ത്യാഗം, സഹനം, അഡ്ജസ്റ്റ്മെന്റ്, ക്ഷമ... ഇതെല്ലാം ബാച്ച്ലര്‍ ലൈഫിന്റെ പര്യായങ്ങളാണ്. പലരും പറയും ഇത് ഭയങ്കര രസമുള്ള ലൈഫ് ആണെന്ന്. ശരിയാണ്, ചിലര്‍ക്ക് മാത്രം. സമാന ചിന്താഗതിക്കാരായ ഒരു പറ്റം ആള്‍ക്കാരാണെങ്കില്‍ രസം തന്നെയാണ്.
ബാച്ച്ലര്‍ ലൈഫ് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിവാഹത്തിന് മുന്‍പുള്ള ജീവിതം എന്നല്ല. നാട് വിട്ട് ജോലിചെയ്യുന്ന ഒരുപറ്റം ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുന്നതാണ് ഇവിടുത്തെ ബാച്ച്ലര്‍ ലൈഫ്. അതില്‍ ബാച്ച്ലറായിട്ട് വിവാഹം കഴിയാത്തവരും കഴിഞ്ഞവരും എന്തിന് മുത്തച്ഛനായവര്‍ വരെ കാണും.
എന്റെയും എന്റെ കൂട്ടുകാരുടേയും ബാച്ച്ലര്‍ ലൈഫിലെ രസകരമായ കുറേ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.
**************************************
2007 July 9 നാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ആദ്യമായി വിമാനത്തില്‍ കയറിയ ഞാന്‍ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് (മഴക്കാലമായതിനാല്‍ സൗന്ദര്യം കൂടുതലായിരുന്നു എന്റെ നാടിന്) ഒന്നു മയങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിന്റെ നിറം താഴെയാകെ. ഞാന്‍ അടുത്തുള്ള ആളോട് ചോദിച്ചു 'എന്താ ഈ കാണുന്നത്? പുറത്തേക്ക് നോക്കാതെ തന്നെ അയാള്‍ പറഞ്ഞു 'ഇതാണ് നീ വരുന്ന മരുഭൂമി'. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. പച്ചപ്പിന്റെ സൗന്ദര്യം കണ്ണില്‍ നിന്ന് മറഞ്ഞ്പോയല്ലോ എന്ന് സങ്കടപ്പെട്ടു. നട്ടുച്ചനേരം അബൂദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഫ്ലൈറ്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പുറത്ത് അടികിട്ടിയപോലെയായിരുന്നു ചൂട് ശരീരത്തില്‍ അടിച്ചത്. July & Auguste മാസത്തിലെ ചൂടിന്റെ സുഖമറിയാത്തവരായി ആരും കാണില്ല ഇവിടെ. ഈ മാസങ്ങളില്‍ വെള്ളത്തിന് പൊള്ളുന്ന ചൂടായിരിക്കും. ഈ സമയത്ത് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ ബാത്ത് റൂമില്‍ പോയാല്‍ ഒരു അലര്‍ച്ച കേള്‍ക്കാം. വെള്ളം ചൂടുള്ള കാര്യമുണ്ടോ പുതിയ ആള്‍ക്കാരറിയുന്നു.
ഏതായാലും നനഞ്ഞില്ലെ, ഇനി കുളിച്ച് കയറാം എന്ന് തീരുമാനമെടുത്തു. ആദ്യം അബൂദാബി, പിന്നെ ഷാര്‍ജ അതുകഴിഞ്ഞ് എന്റെ സ്വപ്ന നഗരിയായ ദുബായിലെത്തി.
