പോര്‍ട്ട് ലോകത്തിലെവിടെയും കാണില്ല. അത് എന്റെ നാട്ടില്‍ തന്നെ ആയതില്‍ ഞാന്‍ അഭിമാനിച്ചു. പോലീസുകാരന്‍ അയാളുടെ ഭാര്യ പറഞ്ഞേല്‍പ്പിച്ച എന്തിനോവേണ്ടി എല്ലാ പെട്ടികളിലും തിരയുന്നതായിട്ടാണ് എനിയ്ക്ക് തോന്നിയത്. അഥവാ എന്റെ പെട്ടിയിലുണ്ടെങ്കിലോ... ഞാന്‍ പെട്ടി അങ്ങേര്‍ക്ക് നോക്കാന്‍ കൊടുത്തു. ഇതേതടാ ദരിദ്രവാസി എന്ന മട്ടില്‍ ഒരു പരിഹാസ ചിരിയും ചിരിച്ച് അങ്ങേര്‍ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.

'വേണെങ്കില്‍ മതി... പറഞ്ഞ സാധനം കിട്ടാഞ്ഞിട്ട് ഭാര്യയോട് വെറുതേ കിട്ടാന്‍ നില്‍ക്കേണ്ട, ഒരു 'ഡേ റ്റു ഡേ' മുഴുവന്‍ ഇതിനകത്തുണ്ട്, അവര്‍ക്കിതൊക്കെയാ ബ്രാന്റഡ് എന്നാര്‍ക്കാ അറിയാന്‍ പാടില്ലാത്തേ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ആവേശത്തോടെ ഉപ്പയെ വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് 20 മിനുറ്റ് കഷ്ടി ദൂരമുള്ള എന്റെ വീട്ടില്‍ നിന്നും കിട്ടിയ മറുപടി അറിയണോ..?

'നീ അവിടെ നില്‍ക്ക്... ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളങ്ങെത്താം...'