Monday, November 28, 2011

'മ'ധുരിതമീ ദിനം


 എട്ടുമണിക്ക് അലാറമടിച്ചു, അലാറമടിച്ച് ഒന്നുകൂടെ ഉറങ്ങുന്ന സുഖം അറിയാവുന്നതുകൊണ്ട് പിന്നേയും ഒരു കൊച്ചുമയക്കം. 8.15ന് ഉണര്‍ന്നു. പ്രഭാതചര്യകളെല്ലാം തീര്‍ത്ത്, ഫ്രിഡ്ജില്‍നിന്നും രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു. ആശ്വാസം!

മീറ്റ് നടന്ന മംസാര്‍ പാര്‍ക്കിന്റെ കവാടം

 മംസാര്‍പാര്‍ക്ക്... ഒരു രാത്രികാഴ്ച്

പിന്നീട് ഫോണ്‍കോളുകളുടെ ഒരു പെരുമഴയായിരുന്നു. ഒമ്പതരയ്ക്ക് എത്താന്‍ പറഞ്ഞ പൈമ ഒന്‍പതുമണിക്കേ സ്ഥലത്ത് റെഡിയായി നില്‍ക്കുന്നു. (ആദ്യമീറ്റിന്റെ ആവേശം). സുല്‍ഫിക്ക പുട്ടും കടലയും അകത്താക്കിക്കൊണ്ടിരിക്കുന്നു. പപ്പടം പൊടിക്കുന്ന ശബ്ദം കേട്ട് മോള്‍ ഉണരുമോ എന്ന് പേടിച്ച് പപ്പടത്തേയും ഭാര്യയേയും മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. പപ്പടം മിസ്സായ വിഷമം മാറിയെന്ന് ഉച്ചയ്ക്ക് ബിരിയാണിയോടൊപ്പം പപ്പടം കണ്ടപ്പോഴുള്ള ചിരിയില്‍നിന്നും മനസ്സിലായി. ശ്രീകുട്ടനെ വിളിച്ചപ്പോള്‍ 'ഏതവനാടാ രാവിലെ തന്നെ മെനക്കെടുത്താന്‍' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അവന്‍ കിടക്കപ്പായില്‍നിന്നും എണീറ്റില്ലെന്ന് വ്യക്തമായി.




ചെമ്മാടനെ വിളിച്ചപ്പോള്‍ 'പുന്നശ്ശേരിയെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും പുന്നശ്ശേരിയെ വിളിച്ചപ്പോള്‍ 'ചെമ്മാടിനെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും ജിമ്മിച്ചനെ വിളിച്ചപ്പോള്‍ ഇവരെ രണ്ടുപേരേയും കാത്തിരിക്കുന്നു എന്ന മറുപടിയും കിട്ടി. ജെഫു 'അരമണീക്കൂര്‍ മുന്നേ പുറപ്പെട്ടു' എന്നും മുണ്ടോളി ടാക്സിയില്‍ കയറി എന്ന മറുപടിയും കിട്ടി. സമാധാനമായി!






ശ്രീജിത്ത് കൊണ്ടോട്ടി അബൂദാബിയിലെ ഒരു കാട്ടുമുക്കില്‍നിന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം വരുന്നതിനാല്‍ അല്പ്പം ലേറ്റാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.


സുല്‍ഫിക്കയും ഞാനും പൈമയും കരാമയില്‍നിന്നും അനിലേട്ടനേയും കൂട്ടി മംസാറിലേക്ക് വച്ചുപിടിച്ചു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവന്മാരൊക്കെ ഇത്രയും കൃത്യനിഷ്ടയുള്ളവരോ!


സുല്‍ഫിക്ക ലുലുവില്‍നിന്നും വാങ്ങിച്ച എള്ളുണ്ട എല്ലാവര്‍ക്കും നല്‍കി. കണ്ടല്‍ കണ്ട കുണ്ടന്മാരുടെ മാത്രമല്ല എള്ളുണ്ട കണ്ട കുണ്ടന്മാരുടേയും കണ്ണുകള്‍ ഉണ്ടയായി. 'ഇതെന്താ സുല്‍ഫിക്കാ എള്ളുണ്ട?' എന്ന ചോദ്യത്തിന് 'ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് എള്ളുണ്ട കഴിക്കണം എന്ന് ഉമ്മ പറയാറുണ്ട്' എന്നായിരുന്നു മറുപടി.

അനിലേട്ടന്റെ പരിചയക്കാരനായ പാര്‍ക്കിന്റെ അഡിമിനിസ്ട്രേഷന്‍ മാനേജര്‍ മുഖേന പ്രവേശനം സൗജന്യമായി. മാത്രമല്ല വിരിക്കാനുള്ള പായയും, കളിക്കാന്‍ ഷട്ടില്‍ ബാറ്റുകളും, ഷട്ടിലും, ഫുട്ട്ബോളും, ക്രിക്കറ്റ്ബാറ്റും, ടെന്നീസ് ബോളും എല്ലാം തന്നു. സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്നുള്ള അവസരവും അദ്ദേഹം ഒരുക്കിതന്നിരുന്നു. തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നീന്തല്‍ ഉപേക്ഷിച്ചു.

മീറ്റ് തുടങ്ങിയപ്പോഴേക്കും അന്‍വര്‍ ചീരാമുളക് കാഥികന്റെ വേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. എല്ലാവരും അല്പ്പനേരം ഇരുന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മാനത്ത് കാര്‍മേഘം പ്രത്യക്ഷപെട്ടു. എന്റെ കയ്യില്‍ ഒരു തുള്ളി മഴ പതിച്ചെന്ന് ചീരാമുളക് പറഞ്ഞപ്പോഴേക്കും എല്ലാവരുടേയും മേല്‍ മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങിയിരുന്നു.

ഒരു തുള്ളി പോലും പുറത്തുപോകുന്നില്ല. എങ്കിലും ഒരു മനസ്സമാധാനത്തിന് ഇവിടെ നില്‍ക്കാം

മഴ നിലച്ചശേഷം ഫൂട്ട്ബോളുമായി കുറച്ചുപേര്‍ തട്ടിക്കളി തുടങ്ങി. അപ്പുറത്ത് ഷട്ടിലും തുടങ്ങി. ബോള്‍ അടിക്കുന്നതിന്റെ ആവേശം കൂടുംതോറും അടുത്തിരിക്കുന്നവരുടെ ആശങ്ക കൂടിയതിനാലായിരിക്കണം അവര്‍ പെട്ടീം കെടക്കേം ഇടുത്ത് സ്ഥലം വിടാന്‍ തുടങ്ങിയത്. 

 എന്റെ പുറം കാല്‍ ഷോട്ട് കണ്ടോളൂട്ടാ...

 എന്റെ ബനാന കിക്ക്

ഇതാണ് പന്തടക്കം.. കണ്ടല്ലോ

(അതിനിടയില്‍) അഡ്മിനായാലുള്ള ഗതികേട് നോക്കണേ...

കളി ആവേശമായി തുടങ്ങിയപ്പോഴേക്കും ജുമ്അക്ക് പോകാന്‍ സമയമായി. എല്ലാവരും നിസ്കരിക്കാന്‍ യാത്രയായി. ഞങ്ങള്‍ എത്തിയപ്പോഴേക്കും പള്ളി നിറഞ്ഞിരുന്നു. പുറത്തിട്ട പായയില്‍ ഇരുന്നു. ഖുത്ബ നടക്കുംബോള്‍ പുന്നശ്ശേരി തോളില്‍ തട്ടി അടുത്ത് നിറയെ ഇലകളുള്ള മുരിങ്ങ മരം കാണിച്ച് കൊതിപ്പിച്ചു. വല്ലാത്ത കണ്ണ് തന്നെ. 

പള്ളിയില്‍നിന്നും ഇറങ്ങിയപ്പോഴേക്കും അനിലേട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ചെയ്ത ബിരിയാണി എത്തുംമുന്‍പേ വിന്‍സെന്റ് ചേട്ടനും അവിടെ എത്തി. 'സ്ഥലം കണ്ടെത്താന്‍ ബുദ്ദിമുട്ടേണ്ടി വന്നില്ല. ആ ഫിലിപൈനി പെണ്‍പിള്ളേരെ കണ്ടപ്പഴേ മനസ്സിലായി നിങ്ങള്‍ അവരെ ചുറ്റിപറ്റി അവിടെ എവിടെയെങ്കിലും കാണുമെന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് മൂപ്പര് കേറി വന്നത്. 


ബിരിയാണിയുടെ ഫോട്ടോ ഇല്ലെന്ന് പരാതി പറയരുത്. ബിരിയാണി എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പോയിട്ട് കൈ കഴുകാന്‍ പോലും മറന്നു. ഫുട്ട്ബോള്‍ തട്ടികളിച്ചതുകൊണ്ടായിരിക്കും.. ഒടുക്കത്തെ വിശപ്പായിരുന്നു. മട്ടണ്‍ ബിരിയാണിയും, ചിക്കന്‍ ബിരിയാണിയും സലാടും അച്ചാറും പപ്പടവും പെപ്സിയും പായസവും  കൂട്ടി അടിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മുഖത്തെന്തൊരു വെളിച്ചമായിരുന്നു. ആ വെളിച്ചം പോകുന്നതിന് മുന്‍പ് ഫോട്ടോ എടുത്തത് ഏതായാലും നന്നായി.

ഭക്ഷണത്തിനുശേഷം ആരിഫ്ക്കയും, നിയാസും, നന്മണ്ടന്‍ ഷാജഹാനും, ബഷീര്‍ ജീലാനിയും മീറ്റില്‍ പങ്കുചേര്‍ന്നു. ശ്രീകുട്ടന്‍ മനോഹരമായി പാടി. എന്നെ ആരെങ്കിലും നിര്‍ബന്ധിക്കും എന്നുകരുതി മൂന്ന് പാട്ട് പഠിച്ചുകൊണ്ട് വന്നത് വെറുതേയായി.



ബഷീര്‍ ജീലാനി മകനോടൊപ്പം


എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന കുറച്ച് പാക്കി കുട്ടികള്‍ ഞങ്ങളോട് ഫുട്ട്ബോള്‍ ആവശ്യപെട്ടത്. അല്പ്പനേരം കഴിഞ്ഞ് ഞങ്ങള്‍ കളിക്കാന്‍ പോകുകയാണ്, അതിനാല്‍ തരില്ലെന്ന് തീര്‍ത്തുപറഞ്ഞു.