സ്വാഭാവികമായും ചിലവ് കുറക്കാന്‍ വേണ്ടി വാടക കുറഞ്ഞ റൂം തന്നെ തിരഞ്ഞെടുത്തു. റൂമില്‍ 12 പേര്‍. സാരമാക്കിയില്ല. നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പരിചിതമല്ലാത്ത വീട്ടില്‍ പുതുമണവാട്ടി ഇരിക്കുന്നപോലെയാണ് ആദ്യ ദിവസങ്ങളില്‍. പുതുമണവാട്ടിയെ സ്നേഹിക്കാനും എന്തെങ്കിലുമൊക്കെ സംസാരിക്കാനും പുതുമണവാളനെങ്കിലും കാണും. ഇവിടെ അതുമുണ്ടാവില്ല എന്നതാണ് കഷ്ടം. വരുന്നവര്‍ ഓരോരുത്തരായി പേര് ചോദിക്കും എവിടെയാ ജോലി എന്നും. ഈ രണ്ട് ചോദ്യങ്ങള്‍ വെറും ഒരു ഫോര്‍മാലിറ്റി മാത്രമാണ്. ശരിക്കും അവര്‍ക്കറിയേണ്ട ചോദ്യം വരുന്നതേയുള്ളൂ. ' രാവിലെ എപ്പഴാ പോണ്ടെ?'
ബാത്ത്റൂം ടൈമിംഗ് അറിയാനാണ് ഈ ചോദ്യം. തന്റെ സമയമല്ലെങ്കില്‍ അവന് സമാധാനമായി. അഥവാ അവന്റെ സമയത്താണെങ്കില്‍ പിന്നെ അവിടെ ഒരു ചര്‍ച്ചയാണ്. എല്ലവരും കൂടെ സമയം ക്രമീകരിച്ച് ഒരു പത്ത് മിനുറ്റ് അനുവദിച്ചുകിട്ടും. അതില്‍ ആവണം എല്ലാം. രണ്ട് മിനുറ്റ് കൂടുതലെടുത്താല്‍ വാതിലില്‍ മുട്ട് തുടങ്ങും. ഒരു ഇളിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോള്‍ ചോദ്യം വന്നിട്ടുണ്ടാവും. 'എന്തായിരുന്നെടോ പരിപാടി? കുറേ നേരമായല്ലോ കയറിയിട്ട്?' നമുക്കല്ലെ അറിയൂ, സോപ്പ് ഒന്ന് താഴെവീണപ്പോള്‍ അതെടുത്തൊന്നു കഴുകി. ആ സമയം കൂടിപ്പോയതാണ് ഇവിടുത്തെ പ്രശ്നം. ( ഒരു മൂന്ന് മാസം കഴിഞ്ഞിട്ടാണ് അവന്‍ ഈ ചോദ്ദ്യം ചോദിക്കുന്നതെങ്കില്‍ എന്റെ മുഖത്ത് കണ്ട അതേ ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് കാണാം, മറുപടി അത്രക്ക് നിലവാരമുള്ളതാവും)
കഷ്ടകാലമെന്ന് പറയട്ടെ, എല്ലാ റൂമിലും ആ റൂം വാടകക്കെടുത്ത ആളോ അല്ലെങ്കില്‍ അയാളുടെ ഒരു ബന്ധുവോ ഉണ്ടായിരിക്കും. അവരുടെ ഭാവം കണ്ടാല്‍ ദുബായ് മുഴുവനും അവരുടെ ഉള്ളം കയ്യിലാണെന്ന് തോന്നും. റൂമിലെ നിയമങ്ങളും ബാത്ത് റൂം സമയക്രമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും എന്തും ആവാം. ബാക്കിയുള്ളവന്‍ ബുദ്ധിമുട്ടുമോ എന്നൊന്നും ചിന്തിക്കില്ല. കഷ്ടകാലത്തിന് വല്ലതും പറഞ്ഞുപോയാല്‍ അടുത്തമാസം മുതല്‍ വേറെ റൂം നോക്കിക്കൊ എന്ന് പറയും. പുതിയ റൂമില്‍ വീണ്ടും പുതുമണവാട്ടി ആവേണ്ട കാര്യം ആലോചിക്കുമ്പോള്‍ അങ്ങ് സഹിക്കും. ഇത്തരം റൂം ഓണേര്‍സിന് അപമാനമായി എവിടെയൊക്കെയോ നല്ല ആള്‍ക്കാരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.
