Tuesday, August 17, 2010

ശവത്തില്‍ കുത്തരുത്

കര്‍ണാടക സര്‍ക്കാര്‍ നമ്മെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു.... ജനങ്ങളുടെ വികാരത്തെ ഉണര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നാടകം കളിക്കുന്നു....
ഇതൊന്നും മനസ്സിലാക്കാന്‍ 10 വരെ പഠിക്കണമെന്നില്ല.

ഞാന്‍ കീഴടങ്ങാന്‍ തയാര്‍ എന്ന് വിളിച്ചുപറയുന്നയാളെ നിങ്ങളെന്തിന് ഇത്രയും ഭയപ്പെടണം? ഇത്രയും ദിവസം എന്തെ arrest ചെയ്യാഞെ? നിങ്ങളുടെ ഉദ്ദേശം മഅദനിയല്ല. ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സ്നേഹവും സന്തോഷവും തട്ടിയെടുത്ത് നേട്ടങ്ങള്‍ കൊയ്യുക എന്നത് മാത്രമാണ്. മഅദനിയിലൂടെ ജനവികാരം അഴിച്ചുവിടാം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു.

ഇനിയദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല. ശവത്തില്‍ കുത്തുക എന്ന് പറയുന്നപോലെയാണ് അദ്ദേഹത്തോട് നിങ്ങള്‍ പെരുമാറുന്നത്. പ്രതികരിക്കാന്‍ കഴിയാത്തതിനെ വീണ്ടും വീണ്ടും ആക്രമിച്ച് വിജയമാഘോഷിക്കുന്ന ഭീരുക്കള്‍.

കേരളത്തോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളു. ഒരുദിവസം മഅദനി മരിച്ചെന്നറിയുംബോള്‍ ഔപചാരികത നല്‍കണമെന്നല്ല. പൂര്‍ണമായും ഇസ്ലാമിക രീതിയില്‍ ഖബറടക്കാനുള്ള സഹകരണമെങ്കിലും ഉണ്ടാവണം നിങ്ങളുടെ പക്ഷത്തുനിന്നും.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞല്ലൊ കേരളം ഭ്രാന്താലയമാണെന്ന്...
ശരി സമ്മതിക്കുന്നു... ഞങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെ... പക്ഷെ നിങ്ങളെപ്പോലെ സ്വന്തം സഹോദരനെ കടിച്ചുകീറുന്ന മതഭ്രാന്തന്മാരല്ല ഞങ്ങള്‍....

Monday, August 9, 2010

പ്രവാസി

മരുപ്പച്ചയെ പ്രണയിച്ച് മണല്‍കാറ്റിലൂടെ അലയുന്ന പ്രവാസി... നീ അറിയുന്നുവോ നീ മുന്നേറുംതോറും മരുപ്പച്ച നിന്നില്‍നിന്നകലുന്നുവെന്ന്...?

മണ്ണില്‍ ശ്വാസം നിലച്ച് ആഴ്നിറങ്ങിയ നിന്‍ വേരുകള്‍ ചില്ലകളില്‍ പൂ വിടര്‍ത്തുന്നതും കായ് വക്ക്യുന്നതും ഒന്നു കാണാന്‍ പോലും നിനക്കാവുന്നില്ലല്ലോ...

തന്റെ ചില്ലകളെ തളിരണിയിക്കാന്‍ മണ്ണിനടിയില്‍ ഒളിച്ചവന്‍.
അറിയുക നീ.. അവനില്ലാതെയില്ല ഒരു ഹരിത വര്‍ണ്ണവുമിവിടെ.

ഒരുനാള്‍ തിരിച്ചറിയും എന്ന പ്രതീക്ഷയസ്ഥമിച്ച് മണ്ണില്‍ കുഴിച്ചുമൂടാന്‍ വിധിക്കപ്പെട്ടവന്‍ നീ... പ്രവാസി...

സൗദി അറേബ്യയിലെ ഒരു മാസം..

നാട്ടില്‍ ആരും ഇല്ലാത്തതിനാലും വെക്കേഷന്‍ ടൈം കഴിഞ്ഞതിനാലും ഒരു മാസം സൗദിയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും കരുതി. ജൂണ്‍ 2 നു ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അര മണിക്കൂറിനകം വരാം എന്നു പറഞ്ഞ ഉപ്പക്കും ഉമ്മക്കും വേണ്ടിയുള്ള അക്ഷമമായ കാത്തിരിപ്പായിരുന്നു പിന്നീട്.