അല്പ്പം കഴിഞ്ഞപ്പോള്‍ മുണ്ടോളിയും, ശ്രീകുട്ടനും, പൈമയും ചായയും ബിസ്കറ്റുമായി വന്നു.

ഇതിലേതായിരുന്നു ഞാന്‍ കുടിച്ചത്? (ശ്രീകുട്ടന്‍)


ഓരോ ചായകൂടെ അകത്തുചെന്നപ്പോള്‍ എല്ലാവരുടേയും ആവേശം കൂടി. ഫൂട്ട്ബോള്‍ കളി തുടങ്ങാം എന്ന തീരുമാനമായി.

പുല്ലില്‍ ക്രിക്കറ്റ് കളിക്കാന്‍പാടില്ലാത്തതിനാല്‍ ഞാനും നിയാസും ഫ്രുക്കറ്റ് എന്ന പുതിയ പരീക്ഷനത്തില്‍. 

ബോളുമായി കളിക്കാന്‍ ഇറങ്ങിയപ്പൊള്‍ നേരത്തെ ഞങ്ങള്‍ നിരാശപ്പെടുത്തിവിട്ട പയ്യന്മാര്‍ വീണ്ടും വന്നു. 'നമുക്ക് മാച്ച് കളിക്കാം?' എന്ന ചോദ്യവുമായി. ബോള്‍ ചോദിച്ചിട്ട് നല്‍കാത്തതിന് ഈ കിളവന്മാരുടെ പോസ്റ്റില്‍ കുറച്ച് ഗോള്‍ അടിച്ചുകയറ്റിയിട്ട് പണികൊടുക്കാം എന്ന് കരുതിയാണ് പയ്യന്മാര്‍ വന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഏതായാലും കളിക്കാം എന്ന തീരുമാനമായി. 

മാച്ചിനായുള്ള ഒരുക്കത്തില്‍ 'മ' ബ്ലോഗേര്‍സ് ഗ്രൂപ്പ് ടീം.

മാറെടാ... ഞാന്‍ ഈ ടീമിന്റെ അഡ്മിനാ...

കൊണ്ടോട്ടി അവിടേയും സൂക്ഷ്മ നിരീക്ഷണത്തില്‍

പടച്ചോനേ.. മൂഡ് കീറിയോ...?

വേണ്ടാ.. വേണ്ടാ... അടുത്ത മാസം കല്ല്യാണാണ്...

ആദ്യം 'മ' ഗ്രൂപ്പിനുവേണ്ടി തിരിച്ചിലാന്‍ സ്കോര്‍ചെയ്തു. പിന്നീട് പാക്കികള്‍ രണ്ട് ഗോള്‍ നമ്മുടെ പോസ്റ്റില്‍ അടിച്ചുകയറ്റി. ആരിഫ്ക്ക മാഞ്ചസ്റ്റര്‍ യുണൈറ്റടിന്റെ മാനേജര്‍ അലക്സ് ഫെര്‍ഗ്യൂസണ്‍ നില്‍ക്കുന്നപോലെ മൗനിയായും അസ്വസ്ഥനായും നിന്നു. 'മ' ഗ്രൂപ് ടീമിന്റെ മുതല്‍കൂട്ടായിരുന്ന മുതലക്കുട്ടി നിയാസിന്റെ കാലില്‍നിന്നും സമനില ഗോള്‍ പിറന്നു. ശ്രീജിത്ത് കൊണ്ടോട്ടിയും സുല്‍ഫിക്കയും മുണ്ടോളിയും ചേര്‍ന്ന് പ്രധിരോധ മതില്‍ തീര്‍ത്തു. ജെഫുവിന്റെ ട്രിബ്ലിംഗുകളില്‍ പഴയകാലത്തെ നല്ല ഒരു കളിക്കാരന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി. കളി പിന്നെയും കുറച്ച് സമയം പിന്നിട്ടപ്പോള്‍  'മ' ഗ്രൂപ്പിനുവേണ്ടി വിജയഗോള്‍ നേടാനുള്ള നിയോഗം നമ്മുടെ പ്രിയ അനിലേട്ടനായിരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. അതോടുകൂടി പാക്കികള്‍ കളിയുപേക്ഷിച്ച് പോയി. ബ്ലോഗേര്‍സില്‍നിന്നും കഥയും, കവിതകളും, ലേഖനങ്ങളും മാത്രമല്ല ഗോളുകളും, പാസുകളും, ഫൗളുകളും പിറക്കുമെന്ന് ഇവിടെ തെളിയിച്ചു. വിരലുകള്‍ മാത്രം അനങ്ങി ശീലിച്ചിട്ടുള്ളതുകൊണ്ട് വായില്‍നിന്നും നുരയും പതയും വന്ന് പിത്തമിളകിയത് ആരും അറിയാതിരിക്കാന്‍ എല്ലാവരും പണിപ്പെടുന്നുണ്ടായിരുന്നു. മാച്ചിലൂടെ വിജയത്തിനപ്പുറം ഒരു ടീം സ്പിരിറ്റ് ഈ സൗഹൃദങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നു എന്നതാണ് വാസ്തവം. വേദന ഇതുവരെ മാറിയിട്ടില്ല എന്നത് മറ്റൊരു വാസ്തവം

അതുകഴിഞ്ഞ് ഇന്റര്‍നെറ്റ് നല്‍കിയ സൗഹൃദങ്ങള്‍ ഇന്റെര്‍ലോക്ക് പാകിയ നിലത്തുനിന്നും ക്രിക്കറ്റ് കളി ആരംഭിച്ചു. ശ്രീജിത്ത് കൊണ്ടോട്ടി തന്നിലെ ഫാസ്റ്റ് ബൗളറെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, മുണ്ടോളി തന്നിലെ ഡ്രാവിടിന്റെ ഒഴിച്ചില്‍ മുട്ട് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, കീപ്പര്‍ നിന്ന് ബോള്‍ പിടിക്കാന്‍ മാത്രം ശ്രമിച്ച എനിക്ക് നഷ്ടമായത് വലതുകയ്യിലെ തള്ളവിരലിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമതയാണ്. ടൈപ് ചെയ്യാന്‍ പറ്റുന്നു എന്നത് എന്റെ ഭാഗ്യം, നിങ്ങളുടെ ദൗര്‍ഭാഗ്യവും.

ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുംബോള്‍ അപ്പുറത്ത് ജിമ്മിച്ചനും പുന്നശ്ശേരിയുമടങ്ങുന്ന സംഘം പത്ത് വയസ്സുകാരായ ഒരു മിക്സഡ് അറബിക് ടീമുമായി ഷട്ടിലില്‍ മാറ്റുരയ്ക്കുകയായിരുന്നു. ജിമ്മിച്ചന്റേയും പുന്നശ്ശേരിയുടേയും മാരകമായ സ്മാഷുകള്‍ തടുക്കാന്‍ മാത്രം ശേഷിയില്ലാതെ കുഞ്ഞുങ്ങള്‍ വിയര്‍ത്തു. അവരും പിന്നീട് നിര്‍ത്തിപോകുന്നതാണ് കണ്ടത്. പാവം കുട്ടികള്‍...


വൈകിട്ട് അഞ്ചരമണിയോടുകൂടി ഞങ്ങള്‍ എല്ലാവരും ഓരോ ഐസ്ക്രീം കഴിച്ച് പിരിഞ്ഞു. കല്ല്യാണിരാഗത്തില്‍ മനോഹരമായി ചുമയ്ക്കുന്നുണ്ടെങ്കിലും ഐസ്ക്രീം എന്ന് കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെ എള്ളുണ്ടയില്‍ മധുരമായി തുടങ്ങി മധുരിതമായി അരങ്ങേറിയ ഈ ഒരു സൗഹൃദ സംഗമം ഐസ്ക്രീമിന്റെ മധുരത്തോടുകൂടി ഞങ്ങള്‍ അവസാനിപ്പിച്ചു.
********************************
ഈ മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ നേരെ പോയത് ഷാര്‍ജ ബുക്ക് ഫെസ്റ്റിലേക്കാണ്. ഷാര്‍ജ എക്സ്പോ സെന്റര്‍ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. പ്രത്യേകിച്ചും D.C.Books കൗണ്ടര്‍.

ഇതുനോക്കിയേ തിരക്ക്.. വായന മരിക്കുന്നു എന്ന് പറയുന്നവനെ തല്ലികൊല്ലണ്ടേ?


അവിടെനിന്നും ഞാന്‍ എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകളും' ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങളും' സ്വന്തമാക്കി. പിന്നീട് എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും പങ്കെടുക്കുന്ന സദസ്സില്‍ അഞ്ചാം നിരയിലായി എല്ലാവരും സ്ഥാനം പിടിച്ചു. ബ്ലോഗര്‍ ആയ യാത്രികനെ അവിടെവച്ച് ക്ണ്ടുമുട്ടുകയും യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഞങ്ങളുടെ അടുത്തുവന്നിരിക്കുകയും ചെയ്തു. അല്പസമയത്തിനകം തന്നെ എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും വേദിയില്‍ എത്തിച്ചേര്‍ന്നു.


Hit Fm 96.7 നിലെ ഷാബുക്ക മൂന്നുപേരേയും മനോഹരമായി പ്രകീര്‍ത്തിച്ചുകൊണ്ട് സ്വാഗതം ചെയ്തു. എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍‍' എന്ന പുസ്തകം അവിടെവച്ച് പ്രകാശനം ചെയ്യപ്പെട്ടു. 



വേദിയില്‍ ഇരിയ്ക്കാന്‍ സ്ഥലം കിട്ടാതെ നില്‍ക്കുന്ന ഒരുപാട്പേരോടുമായി എം. മുകുന്ദന്‍ പറഞ്ഞു 'വായന മരിച്ചു എന്ന് പറയുന്നവരോട് ഞാന്‍ ഇനി പറയും നിങ്ങള്‍ ഷാര്‍ജയിലേക്ക് പോയി നോക്കു എന്ന്. എഴുപതുകളില്‍ സാഹിത്യം ഉണ്ടായത് ഡല്‍ഹിയില്‍നിന്നായിരുന്നെങ്കില്‍ ഇന്ന് സാഹിത്യം ഉണ്ടാകുന്നത് ഗള്‍ഫില്‍നിന്നുമാണ്. അതിന് ഉത്തമ ഉദാഹരണമാണ് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന ബെന്യാമിന്‍.'


