Monday, November 28, 2011

'മ'ധുരിതമീ ദിനം


 എട്ടുമണിക്ക് അലാറമടിച്ചു, അലാറമടിച്ച് ഒന്നുകൂടെ ഉറങ്ങുന്ന സുഖം അറിയാവുന്നതുകൊണ്ട് പിന്നേയും ഒരു കൊച്ചുമയക്കം. 8.15ന് ഉണര്‍ന്നു. പ്രഭാതചര്യകളെല്ലാം തീര്‍ത്ത്, ഫ്രിഡ്ജില്‍നിന്നും രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു. ആശ്വാസം!

മീറ്റ് നടന്ന മംസാര്‍ പാര്‍ക്കിന്റെ കവാടം

 മംസാര്‍പാര്‍ക്ക്... ഒരു രാത്രികാഴ്ച്

പിന്നീട് ഫോണ്‍കോളുകളുടെ ഒരു പെരുമഴയായിരുന്നു. ഒമ്പതരയ്ക്ക് എത്താന്‍ പറഞ്ഞ പൈമ ഒന്‍പതുമണിക്കേ സ്ഥലത്ത് റെഡിയായി നില്‍ക്കുന്നു. (ആദ്യമീറ്റിന്റെ ആവേശം). സുല്‍ഫിക്ക പുട്ടും കടലയും അകത്താക്കിക്കൊണ്ടിരിക്കുന്നു. പപ്പടം പൊടിക്കുന്ന ശബ്ദം കേട്ട് മോള്‍ ഉണരുമോ എന്ന് പേടിച്ച് പപ്പടത്തേയും ഭാര്യയേയും മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. പപ്പടം മിസ്സായ വിഷമം മാറിയെന്ന് ഉച്ചയ്ക്ക് ബിരിയാണിയോടൊപ്പം പപ്പടം കണ്ടപ്പോഴുള്ള ചിരിയില്‍നിന്നും മനസ്സിലായി. ശ്രീകുട്ടനെ വിളിച്ചപ്പോള്‍ 'ഏതവനാടാ രാവിലെ തന്നെ മെനക്കെടുത്താന്‍' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അവന്‍ കിടക്കപ്പായില്‍നിന്നും എണീറ്റില്ലെന്ന് വ്യക്തമായി.




ചെമ്മാടനെ വിളിച്ചപ്പോള്‍ 'പുന്നശ്ശേരിയെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും പുന്നശ്ശേരിയെ വിളിച്ചപ്പോള്‍ 'ചെമ്മാടിനെ കാത്തുനില്‍ക്കുന്നു' എന്ന മറുപടിയും ജിമ്മിച്ചനെ വിളിച്ചപ്പോള്‍ ഇവരെ രണ്ടുപേരേയും കാത്തിരിക്കുന്നു എന്ന മറുപടിയും കിട്ടി. ജെഫു 'അരമണീക്കൂര്‍ മുന്നേ പുറപ്പെട്ടു' എന്നും മുണ്ടോളി ടാക്സിയില്‍ കയറി എന്ന മറുപടിയും കിട്ടി. സമാധാനമായി!






ശ്രീജിത്ത് കൊണ്ടോട്ടി അബൂദാബിയിലെ ഒരു കാട്ടുമുക്കില്‍നിന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം വരുന്നതിനാല്‍ അല്പ്പം ലേറ്റാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.


സുല്‍ഫിക്കയും ഞാനും പൈമയും കരാമയില്‍നിന്നും അനിലേട്ടനേയും കൂട്ടി മംസാറിലേക്ക് വച്ചുപിടിച്ചു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവന്മാരൊക്കെ ഇത്രയും കൃത്യനിഷ്ടയുള്ളവരോ!


സുല്‍ഫിക്ക ലുലുവില്‍നിന്നും വാങ്ങിച്ച എള്ളുണ്ട എല്ലാവര്‍ക്കും നല്‍കി. കണ്ടല്‍ കണ്ട കുണ്ടന്മാരുടെ മാത്രമല്ല എള്ളുണ്ട കണ്ട കുണ്ടന്മാരുടേയും കണ്ണുകള്‍ ഉണ്ടയായി. 'ഇതെന്താ സുല്‍ഫിക്കാ എള്ളുണ്ട?' എന്ന ചോദ്യത്തിന് 'ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് എള്ളുണ്ട കഴിക്കണം എന്ന് ഉമ്മ പറയാറുണ്ട്' എന്നായിരുന്നു മറുപടി.

അനിലേട്ടന്റെ പരിചയക്കാരനായ പാര്‍ക്കിന്റെ അഡിമിനിസ്ട്രേഷന്‍ മാനേജര്‍ മുഖേന പ്രവേശനം സൗജന്യമായി. മാത്രമല്ല വിരിക്കാനുള്ള പായയും, കളിക്കാന്‍ ഷട്ടില്‍ ബാറ്റുകളും, ഷട്ടിലും, ഫുട്ട്ബോളും, ക്രിക്കറ്റ്ബാറ്റും, ടെന്നീസ് ബോളും എല്ലാം തന്നു. സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്നുള്ള അവസരവും അദ്ദേഹം ഒരുക്കിതന്നിരുന്നു. തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നീന്തല്‍ ഉപേക്ഷിച്ചു.

മീറ്റ് തുടങ്ങിയപ്പോഴേക്കും അന്‍വര്‍ ചീരാമുളക് കാഥികന്റെ വേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. എല്ലാവരും അല്പ്പനേരം ഇരുന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മാനത്ത് കാര്‍മേഘം പ്രത്യക്ഷപെട്ടു. എന്റെ കയ്യില്‍ ഒരു തുള്ളി മഴ പതിച്ചെന്ന് ചീരാമുളക് പറഞ്ഞപ്പോഴേക്കും എല്ലാവരുടേയും മേല്‍ മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങിയിരുന്നു.

ഒരു തുള്ളി പോലും പുറത്തുപോകുന്നില്ല. എങ്കിലും ഒരു മനസ്സമാധാനത്തിന് ഇവിടെ നില്‍ക്കാം

മഴ നിലച്ചശേഷം ഫൂട്ട്ബോളുമായി കുറച്ചുപേര്‍ തട്ടിക്കളി തുടങ്ങി. അപ്പുറത്ത് ഷട്ടിലും തുടങ്ങി. ബോള്‍ അടിക്കുന്നതിന്റെ ആവേശം കൂടുംതോറും അടുത്തിരിക്കുന്നവരുടെ ആശങ്ക കൂടിയതിനാലായിരിക്കണം അവര്‍ പെട്ടീം കെടക്കേം ഇടുത്ത് സ്ഥലം വിടാന്‍ തുടങ്ങിയത്. 

 എന്റെ പുറം കാല്‍ ഷോട്ട് കണ്ടോളൂട്ടാ...

 എന്റെ ബനാന കിക്ക്

ഇതാണ് പന്തടക്കം.. കണ്ടല്ലോ

(അതിനിടയില്‍) അഡ്മിനായാലുള്ള ഗതികേട് നോക്കണേ...

കളി ആവേശമായി തുടങ്ങിയപ്പോഴേക്കും ജുമ്അക്ക് പോകാന്‍ സമയമായി. എല്ലാവരും നിസ്കരിക്കാന്‍ യാത്രയായി. ഞങ്ങള്‍ എത്തിയപ്പോഴേക്കും പള്ളി നിറഞ്ഞിരുന്നു. പുറത്തിട്ട പായയില്‍ ഇരുന്നു. ഖുത്ബ നടക്കുംബോള്‍ പുന്നശ്ശേരി തോളില്‍ തട്ടി അടുത്ത് നിറയെ ഇലകളുള്ള മുരിങ്ങ മരം കാണിച്ച് കൊതിപ്പിച്ചു. വല്ലാത്ത കണ്ണ് തന്നെ. 

