Thursday, January 6, 2011

എങ്ങനെ തടി കുറച്ചു?

എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്. ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.

സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു. അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.

അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ.... ആ.... six pack ആവാന്‍ അധികം സമയം വേണ്ട....

Tuesday, January 4, 2011

നഷ്ടബോധം

എന്നും ഒരു നഷ്ടബോധമാണ് എനിക്കെന്റെ grant parents നെ പറ്റി ആലോചിക്കുംബോള്‍ തോന്നാറുള്ളത്. അവരുടെ ആ മഹത്തായ സ്നേഹം അനുഭവിക്കാന്‍ പറ്റാഞ്ഞത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.

ഏഴാമത്തെ വയസ്സില്‍ എന്റെ ഉമ്മക്ക് ഉമ്മയെ നഷ്ടമായി. പറഞ്ഞുതരാന്‍ വ്യക്തമായ ഓര്‍മകള്‍ വരെയില്ല ഉമ്മക്ക്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു പോലും. അപസ്മാര രോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. പതിനഞ്ജാമത്തെ വയസ്സില്‍ ഉമ്മക്ക് ഉപ്പയേയും നഷ്ടമായി. നല്ല ഉയരമുണ്ടായിരുന്നു. കട്ടിയുള്ള കണ്ണട ധരിക്കുമായിരുന്നു. സങ്കല്പ്പിച്ചെടുക്കാന്‍ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ല.

ഉപ്പാപ്പയേയും ഉമ്മാമയേയും പറ്റിയുള്ള ഓര്‍മകളും വിരളം. ഉമ്മാമ മരിക്കുംബോള്‍ ഞാന്‍ കൈ കുഞ്ഞാണ്. ആ മരണവീട്ടിലെ പാടകെട്ടിയ ഒരു ഓര്‍മ മാത്രമേ മനസ്സിലുള്ളു.

1992 ല്‍ ആണ് ഉപ്പാപ്പ മരിക്കുന്നത്. എനിക്കന്ന് എട്ട് വയസ്സ്. വര്‍ഷങ്ങള്‍ക്കുമുന്നേ ആള്‍ കിടപ്പിലയിരുന്നു. എന്റെ വീടിന്റെ പണി മുഴുവന്‍ തീരാത്തതിനാല്‍ ഉപ്പയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഉപ്പാപ്പ. ഒരുദിവസം ഉപ്പ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നത് എനിക്ക് മറക്കാനവില്ല. ഉറക്കെ ദിക്റും സലാത്തും ചൊല്ലും. നല്ല രസാണ് കേള്‍ക്കാന്‍. അന്ന് ഉപ്പാപ്പയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഉപ്പ ഇപ്പഴും ഇടക്കിടെ അത് കേള്‍ക്കുന്നത് കാണാം.

ഒരു ദിവസം ഉപ്പാപ്പ എന്നോട് വാഴയിലയുടെ ചെറിയ കഷ്ണം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് കൊണ്ടുപോയി കൊടുത്തപ്പോള്‍ അത് വീണ്ടും ചെറുതാക്കി മൂക്കില്‍ തിരുകി തുമ്മി ആസ്വദിക്കുകയാണ് പുള്ളി. ജലദോഷം വരുമ്പോള്‍ ഞാന്‍ ആ വിദ്ദ്യ പ്രയോഗിക്കാറുണ്ട്. നല്ല ആശ്വാസം കിട്ടും. ഒരു കാര്യമെങ്കിലും എനിക്ക് ഉപ്പാപ്പയില്‍നിന്നും പഠിക്കാന്‍ പറ്റി.

പിന്നീട് പുള്ളി കിടപ്പിലായിപ്പോയി. അടുത്ത് ചെല്ലുംബോള്‍ ഉറക്കെ പറയണം ' ഉപ്പാപ്പേ... ചെറിയോന്റെ മോനാണെന്ന്' (എന്റെ ഉപ്പയെ എല്ലാരും ചെറിയോന്‍ എന്നാണ് വിളിച്ചിരുന്നത്) അത് കേള്‍ക്കുംബോള്‍ കയ്യില്‍ അമര്‍ത്തി പിടിക്കും.