പൊന്നാനിക്കാരനായ ഞാന്‍ ഇതുപോലൊരു തിരക്ക് കണ്ടിട്ടുള്ളത് പൊന്നാനി കടപ്പുറത്ത് ചാകര വരുമ്പോഴാണെന്ന് കെ.പി. രാമനുണ്ണി നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു. തന്റെ 'ജീവിതത്തിന്റെ പുസ്തകത്തിന്' വയലാര്‍ അവാര്‍ഡ് കിട്ടിയ സന്തോഷവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.


'ബോസിനോട് സമ്മതം വാങ്ങിക്കാനുള്ള മടികൊണ്ട് ഇങ്ങോട്ട് വരണമോ എന്ന് ഞാന്‍ മടിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടമാകുമായിരുന്നു. തൊട്ടപ്പുറത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മമ്മൂട്ടിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ടായിട്ടും ഈ സദസ്സില്‍ ഇത്രയും ആളുകള്‍ ഉള്ളത് എന്നില്‍ അത്ഭുതം ഉണ്ടാക്കുന്നു. വായനയെ സ്നേഹിക്കുന്നവര്‍ ഒരുപാട് ഇന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ ജനക്കൂട്ടം' എന്ന് ബെന്യാമിന്‍.. 

എം. മുകുന്ദനെകൊണ്ടും ബെന്യാമിനെകൊണ്ടും അവരുടെ പുസ്തകങ്ങളില്‍ ഒപ്പിടീച്ചുവാങ്ങിച്ചു.

എം മുകുന്ദനോട് ശ്രീകുട്ടന്‍

വളരെയേറേ വ്യക്തിത്വമുണ്ടായിരുന്ന കഥാപാത്രമായിരുന്നിട്ടുകൂടി ദാസനെ ഒരു അസ്തിത്വമില്ലാത്തവനായി അവസാനിപ്പിച്ചത് എന്തുകൊണ്ടായിരുന്നു?
അന്നത്തെ സാഹചര്യവും കാലഘട്ടവും അങ്ങിനെ ചെയ്യിപ്പിച്ചതാണ്..

വീണ്ടുമൊരിക്കല്‍ക്കൂടി മയ്യഴിപ്പുഴയൊഴുകുമോ..?

പറയാനാകില്ല
********

ഇനി ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും... എനിക്ക് വയ്യ... ക്ഷീണിച്ചു...

 ഇസ്മായില്‍ ചെമ്മാടും ശ്രീജിത്ത് കൊണ്ടോട്ടിയും കെ.പി. രാമനുണ്ണിയോടൊപ്പം

ഷജീര്‍ മുണ്ടോളി കെ.പി. രാമനുണ്ണിയോടൊപ്പം

ഷബീര്‍ തിരിച്ചിലാന്‍ ബെന്യാമിനോടൊപ്പം

എം. മുകുന്ദനോടൊപ്പം തിരിച്ചിലാനും ശ്രീകുട്ടനും

ശ്രീജിത്ത് കൊണ്ടോട്ടി എം. മുകുന്ദനോടൊപ്പം

ഇസ്മായില്‍ ചെമ്മാട് എം. മുകുന്ദനോടൊപ്പം

പരിപാടി കഴിഞ്ഞ് എല്ലാവരും പോയിട്ടും ബ്ലോഗര്‍ ഗാനന്‍ ചേട്ടനും ചാന്ദ്നി ചേച്ചിയും മറ്റുപലരുമായി സംസാരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെതന്നെ നിന്നു. ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുവന്നപ്പോള്‍ അത് ദയവായി പോകൂ എന്ന അഭ്യര്‍ഥനയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പതിനൊന്നരമണിയോടുകൂടി ഞങ്ങള്‍ ആ മധുരമൂറും ദിനത്തിന് വിരാമമിട്ടു. ശുഭരാത്രി നേര്‍ന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു... ഇനിയും കൂടാമെന്ന ഉറപ്പോടെ...

എല്ലാവര്‍ക്കും മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി. 


***************************************

*സംസാരിക്കുന്ന ഫോട്ടോസ് എടുത്തതിന്റെ കഷ്ടപ്പാട് ജിമ്മി ജോണിനും‍, ഷജീര്‍ മുണ്ടോളിക്കും, ശ്രീകുട്ടനും
*ലോഗോ ഉണ്ടാക്കിയതിന്റെ കഷ്ടപ്പാട്  ജെഫു ജൈലാഫിന്

88 comments:

  1. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേര്‍സിന്റെ കൂട്ടായ്മയായ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പുന്റെ' ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദുബായ് മംസാര്‍ പാര്‍ക്കില്‍ അര്‍ങ്ങേറിയ സംഗമത്തിന്റെ രണ്ടുദിവസം കഴിഞ്ഞുള്ള സംപ്രേക്ഷണമാണ് നിങ്ങള്‍ കണ്ടത്.

    ഇവന്മാരുടെയൊക്കെ പേരിന്റെ നെഞ്ചത്ത് കുത്തിയാല്‍ അവരുടെ ബ്ലോഗില്‍ പോകാം...

    ReplyDelete
  2. ഡാ മച്ചാ കലക്കീട്ടൊണ്ടിട്ടാ..ഫോട്ടൊസും വിവരണവും എല്ലാം..

    ReplyDelete
  3. @ ജെഫു ജൈലാഫ്:-
    ലോഗോ സുപ്പര്‍...

    വിവരണത്തിനും നന്ദി

    ReplyDelete
  4. വളരെ സന്തോഷം തോന്നുന്നു.....
    ഈ സൌഹ്രുദം എന്നും നിലനില്‍ക്കട്ടെ.....

    ഫുഡ്ബോള്‍ കളിയിലെ "മാറെടാ ഞാനീ ടീമിന്‍റെ അട്മിനാ..." എന്നാ അടിക്കുറിപ്പ്‌ ഒരുപാട് ചിരിപ്പിച്ചു....

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും മീറ്റില്‍ പങ്കെടുത്തവര്‍ക്കും തിരിച്ചിലാനും അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. കുറേ വൈക്കിയ പോസ്റ്റാണെങ്കിലും മീറ്റില്‍ ഈറ്റും കളിയുംകൊണ്ട് ഒരു ആറാട്ടായിരുന്നു അല്ലേ...
    കൂറേ നല്ല സ്നേഹിതര്‍ ,എഴുതിന്റെ പുത്തന്‍ തലമുറ....
    പക്ഷെ നല്ല ചര്‍ച്ചകള്‍ ഒന്നും നടന്നില്ലേ അതോ എഴുതാന്‍ മറന്നതാണോ?
    ഒരു മീറ്റാകുമ്പോള്‍ ബൂലോകത്തിലെ മാറ്റങ്ങളും ഒരോരുത്തരുടെ അഭിപ്രായങ്ങളും കൊണ്ട് ഒരു ചര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ഈ മീറ്റ് ഒന്നു കൂടി മാറ്റുക്കൂട്ടുമായിരുന്നു എന്നാണ് എന്റെ മീറ്റഭിപ്രായം( ബെര്‍ളിച്ചായാനെ പറഞ്ഞിട്ടും കാര്യല്ല)(എന്നെ തല്ലരുത്, ഞാന്‍ ബല്ല്യ ബു-ജി അല്ലേ)

    അല്ലാ ഇതും ഒരു മീറ്റാണല്ലൊ
    ഈ സ്നേഹിതര്‍ ഇനിയും മീറ്റാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. ഫേസ്ബുക്കില്‍ ലൊട്ടു-ലൊടുക്ക് ഫോട്ടോസും കുറിപ്പും കാണുമ്പൊഴൊക്കെ തന്റെ പോസ്റ്റിനുവേണ്ടിയുള്ള വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു കണ്ണൂരാന്‍!
    വിവരണത്തിന് നന്ദി.

    (അസൂയതോന്നുന്നു, ബുജികളുടെ കഷണ്ടികാണുമ്പോള്‍ )

    ReplyDelete
  7. ഒരുപാട് നാളുകള്‍ക്കു ശേഷം പഴയ കലാലയ മുറ്റത്ത് കൂട്ടുകാരോടൊപ്പം
    എത്തിയ പ്രതീതിയായിരുന്നു. ഔദ്യോഗികതകലോന്നുമില്ലാതെ അജണ്ടാകളില്ലാതെ
    ചുമ്മാ ഒരു രസത്തിന് കൂടിയ കൂട്ടുകാര്‍ .
    സാഹിത്യത്തെ പറയാന്‍ നിറയെ കഴിവുള്ള എം മുകുന്ദനെയും ബെന്ന്യമിനെയും
    കെ പി രാനുന്നിയും തന്നെ കിട്ടി ഞങ്ങള്‍ക്ക്

    ശരിക്കും മധുരിതമായ ഒരു ദിനം മനോഹരമായ സംഗമം

    ReplyDelete
  8. അങ്ങനെ ഈ പോസ്റ്റു പിറന്നതോടെ ഞാന്‍ ജീവിതത്തിലാദ്യമായി മുതലക്കുട്ടിയായി. വിവരനങ്ങളും ചിത്രങ്ങളും വളരെ അവസരോചിതമായി. നമ്മളിനിയെന്നു കൂടും..??!!!

    സന്ധി വേദനകള്‍ കെട്ടടങ്ങും മുമ്പേ പോസ്റ്റ്‌ എത്തിച്ച തിരിചിലാണ് ഒരു സല്യൂട്ട്..

    ജയ് 'മ' ഗ്രൂപ്പ്‌

    ReplyDelete
  9. അഭിനന്ദനങ്ങള്‍ !

    ReplyDelete
  10. ശരിക്കും അസൂയ തോന്നുന്നുണ്ട് !