പള്ളിയില്‍നിന്നും ഇറങ്ങിയപ്പോഴേക്കും അനിലേട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ചെയ്ത ബിരിയാണി എത്തുംമുന്‍പേ വിന്‍സെന്റ് ചേട്ടനും അവിടെ എത്തി. 'സ്ഥലം കണ്ടെത്താന്‍ ബുദ്ദിമുട്ടേണ്ടി വന്നില്ല. ആ ഫിലിപൈനി പെണ്‍പിള്ളേരെ കണ്ടപ്പഴേ മനസ്സിലായി നിങ്ങള്‍ അവരെ ചുറ്റിപറ്റി അവിടെ എവിടെയെങ്കിലും കാണുമെന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് മൂപ്പര് കേറി വന്നത്. 


ബിരിയാണിയുടെ ഫോട്ടോ ഇല്ലെന്ന് പരാതി പറയരുത്. ബിരിയാണി എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പോയിട്ട് കൈ കഴുകാന്‍ പോലും മറന്നു. ഫുട്ട്ബോള്‍ തട്ടികളിച്ചതുകൊണ്ടായിരിക്കും.. ഒടുക്കത്തെ വിശപ്പായിരുന്നു. മട്ടണ്‍ ബിരിയാണിയും, ചിക്കന്‍ ബിരിയാണിയും സലാടും അച്ചാറും പപ്പടവും പെപ്സിയും പായസവും  കൂട്ടി അടിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മുഖത്തെന്തൊരു വെളിച്ചമായിരുന്നു. ആ വെളിച്ചം പോകുന്നതിന് മുന്‍പ് ഫോട്ടോ എടുത്തത് ഏതായാലും നന്നായി.

ഭക്ഷണത്തിനുശേഷം ആരിഫ്ക്കയും, നിയാസും, നന്മണ്ടന്‍ ഷാജഹാനും, ബഷീര്‍ ജീലാനിയും മീറ്റില്‍ പങ്കുചേര്‍ന്നു. ശ്രീകുട്ടന്‍ മനോഹരമായി പാടി. എന്നെ ആരെങ്കിലും നിര്‍ബന്ധിക്കും എന്നുകരുതി മൂന്ന് പാട്ട് പഠിച്ചുകൊണ്ട് വന്നത് വെറുതേയായി.



ബഷീര്‍ ജീലാനി മകനോടൊപ്പം


എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഏകദേശം ഇരുപത് വയസ്സ് തോന്നിക്കുന്ന കുറച്ച് പാക്കി കുട്ടികള്‍ ഞങ്ങളോട് ഫുട്ട്ബോള്‍ ആവശ്യപെട്ടത്. അല്പ്പനേരം കഴിഞ്ഞ് ഞങ്ങള്‍ കളിക്കാന്‍ പോകുകയാണ്, അതിനാല്‍ തരില്ലെന്ന് തീര്‍ത്തുപറഞ്ഞു.

അല്പ്പം കഴിഞ്ഞപ്പോള്‍ മുണ്ടോളിയും, ശ്രീകുട്ടനും, പൈമയും ചായയും ബിസ്കറ്റുമായി വന്നു.

ഇതിലേതായിരുന്നു ഞാന്‍ കുടിച്ചത്? (ശ്രീകുട്ടന്‍)


ഓരോ ചായകൂടെ അകത്തുചെന്നപ്പോള്‍ എല്ലാവരുടേയും ആവേശം കൂടി. ഫൂട്ട്ബോള്‍ കളി തുടങ്ങാം എന്ന തീരുമാനമായി.

പുല്ലില്‍ ക്രിക്കറ്റ് കളിക്കാന്‍പാടില്ലാത്തതിനാല്‍ ഞാനും നിയാസും ഫ്രുക്കറ്റ് എന്ന പുതിയ പരീക്ഷനത്തില്‍. 

ബോളുമായി കളിക്കാന്‍ ഇറങ്ങിയപ്പൊള്‍ നേരത്തെ ഞങ്ങള്‍ നിരാശപ്പെടുത്തിവിട്ട പയ്യന്മാര്‍ വീണ്ടും വന്നു. 'നമുക്ക് മാച്ച് കളിക്കാം?' എന്ന ചോദ്യവുമായി. ബോള്‍ ചോദിച്ചിട്ട് നല്‍കാത്തതിന് ഈ കിളവന്മാരുടെ പോസ്റ്റില്‍ കുറച്ച് ഗോള്‍ അടിച്ചുകയറ്റിയിട്ട് പണികൊടുക്കാം എന്ന് കരുതിയാണ് പയ്യന്മാര്‍ വന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഏതായാലും കളിക്കാം എന്ന തീരുമാനമായി. 

മാച്ചിനായുള്ള ഒരുക്കത്തില്‍ 'മ' ബ്ലോഗേര്‍സ് ഗ്രൂപ്പ് ടീം.

മാറെടാ... ഞാന്‍ ഈ ടീമിന്റെ അഡ്മിനാ...

കൊണ്ടോട്ടി അവിടേയും സൂക്ഷ്മ നിരീക്ഷണത്തില്‍

പടച്ചോനേ.. മൂഡ് കീറിയോ...?

വേണ്ടാ.. വേണ്ടാ... അടുത്ത മാസം കല്ല്യാണാണ്...

ആദ്യം 'മ' ഗ്രൂപ്പിനുവേണ്ടി തിരിച്ചിലാന്‍ സ്കോര്‍ചെയ്തു. പിന്നീട് പാക്കികള്‍ രണ്ട് ഗോള്‍ നമ്മുടെ പോസ്റ്റില്‍ അടിച്ചുകയറ്റി. ആരിഫ്ക്ക മാഞ്ചസ്റ്റര്‍ യുണൈറ്റടിന്റെ മാനേജര്‍ അലക്സ് ഫെര്‍ഗ്യൂസണ്‍ നില്‍ക്കുന്നപോലെ മൗനിയായും അസ്വസ്ഥനായും നിന്നു. 'മ' ഗ്രൂപ് ടീമിന്റെ മുതല്‍കൂട്ടായിരുന്ന മുതലക്കുട്ടി നിയാസിന്റെ കാലില്‍നിന്നും സമനില ഗോള്‍ പിറന്നു. ശ്രീജിത്ത് കൊണ്ടോട്ടിയും സുല്‍ഫിക്കയും മുണ്ടോളിയും ചേര്‍ന്ന് പ്രധിരോധ മതില്‍ തീര്‍ത്തു. ജെഫുവിന്റെ ട്രിബ്ലിംഗുകളില്‍ പഴയകാലത്തെ നല്ല ഒരു കളിക്കാരന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി. കളി പിന്നെയും കുറച്ച് സമയം പിന്നിട്ടപ്പോള്‍  'മ' ഗ്രൂപ്പിനുവേണ്ടി വിജയഗോള്‍ നേടാനുള്ള നിയോഗം നമ്മുടെ പ്രിയ അനിലേട്ടനായിരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. അതോടുകൂടി പാക്കികള്‍ കളിയുപേക്ഷിച്ച് പോയി. ബ്ലോഗേര്‍സില്‍നിന്നും കഥയും, കവിതകളും, ലേഖനങ്ങളും മാത്രമല്ല ഗോളുകളും, പാസുകളും, ഫൗളുകളും പിറക്കുമെന്ന് ഇവിടെ തെളിയിച്ചു. വിരലുകള്‍ മാത്രം അനങ്ങി ശീലിച്ചിട്ടുള്ളതുകൊണ്ട് വായില്‍നിന്നും നുരയും പതയും വന്ന് പിത്തമിളകിയത് ആരും അറിയാതിരിക്കാന്‍ എല്ലാവരും പണിപ്പെടുന്നുണ്ടായിരുന്നു. മാച്ചിലൂടെ വിജയത്തിനപ്പുറം ഒരു ടീം സ്പിരിറ്റ് ഈ സൗഹൃദങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നു എന്നതാണ് വാസ്തവം. വേദന ഇതുവരെ മാറിയിട്ടില്ല എന്നത് മറ്റൊരു വാസ്തവം