ഒരു കാര്യത്തില്‍ ഉപ്പാപ്പയും ഉമ്മാമയും ഭാഗ്യവാന്മാരണ്. അവര്‍ ഉറങ്ങുന്നത് ഒരുമിച്ചാണ്. അടുത്തടുത്ത രണ്ട് ഖബറുകള്‍. പല ദമ്പതിമാരും സ്വപ്നം കാണുന്ന ഒന്നാണ് മരിച്ചാല്‍ രണ്ട് ഖബറും ഒരുമിച്ചാവണമെന്നുള്ളത്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ.

ഇത് എഴുതാനുള്ള പ്രചോദനം എന്റെ കൂട്ടുകാരന്‍ റഫീസിന്റെ ഒരു ബ്ലോഗ് ആണ്. മുത്തച്ഛന്റെ വിരലില്‍ പിടിച്ച് നടക്കുന്ന കൊച്ചുമകളുടെ ചിത്രത്തോടുകൂടിയുള്ള ആ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവരുടെ അടുക്കല്‍ ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും 'നിങ്ങളുടെ കൊച്ചുമക്കള്‍ ആരും തന്നെ ചെയ്യാത്ത ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്തെന്ന്'.

സ്നേഹിച്ച് കൊതി തീരാത്ത, സ്നേഹിക്കപ്പെട്ട് കൊതി തീരത്ത എന്റെ Grand Parents ന് ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.

ഹേ ദുബായ്....


ഹേ
ദുബായ്....

മനോഹരിയാണുനീ...
വില കൂടിയ ആഭരണങ്ങളും
വര്‍ണ്ണപകിട്ടാം വസ്ത്രങ്ങളുമണിഞ്ഞ്
ഒരുങ്ങി നില്‍ക്കുമാം നിന്നെ മോഹിച്ചുപോകുമാരും,
ആസ്വദിച്ചു തീര്‍ക്കാന്‍ കൊതിക്കും കാമം കണക്കെ...

എന്റെ ഗ്രാമമേ...

വില കൂടിയ ആഭരണങ്ങളില്ല
ഒരേയൊരു ഹരിത വര്‍ണ്ണ വസ്ത്രം മാത്രമവള്‍ക്ക്.
ഉന്മത്തനാക്കുന്നു എന്നെ നിന്‍ മുടിയിണയില്‍ ചൂടിയ മുല്ലപ്പൂവിന്‍ സുഗന്ധം.
അതെ പ്രിയസഖി... ഞാന്‍ നിന്നെ പ്രണയിക്കുന്നു
ഈ ജന്മം മുഴുവന്‍ നിന്‍ മടിത്തട്ടിലുറങ്ങാന്‍ കൊതിയുണ്ടെനിക്ക്.

എന്റെ പ്രണയത്തിന് പകരമായ്
നീ എന്റെ നെഞ്ജിനുമുകളില്‍ ഒരു മരം വളര്‍ത്തും,
എന്‍ നിദ്രയ്ക്ക് സുഖം പകരാന്‍ നീ വളര്‍ത്തിയ മരം
എനിക്ക് തണ്‍ലും പുഷ്പങ്ങളും സമ്മാനിക്കും....

Tuesday, December 28, 2010

എനിക്കെന്തവകാശം

ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...

പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.

പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?

അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

Tuesday, November 30, 2010

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല എന്ന് അവള്‍ വിലപിച്ചപ്പോള്‍ അവന്റെ മനസ്സും അലിഞ്ഞുപോയി.

ഞാനുണ്ട് നിനക്ക്... അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷത്താല്‍ ചുവന്നു. അവളുടെ മുഖത്ത് വിരിഞ്ഞ പാല്‍ പുഞ്ജിരിയില്‍ അവന്‍ അലിഞ്ഞ് ചേരുകയായിരുന്നു.