    ReplyDelete
  11. അപ്പൊ ഇവരൊക്കെയാണ് ആ താരങ്ങൾ അല്ലേ....ഒരു ബ്ലോഗ് മീറ്റിൽ ഒരിക്കൽ പോലും പങ്കെടുക്കാം എന്ന പ്രതീക്ഷ എനിക്കില്ല :(
    സസ്നേഹം,
    പഥികൻ

    ReplyDelete
  12. പോസ്റ്റ്‌ എഴുതാന്‍ നിന്നെ തന്നെ എല്പിച്ച്ചാല്‍ അത് വെറുതെ ആവില്ല എന്ന് ഞമ്മക്കരിയാ. വളരെ മനോഹരമായി എഴുതി. കല്യാണം കഴിഞ്ഞത് കൊണ്ടാകണം എഴുത്തിലൊക്കെ പുതിയൊരു പ്രകാശം. കണ്ണ് മഞ്ഞളിച്ചു.
    മസില്‍ ഇല്ലെങ്കിലും മേലാകെ മസിലുവേദന. അര്‍മാദിച്ച്ചതിന്റെ അനന്തര ഫലം..:)

    ReplyDelete
  13. ഹും ... ബ്ലോഗേഴ്സിനു നാണക്കേട് ഉണ്ടാക്കാനായി കുറെ ആളുകള്‍. അല്ലെങ്കില്‍ തന്നെ, ബ്ലോഗ്‌ മീറ്റെന്നും പറഞ്ഞ് തീറ്റിയും കുടിയുമായി നടക്കുന്നവരാണ് ബ്ലോഗ്ഗര്‍മാര്‍ എന്ന് വിവരമുള്ളവര്‍ പറയുന്നു. ഇതിപ്പോ അതൊന്നും പോരാഞ്ഞ് ഇച്ചിരിയില്ലാത്ത പച്ച പിള്ളേരുടെ അടുത്ത് പന്തുതട്ടാനും പോയിരിക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത് വേണം മക്കളെ അനോണികള്‍ക്ക്‌ നാട്ടില്‍ പാടി നടക്കാന്‍ ? :-)
    (വിവരണം കലക്കി )

    ReplyDelete
  14. നന്നായി .. ഈ ദുബായ് മീറ്റ്‌ വിത്ത്‌ ഈറ്റ്.....
    ഒത്തു ചേരല്‍ അവസാനിച്ചത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട
    എഴുത്തുകാരോടൊപ്പം ആയതു ഏറെ നന്നായി ...
    നല്ല ചിത്രങ്ങള്‍ ... നല്ല വിവരണം .... തിരച്ചിലാനെ ആശംസകള്‍

    ReplyDelete
  15. --------------------------------------------
    പതിവ് പോലെ അല്‍പ്പം പോലും ബോറടിപ്പിക്കാതെ നല്ല വിവരണം !!
    തിരിച്ചിലാന്‍ ബെന്യാമിനൊപ്പം എന്നതിന് പകരം ബെന്യാമിന്‍ തിരിച്ചിലാനൊപ്പം എന്ന് പറയാഞ്ഞത് ഫാഗ്യം !!
    ----------------------------------------

    ReplyDelete
  16. ജെഫു വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരെത്തെ പുറപ്പെടാം എന്ന് പറഞ്ഞോ?
    ഫോട്ടോസും ചിത്രങ്ങളും ഗംബീര്യം ആ ണെങ്കിലും കുറച്ചു കൂടി ആധിക്കരികതയോട് കൂടി ഒരു മീറ്റ് സങ്കെ ടിപ്പിക്കാ മായിരുന്നു എന്ന് മാത്രമല്ല സ്ഥിര സംവിധാനവും ഉണ്ടാക്കാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

    ReplyDelete
  17. നന്നായി. പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം ഉണ്ട് ഒപ്പം നിങ്ങളില്‍ ചിലരെയെങ്കിലും എക്സ്പോയില്‍ കാണാന്‍ കഴിഞ്ഞ സന്തോഷവും.....സസ്നേഹം

    ReplyDelete
  18. അങ്ങിനെ ആ മീറ്റും കഴിഞ്ഞു. മീറ്റിന്റെ വിവരണങ്ങള്‍ വളരെ രസകരമായി.

    ഈ മീറ്റ്, ബ്ലോഗ്‌ മീറ്റിന്റെ പതിവ് ഫോര്‍മാറ്റില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. പാക് പിള്ളാരില്‍ നിന്നു എത്ര ഗോള് വാങ്ങിക്കൂട്ടി എന്നത് അവരോടു ചോദിച്ചാല്‍ അറിയാം.

    പോസ്റ്റിലൂടെ സുന്ദരമായ ഒരു പകല്‍ ആസ്വദിച്ചു കടന്നു പോയി. ഇതില്‍ ശ്രീജിത്തിനെ ഒഴിച്ച് മറ്റാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഇപ്പോള്‍ എല്ലാവരെയും വളരെ അടുത്തു കണ്ട പോലെ. എലാവര്‍ക്കും സ്നേഹാശംസകളോടെ.

    ReplyDelete
  19. ഇതെന്താ തിരിച്ചിലാന്‍,ബാച്ചീസ് ഡേ ഔട്ട്‌ ആയിരുന്നോ?മരുന്നിനു പോലും ഒരു പെണ്‍ തരിയില്ലല്ലോ..കഷ്ട്ടായി.
    മൊത്തത്തില്‍ ശര്‍ക്കരപ്പായസം പോലൊരു പോസ്റ്റ്‌.ഷാര്‍ജ ബുക്ക്‌ ഫെയര്‍ കാഴ്ചകള്‍ കാണിച്ചു തന്നതിന് പ്രത്യേകം നന്ദി.
    ഞങ്ങളുടെ നാടുകാരനാ മുകുന്ദന്‍ സാര്‍..കേട്ടോ.ഞാനുമൊരിക്കല്‍ വഴിയില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു.എന്താ ഒരു വിനയം..

    ReplyDelete
  20. അത് മീറ്റ് ആയിരുന്നില്ല, തിരിചിലാന്റെ വിവാഹം അനുബന്ധിച്ചുള്ള പാര്‍ട്ടി ആണെന്നാണല്ലോ കേട്ടത്...
    ഡേറ്റ് കഴിഞ്ഞ എള്ളുണ്ട തിന്ന മണ്ടന്മാര്‍ക്ക് എന്റെ ആശംസകള്‍!

    ReplyDelete
  21. നല്ല വിവരണം. മുകുന്ദന്റെ പുസ്തകത്തിന്റെ പേര്‍ ഡല്‍ഹി ഗാധ എന്നാണോ ഡല്‍ഹി ഗാഥ എന്നാണോ..? അങ്ങനെയാണേല്‍ തിരുത്തുക.അദ്ദേഹം നിന്നെ തല്ലിക്കൊല്ലും.

    ReplyDelete
  22. നല്ല വിവരണം. ചിത്രങ്ങളും ഉഷാറായി. . നന്ദി ഈ പങ്കുവേയ്ക്കലിനു

    ReplyDelete
  23. മ ഗ്രൂപ്പും ബൂലോകവും നീണാള്‍ വാഴട്ടെ... !!!

    ReplyDelete
  24. " പ്രഭാതചര്യകളെല്ലാം തീര്‍ത്ത്, ഫ്രിഡ്ജില്‍നിന്നും രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു. ആശ്വാസം!"
    എന്നെ ഞെട്ടിച്ച പ്രയോഗം..!!
    നിങ്ങളെ എല്ലാം നേരില്‍ കണ്ടതുപോലെ വിവരണം അസ്സലായി!...
    ബുക്ക്‌ ഫെയര്‍ തിരക്ക് കണ്ടു വീണ്ടും ഒന്നു ഞെട്ടി..
    വാങ്ങിയ പുസ്തകം പെട്ടന്ന് വായിക്കുക..
    മഞ്ഞവെയില്‍ മരണങ്ങള്‍ നന്നായി വായിച്ചു പോകാം എങ്കിലും ഇട്ടിക്കോരയുടെ
    ഒരു മണം വരുന്നുണ്ടോ എന്ന് നോക്കണം....
    ഷബീറിന്റെ വാക്കുകളില്‍ ഒരു പെണ്ണെഴുത്തി ന്റെ ശൈലി.....കല്യാണം കഴിഞ്ഞത് കൊണ്ടായിരിക്കും..

    ReplyDelete
  25. നല്ല വിവരണം ഷബീർ...ഇഷ്ടമായി...

    ReplyDelete
  26. നല്ല പോസ്റ്റ്‌, നല്ല വിവരണങ്ങള്‍ ...മീറ്റില്‍ പങ്കെടുത്ത പ്രതീതി....
    "ഖുബ്ബൂസ്‌ കൊണ്ട് "കഫം ചെയ്തത്" എന്തായാലും നന്നായി അല്ലെങ്കില്‍ ചുറ്റിപ്പോയേനെ....

    ReplyDelete
  27. വിവരണം നന്നായി. പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം ഉണ്ട്. കണ്ണൂര്‍ മീറ്റ്‌ സമയത്ത് ദുബായിലായിരുന്നു. ഇപ്പോള്‍ നാട്ടിലും.

    ReplyDelete
  28. ബ്ലോഗ്‌ മീറ്റിന്റെ കൂടെ ഫുട്ബോള്‍ കളി !!!
    ബെസ്റ്റ് കോമ്പിനേഷന്‍. ഹലുവയും മീന്‍ചാറും പോലുണ്ട് .
    അടുത്ത കേരള മീറ്റില്‍ ഒന്ന് പരീക്ഷിച്ചുകളയാം...