അതുകഴിഞ്ഞ് ഇന്റര്‍നെറ്റ് നല്‍കിയ സൗഹൃദങ്ങള്‍ ഇന്റെര്‍ലോക്ക് പാകിയ നിലത്തുനിന്നും ക്രിക്കറ്റ് കളി ആരംഭിച്ചു. ശ്രീജിത്ത് കൊണ്ടോട്ടി തന്നിലെ ഫാസ്റ്റ് ബൗളറെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, മുണ്ടോളി തന്നിലെ ഡ്രാവിടിന്റെ ഒഴിച്ചില്‍ മുട്ട് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, കീപ്പര്‍ നിന്ന് ബോള്‍ പിടിക്കാന്‍ മാത്രം ശ്രമിച്ച എനിക്ക് നഷ്ടമായത് വലതുകയ്യിലെ തള്ളവിരലിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമതയാണ്. ടൈപ് ചെയ്യാന്‍ പറ്റുന്നു എന്നത് എന്റെ ഭാഗ്യം, നിങ്ങളുടെ ദൗര്‍ഭാഗ്യവും.

ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുംബോള്‍ അപ്പുറത്ത് ജിമ്മിച്ചനും പുന്നശ്ശേരിയുമടങ്ങുന്ന സംഘം പത്ത് വയസ്സുകാരായ ഒരു മിക്സഡ് അറബിക് ടീമുമായി ഷട്ടിലില്‍ മാറ്റുരയ്ക്കുകയായിരുന്നു. ജിമ്മിച്ചന്റേയും പുന്നശ്ശേരിയുടേയും മാരകമായ സ്മാഷുകള്‍ തടുക്കാന്‍ മാത്രം ശേഷിയില്ലാതെ കുഞ്ഞുങ്ങള്‍ വിയര്‍ത്തു. അവരും പിന്നീട് നിര്‍ത്തിപോകുന്നതാണ് കണ്ടത്. പാവം കുട്ടികള്‍...


വൈകിട്ട് അഞ്ചരമണിയോടുകൂടി ഞങ്ങള്‍ എല്ലാവരും ഓരോ ഐസ്ക്രീം കഴിച്ച് പിരിഞ്ഞു. കല്ല്യാണിരാഗത്തില്‍ മനോഹരമായി ചുമയ്ക്കുന്നുണ്ടെങ്കിലും ഐസ്ക്രീം എന്ന് കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെ എള്ളുണ്ടയില്‍ മധുരമായി തുടങ്ങി മധുരിതമായി അരങ്ങേറിയ ഈ ഒരു സൗഹൃദ സംഗമം ഐസ്ക്രീമിന്റെ മധുരത്തോടുകൂടി ഞങ്ങള്‍ അവസാനിപ്പിച്ചു.
********************************
ഈ മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ നേരെ പോയത് ഷാര്‍ജ ബുക്ക് ഫെസ്റ്റിലേക്കാണ്. ഷാര്‍ജ എക്സ്പോ സെന്റര്‍ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. പ്രത്യേകിച്ചും D.C.Books കൗണ്ടര്‍.

ഇതുനോക്കിയേ തിരക്ക്.. വായന മരിക്കുന്നു എന്ന് പറയുന്നവനെ തല്ലികൊല്ലണ്ടേ?


അവിടെനിന്നും ഞാന്‍ എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകളും' ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങളും' സ്വന്തമാക്കി. പിന്നീട് എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും പങ്കെടുക്കുന്ന സദസ്സില്‍ അഞ്ചാം നിരയിലായി എല്ലാവരും സ്ഥാനം പിടിച്ചു. ബ്ലോഗര്‍ ആയ യാത്രികനെ അവിടെവച്ച് ക്ണ്ടുമുട്ടുകയും യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഞങ്ങളുടെ അടുത്തുവന്നിരിക്കുകയും ചെയ്തു. അല്പസമയത്തിനകം തന്നെ എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും വേദിയില്‍ എത്തിച്ചേര്‍ന്നു.


Hit Fm 96.7 നിലെ ഷാബുക്ക മൂന്നുപേരേയും മനോഹരമായി പ്രകീര്‍ത്തിച്ചുകൊണ്ട് സ്വാഗതം ചെയ്തു. എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍‍' എന്ന പുസ്തകം അവിടെവച്ച് പ്രകാശനം ചെയ്യപ്പെട്ടു. 



വേദിയില്‍ ഇരിയ്ക്കാന്‍ സ്ഥലം കിട്ടാതെ നില്‍ക്കുന്ന ഒരുപാട്പേരോടുമായി എം. മുകുന്ദന്‍ പറഞ്ഞു 'വായന മരിച്ചു എന്ന് പറയുന്നവരോട് ഞാന്‍ ഇനി പറയും നിങ്ങള്‍ ഷാര്‍ജയിലേക്ക് പോയി നോക്കു എന്ന്. എഴുപതുകളില്‍ സാഹിത്യം ഉണ്ടായത് ഡല്‍ഹിയില്‍നിന്നായിരുന്നെങ്കില്‍ ഇന്ന് സാഹിത്യം ഉണ്ടാകുന്നത് ഗള്‍ഫില്‍നിന്നുമാണ്. അതിന് ഉത്തമ ഉദാഹരണമാണ് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന ബെന്യാമിന്‍.'


പൊന്നാനിക്കാരനായ ഞാന്‍ ഇതുപോലൊരു തിരക്ക് കണ്ടിട്ടുള്ളത് പൊന്നാനി കടപ്പുറത്ത് ചാകര വരുമ്പോഴാണെന്ന് കെ.പി. രാമനുണ്ണി നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു. തന്റെ 'ജീവിതത്തിന്റെ പുസ്തകത്തിന്' വയലാര്‍ അവാര്‍ഡ് കിട്ടിയ സന്തോഷവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.


'ബോസിനോട് സമ്മതം വാങ്ങിക്കാനുള്ള മടികൊണ്ട് ഇങ്ങോട്ട് വരണമോ എന്ന് ഞാന്‍ മടിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടമാകുമായിരുന്നു. തൊട്ടപ്പുറത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മമ്മൂട്ടിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ടായിട്ടും ഈ സദസ്സില്‍ ഇത്രയും ആളുകള്‍ ഉള്ളത് എന്നില്‍ അത്ഭുതം ഉണ്ടാക്കുന്നു. വായനയെ സ്നേഹിക്കുന്നവര്‍ ഒരുപാട് ഇന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ ജനക്കൂട്ടം' എന്ന് ബെന്യാമിന്‍.. 

എം. മുകുന്ദനെകൊണ്ടും ബെന്യാമിനെകൊണ്ടും അവരുടെ പുസ്തകങ്ങളില്‍ ഒപ്പിടീച്ചുവാങ്ങിച്ചു.

എം മുകുന്ദനോട് ശ്രീകുട്ടന്‍

വളരെയേറേ വ്യക്തിത്വമുണ്ടായിരുന്ന കഥാപാത്രമായിരുന്നിട്ടുകൂടി ദാസനെ ഒരു അസ്തിത്വമില്ലാത്തവനായി അവസാനിപ്പിച്ചത് എന്തുകൊണ്ടായിരുന്നു?
അന്നത്തെ സാഹചര്യവും കാലഘട്ടവും അങ്ങിനെ ചെയ്യിപ്പിച്ചതാണ്..

വീണ്ടുമൊരിക്കല്‍ക്കൂടി മയ്യഴിപ്പുഴയൊഴുകുമോ..?

പറയാനാകില്ല
********

ഇനി ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും... എനിക്ക് വയ്യ... ക്ഷീണിച്ചു...