പുതിയ ആള്‍ക്കാരെകൊണ്ട് റൂമും ബാത്ത്റൂമും ക്ലീന്‍ ചെയ്യിക്കാന്‍ ചിലര്‍ക്ക് ഭയങ്കര ആവേശമാണ്. ചിലര്‍ വന്ന് പേരൊക്കെ ചോദിച്ച് നല്ലോണം സംസാരിക്കും. പോകുന്ന വഴിക്ക് പേര് ഒന്നുകൂടെ ചോദിക്കും. ആ ചോദ്യം ഒരു പണിയാണ്. അടുത്ത ദിവസം തന്നെ ബാത്ത്റൂമിന്റെ ഡോറിലോ അടുക്കളയിലോ ആയി ഒട്ടിച്ചുവച്ചിരിക്കുന്ന ക്ലീനിങ് ടേബിള്‍ ഒന്നുമാറും. തലേദിവസം പേര് രണ്ട് പ്രാവശ്യം ചോദിച്ചവന്‍ വന്ന് പറയും ' എടാ... അടുത്ത ആഴ്ച്ച നിന്റെ ക്ലീനിങാണേ... പേര് ഇട്ടിട്ടുണ്ട്'. പോയിനോക്കിയാല്‍ കാണാം പുത്തന്‍ പേപ്പറില്‍ അച്ചടിച്ചുവച്ചിരിക്കുന്ന സ്വന്തം പേര്. അവന്‍ ഇന്നലെ രണ്ട് പ്രാവശ്യം പേര് ചോദിച്ചത് ഇതിനായിരുന്നല്ലേ എന്ന് മനസ്സില്‍ തൊന്നും.
ഇതുപോലെ പണികിട്ടിയ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം പറയാം.
ആള്‍ പുതുതായി റൂമില്‍ വന്നിട്ടേയുള്ളു. ഇതുപോലെ ക്ലീനിങ് പണി കിട്ടി. മൂന്ന് റൂമിലായി പതിനേഴ്പേര്‍ താമസിക്കുന്നുണ്ട്. ഈ പതിനേഴ്പേര്‍ക്കും കൂടെ ഒരൊറ്റ ബാത്ത്റൂമേ അവിടുള്ളൂ. ശനി ലീവായതിനാല്‍ ക്ലീനിങ് അന്നത്തേക്ക് മാറ്റി ഇഷ്ടന്‍. എല്ലാരും ജോലിക്കുപോയിട്ട് പണിതുടങ്ങാം എന്നുകരുതി അല്പ്പം വൈകിയെണീറ്റു. എണീറ്റപ്പോഴാണ് കാണുന്നത് ശനി ലീവുള്ള വേറെ കുറേ ആളുകളും ആ റൂമിലുണ്ട്. അവരും വൈകി എണീറ്റ് ഓരോരുത്തരായി അലക്കലും കുളിയും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഊണ്‍ കഴിക്കാറായി. പിന്നീട് കടകളില്‍ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. അവര്‍ക്ക് ളുഹര്‍ മുതല്‍ അസര്‍ വരെ (ഒരുമണി മുതല്‍ നാലര വരെ) റെസ്റ്റ് ടൈമാണ്. വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ചെറുതായൊന്നു മയങ്ങും. നാലുമണിയാവുംബോള്‍ എണീറ്റ് വീണ്ടും കുളിച്ച് ജോലിക്ക് പോകും. ഇതാണ് അവരുടെ രീതി. നമ്മുടെ പുള്ളിക്കുണ്ടോ ബാത്ത്റൂം ഒന്ന് കാലിയായി കിട്ടുന്നു. എല്ലരുടേയും കുളിയും ഉണ്ണലും എല്ലാം കഴിഞ്ഞു. ഇവന്‍ കുളിച്ചിട്ടുമില്ല, ഉണ്ടിട്ടുമില്ല. അവസാനം സഹികെട്ട് അവന്‍ മയത്തില്‍ ഒരാളോട് ചോദിച്ചു.
' എന്നോട് ഇന്ന് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബാത്ത്റൂം എപ്പഴാ ഒന്ന് ഫ്രീ ആവുക?'
