Tuesday, February 8, 2011

നാല് നക്ഷത്രങ്ങള്‍

പുല്‍മൈതാനിയില്‍ ആകാശം കണ്ട് കിടക്കുംബോള്‍ കുറേ നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്‍ചിമ്മി. ഞാന്‍ സൂക്ഷിച്ചുനോക്കി... അതെ അവര്‍ എന്നോട് തന്നെയാണ് കണ്‍ചിമ്മി കാണിക്കുനത്. അതെ അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. ഞാന്‍ അവരുടെ സംസാരത്തിന്നായി ചെവിയോര്‍ത്തു.

അങ്ങോട്ട് മാറി നില്‍ക്ക്, നിങ്ങളവനെ കണ്ടതല്ലേ... ? അവന്‍ കൈകുഞ്ഞായിരിക്കുംബോള്‍ പോയതാ ഞാന്‍, എന്റെ കുട്ടിയെ ശരിക്കൊന്നു കാണട്ടേ ഞാന്‍...

അതേ... അതെന്റെ ഉമ്മാമയാണ്. ഞാന്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള എന്റെ ഉമ്മാമ.

നീയിങ്ങ് മാറി നില്‍ക്ക് ആയിഷാ... ഞാനവനെ അധികമൊന്നും കണ്ടിട്ടില്ല.

ആ ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ തൊട്ടുപുറകിലെ നക്ഷത്രത്തെ ശ്രദ്ദിച്ചത്. അതെ... അത് ഉപ്പാപ്പ തന്നെ. ഉപ്പാപ്പ തുടര്‍ന്നു

കുട്ടിയാവുംബോള്‍ കിടപ്പിലായ ഉപ്പാപ്പയുടെ അടുത്ത് വരാറുള്ള എന്റെ കുട്ടിയെ ഒന്നെടുത്ത് ഉമ്മവെക്കാന്‍ കൂടെ കഴിഞ്ഞിട്ടില്ലെനിക്ക്. ഞാനൊന്ന് കാണട്ടേ ആയിഷാ...

എന്നെ ഇത്രമാത്രം ഇഷ്ടമാണോ അവര്‍ക്ക്?

'വലിയ ആളായിരിക്കുന്നു...'

ഇതുവരെ കേട്ട ശബ്ദമല്ലല്ലോ അത്... അതെ അവര്‍ക്ക് മുന്‍പില്‍ മറ്റൊരു നക്ഷത്രംകൂടി ഞാന്‍ ശ്രദ്ദിച്ചു.

എന്റെ മകളുടെ മോനാ...

ആ നക്ഷത്രം ആരോടോ പറയുന്നതായി തോന്നി. അതെ... അത് വല്ല്യുപ്പ തന്നെ... ഓര്‍മ്മിക്കന്‍ ഒരു മുഖമില്ലെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ മറ്റൊരു നക്ഷത്രത്തെ പരതി... അതെ ഞാന്‍ കണ്ടു... ആ നക്ഷത്രം എന്നോട് വളരേ അടുത്തായിരുന്നു. വല്ലാതെ പ്രകാശിക്കുന്നുമുണ്ടായിരുന്നു. ഒന്നും പറയാതേയും ഇമവെട്ടാതേയും ആ നക്ഷത്രം എന്നെതന്നെ നോക്കികൊണ്ടിരുന്നു. കണ്‍നിറയെ കാണാന്‍ കഴിയാത്ത ഇളയ മകളുടെ മകനായ കുഞ്ഞുപേരക്കിടാവിനെ കണ്ടപ്പോള്‍ ആ നക്ഷത്രത്തിന്റെ കണ്ണ് നിറഞ്ഞുവോ?

അതാ... ഒരു കുഞ്ഞു നക്ഷത്രം പ്രകാശിച്ചുകൊണ്ട് എന്നിലേക്കടുത്തുവരുന്നു. ഏതോ ശക്തി പുറകോട്ട് വലിച്ചപോലെ ആ നക്ഷത്രം അവിടെ നിലയുറപ്പിച്ചു. അതെ... അത് ഷബുവാണ്. എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞുപെങ്ങള്‍. പതിനൊന്നാം വയസ്സില്‍ ഞങ്ങളെ വിട്ടുപോയ ഷബു.

നീ ഭാഗ്യവതിയാണ് ഷബൂ... ഈ ലോകത്തിലെ കഴുകന്‍ കണ്ണുകള്‍ നിന്നില്‍ പതിയും മുംബ്ബേ നീ യാത്രയായി. കഴുകന്മാര്‍ പെരുകിയിരിക്കുന്നൂ ഷബൂ... അവര്‍ക്ക് സ്ഥലകാലബോധമില്ലാതായിരിക്കുന്നു. ജനങ്ങള്‍ സ്വാര്‍ഥരായിരിക്കുന്നു, പ്രതികരിക്കാത്തവരായിരിക്കുന്നു. സ്വന്തമെങ്കിലേ അവര്‍ പ്രതികരിക്കുള്ളൂ പോലും... നഷ്ടപ്പെട്ടിട്ട് പ്രതികരിച്ചിട്ടെന്ത് ഫലം... അല്ലേ ഷബു? നീ ഭാഗ്യവതിതന്നെ.