അവന്‍ എല്ലാം മറന്ന് അവളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍ മനസ്സും ശരീരവും അവള്‍ക്കായ് സമര്‍പ്പിച്ചു. സ്വന്തം ഭാര്യയേക്കാളും അവള്‍ തന്നെ സ്നേഹിക്കുന്നതായി അവന് തോന്നിതുടങ്ങി. ഭാര്യയുടെ മുന്നില്‍ വെറുമൊരു യന്ത്രമായവന്‍ മാറികഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം അവന്‍ തിരിച്ചറിയുന്നു, ഞാന്‍ മറ്റാരേക്കാളും സ്നേഹിച്ച, അവള്‍ക്കുവേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച തന്നെ അവള്‍ വെറുമൊരു ശരീരം മാത്രമായിട്ടെ കണ്ടിട്ടുള്ളുവെന്ന്. അവളുടെ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഒരുപാട് ശരീരങ്ങളില്‍ ഒന്ന് മാത്രം.

മൂകനായി വീട്ടിലേക്ക് മടങ്ങിയ അവന്റെ കിടപ്പുമുറിയില്‍ നിന്നും അപരിചിതന്‍ ഇറങ്ങിയോടുന്നത് മദ്ധ്യ ലഹരിയില്‍ നോക്കി നില്‍ക്കാനേ അവന് സാധിച്ചുള്ളു. കുഴങ്ങിയ നാക്ക്കൊണ്ട് എന്തൊക്കെയോ അവന്‍ സ്വയം പറയുന്നുണ്ടായിരുന്നു. പിറുപിറിത്ത് കൊണ്ട് കട്ടിലില്‍ അവന്‍ നിലംപൊത്തി.

(കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ സ്വന്തം സുഖം തേടിയുള്ള നമ്മുടെ ഈ പൊക്ക് എങ്ങോട്ട്? പലര്‍ക്കും പല ന്യായങ്ങളും പറയാനുണ്ടായേക്കാം, ചോദ്യങ്ങളും.. )

ഒന്നേ പറയാനുള്ളു
' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.
നബി വചനം'

Sunday, November 28, 2010

കോളേജ് ഡേ

കോളേജ് ഡേക്കുള്ള സ്ക്രീനിങ് തക്൪തിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റൂമില്‍ പാട്ടിന്റെ സ്ക്രീനിങ് നടന്നുകൊണ്ടിരിക്കുന്നു, മറ്റൊരു മുറിയില്‍ ഡാന്‍സ്. ഫൈനല്‍ ഇയര്‍ ആയതുകൊണ്ട് സ്ക്രീനിങില്‍ ചെറിയ ദയാ ദാക്ഷിണ്യം പ്രതീക്ഷിക്കാം.

പണ്ട് മദ്രസയില്‍ പടിക്കുംബോള്‍ നബിദിനത്തിന് പാട്ട് പാടിയതിന് പ്രോത്സാഹന സമ്മാനമായി എല്ലാര്‍ക്കും കിട്ടാറുള്ള കുപ്പി ഗ്ലാസ്സ് ഒരെണ്ണം എനിക്കും കിട്ടിയിരുന്നു. ഇതാണ് ആകെയുള്ള ഒരു മുന്‍ പരിചയം.

ഏതായാലും ഒരു കൈ നോക്കാം എന്ന തീരുമാനത്തില്‍ തന്നെയാണ്. ഓരോ പേരെ വീതം വിളിക്കാന്‍ തുടങ്ങി. എന്റെ ക്ലാസ്സില്‍ തന്നെയുള്ള സുമേഷിനെ വിളിച്ചു.

ആരോ... ഇതള്‍ മീട്ടി എന്ന ഗാനമാണ് അവന്‍ പാടാന്‍ പോകുന്നത്.

പാടി തുടങ്ങി.. ആരോ....

മതി...

പെട്ടെന്ന് തന്നെ സാര്‍ പറഞ്ഞു...