'നാലരയ്ക്ക് എല്ലാരും വീണ്ടും ജോലിക്ക് പോയിക്കഴിയുമ്പോള്‍ അര മണിക്കൂര്‍ ഫ്രീയാകും, അപ്പൊ കഴുകിക്കോ... ആ പിന്നേ... പെട്ടെന്ന് തീര്‍ത്തേക്കണം, അഞ്ജ്മണിയാവുംമ്പോഴേക്കും ആള്‍ക്കാര്‍ വരാന്‍ തുടങ്ങും'
ഇതൊന്നുമല്ല രസം. ക്ലീനിങും കുളിയും ലോണ്ട്രിയില്‍ കൊടുക്കാന്‍ പറ്റാത്ത അത്യാവശ്യകാര്യങ്ങളും അലക്കി കഴിഞ്ഞപ്പോള്‍ പത്ത് മിനുട്ട് വൈകിപ്പോയി. പുറത്തിറങ്ങിയപ്പോള്‍ ജോലികഴിഞ്ഞ് വന്ന് ഒരുവന്‍ അക്ഷമനായി കാത്തിരിക്കുകയാണ്.
'അല്ലെടോ... ഇന്ന് മുഴുവന്‍ നീ ഇവിടെ ഉണ്ടായിട്ട് ഇപ്പഴാ നിനക്കിതിന് സമയം കിട്ടിയത്?'
ഈ ചോദ്യമാണ് അവനെ എതിരേറ്റത്. ചുണ്ടില്‍ ചിരിയും വരുത്തി മനസ്സില്‍ നല്ല പച്ച തെറിയും പറഞ്ഞ് അവന്‍ ഉള്ളിലേക്ക് പോയി.
*************************************
ബാച്ച്ലര്‍ റൂമിലെ ഓണര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍ 'മൂട്ടയാണ്'. ഇവന്റെ കടി സഹിക്കാം, പക്ഷെ ചിലപ്പോള്‍ ഷര്‍ട്ടില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഓഫീസില്‍ കൂടെ വന്നുകളയും. അതാണ് പേടി. മറ്റാരെങ്കിലും കണ്ടാല്‍ മാനം പോയത് തന്നെ. ആള്‍ക്കാര്‍ മൂട്ടയെ മറ്റുള്ളവരുടെ ദേഹത്ത് കാണുമ്പോള്‍ ഇന്നുവരെ കാണാത്ത അറപ്പോടെയാണ് പെരുമാറുക. അവന്റെ മേലും ചിലപ്പോള്‍ മൂട്ട അതേ സമയം സവാരി നടത്തുന്നുണ്ടാവും. രാത്രിയാണ് മൂട്ടകള്‍ക്ക് വിശക്കുന്നതെന്നാണ് തോന്നുന്നത്. കാരണം നമ്മള്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇവറ്റകള്‍ കൂട്ടമായി വന്ന് ആക്രമണം അഴിച്ചുവിടുന്നത്. ഉറങ്ങാന്‍ സമ്മതിക്കാത്ത് ഇവറ്റകളെകൊണ്ട് അപ്പോള്‍ തന്നെ നിര്‍ത്തി നാട്ടില്‍ തിരിച്ചുപോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.
ഞാന്‍ മുകളില്‍ പറഞ്ഞ 12 പേരുള്ള ആ റൂമില്‍ സംഭവിച്ചതാണിത്. ഒരു ദിവസം രാത്രി രണ്ട്മണിയായികാണും. മൂട്ടകടിയേറ്റ് ഉറങ്ങാന്‍ കഴിയാതായപ്പോള്‍ അവന്‍ mobile torch അടിച്ച് മൂട്ടയെ പിടിക്കാന്‍ തീരുമാനിച്ചു. പിടിച്ചിട്ടും പിടിച്ചിട്ടും മൂട്ട ബാക്കിതന്നെ. അവസാനം ആ സമയത്ത് ബെഡ്ഡ് പുറത്ത്കൊണ്ട്പോയി കത്തിക്കുകയായിരുന്നു പാവം.
എന്റെ പ്രാരാബ്ദങ്ങളും കടങ്ങളും എന്നില്‍നിന്നും മാറിയപ്പോള്‍ ഞാന്‍ അവിടം വിട്ടോടി. മൂട്ടയില്ലാത്ത ആളുകള്‍ കുറഞ്ഞ റൂമിലേക്ക്. പ്രാരാബ്ദങ്ങളില്‍നിന്നും കടങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവന്‍ ഇന്നും മൂട്ടകടിയേറ്റ് അവിടെതന്നെ കാണും. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.