നാല് നക്ഷത്രങ്ങളും അവളിലേക്കടുത്തുവന്നു... അവര്‍ അവള്‍ക്ക് ഇടവും വലവും നിന്ന് എന്നോട് കണ്‍ചിമ്മികാണിച്ചു. എന്റെ ഷബുവിനേയും കൂട്ടി അവര്‍ യാത്രയായി.

എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന്‍ കണ്ണുകള്‍ തുറന്നിരിക്കുന്ന കാലമത്രെയും....

8 comments:

  1. കഴുകന്‍ കൊത്തിപ്പറിക്കപ്പെട്ട ആ പെണ്‍കുട്ടിക്കായ്...

    ReplyDelete
  2. കണ്ണുകള്‍ അടക്കാനാവില്ലെനിക്ക്, കഴുകന്‍ കണ്ണുകള്‍ തുറന്നിരിക്കുന്ന കാലമത്രെയും........
    അതേ തുറന്നു വെക്കുക.....

    ReplyDelete
  3. നല്ല ത്രില്ലോടെ വായിച്ചു.
    പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത റ്റ്വിസ്റ്റ് വന്നത്
    >>> നീ ഭാഗ്യവതിയാണ് ഷബൂ... ഈ ലോകത്തിലെ കഴുകന്‍ കണ്ണുകള്‍ നിന്നില്‍ പതിയും മുംബ്ബേ നീ യാത്രയായി. കഴുകന്മാര്‍ പെരുകിയിരിക്കുന്നൂ ഷബൂ...<<<
    എന്ന് തുടങ്ങിയ പാരഗ്രാഫ് മുതല്‍ അവസാനം വരെ ഇഷ്ട്ടായില്ലാ. കുഞ്ഞു പെങ്ങളെ ഓര്‍ക്കുന്നിടത്ത് കഴുകന്മാരെ കൊണ്ട് വന്നത് എന്തിന്??

    ReplyDelete
  4. വ്യത്യസ്തമായ ഒരു പോസ്റ്റ്‌..
    ഇങ്ങനെ നമ്മുടെ ഉപ്പാപ്പമാര്‍,ഉമ്മാമമാര്‍ ഒക്കെ നക്ഷത്രങ്ങളായി ആകാശത്തുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നൂ..
    ശബുവിനെപ്പറ്റി വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.
    കഴുകന്മാരില്ലാത്ത്ത ലോകത്താണ് അവളെന്ന് ആശ്വസിക്കുക.

    ReplyDelete
  5. വേറിട്ട ചിന്ത നന്നായിരിക്കുന്നു... എഴുത്ത് മനസിലെവിടെയോ ഉടക്കി... ആശംസകള്‍...

    ReplyDelete
  6. വായിച്ച ഈ കഥയും ഇഷ്ടായി.
    കൊള്ളാം. വായനക്കാരെ ഇരുത്തി വായിപ്പിക്കാന്‍ പോന്ന എന്തോ ഒരു ശക്തി ഈ എഴുതുകളിലുണ്ട്.
    ആ കഴിവ് നഷ്ടമാകാതെ സൂക്ഷിക്കുക. എന്നും നന്മയും ഉയര്‍ച്ചയും ഉണ്ടാകും.

    ReplyDelete
  7. @ jithu: അതേ... തുറന്നുവച്ചേ മതിയാവുള്ളൂ... എന്റെ പുതിയ തലമുറയില്‍ ആറ് പെണ്മക്കളാണ്... ഓര്‍ക്കുംബോള്‍ പേടിയാണ്...

    @ ഹാഷിം: കുഞ്ഞുപെങ്ങളെ ഓര്‍ക്കുന്നിടത്ത് കഴുകന്‍ വന്നുപോയതാണ്. ആ റ്റ്വിസ്റ്റ് ഞാനും ആഗ്രഹിച്ചതല്ല. കുഞ്ഞുപെങ്ങള്‍ എന്നോടും ഞാന്‍ അവളോടും മിണ്ടിയതുപോലുമില്ല. അപ്പോഴേക്കും കഴുകന്മാര്‍ മനസ്സിലേക്ക് കയറിവന്നു.

    @ mayflowers: നന്ദി... എല്ലരുമുണ്ട് ആകാശത്ത്... നോക്കി സംസാരിച്ചുനോക്കൂ... അവര്‍ പറയുന്ന മറുപടി നമുക്ക് കേള്‍ക്കാനാവും... ഒരു പക്ഷേ അത് നമ്മള്‍ തന്നെ പറയുന്നതായിരിക്കാം... നാം അറിയാതെ പറയുന്നത്.

    @ Jenith Kachappilly: വേറിട്ട ചിന്ത എന്ന് വിഷേഷിപ്പിച്ചതിന് നന്ദി... വീണ്ടും വരിക.

    @ സുല്‍ഫി മണല്‍വയല്‍: തീര്‍ച്ചയായും... ഇത്തരം കമന്റുകള്‍ കേള്‍ക്കുംബോക്ക് മനസ്സിന് വല്ലാത്ത കുളിര്‍മ്മ. നന്ദി...

    ReplyDelete
  8. Harrah's Cherokee Casino Resort - Mapyro
    Welcome to Harrah's Cherokee Casino Resort. This 포항 출장샵 fun, friendly 창원 출장마사지 casino resort 순천 출장마사지 is located in the heart of 군산 출장샵 the Great Smoky Mountains 경산 출장마사지 of Western North

    ReplyDelete