 ഇസ്മായില്‍ ചെമ്മാടും ശ്രീജിത്ത് കൊണ്ടോട്ടിയും കെ.പി. രാമനുണ്ണിയോടൊപ്പം

ഷജീര്‍ മുണ്ടോളി കെ.പി. രാമനുണ്ണിയോടൊപ്പം

ഷബീര്‍ തിരിച്ചിലാന്‍ ബെന്യാമിനോടൊപ്പം

എം. മുകുന്ദനോടൊപ്പം തിരിച്ചിലാനും ശ്രീകുട്ടനും

ശ്രീജിത്ത് കൊണ്ടോട്ടി എം. മുകുന്ദനോടൊപ്പം

ഇസ്മായില്‍ ചെമ്മാട് എം. മുകുന്ദനോടൊപ്പം

പരിപാടി കഴിഞ്ഞ് എല്ലാവരും പോയിട്ടും ബ്ലോഗര്‍ ഗാനന്‍ ചേട്ടനും ചാന്ദ്നി ചേച്ചിയും മറ്റുപലരുമായി സംസാരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെതന്നെ നിന്നു. ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുവന്നപ്പോള്‍ അത് ദയവായി പോകൂ എന്ന അഭ്യര്‍ഥനയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പതിനൊന്നരമണിയോടുകൂടി ഞങ്ങള്‍ ആ മധുരമൂറും ദിനത്തിന് വിരാമമിട്ടു. ശുഭരാത്രി നേര്‍ന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു... ഇനിയും കൂടാമെന്ന ഉറപ്പോടെ...

എല്ലാവര്‍ക്കും മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി. 


***************************************

*സംസാരിക്കുന്ന ഫോട്ടോസ് എടുത്തതിന്റെ കഷ്ടപ്പാട് ജിമ്മി ജോണിനും‍, ഷജീര്‍ മുണ്ടോളിക്കും, ശ്രീകുട്ടനും
*ലോഗോ ഉണ്ടാക്കിയതിന്റെ കഷ്ടപ്പാട്  ജെഫു ജൈലാഫിന്

Thursday, October 20, 2011

'പാഷന്‍' ഫ്രൂട്ട്സ്


ജൂണ്‍ 23ന് നാട്ടില്‍ എത്തി, ഒന്ന് ഫ്രഷ്ഷായി തൊടിയിലൊക്കെ ഇറങ്ങി നടക്കുംബോള്‍ വീടിന്റെ പുറകുവശത്ത് ധാരാളം പാഷന്‍ ഫ്രൂട്ടുകള്‍ താഴെവീണുകിടക്കുന്നു. പരതിയപ്പോള്‍ അടുത്തുള്ള പൊഡുണ്ണി മരത്തില്‍ പാതി ഉണങ്ങിയ വള്ളിയും വാടിതുടങ്ങിയ പാഷന്‍ഫ്രൂട്ടുകളും കണ്ടു. വിറകുപുരക്കരികില്‍നിന്നും തുടങ്ങുന്ന വള്ളി ആരോ മനോഹരമായി മുറിച്ചിട്ടിരിക്കുന്നു. 'ഇതാരാ വെട്ടിമുറിച്ചത്?' എന്ന എന്റെ ചോദ്യത്തിന് 'ആ ഓമക്കായന്റെ വള്ളി ഞാനാ വെട്ടിയത്' എന്ന ഉപ്പയുടെ മറുപടിയാണ് കിട്ടിയത്. 27 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഓമക്കായയും, പാഷന്‍ ഫ്രൂട്ടും തിരിച്ചറിയാനായില്ല എന്നതില്‍ ഉപ്പയെ കുറ്റം പറയാനാകില്ലല്ലോ... എന്നാലും കുട്ടിക്കാലത്ത് നാട്ടിലെല്ലാം നടന്ന് ശേഖരിച്ച് ആര്‍ത്തിയോടെ തിന്നിരുന്ന പാഷന്‍ ഫ്രൂട്ട് എന്റെ വീട്ടില്‍ ഉണ്ടായിട്ട് അതിലൊരെണംപോലും പഞ്ചസാരയുംചേര്‍ത്ത് കഴിക്കാനായില്ലല്ലോ എന്ന സങ്കടം തീരുന്നില്ല. 


 നാട്ടില്‍ വന്ന ഞങ്ങളെ കാണാന്‍ വന്ന അവല്‍വാസികളെല്ലാം പറയാന്‍ മറക്കാതിരുന്ന ഒന്നായിരുന്നു.. 'ഇപ്രാവശ്യം ഇങ്ങളെ മാവ് എത്രാ കായിച്ചത് ! എമ്പാടും മാങ്ങണ്ടേനി.. സ്കൂളില്‍ പോണ കുട്ട്യേള്‍ക്കെല്ലാം എറിഞ്ഞ് തള്ളിടലേനി പണി'

കുട്ടികളെല്ലാം ഇപ്പോഴും മാങ്ങക്കെറിയുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിച്ചു. നല്ല കോമാങ്ങയാണ്. പച്ചയും, ചെനച്ചതും കഴിക്കാന്‍ നല്ല രസമാണ്. മാവിനരികില്‍ ചെന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരെണ്ണം പോലും കാണാന്‍ സാധിച്ചില്ല. എളാമ (ഉമ്മയുടെ അനുജത്തി) ഞങ്ങള്‍ക്കുവേണ്ടി ഉപ്പിലിട്ടുവച്ച കോമാങ്ങ കഴിക്കുംബോഴും 'ഒരെണ്ണം തരുമോ മാവേ?' എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അവിടുന്ന് എത്ര ദിവസം കഴിഞ്ഞിട്ടാണെന്നോര്‍മ്മയില്ല, ഒരു ദിവസം മാവിനരികില്‍ ചെന്നപ്പോള്‍ താഴെവീണുകിടക്കുന്നു ഒരു പഴുത്ത കോമാങ്ങ. എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും. മാങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം. പങ്കുവച്ചുകഴിഞ്ഞപ്പോള്‍ ചെറിയ കഷണങ്ങളേ കിട്ടിയുള്ളൂ എങ്കിലും എല്ലാവരും തൃപ്തരായിരുന്നു.


ഇക്കായുടെ കല്ല്യാണത്തിന്, ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തലിടാന്‍ വേണ്ടി ഉപ്പ മുറിച്ചതായിരുന്നു അരിനെല്ലിക്കയുടെ മരം. അത് വീണ്ടും വളര്‍ന്ന് കായ്ചത് ഈ വര്‍ഷമാണ്. ഒരുപാട് ഇലകള്‍ പൊഴിക്കുന്ന മരമായതിനാല്‍ മുറ്റം വൃത്തിയാക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവും അതോടൊപ്പം അനിഷ്ടവുമുള്ള ഒരു മരമാണിത്. ഉപ്പ എന്റെ കല്ല്യാണത്തിനും ഈ മരം മുറിക്കാനൊരുങ്ങിയെങ്കിലും പാഷന്‍ ഫ്രൂട്ട് മുറിച്ച കാര്യം പറഞ്ഞ് ഞാന്‍ ഉപ്പയെ തളച്ചു.

ഈ മരം ചെറുതായൊന്ന് കുലുക്കിയാല്‍ മുത്തുമഴപോലെ അരിനെല്ലിക്ക വീണുകൊണ്ടിരിക്കും. കുട്ടികള്‍ മത്സരിച്ച് അരിനെല്ലിക്ക പെറുക്കിയെടുകുന്നതും, എല്ലാവരേയും കൊതിപ്പിച്ച് അത് കഴിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം.


സീതപ്പഴം, മേനാമ്പഴം എന്നൊക്കെ വിളിക്കുന്ന പഴം. നിറയെ കായ്ചുനില്‍ക്കുകയായിരുന്നു ഈ മരം ഞങ്ങളെ വരവേല്‍ക്കാന്‍. മരത്തില്‍നിന്നും പഴുത്ത ഈ പഴം കിട്ടില്ല. വവ്വാലാശാന്‍ അടിച്ചുപോകും. പഴത്തിന്റെ വിടവുകളില്‍ മഞ്ഞ നിറം കണ്ടാല്‍ പറിച്ച് അരിയിലോ, വൈക്കോലിലോ വച്ച് പഴുപ്പിക്കും.

ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
 

ഈ പ്രാവശ്യം രണ്ട് ചക്കയുണ്ടായിരുന്നു ഞങ്ങളുടെ പ്ലാവില്‍ . ഒന്ന് താഴെയും ഒന്ന് മുകളിലും.. കല്ല്യാണത്തിന് പന്തല്‍ ഇട്ടാല്‍ പിന്നെ ചക്ക പഴുത്ത് വീണാല്‍ ബുദ്ദിമുട്ടാകും എന്ന് കരുതി വെട്ടി വിറകുപുരയില്‍ വച്ചു. കല്ല്യാണതിരക്കില്‍ എല്ലാരും ചക്കയെപറ്റി മറന്നു. ചീഞ്ഞ മണം വരാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും 'ആയ്യോ..' എന്നും പറഞ്ഞ് മൂക്കത്ത് കൈ വച്ചത്. പ്ലാവില്‍ അല്പ്പം മുകളില്‍ ഉണ്ടായിരുന്ന ചക്ക വെട്ടിയിടാന്‍ ആരെയും കിട്ടിയതുമില്ല. സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നിട്ടും പെങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ചക്ക തിന്ന് ആശ തീര്‍ക്കേണ്ടിവന്നു.

Tuesday, October 4, 2011

നാട്ടുവിശേഷം

പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളോടുമൊപ്പം കഴിച്ചുകൂട്ടിയ ഒരു അവധിക്കാലം. കുറേകാലം വീട് അടഞ്ഞുകിടന്നതിനാല്‍ ഇവര്‍ക്കെല്ലാം വീടിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുപോലെയാണ് അവരുടെ നടപ്പ്. വീടിനകത്തും പുറത്തും ഇവന്മാരുടെ വിളയാട്ടമായിരുന്നു. തേരട്ട, ഒച്ച്, പുഴു, കൊതുക് എന്നിവര്‍ വീടിനകത്ത് എപ്പോഴും കയറിവരാന്‍ അവകാശമുള്ളവര്‍ . ഞാന്‍ സധൈര്യം നേരിട്ടത് തേരട്ടയെമാത്രമായിരുന്നു. അവനെ കാണുംബോള്‍ ഞാന്‍ ഒരു നിമിഷം മെസ്സിയാകും. മെല്ലെ തട്ടി തട്ടി കോലായില്‍ കൊണ്ടുവന്ന് ബെക്കാമിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കിക്ക്.

മഴ തിമിര്‍ത്തുപെയ്യുന്ന ഒരു വൈകുന്നേരം

പുഴുവായിരുന്നു എന്നെ ഏറ്റവും ഭയപ്പെടുത്തിയത്. പലതരം നിറങ്ങളിലും വലിപ്പത്തിലുമുള്ള പുഴുക്കള്‍. അവയെ കണ്ടാല്‍ തന്നെ മേലാകെ ചൊറിയാന്‍ തുടങ്ങും. ഇടക്കിടെ വീടിനകത്തുനിനും അലര്‍ച്ച കേട്ടാല്‍ ഊഹിക്കാം അവിടെ ഒരു പുഴുവിന് സമാധി ഒരുക്കാന്‍ സമയമായെന്ന്. ഒച്ചാണ് മറ്റൊരു പ്രശ്നക്കാരന്‍. വെള്ളത്തിന്റെ ടാപ്പിന്റെ മുകളിലും മറ്റും മിക്കപ്പോഴും ഉണ്ടാകുന്ന അവയെ തൊട്ടാല്‍ മട്ടണ്‍ബിരിയാണി കഴിച്ച് കൈ സോപ്പിട്ട് കഴുകാത്തപോലെയാണ്. ഭയങ്കര വഴുവഴുപ്പ്.

ഈ ജീവികളെല്ലാംകൂടെ എന്നെ ഒരു ക്രൂരനാക്കി. കുറേ പുഴുക്കള്‍, കൊതുകുകള്‍, തേളുകള്‍, ഒരു ചെറിയ പാമ്പ് എന്നിവയെല്ലാം എന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞു. ഒരു പാമ്പിനെ കൂടെ കൊല്ലാന്‍ അവസരം കിട്ടിയെങ്കിലും ഞാന്‍ വടിയെടുക്കാന്‍ ഓടിയ സമയം ഉപ്പ പാമ്പിനെ എറിഞ്ഞുവീഴ്ത്തിക്കളഞ്ഞു. എറിഞ്ഞുവീഴ്ത്താന്‍ ഞാന്‍ പണ്ടേ മിടുക്കനാണെങ്കിലും കുറച്ചുദിവസമായി ഏറ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടവരുത്തിയ സാഹചര്യം പറയാം.

ഒരുദിവസം അനുവാദമില്ലാതെ കോലായിലെ കസേരയില്‍ കയറിയിരുന്ന പൂച്ചയുടെ പിന്നാലെ കല്ലുമായി ഓടി സര്‍വ്വശകതിയുമെടുത്ത് എറിഞ്ഞപ്പോഴാണ് അന്നുവരെ തുറന്നിടാത്ത ജനവാതില്‍ അന്ന് തുറന്നിട്ടത് കാണുന്നത്. പിന്നെ ഒരു ഉഗ്ര ശബ്ദവും, വീട്ടിലുള്ളവരെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശബ്ദം കേട്ട സ്ഥലത്ത് എത്തുകയും ചെയ്തു.

'യ്യെന്താ കാട്ട്യത്?'... ഉമ്മയുടെ ചോദ്യം

'പൂച്ചനെ എറിഞ്ഞതാണ്...'

'ഇങ്ങനാ പൂച്ചനെ എറിയല്?'

'ഇങ്ങളോടാരാ ആ ജനാല തൊറന്നിടാന്‍ പറഞ്ഞത്?'

'ഞാനല്ല, അന്റെ പെണ്ണ്ങ്ങളാ തൊറന്നിട്ടത്, ഓളോടെന്നെ ചോദിച്ചേക്ക്'

പെണ്ണിനെ കണ്ണുരുട്ടി നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു

'എന്നിട്ട് പൂച്ച എങ്ങട്ടേ പോയി?'

'സോറി.. പൂച്ചന്റെ അഡ്രസ് വാങ്ങാന്‍ മറന്നുപോയി, ഇനി കാണുംബോള്‍ വാങ്ങിച്ചുവെക്കാം... പോരെ?'

'വെറ്തേ വര്‍ത്താനം പറയാന്‍ നിക്കാണ്ടെ ഉപ്പ വന്ന് കാണുന്നതിന് മുന്നെ ആ ഗ്ലാസ് മാറ്റാന്‍ നോക്ക്'... ഉമ്മയുടെ ഓര്‍ഡര്‍

'വൈനേരാവുംബളേക്കും ഞാന്‍ ഗ്ലാസ് മാറ്റി തന്നിരിക്കും.. പോരെ?'

ഉമ്മ ഒന്ന് ആക്കി മൂളി അകത്തോട്ട് പോയി, അതിനു പുറകെ ആക്കി ചിരിച്ചുകൊണ്ട് പെണ്ണും...

അടുത്ത നിമിഷം എന്റെ നെഞ്ചത്താണ് വണ്ടിയുടെ ഹോണ്‍ അടിച്ചത്. ഉപ്പ ഇത്ര പെട്ടെന്ന് വന്നോ... ഓടിപ്പോയി ഗേറ്റ് തുറന്നുകൊടുത്തു. വണ്ടി അകത്ത് കയറിയ ശേഷം ഗേറ്റ് അടച്ച് ഉപ്പയുടെ അടുത്തേക്ക് പോയപ്പോള്‍ മൂപ്പര്‍ ചോദിച്ചു

'എന്തേ?... ഇന്ന് വല്ലാത്ത സ്നേഹം?'