******************************************
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ബാച്ചിലര്‍ ലൈഫ് - ഭാഗം3
Thursday, January 13, 2011
Monday, January 10, 2011
മുളിയനുറുമ്പിന്റെ തോഴന്‍...

ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന പഞ്ജവടിപ്പാലം ഒരുപാട് സുന്ദരമായ ഓര്‍മകള്‍ തന്നിട്ടുണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്ക്. പാലത്തിന് അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇല്ല, ഞങ്ങള്‍ കൂട്ടുകാരുടെ വകയായി ഇട്ടതാണ് ആ പേര്.
വയലിലൂടെ ഒഴുകുന്ന ഒരു തോട്, തോടിനിപ്പുറം രാമനാട്ടുകര പഞ്ജായത്ത്, അപ്പുറം ഫറോക്ക് പഞ്ജായത്ത്. രണ്ട് പഞ്ജായത്തുകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം. മഴക്കാലത്ത് ആ പാലത്തിന്റെ രണ്ട് കൈവരിയിലായി മുഖാമുഖം ഇരുന്നാണ് ഞാനും എന്റെ കൂട്ടുകാരും സൊറ പറഞ്ഞ് സമയം പോക്കാറ്. നല്ല ഒഴുക്കുള്ളപ്പോള്‍ തോട്ടിലേക്ക് കാലിട്ടായിരിക്കും ഇരിക്കുക. ആരുടേയെങ്കിലും ചെരുപ്പ് ഒലിച്ചുപോയാല്‍ പിന്നെ അത് പിടിക്കാനുള്ള ഓട്ടമായിരിക്കും എല്ലാരും കൂടെ. നീര്‍ക്കോലിയെങ്ങാനും പോകുന്നത് കണ്ടാല്‍ 'പടച്ചോനേ..' എന്നും വിളിച്ച് എല്ലാരുംകൂടെ ഒരുമിച്ച് തോട്ടില്‍നിന്നും കാല്‍ വലിക്കും. 'നീര്‍ക്കോലി കടിക്കുംന്ന് പേടിച്ച്ട്ടല്ല, രാത്രി ചോറ്ന്നീല്ല്യെങ്കില്‍ ഇനിക്ക്യൊറക്കം കിട്ടൂല'. ആരുടെയെങ്കിലും വക ഈ കമന്റ് അപ്പൊഴേക്കെങ്കിലും എത്തിക്കാണും.
വേനല്‍ക്കാലത്ത് അതിനടുത്തുതന്നെയുള്ള ഞങ്ങള്‍ 'ഡര്‍ബണ്‍' എന്ന് വിളിക്കുന്ന മങ്കുയ്യില്‍ (മണ്ണെടുത്ത കുഴി) ഭയങ്കരമായ ക്രിക്കറ്റ് കളിയിലായിരിക്കും. ബാല്യത്തിലെ നല്ലൊരുഭാഗവും ഞങ്ങള്‍ ചിലവഴിച്ചത് ആ വയലില്‍ തന്നെയായിരുന്നു.