    ReplyDelete
  29. കാത്തിരുന്ന പോസ്റ്റ്‌ ഒട്ടും നിരാശപ്പെടുത്തിയില്ല. കൃത്യാന്തര ബാഹുല്യങ്ങള്‍ അല്‍പ സമയമേ അവിടെ താങ്ങാന്‍ എന്നെ അനുവദിച്ചുള്ളൂ എങ്കിലും നല്ല അനുഭവമായിരുന്നു. എന്‍റെ അസ്വസ്ഥതയെ പരാമര്‍ശിച്ചിടത്ത്‌ വസ്തുതാപരമായ ഒരു പിശകുണ്ട്. ഗോള്‍ വീണതൊന്നും എനിക്ക് വിഷയമായിരുന്നില്ല, ആവറേയ്ജ് വയസ്സ് ഇരുപതില്‍ താഴെ മാത്രമുണ്ടായിരുന്ന പാക്കിക്കുട്ടികളുടെ ടീമിനോട് വൃദ്ധന്മാരുടെ ടീം (ടീമിലെ ഏറ്റവും പ്രായം കുറഞ്ഞവര്‍ നിയാസും തിരിച്ചിലാനുമായിരുന്നു; അപ്പൊത്തന്നെ ഊഹിക്കാലോ മറ്റുള്ളവരുടെ വയസ്സും ടീമിന്‍റെ ആവറേയ്ജുമൊക്കെ) തോല്‍ക്കുമെന്ന് ടീമില്‍ എല്ലാവര്‍ക്കും ഉറപ്പായിരുന്നു. ആ കുട്ടികള്‍ ജീവിതത്തില്‍ ഫുട്ബോളിന്‍റെ ചിത്രമേ കണ്ടിട്ടുണ്ടായിരുന്നൂ എന്ന് മനസ്സിലായത്‌ പിന്നീടാണ്. എന്‍റെ അസ്വസ്ഥതയുടെ കാരണം, കളിച്ച് കളിച്ച് വായില്‍ നിന്ന് നുരയും പതയും വന്നു തുടങ്ങിയിരുന്ന നിയാസിന് ഇനി വണ്ടി ഓടിക്കാനാനാവില്ല എന്നു പ്രഖ്യാപിക്കുമെന്നും തിരക്കേറിയ വഴിയിലൂടെ വണ്ടി ഓടിക്കേണ്ട ചുമതല എന്‍റെ തലയില്‍ അത് വന്നു വീഴുമെന്നുമെന്നുമുള്ളതായിരുന്നു. അതെന്‍റെ ന്യായമായ കണക്ക് കൂട്ടലായിരുന്നു, കണക്ക് കൂട്ടലുകള്‍ അസ്വസ്ഥതായി പുകഞ്ഞു പുറത്തു വന്നു. എന്‍റെ ആശങ്ക പുലരുകയും ചെയ്തു ആ അസ്വസ്ഥതയാണ് തിരിച്ചിലാന്‍ കണ്ടത്‌. അതേതായാലും ഇതിലേക്ക് വകവെച്ചത് നന്നായി. ആദിമധ്യാന്തം ഒന്നാം തരം വിവരണം. ഞങ്ങള്‍ വൈകി വന്നവര്‍ക്ക് നഷ്ടപ്പെട്ട ഭാഗങ്ങളും ഒരു നേര്‍ അനുഭവമാക്കി മുന്‍പിലെത്തിച്ചതിന് ആയിരത്തി ഒന്ന് തവണ നന്ദി, തിരിചിലാന്; തിരിചിലാനെ ഈ പരിപാടി ഏല്‍പിച്ചവര്‍ക്ക്‌ രണ്ടായിരത്തി രണ്ടും.

    ReplyDelete
  30. വിവരണവും ഫോട്ടോസും കലക്കി... പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് ആ സങ്കടം മാറി കിട്ടും ഈ പോസ്റ്റ്‌ വായിച്ചാല്‍..
    വളരെ നന്നായി....

    ആരിഫ്ക്കന്റെ കമ്മന്റും രസകരം.... :)

    ReplyDelete
  31. ഇനി ഒരു മീറ്റ്‌ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവിടെ ഉണ്ടാകും ഇന്ഷാ അല്ലാഹ് ..... വലിയ നഷ്ടമായിപ്പോയി തിരിചിലാന്‍ :(

    ReplyDelete
  32. എന്തായാലും കലക്കീട്ടുണ്ട് ട്ടോ

    ReplyDelete
  33. മനോഹരമായ വിവരണവും ചിത്രങ്ങളും.
    വിന്‍സെന്റും ശ്രീജിത്തും ഉടനെ അവിടെ എത്തിയോ?
    നാട്ടില്‍ വെച്ച് കണ്ടിരുന്നു.

    ReplyDelete
  34. അങ്ങിനെ ദുഫായ് മീറ്റും കഴിഞ്ഞു ............
    നന്നായി തിരിചിലാനെ .................... നല്ല എഴുത്ത് നല്ല ഫോട്ടോസ് ..................
    എല്ലാവര്ക്കും ആശംസകള്‍ ..

    ReplyDelete
  35. നിങ്ങള്‍ അവിടെ പങ്കുവെച്ച നിമിഷങ്ങളുടെ കളറും ആംബിയന്‍സും ശരിക്കും വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് ഷബീര്‍... നന്നായി അവതരിപ്പിച്ച ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍...

    ഞാനിപ്പോള്‍ ആലോചിക്കുന്നത് പണ്ട് ബഷീര്‍ പറഞ്ഞ "ഉമ്മാ., ഞാന്‍ ഗാന്ധീനെ തൊട്ട് " എന്ന വാചകമാണ്.മലയാളകഥാസാഹിത്യത്തിന്റെ തുടര്‍ച്ചയായ മൂന്നു ഘട്ടങ്ങളുടെ ഏറ്റവും അര്‍ഹരായ പ്രതിനിധികളെ തൊടാന്‍ കഴിഞ്ഞ നിങ്ങള്‍ ശരിക്കും ഭാഗ്യവാന്‍മാര്‍ തന്നെ....!!

    ReplyDelete
  36. ഇതൊരു സ്ഥിരം പരിപാടിയാക്കിയാലോ!!!

    ReplyDelete
  37. കലക്കി തിരിച്ചിലാന്‍..എല്ലാവരെയും കണ്ട സന്തോഷം ആ ത്രില്ലില്ല ഞാന്‍ ഇപ്പോഴും ..പുളുസുന്റെ പാട്ടും ഞമ്മെടെ ഫുട്ബോള്‍ വിജയവും ..എല്ലാം മീറ്റ്‌ ഒന്നാംതരം ആക്കി ..
    അതിലും ഒന്നാം തരം ഒരു പോസ്റ്റും ..ലോഗോ സുപ്പെര്‍ ജിഫു ..

    ReplyDelete
  38. തകര്‍പ്പന്‍ മീറ്റ്‌ മംഗളമാക്കിയ എല്ലാ യു എ ഇ , ബ്ലോഗര്‍മാര്‍ക്കും അഭിവാദനങ്ങള്‍ !
    അത് മനോഹരമായി പോസ്ടിയ തിരിചിലാനും..!

    ReplyDelete
  39. മനോഹരമായിരിക്കുന്നു....
    ഈ കൂടിച്ചേരല്‍...
    അതിലേറെ മനോഹരമായിരിക്കുന്നു.
    ഈ പോസ്റ്റും.....

    ReplyDelete
  40. എനിക്ക് അസൂയ തോന്നുന്നു തിരിച്ചിലാനേ...
    ഞാനവിടെ ഉള്ളപ്പോള്‍ ബ്ലോഗും കമന്റും ഒരു കുന്തവും ഇല്ല .
    ഇതിപ്പോള്‍ നിങ്ങളൊക്കെ കൂടുന്നു , കളിക്കുന്നു. ശാപ്പാട് അടിക്കുന്നു , ബഡായി പറയുന്നു .
    കളിയും കാര്യവും നന്നായി ട്ടോ . നല്ല ചിത്രങ്ങളും. അതിനുള്ള അടികുറിപ്പും കേമം.
    സൗഹൃദ വേദികള്‍ ഇനിയും ഉണ്ടാവട്ടെ.
    ആശംസകള്‍

    ReplyDelete
  41. കൊള്ളാല്ലോ തിരിച്ചിലാനെ ...വിവരണം വളരെ നന്നായിട്ടുണ്ട്ട്ടോ !! ആരിഫ്‌ ഇക്കാടെ കമന്റ്‌ നന്നായിട്ടോ...കുറേപേരെ ഒക്കെ കാണാന്‍ കഴിഞ്ഞൂല്ലോ അതും നന്നായി ...വളരെ മനോഹരമായി അവതരിപ്പിച്ച്ചതിനും നല്ല ഫോട്ടോസ് കാഴ്ച്ചവച്ച്ചതിനും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ എല്ലാ സുഹൃത്തുക്കള്‍ക്കും തിരിച്ചിലാനും അഭിനന്ദനങ്ങള്‍....

    ReplyDelete
  42. കലക്കി മോനേ...
    പിന്നെ കാലുവേദനയും മറ്റും ഇപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മനസ്സ് മാത്രമേ ചെറുപ്പമൊള്ളു എന്ന്!

    ReplyDelete
  43. വളരെ മനോഹരങ്ങളായ ചിത്രങ്ങളും അതിലും മനോഹരമായ വിവരണവും ... നന്ദി ...

    ReplyDelete
  44. അഭിനന്ദനങ്ങള്‍ !

    ReplyDelete
  45. ഞാന്‍ പങ്കെടുക്കുന്ന ആദ്യബ്ലോഗ് മീറ്റ്. ഒട്ടും ഔപചാരികതകളില്ലാത്ത, പരസ്പരം സ്നേഹവും സന്തോഷവും നുറുങ്ങു ചര്‍ച്ചകളും പങ്കുവെച്ച ഒരു പകല്‍. അവസാന പന്തുകളിയിലും ഷാര്‍ജാ ബുക്ക് ഫെയര്‍ ട്രിപ്പിലും പങ്കെടുക്കാന്‍ കഴിയാതെ പോയതിലെ നിരാശ.

    പല കൂട്ടയ്മകളിലും പലപ്പോഴായി പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഔപചാരികതകളില്ലാത്ത നാട്യങ്ങളില്ലാത്ത ഒരു ഒത്തുചേരലില്‍. വളരേയധികം ആസ്വദിച്ചു. ഇനിയൊരു ഒത്തുചേരല്‍ വരാന്‍ കാത്തിരിക്കുന്നു.ഏറ്റവും സന്തോഷം, വെറും ആറുമാസം മുമ്പ് മാത്രം ബൂലോകത്തേക്ക് നുഴഞ്ഞുകയറിയ ചീരാമുളകിനെപ്പോലും എല്ലാരും തിരിച്ചറിഞ്ഞു എന്നുള്ളതാണ്!

    മനോഹരമായ വിവരണവും അടിക്കുറിപ്പുകളുമായി പോസ്റ്റിട്ട തീരിച്ചിലാന് നന്ദി. മീറ്റിനായ് അധ്വാനിച്ച എല്ലാര്‍ക്കും വളരേ നന്ദി.

    ReplyDelete
  46. ഈ പോസ്റ്റിനു നന്ദി.തിരിച്ചിലാന്‍

    ReplyDelete
  47. രസകരമായ വിവരണവും അടിക്കുറിപ്പുകളും.