'ഒന്നുല്ല്യ'

'അന്ന് വണ്ടി തട്ടിച്ച് കൊണ്ടന്നപ്പളും അനക്ക് ഇതേ മുഖായിരുന്നല്ലോ?'

'വണ്ട്യാവുംമ്പൊ തട്ടും മുട്ടുക്കൊ ചെയ്യുംന്ന് ഉപ്പന്നല്ലെ പറഞ്ഞത്?'

'അയിന് ഞാനൊന്നും പറഞ്ഞീല്ല്യല്ലോ'

'ഉപ്പാ... ഞമ്മളെ കൊലായീല് എപ്പളും പൂച്ച കേറി ഇരിക്ക്ണ്ണ്ട്'

'എറിഞ്ഞ് പായിപ്പിച്ചൂടെ അനക്ക്?'

'ഇവടെ വെരി' എന്നും പറഞ്ഞ് ഉപ്പയെ ഗ്ലാസ് പൊട്ടിയ ജനാലക്കരികിലേക്ക് കൊണ്ടുപോയി.

'ഇതെന്താ പറ്റ്യത്?'

'ഇങ്ങള് പറഞ്ഞപോലെ പൂച്ചനെ എറിഞ്ഞതാണ്'

'അപ്പൊ ഇതാണ് ഇന്നത്തെ സോപ്പിടലിന് കാരണം, സാരല്ല്യ, പൊട്ട്യ ഗ്ലാസൊക്കെ ഔട്ന്ന് എട്ത്ത് മാറ്റിക്കാള. എന്നിട്ട് ഒരു പണിക്കാരനെ വിളിച്ച് അതങ്ങാട്ട് മാറ്റിക്കാള'

'ഐക്കോട്ടെ'

പിന്നീട് പണിക്കാരെ കിട്ടാന്‍ വേണ്ടിയുള്ള ഫോണ്‍ വിളിയായിരുന്നു. എവിടെ കിട്ട്ണ് പണിക്കാരെ?

ഒരു ദിവസം കൊണ്ട് ഗ്ലാസ് മാറ്റാമെന്ന് വാകുകൊടുത്തിട്ട് മാറ്റിയത് ഒരാഴ്ച് കഴിഞ്ഞാണ്. അന്നുമുതല്‍ ഞാന്‍ പൂച്ചകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
****

നിറഞ്ഞുകവിഞ്ഞൊഴുകുന്ന അച്ഛന്‍കുളം

അച്ഛന്‍കുളത്തില്‍ വെള്ളം തെറുപ്പിച്ച് കളിക്കുന്ന വെല്ല്യുപ്പയും കൊച്ചുമോനും

നമ്മുടെ റോഡുകള്‍:‌-
നാട്ടില്‍ കാര്‍ഷിക മെഖല തഴച്ച് വളരുകയാണ്. കൃഷിയിടങ്ങള്‍ മണ്ണിട്ട് തൂര്‍ക്കുംബോള്‍ എവിടെയാണ് കൃഷി ചെയ്യുക എന്ന് നിങ്ങള്‍ സംശയം പ്രകടിപ്പിച്ചേക്കാം. ഒരു സംശയവും വേണ്ട. റോഡിലാണ് ഇപ്പോള്‍ കൃഷി തകൃതിയായി നടക്കുന്നത്. വാഴ നടല്‍, മാവിന്‍ തൈ നടല്‍ എന്നീ കൃഷികളാണ് ഇപ്പോള്‍ കൂടുതലായും. അടുത്ത മഴക്കാലംകൂടെ ഇതേസ്തിതി തുടര്‍ന്നാല്‍ കേരളത്തിലെ കിലോമീറ്റക്കുകളോളം വരുന്ന റോഡുകളില്‍ നെല്‍കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

പിന്നെ നമ്മുടെ റോഡുകൊണ്ടുള്ള മറ്റൊരുഗുണം മുസ്ലിം വിഭാഗത്തില്പെട്ട ആള്‍ക്കാര്‍ വാഹനാപകടത്തില്‍ മരിക്കുകയാണെങ്കില്‍ റോഡില്‍തന്നെ ഖബറടക്കം നടത്താനുള്ള സൗകര്യമുണ്ട് എന്നുള്ളതാണ്‍. (ഞാനപ്പളേ പറഞ്ഞതല്ലേ ഞമ്മളെ ആള്‍ക്കാര് മന്ത്രി ആയാലെ ഞമ്മക്ക് ഗുണൊള്ളൂന്ന്, ഇപ്പൊ കണ്ടീലെ?)
ബേക്കല്‍ കോട്ടയ്ക്ക് മുകളില്‍നിന്നും എടുത്ത ഫോട്ടോ

ഇവിടെ പണ്ട് പടയാളികള്‍ രാജ്യത്തെ കാക്കാന്‍ ഉറക്കമൊഴിച്ച് കാവല്‍ നിന്നിരിക്കണം...

ബേക്കല്‍കോട്ടക്ക് മുകളില്‍നിന്നുമുള്ള മനോഹരമായ കാഴ്ച്

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നും

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നുമുള്ള കാഴ്ച്

ബേക്കല്‍കോട്ടയിലേക്കുള്ള യാത്ര രസകരമായിരുന്നു. 195 കിലോമീറ്റര്‍ മൂന്നര നാല് മണിക്കൂറുകള്‍ കൊണ്ട് എത്തേണ്ടസ്ഥാനത്ത് റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം ആറ് മണിക്കൂറെടുത്തു. ബേക്കല്‍കോട്ടയെല്ലാം വിശാലമായി കണ്ട് തിരിച്ച് വരുംഴേക്കും റമളാന്‍മാസം പിറന്നിരുന്നു. രാത്രി വീട്ടിലെത്തി വണ്ടിയില്‍നിന്നിറങ്ങിയപ്പോഴേക്കും ബേക്കല്‍ കണ്ടുവരുന്ന എന്റെ ബേക്കെല്ല് ഒരു വഴിക്കായിരുന്നു. PWD റോഡ് നന്നാക്കിതരുന്നില്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'കൊട്ടന്‍ചുക്കാദി' തൈലമെങ്കിലും നല്‍കാന്‍ സൗമനസ്യം കാണിക്കേണ്ടതാണ്‍.

Monday, July 4, 2011

തിരിച്ചിലാന്റെ തിരുമണം

പ്രിയപ്പെട്ടവരെ... അങ്ങനെ ഞാന്‍ ആ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും പെണ്ണ് കിട്ടി. പതിനാലാം വയസ്സ് മുതല്‍ സ്വപ്നം കണ്ട് നടക്കുന്നതാ.. ഇപ്പളാണ് കിട്ടിയത്. ജൂലൈ 9 ശനിയാഴ്‌ച വൈകുന്നേരം നാല് മണി മുതല്‍ ഫറോക്ക് തിരിച്ചിലങ്ങാടിയിലുള്ള എന്റെ വസതിയില്‍ വെച്ച് തന്നെയാണ് റിസപ്ഷന്‍.

എനിക്ക് ഒന്നേ പറയാനുള്ളൂ... എന്റെ ഫാന്‍സ് ആരും എന്നെ വിട്ട് പോകരുത്. ലേഡീ ഫാന്‍സ്.. ക്ഷമിക്കൂ... അച്ചായത്തിയെപ്പോലെ നിങ്ങള്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇറക്കരുത്. നിങ്ങളുടെ സങ്കടം ഞാന്‍ മനസ്സിലാക്കുന്നു. ദൈവം നിങ്ങള്‍ക്ക് എല്ലാം താങ്ങാനുള്ള ശക്തി തരട്ടെ. എനിക്കിട്ട് താങ്ങാനല്ല.