പറഞ്ഞുവരുന്നത് ഗ്രൗണ്ടിനും പാലത്തിനും അടുത്തായുള്ള മാവിനെ പറ്റിയാണ്. നിറയെ മാങ്ങയുണ്ടാവും. ആദ്യമൊക്കെ ഞങ്ങള്‍ കയറി പറിക്കാറുണ്ടായിരുന്നു. പിന്നീട് മുളിയന്‍ ഉറുമ്പ് മാവിന്റെ ഭരണം ഏറ്റെടുത്തു. ഭരണം മാറിയപ്പോള്‍ ഞങ്ങളുടെ അവസ്ഥ കഷ്ടമായി. മുളിയനുറുമ്പിനെ വകവെക്കാതെ മാവില്‍ വലിഞ്ഞുകയറിയവരെല്ലാം അതിന്റെ രൂക്ഷമായ ആക്രമണത്തിനിരയായി. ഞങ്ങള്‍ വിട്ടില്ല. ഇസ്രായേലിനെതിരെ ഗാസയിലെ പാവം ജനത കല്ലെടിത്തെറിയുന്നതുപോലെ ഞങ്ങളും എറിഞ്ഞു. കൂട്ടത്തില്‍ ഉന്നം കൂടുതലുള്ളവന്‍ താരമായി. പലരും ഒരു മാങ്ങക്കയി അവന്റെ മുന്നില്‍ കെഞ്ജി. അവന്‍ അഹങ്കാരത്തോടെയും പുച്ഛത്തോടെയും അബദ്ധമായ ഏറുകള്‍കൊണ്ട് താഴെ വീണ പുളിക്കുന്ന പച്ചമാങ്ങകള്‍ ഞങ്ങള്‍ക്ക് തന്നു.
ഇനിയാണ് നമ്മുടെ കഥാനായകന്റെ അരങ്ങേറ്റം. 'അലി' അതെ അവനെ പ്രകൃതിയുടെ മകന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. കാര്‍മേഘങ്ങള്‍ മൂടിയിരിക്കുമ്പോള്‍ എല്ലാവരും വീട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറയും ' ഇത് പെയ്യൂലെടാ... ഈ മേഘൊക്കെ കാറ്റിനങ്ങട്ട് പൊയ്ക്കോളും'.
പറഞ്ഞത് അച്ചട്ടായിരിക്കും. ചില സമയത്ത് ചെറിയൊരു മേഘമേ കാണുള്ളു. അപ്പൊ അവന്‍ പറയും ' മക്കളേ... വേഗം പൊരേല്‍ പൊയ്ക്കോളി... ഇപ്പോ മഴപെയ്യും' ആരെങ്കിലും കേള്‍ക്കാണ്ടിരുന്നാല്‍ പണികിട്ടും. ഒരു സംശയവും ഇല്ല.
പുതുമഴ പെയ്ത് തോട് നിറഞ്ഞൊഴുകിയാല്‍ വരാലും, മഞ്ജളേട്ടയും അങ്ങനെ കുറേ മീനുകള്‍ അവനെ കാണാനെത്തും. അവന്‍ വച്ച കണ്ടാടി വലയില്‍ എല്ലാവരും സന്തോഷത്തോടെ കിടക്കുന്നുണ്ടാവും. തോട്ടിലേക്ക് ഇറക്കിയിട്ടിരിക്കുന്ന വലകള്‍ ഉയര്‍ത്തിനോക്കുംബോള്‍ അതില്‍ നിറയെ മീനുകളെ കണ്ടാല്‍ അവന്റെ സ്വതസിദ്ധമായ ഒരു പുഞ്ജിരിയുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിക്കറ്റ് കിട്ടിയാലും ഇതേ ചിരിയാണ് ബ്രെറ്റാലിക്ക്. (ക്രിക്കറ്റ് കളിയില്‍ ഞങ്ങള്‍ അവനെ വിളിക്കുന്ന പേരാണ് ബ്രെറ്റാലി)
അങ്ങനെ ഉന്നം കുത്തകയാക്കി വച്ചിരുന്ന കരിങ്കാലികളെ അലി തകര്‍ത്തെറുഞ്ഞു. മുളിയനുറുമ്പിന്റെ കോട്ടയിലേക്ക് ഒരു പടയാളിയെപ്പോലെ അവന്‍ ചെന്നു. ഒരു മുളിയനുറുമ്പും അവനെ തൊട്ടതുപോലുമില്ല. മുളിയനുറുമ്പിനും തോന്നിക്കാണും ഇവനോട് കളിച്ചാല്‍ ശരിയാവില്ലെന്ന്. പഴുക്കാറായ എല്ലാ മാങ്ങകളും പറിച്ച് അങ്കം ജയിച്ചവനെപ്പോലെ അവന്‍ വന്നു. കരിങ്കാലികള്‍ അവനുമുന്നില്‍ തല താഴ്തി. കൂട്ടത്തില്‍ പഴുപ്പ് കൂടിയ മാങ്ങകള്‍ നല്‍കി അവന്‍ അവര്‍ക്ക്. മധുര പ്രതികാരം അവരെ വീണ്ടും തല കുനിപ്പിച്ചു.