    പിന്നെ ഒരു കാര്യം താങ്കളിങ്ങനെ ദിവസവും കഫന്‍ ചെയ്ത ഫുഡ്‌ കഴിച്ചാല്‍ അധികം താമസിയാതെ ആമാശയം ഒരു ഖബര്‍സ്ഥാന്‍ ആയി മാറും കേട്ടോ..

    ഈ നല്ല പോസ്റ്റിനു ആശംസകള്‍..

    ReplyDelete
  48. മീറ്റിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല..അതിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ ഷബീര്‍ എല്ലാ കാര്യങ്ങളും രസകരമായി വിവരിച്ചിട്ടുണ്ട്..ആരോ ചോദിച്ചത് കണ്ടു മീറ്റില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നില്ലേ എന്ന്...സൂര്യന് കീഴെയുള്ള എല്ലാ വിഷയങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു..ബൂലോകവും ,ഇന്ദു മേനോനും,ജന്തു മേനോനും, ബെര്‍ളിയുടെ ലേഖനവും, മലയാള ബ്ലോഗ്‌ ചരിത്രവും,മുല്ലപ്പെരിയാറും,രാഷ്ട്രീയവും എല്ലാം നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ എല്ലാം ഔപചാരികതയില്ലാതെ, മോഡറേറ്റര്‍ ഇല്ലാതെ ഒരു കൂട്ടം സുഹൃത്തുക്കളുടെ ചര്‍ച്ച മാത്രമായിരുന്നു അത്. അതുകൊണ്ട് തന്നെ ആര്‍ക്കും സഭാ കമ്പമോ പുതു മുഖമാനെന്നുള്ള അപകര്‍ഷത ബോധമോ ഉണ്ടായിരുന്നില്ല..എല്ലാരും ഒരേ പോലെയായിയിരുന്നു..അത് തന്നെയായിരുന്നു ഈ മീറ്റിന്റെ പ്രത്യേകത.

    ReplyDelete
  49. @ ശ്രീകുട്ടന്‍: നിന്നോട് നന്ദി പറയേണ്ടകാര്യമൊന്നും ഇല്ല.. എന്നാലും പിടിച്ചോ ഒരെണ്ണം.. നന്ദി.. :)

    @ശിഖണ്ഡി: അഭിപ്രായത്തിന് നന്ദി

    @naushad kv: നന്ദി നൗഷു..

    @ ഷാജു അത്താണിക്കല്‍: ചര്‍ച്ചകളൊക്കെ നടന്നിരുന്നു. പക്ഷേ വലിയ വലിയ ചര്‍ച്ചകള്‍കൊണ്ട് മീറ്റ് വിരസമാക്കാന്‍ ശ്രമിച്ചിരുന്നില്ല ആരും. ഒരു പിക്നിക് മൂഡിലായിരുന്നു എല്ലാവരും. പ്രത്യേക അജണ്ടകളൊന്നും ഇല്ലാതെ ഒരു കൂടിച്ചേരല്‍.

    @ K@nn(())raan*കണ്ണൂരാന്‍!: (അസൂയതോന്നുന്നു, ബുജികളുടെ കഷണ്ടികാണുമ്പോള്‍ )
    ഹ..ഹ...ഹ... ചിന്തിച്ച് തല പുകഞ്ഞ് പോയതാണതെല്ലാം. അസൂയപ്പെട്ടിട്ട് കാര്യമില്ല

    @ റശീദ് പുന്നശ്ശേരി: അജണ്ടകളൊന്നും ഇല്ലാതെ കൂടിയതിനാലാണ് ഈ ദിനം അത്രയും മധുരിച്ചത്. അതെ സാഹിത്യത്തിന്റെ കുലപതികളെ തന്നെ നമുക്ക് കിട്ടി എന്നതില്‍ സന്തോഷം.

    @നിയാസ്‌ മുഹമ്മദ്‌ മോങ്ങം: എപ്പോഴാണെങ്കിലും ഞാന്‍ റെഡി. സന്ധിവേദന മാറാന്‍ മെനിഞ്ഞാന്ന് അല്പം ഓടി. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറഞ്ഞാല്‍ മതിയല്ലോ... അനങ്ങാന്‍ വയ്യ.

    @AFRICAN MALLU: നന്ദി..

    @Villagemaan/വില്ലേജ്മാന്‍: അസൂയപ്പെടണം... :)

    @ പഥികൻ: സങ്കടപ്പെടാതിരി പഥികാ.. ഞമ്മക്ക് വയ്യിണ്ടാക്കാം... :)

    ReplyDelete
  50. shabeer.super post and
    photos..pinne varaam.thirakku aanu...

    ReplyDelete
  51. നല്ല അവതരണമാണ് ട്ടോ ........മീറ്റിനു ....പങ്കെടുക്കാന്‍ ...ആഗ്രഹം കൂടിവരുന്നു ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  52. @Jefu Jailaf: ഞാനും മേലാകെ വേദനയും കൊണ്ട് നടക്കുന്നു. മേലാകെ വേദന വരുമ്പോഴാ പെണ്ണുംപിള്ളേനെ വല്ലാതെ മിസ്സ് ചെയ്യുന്നത്.. ;)

    @ ഹാഷിക്: അനോണികള്‍ പാടി നടക്കട്ടെ ഭായ്. അവര്‍ക്ക് ഇതുപോലൊരു സൗഹൃദം എങ്കേയും കെടക്കമാട്ടേന്‍... ബ്ലോഗെന്ന മാധ്യമത്തിനുപരി നമ്മളെല്ലാവരും വളരേയടുത്ത കൂട്ടുകാരാണിപ്പോള്‍.

    @വേണുഗോപാല്‍: നന്ദി... ഈ മീറ്റ് മലയാളത്തിലെ പ്രമുഖ എഴുത്തുകാരോടൊപ്പം അവസാനിച്ചതില്‍ ഞങ്ങളും ഏറെ സന്തുഷ്ടരാണ്.

    @faisalbabu: പൈസലേ... ബേണ്ടാ... ബേണ്ടാ... :)

    @ കൊമ്പന്‍: എപ്പൊ പറഞ്ഞെന്ന് ചോദിച്ചാല്‍ പോരെ... കൂട്ടുകാര്‍ക്ക് ഇടക്കിടെ ഒത്തുകൂടാന്‍ എന്തിനാ കൊമ്പാ ഒരു സ്ഥിരം സംവിധാനം?

    @ ഒരു യാത്രികന്‍: നന്ദി യാത്രികന്‍... എക്സ്പോയില്‍ കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കും സന്തോഷം

    @Akbar: അക്ബര്‍ക്കാ... സത്യായിട്ടും ഞമ്മള് ജെയിച്ചിക്ക്ണ്. മീറ്റിലുപരി കൂട്ടുകാരുടെ ഒരു കൂടിച്ചേരലായിരുന്നു ഇതെന്ന് പറയുന്നതായിരിക്കും അഭികാമ്യം.

    @ mayflowers: ആഹ..! ഇങ്ങളെ നാട്ടുകാരനാണല്ലേ... ശരിയാ.. ഭയങ്കര വിനയമാണ്. സംസാരിക്കുംബൊ കെട്ട, കെട്ട എന്ന് പറഞ്ജുകൊണ്ടിരിക്കും. പിന്നെ പെണ്ണുങ്ങളാരും ഇന്റെറെസ്റ്റ് കാണിച്ചിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ബാച്ചികള്‍ മാത്രം ഉണ്ടായിരുന്നുള്ളു.

    @ഇസ്മായില്‍ കുറുമ്പടി (തണല്‍): വിവാഹം അനുബന്ധിച്ചുള്ള പാര്‍ട്ടിയൊക്കെ എന്നേ കൊടുത്തു. എള്ളുണ്ട തിന്ന മണ്ടന്മാര്‍ ആശംസ സ്വീകരിച്ചിരിക്കുന്നു.

    @ മുല്ല: ഒരു രക്തചൊരിച്ചില്‍ ഒഴിവാക്കിയതിന് നന്ദി മുല്ലേ... തിരുത്തിയിട്ടുണ്ട്... :)

    ReplyDelete
  53. @മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ: നന്ദി വായനക്കും...

    @ ശ്രീജിത് കൊണ്ടോട്ടി: നീണാള്‍ വാഴട്ടെ...

    @അബ്ദുല്ല മുക്കണ്ണി: പെണ്ണെഴുത്ത് എന്നൊന്നും പറഞ്ഞ് ബേജാറക്കല്ലീന്ന്. ഇപ്പൊ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം ആണ് വായിക്കുന്നത്. അത് കഴിഞ്ഞ് തുടങ്ങണം മഞ്ഞവെയില്‍ മരണങ്ങളും ഗര്‍ഹി ഗാഥകളും.

    അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി

    @ റിസ്: നന്ദി റിസ്

    @ Dr.Muhammed Koya @ ഹരിതകം: ഹ.. ഹ.. ഹ.. നന്ദി ഡോക്റ്ററേ...

    @ Vp Ahmed : മീറ്റുകള്‍ ഇനിയും വരും.. തീര്‍ച്ചയായും പങ്കെടുക്കാം... :)

    @ പത്രക്കാരന്‍: ഹ..ഹ... മലബാറുകാര്‍ എവിടെയെങ്കിലും ഒത്തുകൂടിയാല്‍ അവിടെ ഒരു ഫുട്ട്ബോളിന് സ്കോപ്പുണ്ടെന്ന് പത്രക്കാരനറിഞ്ഞൂടേ...? പങ്കെടുത്തവരില്‍ കൂടുതലും കോയിക്കോടും മലപ്പുറോം ആയിരുന്നു. പരീക്ഷിച്ചുനോക്ക്. ഒരു ടീം സ്പിരിറ്റ് കുടെ കിട്ടും

    @Arif Zain: ആരിഫ്ക്കാ... ഫുട്ട്ബോളിന്റെ മണ്ണില്‍നിന്നും വന്ന താങ്കള്‍ കളിയില്‍ കുറച്ചെങ്കിലും ആശങ്കപെട്ടില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. എന്നാലും ചിത്രം ഒന്നുകൂടെ വ്യക്തമാക്കിയത് നന്നായി. വണ്ടിയോടിക്കുക എന്ന ദൗത്യവും നിയാസ് മനോഹരമായി നിര്‍വ്വഹിച്ചു എന്ന് വിശ്വസിക്കുന്നു. എനിക്ക് ആയിരം മതി, ഒന്ന് ഇക്ക എടുത്തൊ.. നന്ദി... :)

    @ khaadu.. : ഖാദു... പങ്കെടുക്കാന്‍ പറ്റാത്ത സങ്കടം മാറികിട്ടിയതില്‍ സന്തോഷം. നന്ദി...