ജനക്കൂട്ടത്തില്‍ സുന്ദരമായ മുഖങ്ങള്‍ പരതി. കണ്ണുകൊണ്ടും നിറംകൊണ്ടും നഷ്ട്പെട്ടുപോയ എന്റെ പ്രണയത്തെ ഓര്‍മപ്പിക്കുന്ന ഒരു മുഖം ഞാനവിടെ കണ്ടു. തിരക്കിലായിരുന്നു അവള്‍. തന്റെ മാതാപിതാക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ഓടിനടന്നു ചെയ്യുകയായിരുന്നു ആ മിടുക്കി. അവള്‍ പോയപ്പോള്‍ ഞാനെന്റെ ഓര്‍മകളിലേക്ക് കൂപ്പുകുത്തി. സന്തോഷനിമിഷങളെ സന്ദാപനിമിഷങ്ങളാക്കാന്‍ കേവലം ഒരു സാദൃശ്യത്തിന് സാധിക്കുമെന്നത് അദ്ഭുതം തന്നെ...

ഓര്‍മായില്‍നിന്നും വിളിച്ചുണര്‍ത്തി നോക്കിയ കിളി ശബ്ദിച്ചു. എവിടെയുണ്ടെന്ന് ചോദിച്ച് ഇക്ക. ഉള്ളില്‍ ഉണ്ടെന്ന് ഞാന്‍. പുറത്തേക്ക് വരാന്‍ ഇക്ക. ബാഗ് തോളിലൂടെയിട്ട് പുറത്തേക്ക് നടക്കാന്‍ തുടങ്ങുംബോള്‍ തൊട്ടുമുന്നില്‍ ഇക്ക. നീണ്ട 4 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍. ഒരു നിമിഷം ഒന്നു പകച്ചുപോയി. വിശ്വസിക്കാന്‍ കഴിയാത്തപോലെ.

പുറത്തിറങ്ങിയപ്പോള്‍ ഉപ്പയും ഉമ്മയും എന്നെ കാത്തിരിക്കുന്നു. ഉപ്പ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പ്രായം തോന്നിക്കാന്‍ തുടങ്ങി. എന്നെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല ഉമ്മയുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

കുറേ കാലത്തിനു ശേഷം ഉമ്മക്കും, ഉപ്പക്കും, ഇക്കയോടും, പെങ്ങളൊടും, അവരുടെ മക്കളോടും കൂടെ സന്തോഷത്തോടെ ഒരു മാസം. എന്റെ ജീവിതത്തില്‍ വളരെ വേഗം കടന്നുപോയ മറ്റൊരുമാസം കാണാന്‍ വഴിയില്ല.

ജൂലൈ 1 നു വീണ്ടും Dubai ലേക്ക്. Dil Chahta Hai പടത്തിലെ thanhai എന്ന പാട്ടും പാടി വീണ്ടും തിരക്കേറിയ തെരുവിലൂടെ....

Wednesday, May 19, 2010

" ഐസുകാരന്‍"

ചുട്ടുപൊള്ളുന്ന വെയിലത്ത് ഐസ്..... എന്ന് നീട്ടി വിളിച്ച്, തലയില്‍ ഒരു പെട്ടിയുമായി നടന്നുനീങ്ങുന്ന ഒരു " ഐസുകാരന്‍" ഉണ്ടായിരുന്നു എന്റെ നാട്ടില്‍.

നിരച്ച താടിയും നിരച്ച മുടിയും കലങ്ങിയ കണ്ണുകളും വലിയ മീശയുമായി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരാന്‍ അയാള്‍ എത്താറുണ്ടായിരുന്നു എന്നും. രൂപത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. എന്നും ഒരേപ്രായം..

ഒരു പ്രത്യേക രീതിയിലാണ് മൂപ്പരുടെ "ഐസ്...." എന്ന വിളി. ആ വിളി അനുകരിക്കാത്തവരായി ആരും കാണില്ല എന്റെ നാട്ടില്‍.ഇന്നും ആ ഐസിന്റെ രുചി നാവില്‍ ഉണ്ടെന്ന് മാത്രമല്ല ഐസ് തിന്ന്കഴിഞ്ഞ് ഐസുങ്കോല്‍ നുണയുംബോള്‍ ഉള്ള രുചിവരെ നാവിലിരിക്കുന്നു, ഇന്നും.

ഇതുപോലെയുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നെങ്കിലും ഐസുകാരനോളം വരില്ലായിരുന്നു ആരും. അയാളുടെ പേരും ആര്‍ക്കും അറിയാന്‍ വഴിയില്ല. ഒരു പേരിന്റെ ആവശ്യം ഇല്ലായിരുന്നു മൂപ്പര്‍ക്ക്. ഒരുപാട് തലമുറകളെ ഐസ് കഴിപ്പിച്ച ഞങ്ങളുടെ സ്വന്തം " ഐസുകാരന്‍".കാശുള്ളപ്പോള്‍ നുണപ്പിച്ചും കാശില്ലാത്തപ്പോള്‍ കൊതിപ്പിച്ചും കടന്നുപോയിരുന്ന ഞങ്ങളുടെ ഐസുകാരന്‍...