ഞങ്ങള്‍ അഹങ്കരിച്ചു... നമ്മുടെ തോഴന്‍ പ്രകൃതിയ്ക്കും, വരാലുകള്‍ക്കും എന്തിന്, മുളിയനുറുമ്പുകള്‍ക്കുവരെ തോഴന്‍....
Sunday, January 9, 2011
വഞ്ജകന്‍...
വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...
ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.
എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?
ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.
ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.
ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.
ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

Labels:
കഥ,
കഥയില്ലാത്ത കഥ,
നര്‍മ്മം,
പുളുവടി...
Thursday, January 6, 2011
എങ്ങനെ തടി കുറച്ചു?
എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്. ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.
സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു. അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.
അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ.... ആ.... six pack ആവാന്‍ അധികം സമയം വേണ്ട....

Tuesday, January 4, 2011
നഷ്ടബോധം
എന്നും ഒരു നഷ്ടബോധമാണ് എനിക്കെന്റെ grant parents നെ പറ്റി ആലോചിക്കുംബോള്‍ തോന്നാറുള്ളത്. അവരുടെ ആ മഹത്തായ സ്നേഹം അനുഭവിക്കാന്‍ പറ്റാഞ്ഞത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.
ഏഴാമത്തെ വയസ്സില്‍ എന്റെ ഉമ്മക്ക് ഉമ്മയെ നഷ്ടമായി. പറഞ്ഞുതരാന്‍ വ്യക്തമായ ഓര്‍മകള്‍ വരെയില്ല ഉമ്മക്ക്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു പോലും. അപസ്മാര രോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. പതിനഞ്ജാമത്തെ വയസ്സില്‍ ഉമ്മക്ക് ഉപ്പയേയും നഷ്ടമായി. നല്ല ഉയരമുണ്ടായിരുന്നു. കട്ടിയുള്ള കണ്ണട ധരിക്കുമായിരുന്നു. സങ്കല്പ്പിച്ചെടുക്കാന്‍ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ല.
ഉപ്പാപ്പയേയും ഉമ്മാമയേയും പറ്റിയുള്ള ഓര്‍മകളും വിരളം. ഉമ്മാമ മരിക്കുംബോള്‍ ഞാന്‍ കൈ കുഞ്ഞാണ്. ആ മരണവീട്ടിലെ പാടകെട്ടിയ ഒരു ഓര്‍മ മാത്രമേ മനസ്സിലുള്ളു.
1992 ല്‍ ആണ് ഉപ്പാപ്പ മരിക്കുന്നത്. എനിക്കന്ന് എട്ട് വയസ്സ്. വര്‍ഷങ്ങള്‍ക്കുമുന്നേ ആള്‍ കിടപ്പിലയിരുന്നു. എന്റെ വീടിന്റെ പണി മുഴുവന്‍ തീരാത്തതിനാല്‍ ഉപ്പയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഉപ്പാപ്പ. ഒരുദിവസം ഉപ്പ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നത് എനിക്ക് മറക്കാനവില്ല. ഉറക്കെ ദിക്റും സലാത്തും ചൊല്ലും. നല്ല രസാണ് കേള്‍ക്കാന്‍. അന്ന് ഉപ്പാപ്പയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഉപ്പ ഇപ്പഴും ഇടക്കിടെ അത് കേള്‍ക്കുന്നത് കാണാം.
ഒരു ദിവസം ഉപ്പാപ്പ എന്നോട് വാഴയിലയുടെ ചെറിയ കഷ്ണം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് കൊണ്ടുപോയി കൊടുത്തപ്പോള്‍ അത് വീണ്ടും ചെറുതാക്കി മൂക്കില്‍ തിരുകി തുമ്മി ആസ്വദിക്കുകയാണ് പുള്ളി. ജലദോഷം വരുമ്പോള്‍ ഞാന്‍ ആ വിദ്ദ്യ പ്രയോഗിക്കാറുണ്ട്. നല്ല ആശ്വാസം കിട്ടും. ഒരു കാര്യമെങ്കിലും എനിക്ക് ഉപ്പാപ്പയില്‍നിന്നും പഠിക്കാന്‍ പറ്റി.