    @ മിര്‍ഷാദ്: അല്‍ ഐനില്‍നിന്നും ആരും വരാനുണ്ടായിരുന്നില്ല. അതാ ഞാന്‍ പിന്നെ വിളിക്കാഞ്ഞത്. അടുത്ത മീറ്റിന് എന്തായാലും പങ്കെടുക്ക്.

    ReplyDelete
  54. @പട്ടേപ്പാടം റാംജി :ആഹ..! ശ്രീജിത്തും വിന്‍സെന്റ് ചേട്ടനും എപ്പഴേ എത്തി. നന്ദി റാംജി ചേട്ടാ.. ലീവിലാണെന്ന് തോന്നുന്നല്ലോ?

    @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: അങ്ങനെ അതും കഴിഞ്ഞു. നന്ദി വട്ടപ്പോയിലേ..

    @Pradeep Kumar: മലയാളകഥാസാഹിത്യത്തിന്റെ തുടര്‍ച്ചയായ മൂന്നു ഘട്ടങ്ങളുടെ ഏറ്റവും അര്‍ഹരായ പ്രതിനിധികളെ തൊടാന്‍ കഴിഞ്ഞ നിങ്ങള്‍ ശരിക്കും ഭാഗ്യവാന്‍മാര്‍ തന്നെ....!!

    തീര്‍ച്ചയായും പ്രദീപേട്ടാ... നന്ദി...

    @ചാണ്ടിച്ചന്‍: ചാണ്ടിച്ചാ.. ബെര്‍ളിയല്ല ഇനി ആര് പറഞ്ഞാലുംശരി ഞങ്ങളിതൊരു സ്ഥിരം പരിപാടിയാക്കികഴിഞ്ഞു.

    @ Pradeep paima: പൈമാ... അതെയതെ.. ഞാനും ത്രില്ലിലാണ്.. കുറേ പുതിയ കൂട്ടുകാരെ കിട്ടിയതില്‍

    @ സ്വന്തം സുഹൃത്ത്: ജിമ്മിച്ചാ... താങ്കളുടെ മനോഹരമായ ഫോട്ടോസാണ് ഫോട്ടോയിലൂടെ കഥ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ഫോട്ടോസിന് നന്ദി. അഭിനന്ദനങ്ങള്‍ തിരിച്ചിലാന്‍ തിരിച്ചും തരുന്നു.

    @Noushad Koodaranhi: കൂടരഞ്ഞി... നന്ദി... ഈ ഗ്രൂപ്പിനെ വളത്തുന്നതില്‍ താങ്കളുടെ പങ്കും വിസ്മരിക്കുന്നില്ല.

    @ ചെറുവാടി: നീ ഇനി വരുമ്പൊ പറ. ഞമ്മക്ക് അറേഞ്ച് ചെയ്യാം. ഈ ടീം എപ്പളും റെഡിയാ... ബ്ലോഗേര്‍സ് എന്നതിലുപരി ഒരു ആത്മബന്ധം എല്ലാര്‍ക്കിടയിലും വളര്‍ന്നുകഴിഞ്ഞു.

    ചെറുവാടിയുടെ ഉപ്പയെപറ്റിയും ഞങ്ങള്‍ സംസാരിച്ചിരുന്നു. ആരിഫ്കയൊക്കെ നന്നായി അറിയുന്ന ആളാണെന്ന് പറഞ്ഞു.

    @ kochumol(കുങ്കുമം): വളരേയധികം നന്ദി

    @അനില്‍കുമാര്‍ . സി. പി.: ഹ..ഹ..ഹ.. അനിലേട്ടാ... കാല് വേദന അവിടേം മാറിയിട്ടില്ല അല്ലേ? എല്ലാവരുടേം സ്ഥിതി അതുതന്നാ.. :)

    ReplyDelete
  55. @jaya manoj: നന്ദി :)

    @ nanmandan: ഈ മീറ്റിന്റെ ഒരു ഭാഗമായതില്‍ നന്ദി നന്മണ്ടന്‍.

    @ ചീരാമുളക് : ഈ മീറ്റില്‍ പങ്കെടുത്തതിനും ഇറ്റലിയില്‍ നിന്നുണ്ടായ 'അസംസ്കൃത' അനുഭവങ്ങള്‍ നേരിട്ട് പങ്കുവച്ചതിനും നന്ദി. വീണ്ടും കൂടാം.. ഇന്‍ഷാ അല്ലഹ്.. :)

    @ റോസാപൂക്കള്‍: നന്ദി റോസ്ലി ചേച്ചീ..

    @ ~ex-pravasini*: ആമാശയം ഒരു ഖബര്‍സ്ഥാന്‍ ആക്കില്ല. വല്ലപ്പോഴുമേ കഫം ചെയ്യാറുള്ളൂ... നന്ദിട്ടോ

    @ ഒരു ദുബായിക്കാരന്‍: പോസ്റ്റിനെ കൂടുതല്‍ മനോഹരമാക്കുന്ന കമന്റ് മുണ്ടോളീ... നന്ദി...

    @ente lokam: വിന്‍സെന്റ് ചേട്ടാ... തിരക്കിനിടയിലും വന്ന് മീറ്റില്‍ പങ്കെടുത്തതിലും വായിച്ചതിനും നന്ദി

    @ഒരു കുഞ്ഞുമയില്‍പീലി: തീര്‍ച്ചയായും ഒരു മീറ്റില്‍ പങ്കെടുക്കു. അത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്.

    ReplyDelete
  56. സത്യം പറഞ്ഞാല്‍ മലയാള ബ്ലോഗുലകത്തില്‍ ഇത്രയും മനോഹരമായി ,നന്നായി ആസ്വദിച്ചു ആളുകള്‍ പങ്കെടുത്ത ഒരു സംഗമം അത് ഇത്രയും മനോഹരമായി തീര്‍ത്ത നിങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അസൂയ തോന്നുന്നു....ആശംസകള്‍ ച്ചുല്ലന്മാരെ ആശംസകള്‍ ...ഇനിയും ഇങ്ങനെ കൂടുക സൌഹൃദങ്ങള്‍ക്ക് കുറച്ചു സമയം ചിലവാക്കാം എന്തേ അതെന്നെ..

    ReplyDelete
  57. അസൂയ.. അസൂയ മാത്രം... :)

    ReplyDelete
  58. മനോഹരമായ ചിത്രങ്ങള്‍ അതിലേറെ മനോഹരമായ വിവരണം. എല്ലാവരെയും നേരില്‍ കണ്ട പ്രതീതി.

    ReplyDelete
  59. ശരിക്കും ആസ്വദിച്ചുവല്ലേ..? സന്തോഷം. ഇങ്ങനെ ഔപചാരികതകളില്ലാതെ എന്നും കൂട്ടുകൂടാനും കൂടെകൂട്ടാനും സാധിക്കട്ടെ..! ശ്രീജിത്ത്.. പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലാല്ലോ..? ശ്രദ്ധിക്കണം., അവനെക്കൊണ്ട്‌ റോഡ്‌ എന്ന് മാത്രം പറയിപ്പിക്കരുത്.. ഓര്‍മ്മിപ്പിക്കുക കൂടെ അരുത്.! കൂട്ടായ്മയില്‍ കൂടിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹ സലാം. നമ്മെ ഒന്നിച്ചിരുത്തുന്ന 'മലയാളത്തിനു' കൊടിയാശംസ..!!!

    ReplyDelete
  60. മനോഹരമായി വിവരിച്ചു ഒപ്പം കഥ പറയുന്ന ചിത്രങ്ങളും ....ദാ അവസാനം ഇവിടെയെത്തിയപ്പോള്‍ ...നിങ്ങളുടെ കൂടെ നടന്ന പ്രതീതി ....!!!!

    ReplyDelete
  61. വിവരണവും ചിത്രങ്ങളും മനോഹരമായി.. അഭിനന്ദനങ്ങൾ..!!

    ReplyDelete
  62. എല്ലാവരെയും നേരില്‍ കണ്ട പ്രതീതി. മനോഹരമായി വിവരിച്ചു ഒപ്പം കഥ പറയുന്ന ചിത്രങ്ങളും

    ReplyDelete
  63. മീറ്റ് പോസ്റ്റ്‌ നിന്നെ ഏല്‍പിച്ച ഗുട്ടന്‍സ് ഇപ്പോള്‍ എല്ലാര്‍ക്കും പിടികിട്ടിക്കാണും..
    സൂപര്‍ മീറ്റിന്റെ തകര്‍പ്പന്‍ പോസ്റ്റ്‌..

    ReplyDelete
  64. ഈ വക സംഭവങ്ങളൊക്കെ നിങ്ങള് ദൂഫായിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാ അതിനു ഞങ്ങള്‍ക്ക് ഇങ്ങു സൌദിയില്‍ ഇരുന്നു വെറുതെ കുശുമ്പ് തോന്നിയിട്ടെന്തു കാര്യം. എന്തായാലും സകല മഹാന്മാരെയും ഒന്ന് കാണാന്‍ കഴിഞ്ഞല്ലോ.

    ഷബീര്‍ ഭായീ വളരെ നന്നായിട്ടുണ്ട് അവതരണവും ഫോട്ടോസ് ഉം എല്ലാം സൂപ്പര്‍...