K.K.P.B (കോയിക്കോട്ടെ കുണ്ടന്മാരെ പെണ്ണ്കെട്ടിക്ക്ണ ബ്യൂറോ) നടത്തിയ സര്‍വേയില്‍ 27 വയസ്സ് കഴിഞ്ഞ കോയിക്കോട്ടെ മാപ്പള കുണ്ടന്മാരില്‍ ഞാനും എന്റെ ആ MBA ക്കാരന്‍ ചങ്ങായിയും മാത്രേ പെണ്ണ് കെട്ടാത്തവരായിട്ടുള്ളൂ. (കുണ്ടന്‍ എന്ന് കേട്ടിട്ട് കണ്ണിലേക്ക് നോക്കണ്ട. കോയിക്കോട്ടാര്‍ക്ക് കുണ്ടന്‍ എന്ന് പറഞ്ഞാല്‍ ചെക്കന്‍, പയ്യന്‍ എന്നൊക്കെയാണ് അര്‍ഥം.) കൂടെ കളിച്ച് നടന്ന ചെക്കന്മാരുടെ മക്കള്‍ ഷബീറങ്കിളേയെന്നും, കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ മക്കള്‍ ഷബീര്‍ക്കാ എന്നും വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എടോ ഷബീറേ എന്നും പറഞ്ഞ് ഓരൊക്കെ തോളില്‍ കയ്യിടാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ മംഗള കര്‍മ്മം അങ്ങ് നടത്താന്ന് വച്ചു.

'ഡേറ്റ് ഫിക്സ് ചെയ്തോ.. തലേദിവസം ഞാനങ്ങ് എത്തിക്കോളാം' എന്ന് പറഞ്ഞ് ഇക്കാക്കയുടെ പൂര്‍ണ്ണ സഹകരണം ഉള്ളതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്നെ എനിക്ക് തന്നെ കാണാന്‍ കിട്ടുമോ എന്ന കാര്യം സംശയാണ്. ഏതായാലും എല്ലാവരേയും ക്ഷണിക്കുന്നു. അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. എന്നെ വിളിക്കാം ഈ നമ്പറില്‍ +91-994-768-9794.

ബ്ലോഗര്‍മ്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. റെജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. (ഹൊ... അത് പറഞ്ഞപ്പോള്‍ എല്ലാരേം മോത്ത് പതിനാലാം രാവുദിച്ചല്ലോ)

അപ്പൊ ശരി..., ഞാന്‍ ജനിച്ച അന്ന് തൊട്ട് ഉമ്മ പറയാന്‍ തുടങ്ങിയതാ 'നിന്റെ കല്ല്യാണത്തിന് ഒപ്പന വേണം.. ഒപ്പന വേണം' എന്ന്. അതുകൊണ്ട് ഒപ്പന കളിക്കുന്നോരൊക്കെ ഇപ്പളും ജീവിച്ചിരിപ്പുണ്ടോന്ന് ഞാനൊന്ന് അന്വേഷിച്ചിട്ട് വരാം..

അല്ല... നിങ്ങളിതെവിടെ പോണ്? ഒന്ന് അനുഗ്രഹിക്കിന്ന്...

Wednesday, June 8, 2011

അരികിലെ അകലം

എന്തുപെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്... എന്റെ വീട്ടില്‍ ഞാന്‍ അന്യനായിരിക്കുന്നു, എന്റെ കണ്ണുകളും കൈകാലുകളും കെട്ടിയിട്ടിരിക്കുന്നു. വെറും ഒരുമാസംകൊണ്ട് എന്തെല്ലാമാണ് ഇവിടെ സംഭവിച്ചത്...?

********

എവിടെയാണ് എനിക്ക് പിഴച്ചത്?. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഞങ്ങളുടെ വിവാഹം, ഇല്ല... അവിടെ പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പൂര്‍ണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടേയും ആര്‍ഭാടമായിതന്നെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം ജീവിതം ആസ്വദിച്ചതിന് ശേഷം മതി കുഞ്ഞുങ്ങള്‍ എന്നത് എന്റേയും അവളുടേയും തീരുമാനമായിരുന്നു. ഞങ്ങളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ദൈവം ഒരു കുഞ്ഞിനെ തന്നത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ സ്നേഹിക്കാന്‍ ഞാനും അവളും മത്സരിക്കുകയായിരുന്നു .

അവള്‍ എന്റെ എല്ലാമായിരുന്നു. വളരുംതോറും അവളുടെ ഉമ്മയെ അസൂയപ്പെടുത്തികൊണ്ട് അവള്‍ എന്നോട് അടുത്തുവന്നു. കളിച്ചും, ചിരിച്ചും, വഴക്കിട്ടും, കൊഞ്ചിയും, കെട്ടിപ്പിടിച്ചും, ഉമ്മവച്ചും, ദേഷ്യം വരുംബോള്‍ കുഞ്ഞരിപല്ലുകള്‍കൊണ്ട് എന്നെ കടിച്ചും അവള്‍ എന്നില്‍ നിറഞ്ഞുനിന്നു. എന്നും എന്റെ മാറില്‍ ഒട്ടിയുറങ്ങി. പാലുകുടിക്കാന്‍ മാത്രം ഉമ്മയോട് ചേര്‍ന്നുകിടന്നിരുന്ന എന്റെ പൊന്നുമോള്‍. എന്റെ നിമിഷങ്ങള്‍ക്ക് അവളെ പിരിഞ്ഞിരിക്കാന്‍ വയ്യാതെയായി.

എന്റെ മകളെ സ്നേഹിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ മറ്റൊരു കുഞ്ഞിന്റെ കാര്യം ഞങ്ങള്‍ മറന്നു. പിന്നീട് ആഗ്രഹിച്ചപ്പോള്‍ ദൈവം തന്നതുമില്ല. ദൈവത്തിനോട് ഞാന്‍ എന്തിന് പരാതി പറയണം? എന്റെ സ്നേഹം മുഴുവന്‍ നല്‍കാന്‍ എനിക്കൊരു മകളുണ്ടല്ലോ.. അതുമതി... അതില്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടു. വര്‍ഷങ്ങള്‍ ആ സന്തോഷത്തോടെ മുന്നോട്ടുപോയി.

കഴിഞ്ഞ മാസം ഞങ്ങള്‍ക്കിവിടെ ഒരു വിശേഷം ഉണ്ടായി, എന്റെ മകള്‍ വയസ്സറിയിച്ചു. ഞങ്ങള്‍കന്ന് സന്തോഷത്തിന്റെ ദിവസമായിരുന്നു. വിരുന്നുകാരാല്‍ വീട് നിറഞ്ഞു. എന്റേയും ഭാര്യയുടേയും ബന്ധുക്കള്‍ മകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും, ഉടുപ്പുകളും സമ്മാനമായി നല്‍കി. അവളന്ന് പുതുക്കപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി. സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു കാഴ്ച ഏത് പിതാവിനെയാണ് സന്തോഷിപ്പിക്കതിരിക്കുക?

********

അതെ.. അവിടെയായിരുന്നു എനിക്ക് പിഴച്ചത്.