വളരെ അപൂര്‍വമായെ അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു.ഒരിക്കല്‍ ഞാന്‍ എത്ര വയസ്സായെന്നു ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി.

ഇന്നത്തെ കുഞ്ഞുങ്ങള്‍ പാര്‍ക്കിംഗ് ഉള്ള ശീതീകരിച്ച shopping malls ലെ food court ല്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു കഴിക്കുംബോള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ വാങ്ങിച്ചുകൊടുക്കുംബോള്‍ ഒരു സങ്കടം മാത്രം, അത് എനിക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്നല്ല. മറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് കാശിനുവേണ്ടി കരഞ്ഞ് കണ്ണീരിന്റെ രുചിയറിഞ്ഞ് ആ കണ്ണീര് കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞ് 50 പൈസ തന്ന് അതും കൊണ്ട് ദൂരെ എവിടെയോ എത്തിയ ഐസുകാരന്റെ ശബ്ദത്തില്‍നിന്നും ഗതി മനസ്സിലാക്കി ഓടി ഐസുകാരനെ കണ്ട് കണ്ണില്‍ പൂത്തിരി കത്തി ഐസും നുണഞ്ഞ് പൊരിവെയിലത്ത് അഭിമാനത്തോടെ നടക്കാന്‍ ഉള്ള ഭാഗ്യം ഈ കുട്ടികള്‍ക്കില്ലല്ലോ എന്നോര്‍ത്ത്.

Sunday, May 16, 2010

എന്റെ കൊച്ചു മുറി..

എന്റെ വീട്ടില്‍ എനിക്ക് സ്വന്തമായി ഒരു കൊച്ചു മുറിയുണ്ട്. പലപ്പോഴും അത് തീരെ ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇങ്ങു Dubai ല്‍ വന്നപ്പോള്‍ ഉമ്മയുടേയും നാടിന്റെയും വീടിന്റേയും വില മനസ്സിലാക്കിയ കൂട്ടത്തില്‍ എന്റെ ആ കൊച്ചു മുറിയുടേയും വില എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ എനിക്കായി.. ഇനിയൊരിക്കലും എന്റെ മുറി ചെറുതാണെന്ന് ഞാന്‍ പറയില്ല. ആ മുറിയിലെ സന്തോഷവും സമാധാനവും, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത് തന്നെയാണ്.

Thursday, May 13, 2010

താമസം Deiraയിലോ?


എവിടെയാ താമസം?

Deiraയിലാണ്.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം കണ്ണിലേക്ക് ഒരു നോട്ടം... ചിലപ്പോള്‍ ഒരു കള്ളചിരിയും.

ആദ്യമൊക്കെ ഈ ഒരു പെരുമാറ്റം എന്നെ വല്ലാതെ അതിശയിപ്പിച്ചു. പിന്നീട് Deira യെ പറ്റി പടിച്ചപ്പോഴാണ് ആളുകളുടെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാവുന്നത്. ഒരുകാലത്ത് തെരുവു വേശ്യകള്‍ക്ക് പേരെടുത്ത സ്ഥലമത്രെ ഇവിടം. അവരെകൊണ്ട് വഴിനടക്കാന്‍ പോലും പറ്റാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നുവത്രെ.. ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ കാണാം. നഗരത്തിലെ ചെറിയ ഇടവഴികളില്‍ ഇരയെ കാത്തുനില്‍ക്കുന്ന കറുത്തതും വെളുത്തതുമായ ഇറച്ചി വില്പ്പനക്കാര്‍... ഒരുകാലത്ത് Deira യിലാണ് താമസം എന്നുപറഞ്ഞാല്‍ പെണ്ണ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നും രാവിലെ കുളിച്ച് കുട്ടപ്പനായി office ലേക്ക് പോകുംബോള്‍ ഇടവഴിയില്‍ വച്ച് വേണോ എന്നു ചോദിക്കുന്നവരെ പുച്ചത്തോടെ നോക്കി വേറെയാളെ നോക്ക്, ഞാന്‍ ആ type അല്ല എന്നു പറയുംബോഴും കുറച്ചുകൂടെ സൗന്ദര്യമുള്ളതൊന്നും ഇല്ലല്ലോ എന്നു മനസ്സില്‍ പരിതപിച്ച് ജോലിയേയും BOSS നേയും തെറി പറഞ്ഞ് office ലേക്ക്...ഇത്തരം സ്ത്രീകളെ കണി കണ്ടാല്‍ നല്ല ദിവസമായിരിക്കും എന്ന ശുഭപ്തി വിശ്വാസത്തോടെ...