അല്ല സര്‍... പാട്ട് ഇനിയുമുണ്ട്

അതെനിക്കറിയാം... നീ തല്‍ക്കാലം ഇത്ര പാടിയാല്‍ മതി...

ഈ കോമെഡി ഞാന്‍ അന്ന് അവിടെ അടിച്ചിറക്കി നൂറ് ദിവസം ഓടിയിരുന്നു.

എന്റെ ഊഴമെത്തി. CID മൂസ എന്ന പടത്തിലെ maine pyar kiya എന്ന ഒരു സംഗതിയും ഇല്ലാത്ത പാട്ടങ്ങു പാടി സ്ക്രീനിങില്‍ രക്ഷപ്പെട്ടു.

അടുത്തത് സിനിമാറ്റിക് ഡാന്‍സ് സ്ക്രീനിങ്ങാണ്. ഡാന്‍സ് പഠിക്കാന്‍ കൂടെ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ കളിക്കും. കഴിഞ്ഞ വര്‍ഷം കളിച്ച kambath ishq സ്റ്റെപ്സ് തന്നെ കാണിക്കാം എന്ന് തീരുമാനിച്ചു.

ക്ലാസ്സ് മുറിയിലെ benchs & desks അടുപ്പിച്ചിട്ടാല്‍ തന്നെ ആറ് പേര്‍ക്ക് ഡാന്‍സ് കളിക്കാനും മൂന്ന് ടീച്ചര്‍മാര്‍ക്ക് ഇരുന്ന് evaluation ചെയ്യാനുള്ള സ്ഥലം കഷ്ടിയായിരുന്നു.

ഡാന്‍സ് തുടങ്ങി... പാട്ടിന്റെ അനുപല്ലവിയില്‍ ഒരു സ്റ്റെപ്പ് മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയിട്ട് ഊര അഥവാ നടു പൊക്കിയും താഴ്തിയും ഉള്ള മൂന്ന് സ്റ്റെപ്പാണ്.

സ്ഥലപരിമിതി കാരണം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയപ്പോള്‍ തന്നെ ടീച്ചേര്‍സിന്റെ തൊട്ടുമുന്നിലെത്തി. പിന്നീടുള്ള സ്റ്റെപ്പ് കണ്ടപ്പോള്‍ അവരെല്ലാവരും മുഖം പൊത്തി.

ok..ok... മതി മതി... you are selected...

ഈ സ്റ്റെപ്പ് നേരത്തെ കളിച്ചിരുന്നേല്‍ ഇതിലും മുന്നെ സെലക്ഷന്‍ കിട്ടിയേനെ... കൂട്ടത്തിലുള്ള ഒരുവന്റെ കമന്റ് കേട്ട് അന്നവിടെ ചിരിക്കാത്തവരായി ആരും ഇല്ല.


Thursday, November 25, 2010

ടീച്ചറിനു പണി കിട്ടി

ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. പേരില്‍ പ്രസക്തിയില്ല. ആ ടീച്ചറിന് ഒരു ഉഗ്ഗ്രന്‍ പണി കിട്ടിയ കാര്യം പറയാം. ഈ പണി ആരും കൊടുത്തതല്ല. സ്വയം ഇരന്നു വാങ്ങിയതാ...

ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലം. ബോയ്സ് ടോയിലറ്റില്‍ പൊരിഞ്ഞ അടി നടക്കുന്നു. ഒരു മഹാന്‍ അവന്റെ ശത്രുവിനെ കുറിച്ച് ടോയിലറ്റ് ചുവരില്‍ അപവാദം എഴുതിവച്ചത് ശത്രു അറിഞ്ഞിരിക്കുന്നു. ശത്രുവിനെ നേരിടാനുള്ള ചങ്കൂറ്റം ഇല്ലാഞിട്ടാണല്ലൊ പാവം അപവാദം തിരഞ്ഞെടുത്തത്. സാമാന്യം തരക്കേടില്ലാതെ തന്നെ കിട്ടി. മെലിഞ്ഞ് ഉണങ്ങിയ പയ്യനാണെങ്കിലും അടി കഴിഞ്ഞപ്പോള്‍ നല്ല ഗ്ലാമറായി. മുഖമൊക്കെ ചുവന്ന് തുടുത്ത്, കുറച്ച് വണ്ണമൊക്കെ കൂടി. തക്ക സമയത്ത് ഞങ്ങളെല്ലാവരും പിടിച്ചുവച്ചില്ലായിരുന്നെങ്കില്‍ അവന്റെ ഗ്ലാമറും, സഹതാപ തരംഗവും കൂടി പരിഗണിച്ച് ഒരു 3 പെണ്‍കുട്ടികള്‍ക്കെങ്കിലും അവനോട് പ്രേമം തോന്നിക്കൂടായ്കയില്ല. തക്ക സമയത്ത് ഞങ്ങള്‍ ഇടപെട്ട് പ്രേമ ദുരന്തത്തില്‍ നിന്നും അവനെ രക്ഷിച്ചു. മാത്രമല്ല ഒരു പ്രേമം കൂടെ താങാനുള്ള ശേഷി ആ ശരീരത്തിന് നഷ്ടമായിരിക്കുന്നു.

ഈ കാര്യം കോളേജില്‍ വലിയ വിവാദമായി. രണ്ടുപേരേയും പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു.

ഹും....എന്താ പ്രശ്നം? എന്തിനാ നിങ്ങള്‍ തല്ലുണ്ടാക്കിയത്?

അത് സര്‍... ഇവന്‍ എന്നെ പറ്റി ടോയിലറ്റില്‍ മോശമായി എഴുതിയിട്ടാണ്..

താന്‍ എഴുതിയോടൊ?

ഇല്ല സര്‍... ഞാന്‍ എഴുതിയിട്ടില്ല.

താന്‍ കണ്ടോടൊ ഇവന്‍ എഴുതുന്നത്?

ഇല്ല, പക്ഷെ ഇവനാണ് എഴുതിയതെന്ന് കണ്ട ആള്‍ പറഞ്ഞു.

ആരാടൊ ആ കണ്ട ആള്‍?

സോറി സര്‍, അത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഓഹോ... എന്നാല്‍ നിങ്ങളെ രണ്ടുപേരേയും ക്ലാസില്‍ ഇരുത്താന്‍ എനിക്കും ഇത്തിരി ബുദ്ധിമുട്ടുണ്ട്.

അല്ലേലും ആര്‍ക്കാ ഇത്ര കൊതി? (രണ്ടുപേരും മനസ്സില്‍ പറഞ്ഞു)

അങ്ങനെ അവരുടെ കാര്യം തീരുമാനമായി. രണ്ടുപേരും റെന്റല്‍ പാരന്റ്സിനെ പറ്റി തല പുകഞ്ഞ് ആലോചിക്കുകയായി.

പ്രിന്‍സിയുടെ പൊരിക്കല്‍ കഴിഞ്ഞ സമാധാനത്തോടെ ഇരുവരും നടക്കുംബോള്‍ പുറകില്‍നൊരു വിളി.

ടോ... ഇങ്ങു വന്നേ രണ്ടുപേരും... (ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ ടീച്ചര്‍)

എന്താടോ ഇത്? ഒരുമാതിരി ചന്ത പിള്ളാരെ പോലെ... അതെങ്ങനാ... വീട്ടിലെ സംസ്കാരമല്ലെ എവിടെ ചെന്നാലും കാണിക്കുള്ളു.

രണ്ടുപേരും പല്ല് കടിച്ച് അവിടെ നിന്നു. എന്തേലും പറഞ്ഞ് അതിനുള്ള ശിക്ഷ കൂടെ കൂട്ടേണ്ടതില്ലല്ലോ.

ടീച്ചര്‍ തുടങ്ങിയിട്ടേയുള്ളു...