    ReplyDelete
  65. Hai

    Are you like link exchange with MUSIC PLUS .THE MUSIC PLUS is biggest song collection .visited daily 50 visitor ..If interest contact to me :
    admin@themusicplus.com

    The Music Plus
    Team - Dubai
    http://www.themusicplus.com/

    ReplyDelete
  66. Hai

    Are you like link exchange with MUSIC PLUS .THE MUSIC PLUS is biggest song collection .visited daily 50 visitor ..If interest contact to me :

    admin@themusicplus.com

    The Music Plus
    Team - Dubai
    http://www.themusicplus.com/

    ReplyDelete
  67. കഴിഞ്ഞ മീറ്റില്‍ കുടുംബതോടോപ്പമായിരുന്നു പങ്കെടുത്തത്. ഈ പ്രാവശ്യം അവരെ വീട്ടിലിരുത്തി. മനസ് നിറഞ്ഞു ആസ്വദിച്ചു. പതിവിനു വിപരീതമായി, ഔപചാരികത ഒന്നുമില്ലാതെ തികഞ്ഞ സൌഹ്യദം പകര്‍ന്ന സംഗമം. പ്രഭാഷണമില്ല,അജന്‍ഡ ഇല്ല. ഇത്തിരി മേലു വേദന ഒഴിച്ചാല്‍ (കളിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതി) വളരെ മനോഹരം. പക്ഷെ ഫുട്ബോള്‍ ഞങ്ങളെ വല്ലാത്ത ഒരു ടീം സ്പിരിറ്റില്‍ എത്തിച്ചു.

    നന്ദി വന്ന എല്ലാര്‍ക്കും. കൂടെ ഈ നല്ല പോസ്റ്റ്‌ തന്ന തിരിചിലാനും. മീറ്റ്‌ മുഴുവന്‍ ആവാഹിച്ചു തിരിച്ചിലാന്‍ പകര്‍ന്നിട്ടുണ്ടിവിടെ. "എള്ളുണ്ട" പോലും താരമായി.

    ReplyDelete
  68. ഹാവൂ........ശരിക്കും ആസ്വദിച്ചു വായിച്ചു..അല്ല അനുഭവിച്ചു..
    നന്ദി കൂട്ടുകാരെ..
    നിങ്ങളെല്ലാവര്‍ക്കും..
    ഈ കൂട്ടായ്മയുടെ മധുരം ഞങ്ങള്‍ ഈ വരികളിലൂടെ ആവോളം നുകര്‍ന്നു..
    വിവരണവും അടിക്കുറിപ്പും പടംസും എല്ലാം സൂപ്പര്‍!
    തിരിച്ചിലാനു എന്റെ വക പ്രത്യേക അഭിനന്ദം..
    ഇത് ഈ പരുവത്തില്‍ മികവോടെ സ്വാദോടെ എത്തിച്ചതിനു...

    നന്ദി...

    (ഹല്ല..ഞാനല്പം വൈകിയോ എന്ന് സംശയം..ഇല്ലല്ലോ അല്ലേ..)

    ReplyDelete
  69. ഇതൊക്കെ കണ്ടു കണ്ടു കൊതിക്കാന്‍ മാത്രമേ യോഗമുള്ളൂ ,എന്നാണ് ഇത് പോലൊരു മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുക?:(

    ReplyDelete
  70. മീറ്റിൽ പങ്കെടുക്കണമെന്നൊരു ആഗ്രഹം..അടുത്ത തവണയാവട്ടേ..

    ReplyDelete
  71. അഭിപ്രായം പറയാന്‍ കുറച്ചു വൈകിപ്പോയി. അന്ന് വായിച്ചിരുന്നു. പിന്നെ തിരക്കില്‍ പെട്ടു. ഇത്രയും പരിചയപ്പെടുത്തിയതിനും എഴുതിയതിനും നന്ദി.

    ReplyDelete
  72. പരിചയപ്പെട്ടതില്‍ സന്തോഷം !
    ബെന്യാമിനെ ഒന്ന് നേരില്‍ കാണണം.

    ReplyDelete
  73. നന്ദി തിരിച്ചിലാന്‍............അക്കരെയുള്ള ബോഗ് മീറ്റ്‌ ഇക്കരെ കാണിച്ചു തന്നതിന്....

    ReplyDelete
  74. ഹോ!!!!

    ഇപ്പോഴിന്കിലും വായിക്കാന്‍ പറ്റിയല്ലോ.
    നനായി രസിച്ചു സംഭവങ്ങള്‍

    ReplyDelete
  75. Orikkal njanum pankedukkum oru meettil nokkikko... :( Hmmm vaayikkan ithiri vaikippoyi. Pathivu thirichilaan reethiyilulla parichayappeduthalum avatharanavum kalakki. Photosum adikkurippukalum nannayi. Annathe aa parichayppeduthalil undaayirunna aa kadhapathrathe koodi (peru marannu) ithil kondu varamaayirunnu ennu thonni enkil kooduthal rsamayene??

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  76. മീറ്റ് ഫോട്ടോസും വിവരണവും നന്നായിട്ടുണ്ട്.പ്രത്യേകിച്ചും സാഹിത്യ ലോകത്തെ കുലപതിമാര്‍ക്കൊപ്പം സമയം ചിലവ്ഴിക്കാന്‍ കഴിഞ്ഞത് തന്നെ ബ്ലോഗ്ഗേറ്സിനു കിട്ടിയ ഭാഗ്യമാണ്.

    ReplyDelete
  77. മ ഗ്രൂപ്പിന്റെ വാർഷികാഘോഷവും വിഷയാവതരണവും സൂപ്പറായി.. സാഹിത്യ ലോകത്തെ സൌഹൃദങ്ങൾ വളർന്നുയരട്ടെ.. സഹോദരൻ ഷബീറിന് അഭിനന്ദനം

    ReplyDelete
  78. തിരിച്ചിലാനെ,,, അവതരണം ഗംഭീരായിട്ടുണ്ട്,,,,, മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതു വലിയ നഷ്ടമായിയെന്നു തോന്നി,,,, എങ്കിലും ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മീറ്റില്‍ പങ്കെടുത്തൊരു പ്രതീതിയുണ്ടായി,,,,, ഭാവുകങ്ങള്‍.....

    ReplyDelete
  79. @ ആചാര്യന്‍ : അതെന്നെ... നന്ദി ഇങ്ങനെ ഒരു കൂട്ടായ്മക്ക് നിമിത്തമായതില്‍...

    @ കുമാരന്‍ | kumaran: ഹ..ഹ.. കണ്ണൂര്‍ മീറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ അതേ വികാരം.. :)

    @ ബഷീര്‍ Vallikkunnu: നന്ദി ബഷീര്‍ സാഹിബ്

    @നാമൂസ്: ശരിക്കും ആസ്വദിച്ചു നാമൂസ്. ഏയ്.. ശ്രീജിത്ത് കൊയപ്പൊന്നും ണ്ടാക്കീല്ല്യ...

    നന്ദി മച്ചുണ്യാ...

    @ sunil vettom: സന്തോഷം... ഒപ്പം നന്ദിയും

    @ ‍ആയിരങ്ങളില്‍ ഒരുവന്‍ : നന്ദി സുഹൃത്തേ

    @Mohiyudheen MP: നന്ദി...

    @ Ismail Chemmad: അഡ്മിനെന്തേ വൈകിയേ...? സാരല്ല്യ.. ഇത്തവണ ക്ഷമിച്ചിരിക്കുന്നു

    @ Manef: സൗദിയിലും മുറയ്ക്ക് നടക്കാറുണ്ടല്ലോ മീറ്റുകള്‍... നന്ദിട്ടോ..

    @ Sulfi Manalvayal : ഹ..ഹ.. എള്ളുണ്ട പോലും താരമായി... ഈ ടീം സ്പിരിറ്റ് എന്നും നിലനില്‍ക്കട്ടെ ..

    @ നൗഷാദ് അകമ്പാടം: അഡ്മിന്‍ വൈകിയതില്‍ എനിക്ക് പരാതിയില്ല. അണികള്‍ക്കുണ്ടോയെന്ന് അറിയില്ല... നന്ദി, നല്ല വാക്കുകള്‍ക്ക്

    ReplyDelete
  80. @ സിയാഫ് അബ്ദുള്‍ഖാദര്‍: ഒക്കെ പറ്റും ഭായ്... ബേജാറാവല്ലി... നന്ദി

    @ റിഷ് സിമെന്തി: തീര്‍ച്ചയായും പങ്കെടുക്കൂ...

    @ Shukoor: നന്ദി :)

    @ എം പി.ഹാഷിം: നന്ദി.. :)

    @ ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍: ബ്ലോഗില്‍ എല്ലാ കരയും ഒരുപോലെ... നന്ദി...

    @ പൊട്ടന്‍: :)... നന്ദി

    @ Jenith Kachappilly: അന്ദ്രുക്കയെ കൊണ്ടുവന്ന ആവര്‍ത്തന വിരസത കൊണ്ടുവരണ്ടാന്ന് കരുതി. പിന്നെ മീറ്റിന്റെ അന്നാണ് പോസ്റ്റ് എന്റെ തലയിലിട്ട് എല്ലാരുംകൂടെ തലയൂരിയത്.

    നന്ദി കൂട്ടുകാരാ...

    @ മുനീര്‍ തൂതപ്പുഴയോരം : തീര്‍ച്ചയായും വലിയ ഭാഗ്യമാണ്. നന്ദി :)

    @ ബെഞ്ചാലി: ഒരുപാട് നന്ദി ബെഞ്ചാലിക്കാ...

    @ Musthu Kuttippuram: മുസ്തു തിരിച്ചെത്തിയോ.. ഞാന്‍ നിന്റെ നമ്പറില്‍ വിളിച്ചിരുന്നു. കിട്ടിയില്ല. ഇവിടെ വന്നതില്‍ സന്തോഷം

    ReplyDelete
  81. "രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു."

    ഭ്രൂണഹത്യ നടത്തി മറവു ചെയ്തുവല്ലേ....എന്റെ ആദരാജ്ഞലികള്‍...

    അടിപൊളിയായി...പങ്കെടുത്ത അതേ അനുഭവം...!

    ReplyDelete
  82. മഹിളാരത്നങ്ങളെ കൂട്ടതിരുന്നത് എന്താ??
    കുശുമ്പും കുന്നായ്മയും കേള്‍ക്കേണ്ടി വരും എന്നത് കൊണ്ടാണോ

    ReplyDelete
  83. ഈ നല്ല അവതരണത്തിലൂടെയും ഒപ്പമുള്ള പടങ്ങളിൽ കൂടിയും പല ഇ-ലോക ബൂലോഗരേയും തിരിച്ചറിഞ്ഞു കേട്ടൊ തിരിച്ചറിയിപ്പിച്ചവനേ

    ReplyDelete
  84. ആദ്യ മീറ്റ്‌ ഒന്ന് വായിച്ചു.
    കൊള്ളാം കിണ്ണം കാച്ചിയ എഴുത്ത്. :)

    ReplyDelete