പിന്നീട് പുള്ളി കിടപ്പിലായിപ്പോയി. അടുത്ത് ചെല്ലുംബോള്‍ ഉറക്കെ പറയണം ' ഉപ്പാപ്പേ... ചെറിയോന്റെ മോനാണെന്ന്' (എന്റെ ഉപ്പയെ എല്ലാരും ചെറിയോന്‍ എന്നാണ് വിളിച്ചിരുന്നത്) അത് കേള്‍ക്കുംബോള്‍ കയ്യില്‍ അമര്‍ത്തി പിടിക്കും.
ഒരു കാര്യത്തില്‍ ഉപ്പാപ്പയും ഉമ്മാമയും ഭാഗ്യവാന്മാരണ്. അവര്‍ ഉറങ്ങുന്നത് ഒരുമിച്ചാണ്. അടുത്തടുത്ത രണ്ട് ഖബറുകള്‍. പല ദമ്പതിമാരും സ്വപ്നം കാണുന്ന ഒന്നാണ് മരിച്ചാല്‍ രണ്ട് ഖബറും ഒരുമിച്ചാവണമെന്നുള്ളത്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ.
ഇത് എഴുതാനുള്ള പ്രചോദനം എന്റെ കൂട്ടുകാരന്‍ റഫീസിന്റെ ഒരു ബ്ലോഗ് ആണ്. മുത്തച്ഛന്റെ വിരലില്‍ പിടിച്ച് നടക്കുന്ന കൊച്ചുമകളുടെ ചിത്രത്തോടുകൂടിയുള്ള ആ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.
അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവരുടെ അടുക്കല്‍ ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും 'നിങ്ങളുടെ കൊച്ചുമക്കള്‍ ആരും തന്നെ ചെയ്യാത്ത ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്തെന്ന്'.
സ്നേഹിച്ച് കൊതി തീരാത്ത, സ്നേഹിക്കപ്പെട്ട് കൊതി തീരത്ത എന്റെ Grand Parents ന് ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.

ഹേ ദുബായ്....

ഹേ ദുബായ്....
മനോഹരിയാണുനീ...
വില കൂടിയ ആഭരണങ്ങളും
വര്‍ണ്ണപകിട്ടാം വസ്ത്രങ്ങളുമണിഞ്ഞ്
ഒരുങ്ങി നില്‍ക്കുമാം നിന്നെ മോഹിച്ചുപോകുമാരും,
ആസ്വദിച്ചു തീര്‍ക്കാന്‍ കൊതിക്കും കാമം കണക്കെ...
എന്റെ ഗ്രാമമേ...
വില കൂടിയ ആഭരണങ്ങളില്ല
ഒരേയൊരു ഹരിത വര്‍ണ്ണ വസ്ത്രം മാത്രമവള്‍ക്ക്.
ഉന്മത്തനാക്കുന്നു എന്നെ നിന്‍ മുടിയിണയില്‍ ചൂടിയ മുല്ലപ്പൂവിന്‍ സുഗന്ധം.
അതെ പ്രിയസഖി... ഞാന്‍ നിന്നെ പ്രണയിക്കുന്നു
ഈ ജന്മം മുഴുവന്‍ നിന്‍ മടിത്തട്ടിലുറങ്ങാന്‍ കൊതിയുണ്ടെനിക്ക്.
എന്റെ പ്രണയത്തിന് പകരമായ്
നീ എന്റെ നെഞ്ജിനുമുകളില്‍ ഒരു മരം വളര്‍ത്തും,
എന്‍ നിദ്രയ്ക്ക് സുഖം പകരാന്‍ നീ വളര്‍ത്തിയ മരം
എനിക്ക് തണ്‍ലും പുഷ്പങ്ങളും സമ്മാനിക്കും....
Tuesday, December 28, 2010
എനിക്കെന്തവകാശം
ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...
പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.
പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?
അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

Subscribe to:
Posts (Atom)