ച്ചെ... നിങ്ങളെപ്പോലുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ടീച്ചര്‍ ഇവന്‍ എഴുതിയത് പോയൊന്നു വായിച്ച് നോക്ക്. എന്നിട്ട് പറ ഇവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത് ശരിയാണോ എന്ന്? സഹികെട്ടവന്‍ പറഞ്ഞുപോയി.

ഇതൊരു വെല്ലുവിളിയായിട്ടാണ് ടീച്ചര്‍ക്ക് തോന്നിയത്.

ടീച്ചര്‍ ഇന്നുവരെ കാണിക്കാത്ത സാഹസം കാണിക്കാന്‍ പോകുകയാണ്. ആണ്‍ കുട്ടികളുടെ ടോയിലറ്റില്‍ കയറി തെളിവ് ശേഖരിക്കാന്‍ പോകുന്നു.

ടാ... എല്ലാരും ഒന്നു പുറത്തിറങ്ങിയേ... ടീച്ചര്‍ക്ക് ഒരു സാധനം കാണിച്ച് കൊടുക്കാനുണ്ട്.

എന്തു സാധനമാ അളിയാ കാണിച്ച് കൊടുക്കാന്‍ പോണേ?

പോടൈ... പോടൈ...

മിസ്സ്, കാലിയാക്കിയിട്ടുണ്ട്. കണ്ടോളൂ...

തെല്ല് മസിലുപിടിത്തത്തോടെ ഉള്ളില്‍ കയറിയ ടീച്ചര്‍ പെട്ടെന്ന് കാറ്റൊഴിച്ച ബലൂണ്‍ പോലെയായി.

ഒറ്റ നോട്ടത്തില്‍ തന്നെ ടീച്ചറിന് ഒരു കാര്യം പിടികിട്ടി. തന്നെ എല്ലാ പിള്ളേര്‍ക്കും വലിയ ഇഷ്ടമാണെന്ന്. ശരിയാണ്, ടീച്ചറോടുള്ള ഇഷ്ടം കാരണം ടീച്ചറുടെ പല പോസ്സിലുള്ള ചിത്രങ്ങളാണ് മഹാന്മാര്‍ വരച്ചുവച്ചിരിക്കുന്നത്. M.F. Hussain വരെ നാണിച്ചുപോകും ആ ചിത്രങ്ങള്‍ കണ്ടാല്‍.

ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ആകര്‍ഷിക്കപ്പെടുന്നത് മഹത് വചനങ്ങളാണ്. സംസ്കൃതത്തിലായതിനാല്‍ പലതും ടീച്ചര്‍ക്ക് മനസ്സിലായില്ലെന്നു തോനുന്നു.
മലയാള സാഹിത്യത്തില്‍ പ്രാവീണ്യം നേടിയവരും അനേകമുണ്ടെന്ന് ടീച്ചര്‍ക്ക് മനസ്സിലായി.

ഏതായാലും ടീച്ചര്‍ അധികം നിന്നില്ല. തലയും താഴ്തികൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. ഒന്നു ടീച്ചര്‍ക്ക് തീര്‍ച്ചയായിരുന്നു. ആണ്‍കിട്ടികള്‍ക്ക് ലൈഗിക വിദ്ദ്യാഭ്യാസം ആവശ്യമില്ല. അവര്‍ ഒരുപാട് വളര്‍നിരിക്കുന്നു. ഇനി പെണ്‍കുട്ടികളുടെ ടോയിലറ്റില്‍ കയറിയാല്‍ അവര്‍ക്കും ലൈഗിക വിദ്ദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ എന്നറിയാം. വേണ്ട, അതുകൂടെ താങാന്‍ ടീച്ചര്‍ക്കിപ്പോ വയ്യ.

അതോടെ ടീച്ചര്‍ ഒരു തീരുമാനമെടുത്തു. ഇനി ബോയ്സ് ടോയിലറ്റില്‍ കയറുകപോയ്യീട്ട് ആ ഭാഗത്തേക്ക് നോക്കുക കൂടെയില്ല എന്ന്.....