പതിവ്പോലെ ടി.വി. കാണുന്നതിനിടയില്‍ എന്റെ മടിയില്‍ കയറിയിരുന്ന മകളെ വിലക്കാനായില്ലെനിക്ക്. അവള്‍ വലിയ പെണ്ണായെന്ന വിവരം ഞാനും മറന്നു. ഭാര്യയുടെ കൈ പെട്ടെന്നായിരുന്നു മകളുടെ മേല്‍ പതിച്ചത്. മകളെ എന്റെ മടിയില്‍ നിന്നും അവള്‍ വലിച്ചെഴുനേല്‍പ്പിച്ചു. ഭാര്യയുടെ പെരുമാറ്റം കണ്ട് മകള്‍ പകച്ചുനിന്നു. പിന്നീട് എന്തൊക്കെയോ മനസ്സിലായെന്നോണം എന്നെ നോക്കി അവള്‍ കരഞ്ഞു. എന്റെ പ്രതികരണശേഷി ആ നിമിഷം മരവിച്ചതായി ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ ജീവിതത്തില്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ ഒരു ദിവസമായിരുന്നു അന്ന്. എന്നിലെ പിതാവിന് ആ അപമാനം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ആര്‍ക്കും മുഖം കൊടുക്കാതിരിക്കാന്‍ ഞാന്‍ ഒരു പുസ്തകത്തില്‍ ഒളിച്ചു. മുഖം മാത്രമേ എനിക്ക് ഒളിക്കാനായുള്ളൂ. മനസ്സ് നീറികൊണ്ടിരുന്നു. അവള്‍ ഉറങ്ങി എന്ന് ഉറപ്പാകുന്നതുവരെ ഞാന്‍ ആ പുസ്തകത്തില്‍ ഒളിച്ചിരുന്നു. ഏറെ വൈകി ഞാന്‍ അവളുടെ അരികില്‍ പോയി കിടന്നു. പെട്ടെന്ന് തന്നെ അവളുടെ കൈ എന്നെ വരിഞ്ഞു. അവള്‍ക്കും എന്നെപ്പോലെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

മാറില്‍ പമ്മി കിടന്ന് രോമങ്ങളിലൂടെ വിരലോടിക്കവെ ഭാര്യ പറഞ്ഞു..

'ഞാന്‍ ഇന്നലെ ഭയാനകമായ ഒരു സ്വപ്നം കണ്ടു'

'ഉം..' ഒന്ന് മൂളാന്‍ മാത്രമേ എനിക്കായുള്ളൂ...

'എന്താ കണ്ടതെന്നറിയണ്ടേ...?'

'ഉം..'

'അടയിരിക്കുന്ന തള്ളക്കോഴിയെ കൊത്തിക്കൊന്ന് വിരിയാറായി മുട്ടയ്ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ഒരുകൂട്ടം പാമ്പുകള്‍ ..'

'ഉം..'

നിര്‍വികാരമായ എന്റെ പ്രതികരണം കേട്ടപ്പോള്‍ അവള്‍ ചോദിച്ചു...

'ഞാന്‍ നേരത്തേ അങ്ങനെ പെരുമാറിയത് വിഷമമായോ?'

'ഏയ്... ഇല്ല'

'അപ്പൊ ശരിക്കും വിഷമമായല്ലേ?'

'ഇല്ലെന്ന് പറഞ്ഞില്ലേ'

'എന്താണ് വിഷയം എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് മനസ്സിലാക്കിയതിനര്‍ഥം അത് മനസില്‍ തങ്ങി നില്‍ക്കുന്നു എന്നല്ലേ?'

ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്കായില്ല. എങ്കിലും ഞാന്‍ പറഞ്ഞു

'അത് നീ ചെയ്യേണ്ടതാണ്, ഒരു ഉമ്മയുടെ കരുതലാണ്, കടമയാണ്. എന്നെ സംശയിച്ചിട്ടോ വിശ്വാസമില്ലാഞ്ഞിട്ടോ അല്ല നീ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലാക്കാനാകും.'

'അതെ... ഞാന്‍ സംശയിച്ചിട്ടണ് ചെയ്തതെങ്കില്‍ ഇന്ന് ഈ മാറില്‍ ഇതുപോലെ കിടക്കാന്‍ എനിക്കാവുമോ?'

ആ ചോദ്യത്തിനുത്തരമെന്നോണം ഞാന്‍ അവളെ എന്നിലേക്കമര്‍ത്തിപ്പിടിച്ച് ആ നെറ്റിയില്‍ ഒരു ദീര്‍ഘചുംബനം നല്‍കി.

'പുറത്തുനിന്നും ആരെങ്കിലും കണ്ടുകൊണ്ട് വന്നാല്‍ അതുമതി പലര്‍ക്കും കഥ മെനയാന്‍.. അതാ എനിക്ക് പേടി'

'പേടിക്കേണ്ട... ഇനി അങ്ങനെ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അവള്‍ പഴയതുപോലെ മടിയില്‍ വന്നിരുന്നപ്പോള്‍ എനിക്കെതിര്‍ക്കാനായില്ല. എത്ര വലുതായാലും അവള്‍ എന്റെ മകള്‍ തന്നെയല്ലേ...?'

'നമുക്കൊരു ആണ്‍കുഞ്ഞ് മതിയായിരുന്നല്ലേ...?'

'സമൂഹത്തിലെ നീല കണ്ണുകള്‍ക്ക് കഥ മെനയാന്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വകഭേദം ഇല്ലാതായിരിക്കുന്നെടോ..'

'ഉം...' ആ മൂളലിന് ഒരു മയക്കത്തിന്റെ ഭാവം ഉണ്ടായിരുന്നു. അവളുടെ ശരീരം തളരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത്രയും സമയം മനസ്സില്‍ അടക്കിപിടിച്ചത് എന്നോട് പറഞ്ഞുകഴിഞ്ഞപ്പോള്‍ മറഞ്ഞിരുന്ന ഉറക്കം അവളെ തേടിയെത്തി. ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരുന്നു. ഉറക്കം പിടിതരാതെ എന്നില്‍നിന്നും അകന്നുനില്‍ക്കുകയായിരുന്നു അപ്പോഴും.

********

ദിവസങ്ങള്‍ ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. എന്റെ മകളോടുള്ള സ്നേഹം ഒട്ടും കുറയതെ തന്നെ ഞാന്‍ അവളില്‍നിന്നും അകന്നിരിക്കുന്നു. പക്ഷേ എന്തോ ഒരു അസ്വസ്ഥത എന്നില്‍നിന്നും അകലുന്നില്ല. അതാണ് ഞാന്‍ ബന്ധിക്കപ്പെട്ടവനായി തോന്നാന്‍ കാരണം, ഈ വീട്ടില്‍ അന്യനായി തോന്നാന്‍ കാരണം. എന്റെ വാക്കുകളെയാണോ ഞാന്‍ ഭയക്കുന്നത്? അല്ല... പിന്നെ.. എന്റെ നോട്ടത്തേയോ..? അതുമല്ല... എന്റെ കൈകളെ? സാന്ത്വനിപ്പിക്കാനും, തലോടുവാനും മാത്രമറിയാവുന്ന കൈകളെ ഞാനെന്തിന് ഭയക്കണം?... എന്നാല്‍ പിന്നെ കാലുകളെ ആയിരിക്കും... അതുമല്ല.. ഞാന്‍ നെഞ്ചിലേറ്റിയ എന്റെ കുടുംബത്തെ താങ്ങി നിര്‍ത്തുന്ന കാലുകളെ ഞാന്‍ ഭയപ്പെടാന്‍ തരമില്ല. എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം കാലം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം ഞാന്‍ എന്റെ അവയവങ്ങളെ ഭയപ്പെടേണ്ടതില്ല.

അതെ.. ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, ഞാന്‍ ഭയക്കുന്നത് ഈ സമൂഹത്തേയാണ്. സമൂഹത്തിന്റെ വാക്കുകളെയാണ്, നോട്ടത്തേയാണ്, കറുത്ത കൈകളേയാണ്, ചവിട്ടി മെതിക്കുന്ന കാലുകളെയാണ്. സമൂഹം എന്നെ തുറിച്ച് നോക്കുംബോള്‍ ഒളിച്ചോടുകയല്ല അഭികാമ്യം. നിവര്‍ന്നുനിന്ന് ഞാനും നോക്കേണ്ടിയിരിക്കുന്നു സമൂഹത്തിലേക്ക്. സമൂഹം മകളില്‍നിന്നും വിലക്കിയ കണ്ണുകളും കൈകളും ഇനി സമൂഹത്തിലേക്കാണ് വേണ്ടത്... എന്റെ മകളുടെ ചുറ്റിലുമാണ് വേണ്ടത്. അതാണ് ഈ പിതാവിന്റെ കടമ.